Slider

ആഗമനം

0

ആഗമനം
രാവിലെ അമ്മ വളരെ തിടുക്കത്തില്‍ ആയിരുന്നു. അച്ഛനെ കട്ടിലില്‍ എഴുന്നേല്‍പ്പിച്ച് ഇരുത്തി കഞ്ഞി കോരിക്കൊടുക്കുമ്പോള്‍ ചേച്ചിയും ചേട്ടനും അടുത്തു വന്ന് അമ്മയെ തോണ്ടാന്‍ തുടങ്ങി.
“അമ്മെ..വെശക്കുന്നു..കഞ്ഞി താ..” ഇരുവരും ഒരേസ്വരത്തില്‍ പറഞ്ഞു.
“മക്കളെ അച്ഛന് കൊടുത്തിട്ട് വരാം..ഒന്നടങ്ങി നില്‍ക്ക്”
അച്ഛന്റെ ചുണ്ടില്‍ നിന്നും താഴേക്ക് ഒലിച്ച കഞ്ഞിവെള്ളം തുടയ്ക്കുന്നതിനിടെ അമ്മ പറഞ്ഞു. പാത്രത്തില്‍ കഞ്ഞിയും ചമ്മന്തിയും മാത്രമേ ഉള്ളു. അമ്മ നിലത്ത് കുന്തിച്ചിരുന്ന് അരകല്ലില്‍ ചുട്ട മുളക് ഉള്ളി ചേര്‍ത്ത് ചമ്മന്തി അരച്ചത് ആയാസപ്പെട്ടാണ്.
“അമ്മെ വെശക്കുന്നു..” ചേട്ടനും ചേച്ചിയും ചിണുങ്ങിക്കൊണ്ട് ആവര്‍ത്തിച്ചു.
“ഇപ്പം തരാം മക്കളെ..ചെല്ല് പോയി അപ്പുറത്ത് ഇരിക്ക്..അമ്മ ഇപ്പം വരാം”
എന്തോ ഇത്തവണ രണ്ടുപേരും അനുസരണയോടെ അപ്പുറത്തേക്ക് പോയി. ചേട്ടന്റെ വാരിയെല്ലുകള്‍ എല്ലാം എണ്ണാവുന്ന അവസ്ഥയില്‍ ആയിരുന്നത് ഞാന്‍ ശ്രദ്ധിച്ചു. അമ്മ പ്ലാവില കൊണ്ടുണ്ടാക്കിയ കോരിക കൊണ്ട് അച്ഛന്റെ വായിലേക്ക് കഞ്ഞി വീണ്ടും കൊടുത്തപ്പോള്‍ അച്ഛന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകി. അത് കണ്ടപ്പോള്‍ അമ്മ എപ്പോഴത്തെയും പോലെ പുഞ്ചിരിച്ചു.
“എന്താ ചേട്ടാ ഇത്..കുട്ടികളെപ്പോലെ..കഞ്ഞി കുടിക്ക്...ചുമ്മാ മനസ് വിഷമിപ്പിക്കാതെ...” അച്ഛന്റെ കണ്ണുനീരും വായില്‍ നിന്നും ഒലിച്ച കഞ്ഞി വെള്ളവും തുടച്ചുമാറ്റിക്കൊണ്ട് അമ്മ പറഞ്ഞു.
“സുമേ..”
അച്ഛന്‍ കണ്ഠം ഇടറി അമ്മയെ വിളിച്ചപ്പോള്‍ അമ്മ വീണ്ടും പുഞ്ചിരിച്ചു. അമ്മയുടെ പുഞ്ചിരി കാണാന്‍ എന്ത് ഭംഗിയാണ്. ഏതു വിഷമവും മറക്കാന്‍ ആ പുഞ്ചിരി ധാരാളം മതി. അത്രയ്ക്ക് ഹൃദ്യമാണ് അത്.
“ഒന്നും പറയണ്ട..ഉച്ചയ്ക്ക് മോന്‍ കഞ്ഞി എടുത്ത് തരും..രണ്ടു നേരത്തേക്ക് ഉള്ളത് ഞാന്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്..വൈകിട്ട് വരുമ്പോള്‍ മീന്‍ വാങ്ങി കൊണ്ടുവരാം..”
എന്നും മത്സ്യമാംസങ്ങള്‍ കഴിച്ചിരുന്ന അച്ഛന് ചമ്മന്തി മാത്രമേ തനിക്ക് നല്‍കാന്‍ പറ്റുന്നുള്ളല്ലോ എന്ന ദുഃഖം അമ്മ ഉള്ളില്‍ ഒതുക്കിയാണ് അങ്ങനെ പറഞ്ഞതെന്ന് തോന്നുന്നു.
കഞ്ഞി തീര്‍ന്നതോടെ ഒരു മഗ്ഗില്‍ അച്ഛന് വായ കഴുകാന്‍ വെള്ളം നല്‍കി താഴെ വച്ചിരുന്ന പാത്രത്തില്‍ അത് കുലുക്കുഴിഞ്ഞ് അച്ഛനെക്കൊണ്ട് തുപ്പിച്ച ശേഷം അതും കഞ്ഞി പാത്രവുമായി അമ്മ വെളിയിലേക്ക് പോയി. അച്ഛന് തുപ്പാനുള്ള പഴയ പാത്രം കാലിയാക്കി കഴുകി, ഒപ്പം കഞ്ഞി കുടിച്ച പാത്രവും കഴുകി അമ്മ തിരികെ ഉള്ളില്‍ കയറി പഴയ പാത്രം അച്ഛന്റെ കട്ടിലിന്റെ അടിയില്‍ വച്ചു. പിന്നെ തോര്‍ത്ത് എടുത്ത് അച്ഛന്റെ മുഖം തുടച്ചിട്ട്‌ മെല്ലെ പിടിച്ച് കട്ടിലില്‍ കിടത്തി.
“അമ്മെ വിശക്കുന്നു..”
അപ്പുറത്ത് നിന്നും ചേട്ടന്റെ രോദനം കാതില്‍ എത്തിയപ്പോള്‍ അമ്മ തിടുക്കത്തില്‍ അവിടേക്ക് ചെന്നു. അച്ഛന്‍ ദൈന്യതയോടെ അമ്മയെ നോക്കുന്നുണ്ടായിരുന്നു.
നിലത്ത് കാത്തിരിക്കുകയായിരുന്ന ചേട്ടനും ചേച്ചിക്കും അമ്മ കഞ്ഞി വിളമ്പി. അവര്‍ ആര്‍ത്തിയോടെ കഴിക്കുന്നത് സംതൃപ്തിയോടെ നോക്കി അല്‍പനേരം നോക്കി നിന്നിട്ട് അമ്മ അടുക്കളയില്‍ കയറി കഞ്ഞിക്കലത്തില്‍ നോക്കി. ഉച്ചയ്ക്കും അച്ഛനും മക്കള്‍ക്കും കഴിക്കാന്‍ വേണ്ടതാണ്. ചെറിയ ഒരു പാത്രത്തില്‍ കുറച്ചു കഞ്ഞിവെള്ളം എടുത്ത് ചമ്മന്തി കലക്കി ഒരു വലിക്ക് അമ്മ കുടിച്ചു. എന്നിട്ട് സ്ഥിരം കൊണ്ടുപോകുന്ന തൂക്ക് പാത്രത്തില്‍ രണ്ടുതവി കഞ്ഞി കോരി ഒഴിച്ച് അതില്‍ കുറച്ച് ചമ്മന്തിയും കലര്‍ത്തി അടച്ചു.
“അമ്മെ..കഞ്ഞി ഇനീം വേണം..”
ചേട്ടന്റെ ശബ്ദം. അമ്മ ഓരോ തവി കഞ്ഞി കൂടി അവരുടെ പാത്രങ്ങളില്‍ ഒഴിച്ചുകൊടുത്തു.
“ഇത്രേ ഉള്ളു..ബാക്കി നിങ്ങളും അച്ഛനും കൂടി ഉച്ചയ്ക്ക് കഴിക്കണം കേട്ടോ..അച്ഛന് കൊടുത്തിട്ടേ നിങ്ങള് കഴിക്കാവൂ..”
അമ്മ രണ്ടുപേരോടും ആയി പറഞ്ഞപ്പോള്‍ അവര്‍ തലയാട്ടി.
“മോളെ നീ പാത്രങ്ങള്‍ കഴുകി വയ്ക്കണേ..അമ്മയ്ക്ക് പോകാന്‍ നേരമായി..” അമ്മ തിടുക്കത്തില്‍ വേഷം മാറി മുടി ചീകിക്കെട്ടിക്കൊണ്ട് പറഞ്ഞു.
“ചേട്ടനോട് പറ..എനിക്ക് വയ്യ” ചേച്ചി ചിണുങ്ങി.
“രണ്ടുപേരും കൂടി ചെയ്യ്‌..വഴക്കിടരുത്..അച്ഛന്റെ അടുത്തു തന്നെ ഉണ്ടാകണം രണ്ടാളും കേട്ടോ..” രണ്ടുപെരോടുമായി അമ്മ പറഞ്ഞു.
“ചേട്ടാ..ഞാന്‍ പോവാ..”
കഞ്ഞിപ്പാത്രവുമായി വെളിയിലേക്ക് ഇറങ്ങുമ്പോള്‍ അമ്മ വിളിച്ചു പറഞ്ഞു. നഗ്നപാദയായി ചുവന്ന കല്ലുകള്‍ ഇളകിക്കിടക്കുന്ന നിരത്തിലൂടെ അമ്മ തിടുക്കത്തില്‍ നടന്നു.
“സുമേ..വിശ്വന് എങ്ങനെ ഉണ്ടെടി?”
എന്നും വീട്ടുവാതില്‍ക്കല്‍ റോഡിലൂടെ പോകുന്നവരെ കണ്ടു കുശലം ചോദിക്കാന്‍ നില്‍ക്കുന്ന കാര്‍ത്തു അമ്മൂമ്മയാണ്.
“സുഖമായി വരുന്നുണ്ട് അമ്മൂമ്മേ..”
“അവനെ ഇങ്ങനെ ഇട്ടിട്ടാണോ നീ ജോലിക്ക് പോന്നത്..കഷ്ടം തന്നെ”
അമ്മൂമ്മ മൂക്കത്ത് വിരല്‍ വച്ചു. അമ്മ ഒന്നും മിണ്ടാതെ പുഞ്ചിരിച്ച ശേഷം ധൃതിയില്‍ നടന്നു.
“എന്താ സുമേ..ഇന്നും നീ വൈകിയല്ലോ...”
ടാറു കലര്‍ന്ന മെറ്റല്‍ ഉന്തിക്കൊണ്ടു പോകാനുള്ള കൈവണ്ടി അമ്മയ്ക്ക് നല്‍കിക്കൊണ്ട് കോണ്ട്രാക്ടര്‍ ചോദിച്ചു. എന്നും പതിവുള്ള ചോദ്യം ആയതിനാല്‍ അമ്മ പുഞ്ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. വെയില്‍ വക വയ്ക്കാതെ അമ്മ വണ്ടി വലിച്ച് മറ്റുള്ളവരുടെ കൂടെ കഠിനമായി അധ്വാനിക്കുന്നത് ഞാന്‍ നോക്കി അലസമായി അങ്ങനെ കിടന്നു. അമ്മയുടെ വേഗതയും ചടുലതയും മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല.
“എന്നാലും എന്റെ സുമേ..നിന്നെ സമ്മതിക്കണം” അമ്മയുടെ അടുത്ത കൂട്ടുകാരി ഷീലയാന്റി ആണ്.
“പോടീ..” അമ്മ ചിരിച്ചു.
വെയിലിന്റെ കാഠിന്യം കൂടിയിട്ടും അമ്മ തളര്‍ന്നില്ല. വണ്ടിയില്‍ മെറ്റല്‍ നിറച്ച് എത്തേണ്ട ഇടത്ത് എത്തിച്ച് വേഗം വേഗം അമ്മ മടങ്ങി വന്നുകൊണ്ടിരുന്നു.
പെട്ടെന്നാണ് നടുവിന് കൈയും കൊടുത്ത് അമ്മ നിലത്തേക്ക് കുന്തിച്ചിരുന്നത്.
“സുമേ..എന്ത് പറ്റി.......”
ഷീല ആന്റി വേഗം അമ്മയുടെ അടുത്തേക്ക് ഓടിയെത്തി. അമ്മ ദയനീയമായി ഷീല ആന്റിയുടെ കണ്ണിലേക്ക് നോക്കി.
“ചേച്ചി ഒന്നിങ്ങു വന്നെ..വേഗം..” ആന്റി ആരെയോ നോക്കി കൈ വീശി വിളിച്ചു. ഒപ്പം ജോലി ചെയ്തിരുന്ന സ്ത്രീകള്‍ വേഗം എല്ലാം ഉപേക്ഷിച്ച് അങ്ങോട്ട്‌ ഓടിയെത്തി.
“ഇവളെ ഒന്ന് പിടിക്ക്..ആശുപത്രിയില്‍ എത്തിക്കണം..ഉടന്‍..” ഷീല ആന്റി പറഞ്ഞു.
“വേണ്ട ഷീലെ..അയ്യോ...എനിക്ക് വയ്യേ.....” അമ്മ കഠിനമായ വേദന കൊണ്ട് പുളഞ്ഞു കരഞ്ഞു.
“ഷീലെ..ആശുപത്രീല്‍ കൊണ്ടുപോകാന്‍ നേരമില്ല..ഇവളെ എടുക്ക്..ആ മരത്തിന്റെ മറവില്‍ കിടത്താം...”
അമ്മയ്ക്ക് ബോധം പോയിരുന്നു അപ്പോഴേക്കും.
*******************************************************************************************************************
ഇപ്പോള്‍ ഞാന്‍ അമ്മയുടെ തോളില്‍, പിന്നില്‍ തൂക്കിയിട്ടിരിക്കുന്ന തുണി സഞ്ചിയില്‍ സുഖമായി ഇരിക്കുകയാണ്. ഞാന്‍ വന്നിട്ട് ഒരാഴ്ച ആയി..അന്നാണ് ഞാന്‍ വന്നത്..അമ്മയെ അവര്‍ മരത്തിന്റെ മറവിലേക്ക് മാറ്റിക്കിടത്തിയ ദിവസം.
“നിനക്ക് കുറച്ചീസം വീട്ടില്‍ ഇരുന്നൂടെ സുമേ...” പ്രായമായ ഒരു സ്ത്രീ എന്നെയും പിന്നില്‍ ചുമന്ന് വണ്ടി വലിക്കുന്ന അമ്മയോട് ചോദിച്ചു.
“ഒരു ദിവസം മാറി നിന്നാല്‍, കുഞ്ഞുങ്ങള്‍ക്കും അവരുടെ അച്ഛനും കഞ്ഞി പോലും കൊടുക്കാന്‍ പറ്റില്ല ചേച്ചി..”
“എന്നാലും ഈ കുഞ്ഞിനേയും ചുമന്ന്‍ നീ.....”
“ഇവന്‍ മുന്‍പും എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നല്ലോ..ഇവന്‍ എനിക്കൊരു ഭാരമല്ല എന്റെ ചേച്ചീ..”
അമ്മ ചിരിച്ചുകൊണ്ട് വണ്ടി മുന്‍പോട്ടു വലിച്ചപ്പോള്‍ ഞാന്‍ തുണി സഞ്ചിയുടെ ഉള്ളില്‍ നിന്നും മോണ കാട്ടി അവരെ നോക്കി ചിരിച്ചു.....
Samuel G
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo