Slider

ബസിലെ പ്രണയം

0
ബസിലെ പ്രണയം
**********************
ഒരു തണുത്ത വെളുപ്പാൻ കാലത്ത് ഞാൻ ഓടിവരുന്നത് കേട്ട് ചേട്ടൻ പേടിച്ചെന്നു പറഞ്ഞപ്പോൾ പലർക്കും സംശയം. എന്നെ കണ്ടാണോ പേടിച്ചതെന്ന് ? ഇപ്പോൾ എനിക്കും ഒരു സംശയം. ആ സംശയം വരാനുള്ള കാരണം മറ്റൊരു സംഭവമാണ്. ബോറടിക്കില്ലെങ്കിൽ പറയാം.
മറ്റൊരു വെളുപ്പാൻ കാലം. കഥാനായികയായ ഞാൻ സിന്തോള് സോപ്പു തേച്ചു കുളിച്ച് , കുട്ടിക്യൂറ പൗഡർ ആവശ്യത്തിലധികം ഇട്ട്, കണ്ണെഴുതി പൊട്ടു തൊട്ട് , ഈറൻ മുടിയിൽ തുളസിക്കതിരും ചൂടി സ്പെഷ്യൽ ക്ലാസിനു പോകാൻ വേണ്ടി ബസ്‌സ്റ്റോപ്പിലേക്ക് ഓടിക്കൊണ്ടിരിക്കുന്നു.

ഇന്നെന്തായാലും ഭാഗ്യം; ബസ് പോയിട്ടില്ല. ഈ ബസിൽ പോകാൻ എനിക്ക് ഒരു പ്രത്യേക സന്തോഷമാണ്. കാരണം മറ്റൊന്നുമല്ല. ഈ ബസിലെ കണ്ടക്ടർ ചേട്ടൻ ഒരു ചുള്ളനാണ്. ഞാൻ ബസിൽ കയറുമ്പോൾ പുള്ളി ഒരു പ്രത്യേക തരം കടാക്ഷം എന്നിലേക്കയക്കുന്നതു ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുമുണ്ട്. ഒരു പക്ഷെ കുന്നും മലയും ഓടിയിറങ്ങാൻ അതൊരു പ്രചോദനവും ആയിരുന്നിരിക്കാം. ടിക്കറ്റ് തരാൻ വരുമ്പോൾ കക്ഷി എൻ്റെ മുഖത്തേയ്ക്ക് കുറച്ചു നേരം സൂക്ഷിച്ചു നോക്കും. എന്തോ പറയാനുള്ളത് പോലെ. അതെന്താണെന്നു കേൾക്കാൻ ഞാൻ കാതോർത്തു നിൽക്കുമെങ്കിലും ചേട്ടൻ ഒരു ചെറുനിശ്വാസത്തോടെ നടന്നകലും.
അങ്ങനെ ബസ് വന്നു. ഞാൻ ബസിൽ കയറി, കണ്ടക്ടർ നമ്മുടെ ചേട്ടനാണെന്ന് ഉറപ്പു വരുത്തിയിട്ട് ഒരു സീറ്റിൽ ഇരുന്നു. രാവിലെ ആയതിനാൽ അധികം തിരക്കില്ല . നേരം നന്നായി വെളുത്തു. പ്രഭാത സൂര്യൻ്റെ ഇളം കിരണങ്ങൾ എൻ്റെ മുഖത്തടിക്കുന്നുണ്ട്. ചേട്ടൻ ടിക്കറ്റുകുറ്റിയും കൊണ്ട് എൻ്റെ അടുത്ത് നില്പുറപ്പിച്ചു. എന്നിട്ട് ശബ്‌ദം താഴ്ത്തി ചോദിച്ചു .
"ഞാൻ ഒരു കാര്യം പറഞ്ഞാൽ വിഷമമാകുമോ? കുറച്ചു ദിവസങ്ങളായി പറയണമെന്ന് വിചാരിക്കുന്നു. "
എൻ്റെ മനസ്സിൽ ലഡ്ഡു പൊട്ടി. തേന്മാവിൻ കൊമ്പത്തെ ശോഭനയെ പോലെ ഞാൻ പറഞ്ഞു.
"മറന്നു പോകുന്നതിനു മുൻപ് വേഗം പറഞ്ഞോളൂ ".
പുള്ളി ചുറ്റും നോക്കിയിട്ടു വളരെ ശബ്‌ദം താഴ്ത്തി എന്നോട് പറഞ്ഞു.
" മുഖത്തെ പൗഡർ കുറച്ചു തൂത്തു കള കേട്ടോ. ഇതൊരു മാതിരി കണ്ടാൽ പേടിയാകും. വീട്ടിൽ കണ്ണാടിയൊന്നും ഇല്ലേ?".
പിന്നെ ഞാനൊന്നും കേട്ടില്ല. അന്നു മുതൽ ഞാൻ സ്പെഷ്യൽ ക്ലാസ്സുകളെ വെറുത്തു.
ലിൻസി വർക്കി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo