
സങ്കടം സഹിക്കാൻ പറ്റണില്ല. എന്താണ് കാര്യം,ശബരിമല ആണോന്നല്ലേ,അല്ലേയല്ല.....
പണ്ട് മലയാളി ഹൌസ് സൂര്യ ടീ വി യിൽ അരങ്ങു തകർക്കുന്ന കാലം.അതിന്റെ അഡിക്റ്റായ ശ്യാമ അത് കണ്ടുകൊണ്ടിരിക്കെ ഒരു അലർച്ച
ലച്ഛയില്ലേ ശ്യാമേ....അല്പമെങ്കിലും ലച്ഛ ?
ശ്യാമ നോക്കിയപ്പോൾ ഞാൻ ആണ്, മുഖം ഒക്കെ ചുവപ്പിച്ച് മുടി ഒക്കെ എണീറ്റ് നിറുത്തി കോപിഷ്ടനായ മുള്ളൻപന്നിയെപ്പോലെ വിറച്ചു കൊണ്ട് നിൽക്കുന്നു ഞാൻ ചൂടായത് എന്തിന് ? മലയാളി ഹൌസ് പോലെ ഒരു കൂതറ പരിപാടി ഇങ്ങനെ ഇരുന്ന് കാണാമോ എന്ന്, അതും അതിനെ ഒക്കെ പരിഹസിച്ചു എഴുതാൻ കോപ്പ് കൂട്ടുകയും ഒരിക്കൽ എഴുതുകയും ചെയ്ത അജോയ് കുമാർ എന്ന എന്റെ ഭാര്യ തന്നെ ഇങ്ങനെ കാണുക എന്ന് വെച്ചാൽ.
ഞാൻ ശ്യാമയെ കുറെ ഫയർ ചെയ്ത ശേഷം ടീ വിയിലേക്കു ഒന്ന് നോക്കി, എഴുതാൻ എന്തെങ്കിലും വേണമല്ലോ, അവിടെ രാഹുൽ ഈശ്വറും റോസിൻ ജോളിയും പ്രണയിക്കുന്നു.സിന്ധു ജോയ് യും വേറെ ഒരാളും പരസ്പരം പുളിച്ച തെറി വിളിക്കുന്നു,
ഹും,അയ്യേ ,ഞാൻ പറഞ്ഞു
ശ്യാമക്ക് അനക്കമില്ല. വായും തുറന്നു ടീ വി യിൽ തന്നെ നോക്കി ഇരിക്കുന്നു
ഇതൊക്കെ കള്ളമല്ലേ, മൊത്തം സ്ക്രിപ്പ്റ്റഡ് ആണ്
ഒന്നുമല്ല, അവർ പ്രണയത്തിൽ ആണ്.
ആണോ? ങേ? ഹേയ്, ഞാൻ വിശ്വസിക്കൂല
വിശ്വസിക്കേണ്ട, ഒന്ന് പോയി തന്നാൽ മതി.
ഞാൻ ചവിട്ടിക്കുതിച്ച് പുറത്തേക്കു പോയ ശേഷം പുറകിലെ ജന്നലിൽ കൂടി ആരും കാണാതെ വായും തുറന്നു നിന്ന് മൊത്തം എപ്പിസോഡും കണ്ടു
ഒരാഴ്ചക്ക് ശേഷം ഒരു ദിവസമാണ് ശ്യാമ മലയാളി ഹൌസ് കണ്ടു കൊണ്ടിരുന്ന കട്ടിലിൽ അച്ചു വന്നിരുന്നപ്പോൾ കട്ടിലിൽ കിടന്ന പുതപ്പു നിലവിളിച്ചത് ,
അയ്യോ അയ്യോ,എന്റെ കാലേ ,പുതപ്പ് ഡീ ടീ എസ് അറ്റ്മോസ് ശബ്ദത്തിൽ അലറുന്നു.അവൻ ആ ബ്ലാങ്കറ്റിനു മുകളിൽ ആണ് വന്നിരുന്നത്
ശ്യാമയും അച്ചുവും ഞെട്ടി,പുതപ്പിനും കാലോ ?
പുതപ്പു മാറ്റിയപ്പോൾ അടിയിൽ ഞാൻ,വിളറിയ ചിരിയുമായി കിടക്കുന്നു.ആരും കാണാതെ മലയാളി ഹൌസ് കാണാൻ കിടന്നതാണ്.
ഇപ്പോൾ ഈ ബിഗ് ബോസ് നടക്കുന്ന സമയം.ശ്യാമ പറഞ്ഞു, അന്നത്തെ മലയാളി ഹൌസ് ഓർമ്മയില്ലേ, അതിനെ വെല്ലും ഇത്.ഇതാണ് ഒറിജിനൽ.ബിഗ് ബ്രദർ ഷോയുടെ മലയാളം.ഹിന്ദിയിലും തമിഴിലും ഒക്കെ സൂപ്പർ ഹിറ്റ് ആണ്,
ശ്യാമേ ഒരബദ്ധം ഏതു പോലീസുകാരനും പറ്റും,അതാണ് ഞാൻ അന്ന് മലയാളി ഹൌസ് നിന്നോടൊപ്പം കണ്ടത്,ഹോ, ഹൊറിബിൾ, ഇനി ആ വക ഒരു പരിപാടിക്കുമില്ല,നിന്റെ സ്റ്റാൻഡേർഡിന് പറ്റിയ പരിപാടി ,കണ്ടോ കണ്ടോ
ആദ്യ രണ്ടു ദിവസം ഞാൻ അപ്പുറത്തെ ബെഡ് റൂമിൽ നിന്നും കേട്ടു,
രണ്ടാം ദിവസം, കാലത്തേ എട്ടു മണി, പേളി ,കൺഫെഷൻ റൂമിലേക്ക് വരിക,നിങ്ങളുടെ ഡെയിലി ടാസ്‌ക്,
പിന്നെ അടി ,ചീത്ത വിളി, ,പട്ടികളെ സ്നേഹിച്ച് സ്നേഹിച്ച് ഏകദേശം ഒരു സെയിന്റ് ബെർണാഡ് പട്ടിയുടെ രൂപം വന്ന രഞ്ജിനി ഹരിദാസ് അലറുന്നു.ഭരണിക്ക് അടപ്പിട്ടതു പോലെ ഉള്ള അനൂപ് ചന്ദ്രനും അലറുന്നു,ഇംഗ്ളീഷിലും മലയാളത്തിലും
ഞാൻ ചാടി എണീറ്റ് ശ്യാമയുടെ അടുത്തേക്ക് പോയി,ശ്യാമേ ,മനുഷ്യന് മനസമാധാനം തരില്ലേ? ആൾക്കാർ കേട്ടാൽ വിചാരിക്കും നമ്മൾ തമ്മിൽ ഉള്ള അടി ആണെന്ന്
കുഴപ്പമില്ല, എനിക്ക് ഇത്ര ഇംഗ്ലീഷ് അറിയാമെന്ന് നാട്ടുകാർ കരുതിക്കോട്ടെ
അത് നിനക്ക്, പക്ഷെ ആരോ തൊണ്ടയിൽ പിടിച്ചു ഞെക്കിയ പോലെയുള്ള ആ ശബ്ദം എന്റേതാണെന്ന് ആൾക്കാർ കരുതില്ലേ?
ഞാൻ ടീ വിയിൽ ഒന്ന് നോക്കിയപ്പോൾ പേളിയും വേറെ ഒരാളും ഇരുട്ടത്തിരുന്നു ലൈൻ അടിക്കുന്നു,
ശ്യാമേ ഇതൊക്കെ കള്ളമല്ലേ, മൊത്തം സ്ക്രിപ്പ്റ്റഡ് ആണ്
ഒന്നുമല്ല, അവർ പ്രണയത്തിൽ ആണ്.അവർ കെട്ടും
ആണോ? ങേ? ഹേയ്, ഞാൻ ഒരിക്കലും വിശ്വസിക്കൂല
വിശ്വസിക്കേണ്ട, ഒന്ന് പോയി തന്നാൽ മതി
വീണ്ടും രണ്ടു ദിവസം കഴിഞ്ഞു, ബിസ് ബോസ് ഇടവേളയിൽ ശിഖർ ചേട്ടൻ മീശ വെട്ടാൻ തുടങ്ങിയപ്പോൾ ശ്യാമ അടുക്കളയിലേക്കു പോയി,തിരികെ വന്നപ്പോൾ കട്ടിലിനിനടിയിൽ നിന്നും നീണ്ടു കിടക്കുന്നു ഒരു കാൽ,ശ്യാമ അലറി വിളിച്ചു
ഓടി വരണേ കള്ളൻ കള്ളൻ
അപ്പോൾ ആ കാലിന്റെ ഉടമ , അതായതു ഞാൻ, വെപ്രാളത്തിൽ പുറത്തേക്കു ചാടി,ചാടിയ വഴി കട്ടിലിൽ ഇടിച്ചുണ്ടായ മുഴയുമായി ഞാൻ ചോദിച്ചു,എവിടെ എവിടെ കള്ളൻ ?
നിങ്ങൾ തന്നെ ആ കള്ളൻ,
ങേ?
പിന്നല്ലാതെ,ആര് പറഞ്ഞു ഇങ്ങനെ വന്ന് ഒളിച്ചു കിടക്കാൻ ?
ഒളിച്ചതല്ല, എന്റെ മൊബൈൽ കാണാനില്ല, അത് നോക്കിയതാ
കട്ടിലിനടിയിലോ?
പെട്ടെന്ന് ശിഖർ ചേട്ടൻ അഞ്ചാമതും മീശ വെട്ടാൻ പോയ ശേഷം ബിഗ് ബോസ് തുടങ്ങി,ഞാൻ ശ്യാമയെ മൈൻഡ് ചെയ്യാതെ തലയിലെ മുഴയുമായി അത് കാണാൻ തുടങ്ങി,
ഓഹോ,അപ്പോൾ എന്നെ കളിയാക്കിയിട്ട്, നിങ്ങൾ കാണുന്നുണ്ടായിരുന്നു അല്ലെ?
അതിനുത്തരം പറയാതെ ശ്യാമയുടെ കൈ വിരലുകൾ ഓരോന്നായി പതുക്കെ മടക്കിക്കൊണ്ടു ഞാൻ കൊഞ്ചി, അതേയ് പേളീടെ വീട്ടിൽ സമ്മതിക്കുമോ ശ്യാമേ? പാവം അല്ലെ,ശ്രീനിഷ്, തൊണ്ടയിൽ തവള ഇരിക്കുമ്പോലെ ആണ് ശബ്ദം എങ്കിലും ആള് പാവമാണ്,അയാളെ പറ്റിച്ചാൽ ഞാൻ പേളിയെ ശപിക്കും നോക്കിക്കോ.
അങ്ങനെ ആ ബിഗ് ബോസ് ഇന്നലെ തീർന്നത് കൊണ്ടാണ് ഞാൻ പറഞ്ഞത് ,സങ്കടം സഹിക്കാൻ പറ്റണില്ല,ഇനി എന്നും ഒൻപതര ആവുമ്പോൾ, എഴുപത്തഞ്ചാം ദിവസം,ഉച്ചക്ക് പന്ത്രണ്ടു മണി,എന്ന് കേൾക്കാതെ ഞങ്ങൾ ഇനി എന്ത് ചെയ്യും.ശിഖർ ചേട്ടൻ മീശ വീട്ടാൻ പോകുന്നത് കാണാതെയും , പുതിയ വീറ്റാ ഡീ ത്രീ ഉള്ള ഗോൾഡ് വിന്നർ സൺഫ്ലവർ ഓയിൽ , എന്റെ ഫ്രിഡ്ജിൽ നെ രോരോരോരോ ലാലാലാലാലാ ക്കോക്കോക്കോക്കോ എന്ന പരസ്യങ്ങളും,ഇനി ചെറിയ കാര്യങ്ങൾ ഇല്ല വലിയ കാര്യങ്ങൾ മാത്രം എന്ന ലാലേട്ടൻ വചനവും ഒക്കെ കേൾക്കാതെ ,എനിക്ക് ആലോചിക്കാൻ വയ്യ,
ഉടനെ തന്നെ സീസൺ ടൂ വുമായി വന്നില്ലെങ്കിൽ എം ഡി മാധവൻ ചേട്ടനോടും,പരിപാടി അവതരിപ്പിച്ച എന്റെ മോൾ ഷൈനിക്കുട്ടി എന്ന കമ്പനിയോടും ,ലാലേട്ടനോടും , ഒന്നും ഞങ്ങൾ മിണ്ടൂല, നിങ്ങൾ വന്നോ,വല്ലവന്റേം അടുക്കളയിൽ ഒളിഞ്ഞു നോക്കുന്നത് ഹരമായ മലയാളികൾ ഉള്ളിടത്തോളം ഈ ഷോ ഹിറ്റ് ആയിരിക്കും,ചീത്ത പറഞ്ഞ ശേഷം ഞാൻ ഇനീം രഹസ്യമായി ഇത് കണ്ടോളാം, ഉറപ്പ്
By: AjoyKumar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക