Slider

ചില പൂവാല ചരിതങ്ങൾ

0



"ഞാൻ ഇനി അമ്പലത്തിൽ പോകില്ല " 
കരഞ്ഞു നിലവിളിച്ചു വല്യച്ഛന്റെ മകൾ വീട്ടിൽ കേറി വന്നു. എന്നേക്കാളും 10  വയസ്സ് മൂത്തതാണ് അവൾ. എന്നേക്കാൾസുന്ദരി.  കണക്കു ചോദ്യത്തിന്റെ ഉത്തരം കണ്ടു പിടിക്കാൻ എന്റെ കൈ വിരലും, കാൽ വിരലും തികയാതെ അടുത്തിരിക്കുന്നവന്റെ വിരലുകളും തേടി പോകുന്നഎനിക്ക് പാരയായി അവൾ കണക്കിൽ ബിരുദാനന്തര ബിരുദം നേടി . 
അവളിൽ ഒരു ചാക്കോ മാഷ് ഒളിഞ്ഞിരിക്കുന്നത് ഞാൻ വേദനയോടെ മനസ്സിലാക്കി.. എന്റെസ്വന്തം അമ്മയ്ക്ക്  എന്നെക്കാൾ സ്നേഹം അവളോട്. ഇത്രേം പോരേ ഒരു 12 വയസ്സുകാരിക്ക് പക തോന്നാൻ? 

അവളുടെ കരച്ചിൽ കേട്ട് എന്റെ മനസ്സ് കമലദളത്തിലെമോഹൻലാലിനെ പോലെ “ ആനന്ദ നടനം ആടിനാൻ" . എന്നാലും അമ്പലത്തിൽ പോണ വഴി എന്താണാവോ ഇവൾക്ക് സംഭവിക്കുന്നത്? ഒളിഞ്ഞു കേക്കൽ , ഒളിഞ്ഞുനോട്ടം, ഏഷണി ഇതൊക്കെ എനിക്ക് ജന്മസിദ്ധമായി കിട്ടിയ കഴിവുകളാണ്. അങ്ങനെ ചെവി കൂർപ്പിച്ചു നടന്ന ഞാൻ കാര്യങ്ങൾ മനസ്സിലാക്കി. 

അന്ന് ഹിറ്റ് ചാർട്ടിൽഇടം പിടിച്ച പാട്ടാണ് "ആട്ടുതൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി മെല്ലെ" . ഈ പാട്ടു പാടി ഏതോ ഒരുത്തൻ ഇവളെ ആട്ടുതൊട്ടിലിൽ കിടത്താൻ നോക്കാറുണ്ട് പോലും.അമ്പലത്തിന്റെ മുന്നിൽ വച്ച്. അതാണ് പെണ്ണ് കിടന്നു തൊള്ള തുറക്കുന്നത്. നന്നായി . 
അവൾക്കങ്ങനെ തന്നെ വേണം. 
ഇവളുടെ കരച്ചിൽ സഹിക്കാൻ വയ്യാതെവല്യച്ഛൻ അടുത്ത ദിവസം ഇവളുടെ കൂടെ പോയി ഗായകനെ നേരിൽ കണ്ടു. "അമ്പലത്തിന്റെ മുന്നിൽ വച്ച് ഇത്തരം പാട്ടുകളാണോ പാടുന്നത്  മോനേ ?" എന്ന് വലിയച്ഛൻ അവനെ സ്നേഹത്തോടെ ശാസിച്ചു . 
ഇനിയാണ് ട്വിസ്റ്റ്. 
ആട്ടുതൊട്ടിലിൽ കിടത്തി ഉറക്കാൻ ശ്രമിക്കുന്നതിനിടെ ഗായകൻ മുണ്ടു പൊക്കി ദർശനംനല്കുമായിരുന്നത്രെ. നാണം കൊണ്ട് ഇവൾ ഇത് വീട്ടിൽ പറഞ്ഞില്ല. ഗായകൻ അനുസരണയുള്ളവനായത് കൊണ്ട് ,വല്യച്ഛന്റെ വാക്കുകൾ അണുവിട തെറ്റാതെചെവിക്കൊണ്ടു .  

അടുത്ത ദിവസം അമ്പലത്തിൽ പോയ അവളോട്‌ ഭാവഗായകൻ " കുട്ടീടെ അച്ഛൻ പറഞ്ഞു അമ്പലത്തിന്റെ മുന്നിൽ വച്ച്  മോശം  പാട്ടുകൾപാടരുതെന്നു .ശരിയാണ്. തെറ്റ് എന്റേതാണ്.  ഇത്രേം പറഞ്ഞു അയാൾ ഉച്ചസ്ഥായിയിൽ തുടങ്ങി 
" പള്ളികെട്ടു ശബരിമലയ്ക്കു കല്ലും മുള്ളും കാല്ക്കു മെത്തയ്’” .പല്ലവി തീരുന്നതിനോടൊപ്പം പൊക്കി മുണ്ട്.  ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ അങ്ങനെ ചേച്ചിക്ക് കിട്ടി ഒരു ദിവ്യ ദർശനം.  ഭക്തി ഗാനസുധയുടെ ശല്യം കാരണംഅവൾ അമ്പലത്തിൽ പോക്ക് നിർത്തി. 
                          
അങ്ങനെ വർഷങ്ങൾ പലതും കടന്നു പോയി.
12  വയസ്സുകാരിയായിരുന്ന  ഞാൻ കോളേജ് കുമാരിയായി. 
നഗരത്തിലെ ഒരു പ്രസിദ്ധ വിമൻസ് കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. 
വൈകിട്ട് ബസ്റ്റോപ്പിൽ നിന്ന് വീട്ടിലേക്കുള്ള നടത്തം അത്ര സുഖകരമായിരുന്നില്ല.  ആൾനടത്തം അധികം ഇല്ലാത്ത വഴിയിൽ ,ഫ്രീ ഷോയുമായിവിലസിയിരുന്ന യുവ കോമളൻ തന്നെ കാരണം. 

ഞങ്ങൾ മൂന്ന് നാല് പെൺകുട്ടികൾ ഉണ്ടായിരുന്നെങ്കിലും , മുണ്ടു പൊക്കി പിടിച്ചു "അതെ കാണുന്നില്ലേ? നിങ്ങൾക്കുവേണ്ടിയാ കേട്ടോ" എന്നൊക്കെ ഉള്ള അയാളുടെ ഡയലോഗുകൾ ഞങ്ങളെ ഭയപ്പെടുത്തിരിയിരുന്നു. ഇതിനെ എങ്ങനെ നേരിടും എന്ന് തലപുകഞ്ഞാലോചിച്ചു. "ഇതിനുഞാൻ ഒരു വഴി കണ്ടിട്ടുണ്ട്." കൂട്ടത്തിലെ ഝാൻസി റാണി ഇത് പറയുമ്പോൾ അവൾ വീട്ടിൽ പറഞ്ഞു പരിഹാരം കാണും എന്നേ ഞങ്ങൾ കരുതിയുള്ളൂ. അടുത്തദിവസം ഞങ്ങൾ നടന്നു വരുന്നു, കോമളൻ മുണ്ടു പൊക്കി പിടിച്ചു  തകധിമി കളിക്കുന്നു, എല്ലാം പതിവ് പോലെ. ഇവളുടെ മുഖത്ത് പെട്ടന്നൊരു ഭാവ മാറ്റം. 
പെണ്ണ്കുണുങ്ങി കുണുങ്ങി അയാളുടെ അടുത്തേക്ക് പോകുന്നു." ഡീ ,നീ എങ്ങോട്ടാ ഈ പോണേ?" അവളുടെ കയ്യിൽ പിടിച്ചു നിർത്താൻ നോക്കിയെങ്കിലും , അച്ഛന്റെ കൈതള്ളി മാറ്റി കാമുകന്റെ അടുത്തേക്കോടുന്ന നായികയെ പോലെ അവൾ ഞങ്ങളെ തള്ളി മാറ്റി അയാളുടെ അടുത്തേക്ക് നീങ്ങി. 
ഇവൾ അടുക്കുംതോറും അയാളുടെമട്ടും ഭാവവും പതുക്കെ മാറി തുടങ്ങി. വീര ശൂര പരാക്രമി പതുക്കെ പതുക്കെ കർട്ടൻ ,അല്ല മുണ്ട് താഴ്ത്തി തുടങ്ങി. 
പേടിച്ചു വിറച്ചു ഞങ്ങൾ 3  പേർ മാറി നിന്നു.അയാളുടെ അടുത്ത് ചെന്ന് ഇവൾ സുസ്മേര വദനയായി നിന്നു . എന്നിട്ടു ആ കണ്ണുകളിൽ നോക്കി 
" ചേട്ടാ , ചേട്ടനോട് സ്നേഹക്കുറവുണ്ടായിട്ടല്ല ഞങ്ങൾനോക്കാത്തത്. 
ചേട്ടൻ തെറ്റിദ്ധരിക്കരുത്. എന്നും രാവിലെ ഇതേ റോഡിൽ വേറൊരു ചേട്ടൻ ഇത് പോലെ ഞങ്ങളെ മുണ്ട് പൊക്കി കാണിക്കാൻ വരാറുണ്ട്. 
ആ ഷോഞങ്ങൾക്ക് ഇഷ്ടാ ,ഒരുപാട് . ചേട്ടന്റെ ഷോയിനേക്കാളും നല്ലതാ. അപ്പൊ ഞങ്ങൾ അതു കാണുവോ ഇത് കാണുവോ? അല്ലാതെ ചേട്ടൻ വിചാരിക്കുന്ന പോലെ മൈൻഡ്ചെയ്യണ്ടാന്ന് മനപ്പൂർവം വിചാരിച്ചിട്ടില്ലാട്ടോ". ഇവൾ ഇത് പറഞ്ഞു തീർന്നതും "ഞങ്ങളെ രണ്ടു പേരെയും തോൽപ്പിക്കാൻ ആരുണ്ട്" എന്ന് ചോദിക്കുന്നമാമ്മോക്കോയയെ പോലെ അയാൾ ഞങ്ങളെ നോക്കി. ഒരു സെക്കന്റ് . പിന്നെ ഒരൊറ്റ ഓട്ടം, അയാളെ പിന്നെ ആ ഏരിയയിൽ  കണ്ടിട്ടില്ല. 

പൂവാലന്മാരുടെ തനതു കലാരൂപമായ മുണ്ട് പൊക്കൽ ഇപ്പോഴും ഇടവഴികളിൽ അരങ്ങേറാറുണ്ടോ എന്നറിയില്ല. 
അമേരിക്കയിൽ മുണ്ട് ഇല്ലാത്തതു കൊണ്ട് പോക്കലുംഇല്ല. 
കലാബോധം ഇല്ലാത്ത കൺട്രി പീപ്പിൾ . 
എന്നാലും ഈ കലാരൂപം എന്റെ മനസ്സിൽ നിന്നു മായാതിരിക്കാനായിരിക്കും  , കുറച്ചു മാസങ്ങൾക്കു മുൻപ് എന്റെ ഇൻബോക്സിൽ ഒരു ഫ്രീ ഷോയുടെ ടീസർ കിട്ടിയിരുന്നു. സാങ്കേതിക വിദ്യയും ,ഫോട്ടോഗ്രാഫിയും  ഇത്ര ബുദ്ധിപരമായി ഉപയോഗിച്ച ആ സാധുവിന്റെ ബുദ്ധി കൂർമതയും ആത്മാർത്ഥതയും  ഞാൻ കണ്ടില്ലെന്നു  നടിച്ചു.    കലാവാസന  തൊട്ടു തീണ്ടിയിട്ടില്ലാത്ത മൂരാച്ചിയായ ഞാൻ അപ്പോ തന്നെ അത് റിപ്പോർട്ടു ചെയ്തു. എന്നെപോലുള്ള അരസികർ കലിപ്പുണ്ടാക്കിയാലും, സഹൃദയരായ കലാകാരൻ ചേട്ടന്മാർ ഇടവഴികളിലും, ബസ്സിലും ,ഇൻബോക്സിലും ഒക്കെ കുളിരു കോരുന്ന ഈ കലാരൂപംപ്രചരിപ്പിച്ചു മുന്നേറണം .തളരരുത് രാമൻ കുട്ടി ചേട്ടന്മാരേ ,തളരരുത് ... 

By: Deepa Narayanam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo