Slider

#ഓഡിയും #സ്കൂട്ടിയും

0
"എനിക്കിപ്പോൾ അറിയണം, ഏത് തെമ്മാടിയാണ് ഇത് ചെയ്തതെന്ന്"..
ജേക്കബ് വര്ഗീസിന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നു തുടുത്തിരുന്നു, കൈകൾ വിറയ്ക്കുന്നുണ്ട്.
വായിൽ നിന്നും വരുന്ന കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് തെറികളിൽ ഓഫിസ് കെട്ടിടം പോലും വിറയ്ക്കുന്നത്പോലെ തോന്നി. മുതലാളിയെ ഇത്രയധികം കോപാകുലനായി ഇതിനുമുമ്പ് ആരും കണ്ടിട്ടുണ്ടായിരുന്നില്ല.
സെക്യൂരിറ്റി ഓഫീസർസ് രണ്ടുപേരും നിന്ന് പരുങ്ങുന്നു.
" താനൊക്കെ ഏത് വായിൽ നോക്കിയാടോ നിന്നത് " മുതലാളി അവരുടെ അടുത്തേക്ക് ചെന്ന് വിരൽചൂണ്ടി ചോദിച്ചു.
"ക്ഷമിക്കണം സാർ, .. ഷിഫ്റ്റ് തുടങ്ങുന്ന നേരമായിരുന്നത് കൊണ്ട് ഞങ്ങൾ അറ്റെൻഡൻസ് പഞ്ചിങ് ശ്രദ്ധിക്കുകയായിരിക്കുന്നു" ഒരാൾ വിക്കി വിക്കി പറഞ്ഞു.
ജേക്കബ് കുറച്ചകലെ നിന്ന സ്റ്റെനോ മാലതിയെ അടുത്തേക്ക് വിളിച്ചു.
" മാലതിയല്ലേ ഇത് ആദ്യം കണ്ടത് .. അപ്പോൾ ഇതിന് അടുത്ത് സംശയകരമായി വേറെയാരെങ്കിലും ഉണ്ടായിരുന്നോ".
"ഇല്ല സർ, "
"Bastard .. അവനെ എന്റെ കയ്യിൽകിട്ടിയാൽ ... " ജേക്കബ് സാർ പല്ലു ഞെരിക്കുന്ന ശബ്ദം.
അല്ലപിന്നെ ആർക്കാ കോപം വരാതിരിക്കുക.
പുതുപുത്തൻ ഓഡി Q5 കാർ വാങ്ങി ആദ്യമായ് ഓഫീസിൽ കൊണ്ട് വന്നതാ, അതിന്റെ പള്ളയ്ക്ക് നെടു നീളത്തിൽ ഒരു പോറൽ. ആരോ മനപ്പൂർവ്വം മൂർച്ചയുള്ള എന്തോ വച്ച് മുൻ വശം മുതൽ പുറകിലെ ബമ്പർ വരെ കീറി വിട്ടിരിക്കുന്നു.
മാലതിയാണ് മുതലാളിയുടെ അടുത്ത് ചെന്ന് ആദ്യം വിവരമറിയിച്ചത്. ഓഫീസിലെ സ്റ്റാഫ് എല്ലാവരും ഉണ്ട് പോർച്ചിൽ, ചിലർ കാറിനെ ദയനീയമായി നോക്കുന്നു, ചിലർ മറ്റുള്ളവരുടെ മുഖങ്ങളിൽ വരുന്ന ഭാവ വ്യതിയാനങ്ങൾ ഒരു കുറ്റാന്വേഷകന്റെ സൂഷ്മതയോടെ വിശകലനം ചെയ്യുന്നു.
ജേക്കബ് വര്ഗീസ് പതിയെ കാറിന്റെ പോറൽ വീണ ഭാഗത്തു തലോടി.. മുറിവ് പറ്റിയ കുട്ടിയെ ഒരു പിതാവ് തലോടുന്ന പോലെ. പാവം, പുതിയ വണ്ടി ഡ്രൈവറെക്കൊണ്ട് പോലും ഓടിപ്പിക്കാതെ ആദ്യമായ് ഓഫീസിൽ കൊണ്ട് വന്നതാണ്. അതിലാണ് ഏതോ ദ്രോഹി ഇമ്മാതിരി പണിയൊപ്പിച്ചു വച്ചിരിക്കുന്നത്.
കോപം അല്പം ശമിച്ചപ്പോൾ എല്ലാവരോടും പിരിഞ്ഞുപോകാൻ കൈകൊണ്ട് ആഗ്യം കൊടുത്തിട്ട് ജേക്കബ് വര്ഗീസ് സ്വന്തം കാബിനിലേക്ക് പോയി. മാലതി തന്റെ ചെയറിൽ പോയിരുന്ന് കമ്പ്യൂട്ടർ ഓൺ ചെയ്തു.
അഞ്ചു മിനിറ്റ് കഴിഞ്ഞുകാണും, ഇരിപ്പുറയ്ക്കാത്തതു പോലെ കാബിനിൽ നിന്ന് മുതലാളി പുറത്തേക്കു വന്നു മാലതിയുടെ ടേബിളിന്റെ മുമ്പിൽ നിന്നു. പുറത്തു കിടക്കുന്ന കാറിലേക്ക് നോക്കി.
അറ്റെൻഡറെ വിളിച്ചു മാലതിയുടെ ടേബിൾ പോർച്ചിനഭിമുഖമായി കുറച്ചുകൂടി നീക്കിയിടിച്ചു. മാലതിയോട് ചെയറിൽ ഇരിക്കാൻ പറഞ്ഞു.
"മാലതി, വേറെയാരെയും വിശ്വസിക്കാൻ പറ്റില്ല, തന്റെ ഒരു കണ്ണ് എപ്പോഴും കാറിന്റെ നേർക്ക് വേണം "
മാലതിയെ ജേക്കബ് സാറിന് ആ ഓഫീസിലെ മറ്റു ജോലിക്കാരേക്കാൾ വിശ്വാസം ആണ്.
അതുകൊണ്ടുതന്നെ തന്റെ പ്രിയപ്പെട്ട കാറിന്റെ സംരക്ഷണ ചുമതല തത്ക്കാലം അവളെ ഏൽപ്പിച്ചത്.
"ഷുവർ സർ" മാലതി വിനയപൂർവ്വം ആ ചുമതല ഏറ്റെടുത്തു.
മുതലാളി സമാധാനത്തോടെ ക്യാബിനിലേക്ക് മടങ്ങി.
മാലതി തന്റെ കമ്പ്യൂട്ടറിൽ അന്നത്തെ മെയിലുകൾ ചെക്ക് ചെയ്യാനാരംഭിച്ചു.
രണ്ടാഴ്ച്ചമുമ്പ് - അന്ന് ജേക്കബ് സാറിനെ കാണാൻ രണ്ടു വിസിറ്റേഴ്സ് ഉണ്ടായിരുന്നു. അവർക്ക് അദ്ദേഹത്തെ കാണുവാനുള്ള അനുവാദം ചോദിക്കാൻ കാബിനിലേക്ക് ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു.
"തന്റെ പ്രിന്ററിലേക്ക് രണ്ടു പേജ് പ്രിന്റ് കൊടുത്തിട്ടുണ്ട്, ആദ്യം വിസിറ്റേഴ്സിനെ ഉള്ളിലേക്ക് അയക്കു അവർ പോയ ശേഷം പേപ്പേഴ്സിൽ എന്റെ സൈൻ വാങ്ങി HR ഡിപ്പാർട്മെന്റിൽ കൊടുക്കണം."
വിസിറ്റേഴ്സിനെ സാറിന്റെ കാബിനിലേക്ക് പറഞ്ഞയച്ചു, വേഷംകണ്ടിട്ട് ഏതോ കമ്പനിയുടെ മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ് ആണെന്ന് തോന്നി. ഏകദേശം ഒരു മണിക്കൂർ അവർ സാറിന്റെ കാബിനിൽ ചിലവഴിച്ചു. ഇടയ്ക്ക് ഒന്ന് രണ്ടു പ്രാവശ്യം ചില ഡോക്യൂമെന്റസ് എടുക്കുവാൻ ജേക്കബ് സർ വിളിച്ചിരുന്നു. അവിടെവച്ചു കേട്ട അവരുടെ സംഭാഷങ്ങളിൽ നിന്നും അവർ ‘ഓഡി’ കാറിന്റെ മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ് ആണെന്ന് മനസ്സിലായി.
സാറിന്റെ പഴയ കാറ് മാറ്റി അവരുടെ പുതിയ മോഡൽ വാങ്ങുവാൻ പ്രലോഭിപ്പിക്കുകയായിരുന്നു.
പഴയ കാറും പിന്നെ ഒരു പത്തുലക്ഷവും കൊടുക്കണം, പിന്നെ മാസം ഒരു ലക്ഷം രൂപയോളം ഡൌൺ പേയ്മെന്റ്.
"മാസം ഒരു ലക്ഷമോ" ജേക്കബ് സർ തലചൊറിഞ്ഞു.
ഒരു കമ്പനി മുതലാളി, ഓഡി പോലുള്ള ഉയർന്നതരം കാറുകളിൽ സഞ്ചരിക്കേണ്ടതിന്റെ ആവശ്യകതയും, സൊസൈറ്റിയിൽ അദ്ദേഹത്തിന്റെ മതിപ്പ് ഉയരാൻ അത് എത്രയേറെ ഉതകും എന്നും അങ്ങനെ, എക്സിക്യൂട്ടീവ്സ് തങ്ങളുടെ മാർക്കറ്റിങ് തന്ത്രങ്ങൾ ഒന്നൊന്നായ് പ്രയോഗിച്ചുകൊണ്ടിരുന്നു. അവ അദ്ദേഹത്തിന്റെ മനസ്സിൽ ചലനം ഉണ്ടാക്കി.
എങ്കിലും മാസാമാസം ഒരു ലക്ഷം രൂപ എന്നതാണ് അദ്ദേഹത്തിനെ അലട്ടിക്കൊണ്ടിരുന്നത്. അവർ പുറത്തു നിർത്തിയിരുന്ന ഡെമോ കാറിൽ ജേക്കബ് സാറിനെ ഒരു ടെസ്റ്റ് ഡ്രൈവിന് കൊണ്ട് പോയി.
അപ്പോഴാണ് മാലതി ജേക്കബ് സർ പ്രിന്റ് കൊടുത്തിരുന്ന പേപ്പറുകളെക്കുറിച്ച് ഓർത്തത്. പ്രിന്ററിൽ നിന്ന് അവ എടുത്തുകൊണ്ട് വന്ന് വെറുതെ നോക്കി.
"Salary Increment List ”
ഹെഡിങ് കണ്ടപ്പോഴേ മനസ്സിൽ ഒരു സന്തോഷം, തന്റെ പേരിന്റെ നേർക്ക് എഴുതിയിരുന്ന ഇൻക്രിമെന്റ് തുക രണ്ടായിരമാണെന്ന് വായിച്ചപ്പോൾ അതിലേറെ സന്തോഷം.
റിവ്യൂ മീറ്റിംഗിൽ ഓരോരുത്തരും പ്രതീക്ഷിക്കുന്ന ഇൻക്രിമെന്റ് എത്രയാണെന്ന് ചോദിച്ചിരുന്നു, താൻ ചോദിച്ച രണ്ടായിരം അതേപടി അദ്ദേഹം അനുവദിച്ചിരിക്കുന്നു. കുറേക്കാലമായി മനസ്സിൽ ഉള്ള ആഗ്രഹമാണ് ഒരു ചെറിയ ടു വീലർ വാങ്ങണമെന്നത് കുറച്ചു തുക അച്ഛൻ തരാമെന്ന് ഏറ്റിട്ടുണ്ട്, ബാലൻസ് ലോൺ എടുക്കണം, ശമ്പളം രണ്ടായിരംരൂപ കൂട്ടി കിട്ടിയാൽ തവണകൾ മുടക്കം കൂടാതെ അടച്ചുതീർക്കാം.
ടു വീലർ സ്വപനം കണ്ടുകൊണ്ടിരി ക്കെ ടെസ്റ്റ് ഡ്രൈവിന് പോയ ജേക്കബ് സർ തിരിച്ചെത്തി. പിന്നെ എല്ലാം പെട്ടന്നായിരുന്നു. അക്കൗണ്ട്സിൽ നിന്നും ചെക്ക് ബുക്ക് എടുത്തു കൊണ്ട് വന്നു കൊടുത്തു. ചില പേപ്പറുകളിൽ അദ്ദേഹം ഒപ്പിട്ടു.
ഒന്ന്-രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഓഡി Q 5 ഡെലിവറി ആകും എന്ന് മനസ്സിലായി. .
എക്സിക്യൂട്ടീവ്സ് പോയി കുറച്ചുകഴിഞ്ഞ് മാലതി ആ രണ്ടുപേപ്പറുകളുമായ് ജേക്കബ് സാറിന്റെ അടുത്ത് ചെന്നു. മുതലാളി പുതിയ കാറ് വാങ്ങുന്നതിൽ അവൾക്കും സന്തോഷം തോന്നി. പിന്നെ അടുത്ത് തന്നെ താൻ വാങ്ങാൻ പോകുന്ന ടു-വീലറിനെയോർത്തും.
"സർ, ഈ പേപ്പറിൽ അങ്ങയുടെ സൈൻ വാങ്ങി HR ഡിപ്പാർട്മെന്റിൽ കൊടുക്കണമെന്ന് രാവിലെ അങ്ങ് പറഞ്ഞിരുന്നു"
ജേക്കബ് സർ ആ പേപ്പറുകൾ അവളുടെ കയ്യിൽ നിന്നും വാങ്ങി, എന്നിട്ട് പറഞ്ഞു.
"ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം, മാലതി പൊയ്ക്കൊള്ളൂ "
സീറ്റിൽ വന്നിരുന്ന മാലതി നെറ്റിൽ ഓരോ സ്കൂട്ടറിന്റെയും വില വിവരങ്ങൾ തിരഞ്ഞു. ഒടുവിൽ തന്റെ ബഡ്ജറ്റിനും ആരോഗ്യസ്ഥിതിയ്ക്കും യോജിച്ചത് സ്കൂട്ടി ആണെന്ന് ഉറപ്പിച്ചു. ഏതു കളർ വേണമെന്ന് ആലോചിച്ചിരിക്കുമ്പോൾ ഇന്റർകോമിൽ ജേക്കബ് സർ വിളിച്ചു.
പുതുതായി പ്രിന്റ് കൊടുത്ത രണ്ട് പേപ്പേഴ്സ് എടുത്തുകൊണ്ട് വരാൻ നിർദ്ദേശിച്ചു. മാലതിയുടെ കൈയ്യിൽ നിന്നും ആ പേപ്പറുകൾ വാങ്ങി ഒപ്പിട്ടതിനു ശേഷം അദ്ദേഹം, HR ഡിപ്പാർട്മെന്റിൽ കൊണ്ടുപോയി കൊടുക്കാനേൽപ്പിച്ചു. പോകും വഴി മാലതി പുതിയപേപ്പറിൽ തന്റെ പേരിന് നേരെ എഴുതിയ തുക കണ്ടുഞെട്ടി ,- ആയിരം!!.
എല്ലാ സ്റ്റാഫിന്റേയും ഇൻക്രിമെന്റ് തുക ആദ്യത്തെ ലിസ്റ്റിൽ നിന്നും നേർ പകുതിയായി കുറഞ്ഞിരിക്കുന്നു. പഴയ ലിസ്റ്റിൽ ഉണ്ടായിരുന്ന തുകയേക്കാൾ ആകെ ഒരു ലക്ഷം രൂപ കുറവ്.
മുതലാളിയുടെ ഓഡി കാറിന്റെ ലോൺ മാസാമാസം അടയ്ക്കാൻ വേണ്ടുന്ന തുക.
ഇൻക്രിമെന്റ് കുറഞ്ഞതിനെപ്പറ്റി സ്റ്റാഫ്ആരെങ്കിലും ചോദിച്ചാൽ മുതലാളിക്ക് എന്തെങ്കിലും നഷ്ടക്കണക്ക് പറഞ്ഞു പിടിച്ചു നിൽക്കാം. മാലതി ഒരാൾ മാത്രമേ പഴയ ലിസ്റ്റും പുതിയ ലിസ്റ്റും കണ്ടിട്ടുള്ളു, പിന്നെ ഇൻക്രിമെന്റ് കുറയുവാൻ ഉള്ള യഥാർത്ഥ കാരണവും അവൾക്കേ അറിയൂ .
കുറച്ചു നേരത്തേക്കെങ്കിലും ടു വീലർ സ്വപ്നംസഫലമാകുമെന്ന് വിശ്വസിച്ചതും പിന്നീട് ആ മോഹം ഉപേക്ഷിക്കേണ്ടി വന്നതും അവൾക്കാണ്.
അതുകൊണ്ടാണ് രാവിലെ ആ പുതിയ കാറിന്റെ പള്ളയ്ക്ക് അങ്ങനെ ഒരു പോറൽ അവൾ ഉണ്ടാക്കിയതും ഇനിയുമതാവർത്തിക്കാൻ തക്കം പാർത്തിരിക്കുന്നതും.
ചിലരുടെ മാത്രം സുഖസൗകര്യങ്ങൾക്കായി ഒരുപാട് പേരുടെ മോഹങ്ങൾ തിരസ്കരിക്കപ്പെടുമ്പോൾ സംഭവിക്കുന്ന ചില ചെറിയ പ്രതികാരങ്ങൾ.
Saji.M.Mathews..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo