കട പൂട്ടി വീട്ടിൽ വന്ന് കയറിയപ്പോ അവള് ടിവിയിൽ എന്തോ കാര്യമായി കാണുന്നു .. സാധാരണ സീരിയലൊന്നും കാണുന്ന കൂട്ടത്തിലല്ല .സദാസമയവും ഫോണും തോണ്ടിക്കൊണ്ടാണിരുപ്പ് .ഇന്ന് എന്ത് പറ്റിയാവോ .
എന്താടീ ... ഇത്ര കാര്യായിട്ട് ടീവീല് കാണുന്നേന്ന് ചോദിച്ച് ഞാൻ നോക്കിയപ്പോ ടിവിയിൽ ഫാഷൻ ഷോ കാണാണ് പ്രിയപ്പെട്ട ഭാര്യ .
നിങ്ങളിതൊന്ന് നോക്ക് മനുഷ്യാ .. കല്യാണം കഴിഞ്ഞവരുടെ മിസ്സിസ് കേരള സൗന്ദര്യ മത്സരം നടക്കുന്നു .. എന്ത് ഭംഗിയാല്ലെ ..
നോക്കിയപ്പോ, ശരിയാ .. കുറച്ച് സുന്ദരി പെണ്ണുങ്ങൾ സെറ്റ് സാരിയൊക്കെയെടുത്ത് മലയാളി മങ്കമാരായി കാറ്റ് വാക്ക് നടത്തുന്നു ..
എന്തായാലും ഇപ്പോ ഭക്ഷണം ചോദിച്ചാലും കിട്ടില്ലാന്ന് അറിയാവുന്നത് കൊണ്ട് അവളോടൊപ്പം ഷോ കഴിയുന്നത് വരെ കാണുകയേ നിവൃത്തിയുള്ളൂ ..
ഭക്ഷണം കഴിക്കുമ്പോഴും അവള് ഷോ കണ്ടതിന്റെ ഹാങ്ങ് ഓവറിലായിരുന്നു .. കഴിക്കുന്നതിനിടയിൽ പെട്ടെന്ന് അവളുടെ ഡയലോഗ് " എനിക്കും ഈ ഷോയിൽ മത്സരിക്കായിരുന്നൂന്ന് തോന്നാ ".
ഇത് കേട്ടതും വായിലേക്ക് വച്ച ചോറ് ഇറക്കാൻ കഴിയാതെ എന്റെ കണ്ണ് തള്ളിപ്പോയി .
അതിനിത് ആനകളുടെ എഴുന്നള്ളിപ്പ് മത്സരമൊന്നുമല്ലല്ലോ ,നിനക്ക് പങ്കെടുക്കാനെന്ന് എനിക്ക് ചോദിക്കുന്ന മെന്നുണ്ടായിരുന്നെങ്കിലും, ചോദിച്ചാൽ ഉണ്ടാകുന്ന അംഗവൈകല്യമോർത്ത് ഞാനത് വിഴുങ്ങി ..
"അതേയ് .. ഞാൻ പറഞ്ഞത് നിങ്ങള് കേട്ടില്ലെ"
ഉവ്വ് കേട്ടു .. ഞാൻ സ്റ്റേജിൽ നീ കാറ്റ് വാക്ക് നടത്തുന്ന ആ രംഗം മനസ്സിൽ കണായിരുന്നു .. ഹൊ .. സഹിക്കൂല്ല .
അതെന്താ നിങ്ങൾക്ക് പറയുമ്പോ ഒരു പുച്ഛം പോലെ .. ഞാനതൊക്കെ ഈസിയായി ചെയ്യും ..
(ഉവ്വ് ... അടി തെറ്റിയാൽ ആനയും വീഴും ന്ന് ഇവള് എന്നാണാവോ മനസ്സിലാക്കുന്നത് )
ശരിയാ .. എന്തൊരു ഭംഗിയായിരിക്കും .. ആനക്ക് നെറ്റിപ്പട്ടം വച്ച് എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന പോലെ ഗാഭീര്യത്തോടെയുള്ള ആ കാറ്റ് വാക്ക് ..ഹൊ ..
പറയണ്ടാന്ന് വിചാരിച്ചതാണെങ്കിലും പറയാതിരിക്കാൻ കഴിഞ്ഞില്ല .. ഇതും പറഞ്ഞ് ലവളുടെ മുഖത്തേക്ക് നോക്കിയപ്പോ ആ ഭാവം എന്താവുംന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ ...
എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി ആന ചവുട്ടി കുലുക്കി എണീറ്റ് പോയി ... ഇടഞ്ഞാൽ ഒരാഴ്ചത്തേക്ക് നുമ്മടെ കാര്യം കട്ടപ്പൊക ...
എന്തായാലും ഇച്ചിരി റൊമാൻസ് കളിച്ചിട്ടാണേലും വശത്താക്കാന്ന് ച്ച് അടുത്ത് പോയതേ, അവളുടെ ഡയലോഗ് ഡെലിവറി വന്നു ... " ദേ .. കുറെ നാളായി നിങ്ങളുടെ ഈ കളിയാക്കൽ കേൾക്കുന്നു ..ഒരു കാര്യം ഓർത്താൽ നല്ലത് .. ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ പറ്റില്ല ... ഇത് പറഞ്ഞതും എന്നെ മുറിക്ക് പുറത്താക്കി വാതിലടച്ചതും ഒരുമിച്ച് കഴിഞ്ഞു .. പകച്ച് പണ്ടാരടങ്ങിപ്പോയി ഞാൻ ..
എന്നാലും ആ പഴഞ്ചൊല്ല് കൊണ്ട് അവൾ ഉദ്ദേശിച്ചത് എന്തായിരിക്കും ..
എന്തായാലും മദപ്പാട് കാലം കഴിയണ വരെ നുമ്മടെ കാര്യം സ്വാഹാ ..
Sheela Stanly
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക