Slider

എന്റെ ഒരനുഭവം.

0

എന്റെ ആദ്യത്തെ പോസ്റ്റ് ആണ്.
എന്റെ ഒരനുഭവം. സംഭവം മസ്കറ്റിലേക്കുള്ള യാത്രക്കിടയിൽ. എന്റെ ജോലിസ്ഥലമായ ഒമാനിലെ ബുറൈമി എന്ന സ്ഥലത്തുനിന്നും ഏകദേശം മുന്നൂറ്റി അമ്പതിലധികം കിലോമീറ്റർ റോഡ് മാർഗം മൂന്നര മണിക്കൂർ യാത്ര ചെയ്യണം.ഇടയ്ക്കു ഒരു ചെക്ക് പോസ്റ്റുണ്ട് . എന്റെ സ്ഥലം അൽ ഐൻ- ഒമാൻ അതിർത്തിക്കടുത്താണ് .. അത് കൊണ്ട് ഒമാന്റെ തലസ്ഥാനമായ മസ്കറ്റിലേക്കു പോകാൻ ഈ ബോർഡർ പോസ്റ്റും കഴിഞ്ഞ് പോകണം. അന്ന് ഒറ്റക്കായിരുന്നു യാത്ര. ആരും കൂടെയില്ലെങ്കിൽ മനസ്സിനിഷ്ടപ്പെട്ട പാട്ടുകളും കേട്ട് , റോഡരികിലെ കാഴ്ചകളും കണ്ട് അങ്ങനെ.. കാഴ്ചകൾ എന്ന് പറഞ്ഞാൽ കണ്ണ് കുളിർപ്പിക്കുന്ന പച്ചപ്പൊന്നുമല്ല ..
പകരം നരച്ച മഞ്ഞ നിറമാണ് ചുറ്റും.. മണലിനും നീണ്ടു കിടക്കുന്ന മലനിരകൾക്കും , വെയിലിനും എല്ലാം .. ചിലപ്പോൾ തോന്നാറുണ്ട് നമ്മുടെ ജീവിതത്തിനും ഒറ്റപ്പെടലിനുമൊക്കെ ഇതേ നിറം തന്നെയാണെന്ന് ..
ബോർഡർ എന്റെ താമസസ്ഥലത്തു നിന്നും അര മണിക്കൂർ ചെല്ലണം.. മലനിരകളാൽ ചുറ്റപ്പെട്ട , നിശബ്ദത തളം കെട്ടിക്കിടക്കുന്ന ഒറ്റപ്പെട്ട ഒരു ബിൽഡിംഗ്‌. ഒരു കൌണ്ടർ ആദ്യം കാണാം. പാസ്പോർട്ട്‌ , ഐഡി കാർഡ് എന്നിവ പരിശോധിക്കാൻ ആണത് . പാസ്സ്പോർട്ട്‌ ചെക്കിങ് കഴിഞ്ഞ് പിന്നെ കാർ ചെക്കിങ് ഉണ്ട്. നിയമ വിരുദ്ധമായ കാര്യങ്ങൾ കടത്തുന്നുണ്ടോ എന്നറിയാൻ.
ഒരു ചെറുപ്പക്കാരനായ പോലീസ് ഓഫീസർ അടുത്തു വന്ന് ഡിക്കി തുറക്കാൻ പറഞ്ഞു. ഡിക്കിയും കാറിന്റെ അകത്തും പരിശോധിച്ചു് അയാൾ എന്റെ അടുത്തേക്ക് വന്നു.. എൻട്രി പാസിൽ സ്റ്റാമ്പ്‌ ചെയ്ത് തിരിച്ചു തരാൻ കുനിഞ്ഞപ്പോഴാണ് സ്റ്റിയറിങ് വീലിന്റെ പിറകിൽ ഉള്ള ചെറിയ ഗണപതിരൂപം അയാൾ കണ്ടത്. പുറമെ വലിയ അവിശ്വാസി ആയി നടിക്കുമെങ്കിലും ഏതോ ഒരു രാജ്യത്തു് ആലംബമില്ലാതെയാകുമ്പോൾ ഒറ്റപ്പെടുന്ന മനസ്സിന് ദൈവരൂപങ്ങൾ തന്നെയല്ലേ ഒരു ധൈര്യം..ഒരു ഉറച്ച കമ്മ്യൂണിസ്റ്റ്‌ പാരമ്പര്യത്തിൽ ജനിച്ച എനിക്ക് വിശ്വാസങ്ങൾ എന്നും ഒരു ഉറപ്പില്ലായ്മാ ആയിരുന്നു. മനസ്സിന്റെ ഏതോ ഒരു കോണിൽ ദൈവഭയവും മറ്റേ കോണിൽ ഉറച്ച കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്തങ്ങളും. അങ്ങനെയാണ് നാട്ടിൽ പോയി വരുമ്പോൾ ഒരു ഗണപതി രൂപം കാറിൽ സ്ഥാപിച്ചത്.
..ശൂ ഹാദാ സദീഖ്.. ?. (ഇതെന്താണ് സുഹൃത്തേ.. )
ആ ചെറുപ്പക്കാരനായ ഓഫീസറുടെ കണ്ണിൽ കൗതുകം തന്നെയായിരുന്നു.
ഞാൻ ഒരുവേള ആലോചിച്ചു. മുസ്ലിം രാജ്യമാണ്. വിശ്വാസങ്ങളിൽ വിഗ്രഹ പൂജ നിഷിദ്ധം . അപരിചിതമായ സ്ഥലം.. ഒറ്റക്കാണ്. അധികാരമുള്ള ഒരു ഓഫീസർ.. ഈ ഒരു കാരണം പറഞ്ഞ് ബോർഡർ കയറ്റി വിട്ടില്ലെങ്കിൽ എന്റെ യാത്ര മുടങ്ങും..എന്റെ പരുങ്ങൽ കണ്ട് ഹൃദ്യമായ ചിരിയോടെ അയാൾ പറഞ്ഞു.
..മാഫി മുഷ്കിൽ.. ( പ്രശ്നമില്ല പേടിക്കേണ്ട ).എന്നിട്ട് എന്റെ ചുമലിൽ തട്ടി.
എനിക്ക് കുറച്ച് ധൈര്യമായി. എന്റെ മുന്നിലുള്ള വിഗ്നേശ്വരനെ മനസ്സിൽ ധ്യാനിച്ച് മുറി ഇംഗ്ളീഷിലും അറബിയിലും പറഞ്ഞു .
.. സർ.. ഹാദാ മൽ അൽ ഹിന്ദ്.. ഹാദാ ഫീ കുല്ലു സൈൻ.. no obstacles.. മാഫി ആക്‌സിഡന്റ് ..
( സർ ഇത് ഇന്ത്യയിൽ നിന്നും കൊണ്ട് വന്നതാണ്. ഇതുണ്ടെങ്കിൽ എല്ലാം നല്ലത്.. തടസ്സങ്ങൾ, അപകടങ്ങൾ ഇവ ഉണ്ടാവില്ല )
ചെറുപ്പക്കാരൻ മുന്നോട്ട് പോകാൻ ആംഗ്യം കാണിച്ചിട്ട് പറഞ്ഞു ..
..ശുക്രൻ സദീക്.. ജീപ് വാഹിദ് മിഷൻ അന..
( അറിവിന്‌ നന്ദി സുഹൃത്തേ.. അടുത്ത തവണ എനിക്ക് ഒന്ന് കൊണ്ട് വരണം )
നിറഞ്ഞ ചിരിയോടെ അയാൾ എന്നെ യാത്രയാക്കി. അത് വേണ്ടിയിട്ടല്ല മറിച്ചു എന്നെ ഒന്നാശ്വസിപ്പിക്കുക എന്ന ഉദ്ദേശം മാത്രമായിരുന്നു അയാൾക്ക്‌ എന്നെനിക്ക് തോന്നി. ഹൃദയത്തിൽ തട്ടുന്ന പെരുമാറ്റത്തിൽ , ആ ചെറിയ സംഭാഷണത്തിൽ എല്ലാം അയാൾ വളരെ ശ്രദ്ധാലുവായിരുന്നു.. എന്റെ മത വികാരം വ്രണപ്പെടാതിരിക്കാൻ.. പിന്നീടങ്ങോട്ടുള്ള യാത്രയിൽ എന്നെ അത്ഭുതപ്പെടുത്തിയതും ചിന്തിപ്പിച്ചതും അതായിരുന്നു. അയാളുടെ ആ വലിയ മനസ്സിനെപ്പറ്റി ..ഞാൻ വിഷുക്കാലത്തു് വീട്ടിൽ കൈനീട്ടത്തിനും ഉണ്ണിയപ്പത്തിനും വരുന്ന കുഞ്ഞാമിനയുമ്മയെ ഓർത്തു. അവർ വരുന്നതും കാത്തു മുറത്തിൽ അരിയുമായി കാത്തു നിൽക്കുന്ന അമ്മയെയും. പെരുന്നാളിന് വീട്ടിലേക്ക് ക്ഷണിക്കുന്ന എന്റെ കൂട്ടുകാർ. കാലം മാറുന്നു. സ്നേഹത്തിനു പകരം സ്പർദ്ധ വളരുന്നു.. ഞാനിപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഫേസ് ബുക്ക് പോലും വിദ്വേഷം വളർത്തുന്നു. ലോകമെന്താണിങ്ങനെ. എവിടെയാണ് പിഴച്ചത് . ഞാൻ കണ്ട പോലീസുകാരനെപ്പോലെ , കുഞ്ഞാമിനയുമ്മയെപ്പോലെ , മക്കളെ മറ്റുള്ളവരെ സ്നേഹിക്കാൻ മാത്രം പഠിപ്പിക്കുന്ന അമ്മമാരെപ്പോലെ , എന്റെ കൂട്ടുകാരെപ്പോലെ ലോകം മുഴുവൻ സഹജീവുകളോട് കാരുണ്യവും സഹാനുഭൂതിയും ഉള്ള ആൾക്കാരായിരുന്നെങ്കിൽ എത്ര നന്നായിരുന്നു അല്ലേ.
നമ്മുക്ക് പ്രതീക്ഷിക്കാം.. ആ നല്ല നാളേയ്ക്ക്.
Sreejith govind.
7/11/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo