ഒരു ഒളിച്ചോട്ട കഥ
-------------------------------
എടീ... നമ്മുടെ ക്ലാസ്സിലെ അഞ്ജു ഒളിച്ചോടിപോയതാത്രേ...
-------------------------------
എടീ... നമ്മുടെ ക്ലാസ്സിലെ അഞ്ജു ഒളിച്ചോടിപോയതാത്രേ...
അത് കേട്ടപ്പോൾ മുതൽ ഞാൻ ആലോചിക്കുന്നതാ ഈ ഒളിച്ചോടുന്നത് എങ്ങിനെ ആണെന്ന്... ഈ സിനിമയിലൊക്കെ കാണുന്ന പോലെ രാത്രി ആരും കാണാതെ വീടിന്റെ പിന്നാമ്പുറം വഴി ഇരുട്ടിലേക്ക് ഇറങ്ങി പോകുന്നതാണ് ഒളിച്ചോട്ടം എന്നായിരുന്നു എന്റെ ധാരണ. ഈ കേട്ടുകേൾവി വിട്ട് ഈ സംഭവം അനുഭവത്തിൽ വരുന്നത് അടുത്ത വീട്ടിലെ ചേച്ചി ഒളിച്ചോടി എന്ന് കേട്ടപ്പോളാണ്.
എന്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ട് ആ ചേച്ചി ഓടിയത് രാത്രിയല്ല, നല്ല പട്ടാ പകലാ. അതോടെ എന്റെ ഒളിച്ചോട്ടത്തിന്റെ കൺസെപ്റ്റ് തന്നെ മാറി. പക്ഷെ സംഗതി അതിലും രസമായത് കക്ഷി പോകുമ്പോ ഞാൻ കണ്ടിരുന്നു എന്നതാണ്.
ഉച്ച നേരത്ത് എല്ലാവരും ചെറു മയക്കത്തിലേക്ക് പോകുന്ന നേരത്ത് മൂപ്പർ ടിവിയും വച്ചിരിക്കും. ഒരു മൂന്നു നാല് മണിക്കൂർ നേരത്തേക്ക് ഒരാളും അന്വേഷിക്കില്ല. ഈ ടൈം ആയിരുന്നു ഒളിച്ചോട്ടം. മിണ്ടാതെ ബാഗും എടുത്ത് വീട്ടിന്നിറങ്ങി ഓട്ടോയിൽ കയറി. വഴിയിൽ ഞാൻ ഈ മുതലിനെ കണ്ടതാ. കൂടെ ഒരാളും ഉണ്ടായിരുന്നു. വല്ല ബന്ധുക്കളും ആകും എന്ന് കരുതി ഞാൻ വിട്ടു. പിറ്റേന്നാണറിഞ്ഞേ ഒളിച്ചോടിയതാണെന്ന്.
ഇതറിഞ്ഞപ്പോ ഞാൻ തേന്മാവിൻകൊമ്പത്ത് സിനിമേല് നമ്മുടെ ലാലേട്ടൻ നിക്കണ പോലെ നിന്നു. ആഹ് ഇപ്പൊ ടെക്‌നിക്ക് പിടി കിട്ടി. ഇങ്ങനാണ് ഒളിച്ചോടുന്നതല്ലേ. പിന്നെ ഞാൻ വഴിയിൽ ചേച്ചിയെ കണ്ട കാര്യമൊന്നും ആരോടും മിണ്ടിയില്ല.
പിന്നീടൊരു ഒളിച്ചോട്ട കഥയെപ്പറ്റി വിവരം കിട്ടുന്നത് എന്റെ വിവാഹത്തിനൊക്കെ ശേഷമാണ്. ഒരു ബന്ധു വകയിലെ അനുജൻ ഒരു പെങ്കൊച്ചിനെ കൊണ്ട് വന്നപ്പോൾ. അന്ന് ഞാൻ എന്റെ ആകാംഷ കൊണ്ട് എന്തായിരുന്നു സംഭവം എന്ന് ചോദിച്ചറിഞ്ഞു.
അവരുടെ പ്രണയം വീട്ടിലറിഞ്ഞപ്പോൾ അവളെ വീട്ടിൽ നിന്നും മാറ്റി ഒരു ആന്റിയുടെ വീട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നത്രെ. ഇവനെങ്ങനെയോ അത് മണത്തറിഞ്ഞ് വഴിയിൽ വച്ച് ബൈക്കിൽ കേറ്റി കൊണ്ട് പോന്നു. ഒരു സിനിമാക്കഥ കേൾക്കും പോലെ ഞാൻ കേട്ടിരുന്നു.
പിന്നെ ഒരു കഥ അറിയേണ്ടി വന്നത് അവന്റെ കൂട്ടുകാരന്റെ ആയിരുന്നു. ഇവന് ബൈക്കിൽ പെണ്ണിനെ കടത്തി കൊണ്ട് വരുവാനുള്ള മിടുക്ക് തെളിഞ്ഞത് കൊണ്ട് അവന്റെ പെണ്ണിനെ കടത്തികൊണ്ടുവരുവാനുള്ള ഉത്തരവാദിത്വം അനിയനിൽ നിക്ഷിപ്തമായി. വല്ലവന്റെ പെണ്ണിനെ വല്ല വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ട് വന്നിട്ട് ഈ കോന്തൻ ഉണ്ട് എന്നെ വിളിക്കുന്നു.
ചേച്ചി ഇവളെ ഒരു ദിവസം ചേച്ചിടെ വീട്ടിൽ താമസിപ്പിക്കാമോ എന്ന്.
നല്ല നാല് മലയാളം വായിൽ വന്നു. എന്നിട്ട് അത് വിഴുങ്ങി. എന്നിട്ട് പുതിയ മലയാളത്തിൽ ഇങ്ങനെ മൊഴിഞ്ഞു.
മോനെ എന്റെ വീടിന് ചുറ്റും എന്റെ കെട്ട്യോന്റെ ബന്ധുക്കളാ... അവരൊക്കെ അറിഞ്ഞാ പണിയാകും. പിന്നെ മൂപ്പർക്കും ഇഷ്ടപ്പെടില്ല.
പാവം കേട്ട്യോൻ. ഈ വിവരം കക്ഷി അറിഞ്ഞിട്ട് കൂടി ഇല്ലായിരുന്നൂട്ടോ...
അവസാനമായി ഒരു ഒളിച്ചോട്ടത്തിന് കൂടി ഞാൻ സാക്ഷിയായി. ജോലിക്ക് പോകുവാണെന്ന് പറഞ്ഞ് ഇറങ്ങിപോന്നിട്ട് രജിസ്റ്റർ മാര്യേജ് ചെയ്ത രണ്ടുപേർ. നമുക്ക് വേണ്ടപ്പെട്ടവർ തന്നെ.
പക്ഷെ ഇത്രേം ഒളിച്ചോട്ടത്തിൽ നിന്നും എനിക്കൊരു കാര്യം മനസ്സിലായി. ഒളിച്ചോട്ടം രാത്രിയല്ല. പട്ടാ പകൽ ആണ്.
Nb: പകൽ ആൾക്കാർ കാൺകെ ഇറങ്ങി പോകുന്നതിന് ഒളിച്ചോട്ടം എന്ന് ആരെടെ പേരിട്ടത്???
Samini

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക