Slider

പാവം പാവം എൽസിചേച്ചി*******

0
പാവം പാവം എൽസിചേച്ചി*******
എൽസിചേച്ചിയെ നിങ്ങൾക്ക് അറിയോ?
കണ്ടുകാണും...
എൽസിച്ചെച്ചി പാവാണ്.
എൽസിചേച്ചി കരുണ ഉള്ളവളാണ്
മുറ്റത്ത് വരുന്ന ആരെയും വെറുതെ വിടില്ല....
സഹായം പലവിധത്തിലാണ്
കൈ കൊണ്ട് പറ്റുമെങ്കിൽ അങ്ങനെ
പൈസ കൊണ്ടെങ്കിലങ്ങനെ ..
ഒന്നും പറ്റിയില്ലെങ്കിൽ ഒരു ലോഡ് ഉപദേശം എങ്കിലും
അതും പോരാഞ്ഞ് തികഞ്ഞ ഭക്തയാണ്....ദിവസവും പള്ളിയില്‍ പോകും ..ധ്യാനം കൂടും....
അതിനും മേലെ ഉഗ്രൻ പാചകക്കാരി കൂടി ആണ് ..നാട്ടില്‍ എൽസിചേച്ചി ഇല്ലാതെ ഒരു കുടുംബത്തേയും പരിപാടികൾ നടക്കില്ല ...
തലേന്ന് തന്നെ ആൾ ഹാജർ...
പന്തൽനാട്ടു തൊട്ടു...ഉരുളികമഴ്‌ത്തൽ വരെ..
ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു കുഴപ്പം മാത്രം ...പുള്ളിക്കാരിയുടെ നാവ്.
അത് ഒരു ഒന്നൊര നാവാണ്.
ആ നാവ് കൊണ്ട് തൂക്കാത്ത പറമ്പില്ല റോഡില്ല...
വെളുപ്പാന്‍ കാലത്ത് എഴുന്നേറ്റ് സകല വിധ പണിയും ഒതുക്കും.പള്ളിയിൽ പോയി വരും .
തിരിച്ച് വരുമ്പോഴും വെയില്‍ വന്ന് മൂട്ടിൽ തട്ടിയിട്ടും എഴുനേറ്റ് പോകാത്ത അരുമ ആൺമക്കളെ രണ്ട് മുറിയില്‍ നടന്നു മാറി മാറി വിളിക്കും .വിളി പിന്നീട് ശകാരം ആകും ഒടുക്കം എൽസിചേച്ചിയുടെ വായിലെ സംഗതി ഒഴുകുമ്പോ രണ്ട് മക്കളും മുറി വിട്ട് ഓടും...
എൽസിചേച്ചിയുടെ പുന്നാരമകൾ ലിസ്സി...അപ്പോഴേയ്ക്കും പഠനം തുടങ്ങി കാണും .വീടിൻ്റെ മുൻവശത്തെ വരാന്തയില്‍ ഇരുന്നു വായിക്കുന്ന മോളെ കാണുമ്പോള്‍ എൽസിചേച്ചി യുടെ മനസ്സ് നിറയും...
എന്റെ മാനം കാക്കാൻ ഉള്ള സന്താനം!
ഭാര്യയുടെ സംഗീതം കേൾക്കാൻ കെൽപില്ലാതെ...ജോണിചേട്ടൻ പത്രവും കൊണ്ട് മുറ്റത്ത് മാവിന്‍ ചുവട്ടില്‍ ചെന്നിരിക്കും...
പണ്ട് അവൾ വീടിന്റെ മുന്നിൽ പഠിച്ചൊണ്ടിരിക്കുമ്പോൾ മുന്നും പിന്നും നോക്കാതെ ലൈൻ വലിച്ചപ്പോ അടിച്ച കറൻറ് ആണ് പുന്നാര ഭാര്യ എൽസി...
ഭക്ഷണം മുഴുവന്‍ വിളമ്പി വച്ച് നാടൊട്ടുക്കു കേൾക്കുമാറ് അട്ടഹസിക്കുമ്പോ മക്കള്‍ എഴുന്നുള്ളും...
മുന്നില്‍ നിരത്തി വച്ച ഭക്ഷണം കാണുമ്പോള്‍ ഒരുത്തൻ്റെ മുഖം പുന്നെല്ലു കണ്ട കോഴിയെ പോലെ വിടരും ..
മറ്റവൻ അട്ടയെ കണ്ട ഭാവത്തില്‍ ചോദിക്കും
ഇതാണോ ഉണ്ടാക്കി വെച്ചിരിക്കുന്നെ?
അതിനുള്ള മറുപടി എൽസിചേച്ചിയുടെ ഒരു ആട്ടുകൊണ്ട് അവസാനിക്കും
ഒരു യുദ്ധം കഴിഞ്ഞു മക്കള്‍ പലവഴി ഇറങ്ങും...
ജോണിചേട്ടൻ തന്റെ തൊക്കടാച്ചി വണ്ടിയും കൊണ്ടു പണിക്കും പോകും...
പാവം എൽസിചേച്ചി .....പിന്നെ വീട്ടിൽ ഒറ്റക്കല്ലെ അതോണ്ട് പണിയൊതുക്കി ചേച്ചി അടുത്ത വീട്ടിലെ അടുക്കള നിരങ്ങും...
അവരെ അടുക്കളയില്‍ സഹായിക്കും ...
അമ്മായിയമ്മയുടെ കുറ്റം മരുമകളോട് പറയും..
മരുമകള്‍ അമ്മായിയമ്മയോട് പറയരുത് എന്ന് രഹസ്യമായി പറഞ്ഞത് നാടുമുഴുവൻ രഹസ്യമായി തന്നെ ഓരോരുത്തരോടും പറയും
രഹസ്യം പരസ്യം ആയ മരുമക്കൾ എൽസിചേച്ചിയെ മനസ്സില്‍ ശപിക്കും
പാവം എൽസിചേച്ചി ...
എൽസിചേച്ചി ഒരിക്കല്‍ ധ്യാനിക്കാൻ ചെന്നപ്പോള്‍ ധ്യാനഗുരു പറഞ്ഞു ..
"നാവ് തീയാണ് മകളേ.....
സൂക്ഷിച്ച് ഉപയോഗിക്കുക...
നാവില്‍ നിന്ന് വരുന്ന വാക്കുകള്‍ വഴിനീളെ വിതറിയിട്ട് പോയ തൂവലുകൾ പോലെ ആണ്
മടങ്ങി ചെന്ന് തൂവലുകൾ പെറുക്കിയെടുക്കാൻ നേരം അവയെല്ലാം പലവഴി പോയികാണും...""
രണ്ട് നാൾ ചേച്ചി വായടച്ചു നടന്നു ..
ശ്വാസം മുട്ടി പോയി ചേച്ചിയ്ക്ക്...
പിന്നേയും തെങ്ങില്‍ കയറി എൽസിചേച്ചി ....
അങ്ങനെ ഇരിക്കെ ഒരുനാള്‍ ഉറക്കം ഉണർന്നപ്പോൾ എൽസിചേച്ചിയുടെ വായിൽ നിന്നും ഒച്ച പൊങ്ങിയില്ല....
ചേച്ചി വലിയ വായിൽ നിലവിളിച്ചു ..
ഗുരു പറഞ്ഞത് കേൾക്കാഞ്ഞിട്ടാണോ?
ഉറക്കം ആയിരുന്ന ജോണിചേട്ടനെ കുലുക്കി വിളിച്ചു ....
ആ വലിയ ശരീരം ഒന്നു ചെരിഞ്ഞു പിന്നീട് ഒന്നു കമിഴ്ന്നു
ഒച്ച ഇല്ലെങ്കില്‍ കൂടി എൽസിചേച്ചി പണിഎല്ലാം ഒതുക്കി ..
മക്കളെ കുലുക്കി വിളിച്ചു ..
പ്രഭാതസംഗീതം കേൾക്കാതെ പോയ മക്കൾക്ക് അദ്ധ്യപകരുടെ സങ്കീർത്തനം അന്ന് ആദ്യമായി കേൾക്കേണ്ടി വന്നു
ഭക്ഷണം കഴിക്കുമ്പോ ഇളയവൻ ചേട്ടനിട്ട് എറിഞ്ഞ കുപ്പിയിലെ വെള്ളം വീണു കിടന്നറിയാതെ .. അതില്‍ ചവിട്ടി എൽസിചേച്ചി പൊതുക്കാം പൊതുക്കാം താഴെ വീണു ...
രണ്ട് മാസം റെസ്റ്റ്...
വീട്ടിലെ അലാം ഇല്ലാതെ ആയി
പണിക്കാരി ഇല്ലാതെ ആയി ...
ജോണിചേട്ടൻ്റെ പത്രം ..വായനക്കാരൻ ഇല്ലാതെ സമാധി ആയി
അടുക്കള ജോണിചേട്ടൻ ഏറ്റെടുത്തു ....
എൽസിചേച്ചിയുടെ ഡൂപ്ളികേറ്റ് സംഗീതത്തിന് പകരം ശുദ്ധസംഗീതം കേൾക്കാൻ തുടങ്ങിയപ്പോള്‍ മക്കള്‍ മൂട്ടിൽ വെയില്‍ അടിക്കാന്‍ നിക്കാറില്ല
അപ്പൻ്റെ ഉപ്പും മുളകും കൂടിയ കൂട്ടാന്‍ കൂട്ടി മക്കള്‍ കൂടുതല്‍ കരഞ്ഞു ...
അമ്മയുടെ ആരോഗ്യത്തിന് വേണ്ടി ആ മക്കള്‍ ആദ്യം ആയി മെഴുകുതിരി കത്തിച്ചു .
ഭാര്യയുടെ സംഗീതം കേൾക്കാൻ പള്ളിയില്‍ പോകാത്ത ജോണിചേട്ടൻ നേർച്ച നേർന്നു...
നാട്ടിലെ ആകാശവാണി പ്രക്ഷേപണം മുടങ്ങിയപ്പോ വാർത്തകൾ അറിയാതെ ആളുകൾ ഞെരിപിരി കൊണ്ടു
സ്വരം പോയ ചേച്ചി കയ്യും കണ്ണും കൊണ്ട് രസങ്ങളും മുദ്രയും വിരിയിച്ചു
മരുന്നും മന്ത്രവും കൊണ്ട് ചേച്ചി ബ്ബ ബ്ബ ബ്ബ അടിച്ചു തുടങ്ങി
അങ്ങനെ ശ്വാസം മുട്ടി ഇരിക്കുന്ന ഒരു ദിവസം ജനാലക്കലിലൂടെ നോക്കിയപ്പോള്‍ തൊട്ടടുത്ത വീട്ടിലെ മറിയ പോകുന്നു
വിളിക്കാന്‍ നോക്കി ..നടന്നില്ല
കൈ കൊട്ടി വിളിച്ച്. നോക്കി..
നോ രക്ഷ..
പെട്ടെന്ന് ആണ് മക്കളുടെ ക്രിക്കറ്റ് ബോൾ കണ്ണിൽ ഉടകിയത് അതെടുത്തു...ഉന്നം പിടിച്ചു..
ആദ്യമായി എറിഞ്ഞതെങ്കിലും കൃതിയായി മറിയചെച്ചിയുടെ തലയിൽ ...
ബോൾ കൊണ്ട ചേച്ചി വലിയ വായിൽ ഓളിയിട്ട്‌ തിരിഞ്ഞ് നോക്കി..
ദെ നിൽക്കുന്നു...ചേട്ത്തിയുടെ മരുമകള്‍
"...അത്രക്കായോടേ..എന്നെ കൊല്ലാൻ നോക്കുന്നോ..""എന്നും പറഞ്ഞു മുണ്ടും പൊക്കി കുത്തി..മരുമകൾക്ക് നേരെ കുതിച്ചു..
മറിയയുടെ വീട്ടിലെ കാര്യം ഗോവിന്ദ !
സ്വന്തം വീടിനകത്തു നിന്ന് കയ്യും കലാശവും കാട്ടനല്ലതെ ..എന്ത് ചെയ്യാ ന്..എൽസിചെച്ചി .
കൈ വിട്ട ആയുധവും വാ വിട്ട വാക്കും മടങ്ങി വരില്ല എന്ന് ആറാംതമ്പുരാൻ ഡയലോഗ് മനസ്സിൽ ധ്യാനിച്ച് കൊണ്ട് എൽസി ചേച്ചി...വോക്കറും പിടിച്ചു വീണ്ടും കട്ടിലില്‍ കേറി
അപ്പോഴാണ്‌ ഫോണ്‍ ചിലക്കുന്നത്
ചെവിയില്‍ എടുത്ത് പിടിച്ചപ്പോ പറയുന്നു
അവർക്ക് ഏതോ കമ്പനിയുടെ സമ്മാനം അടിച്ചെന്ന് ..അഡ്രസ്സ് പറഞ്ഞു കൊടുക്കാന്‍ ...
ചേച്ചി സകല മാലാഖമാരേം കൂട്ടിന് വിളിച്ചു
വീട്ടിലെ സകല വിവരോം അവർക്ക് പറഞ്ഞു കൊടുക്കാന്‍ ..
പക്ഷേ സ്വരം അധികം പൊങ്ങാത്തതോണ്ട് വിളിച്ചവർ അവരുടെ പാട്ടിനു പോയി
ചേച്ചിയ്ക്ക് സങ്കടോം ദേഷ്യോം വന്നു
കുരിശിൽ കിടക്കുന്ന കർത്താവിനെ നോക്കി തനിക്കു ഈ ഗതി വരുത്തിയതിന് നാല് ചീത്ത പറഞ്ഞു
ആകെ കലിതുള്ളി നിൽക്കുമ്പോഴാണ്
മക്കളുടെ വരവ്
മക്കളുടെ നേരെ ചീറ്റി കൊണ്ട് അടുത്തു
"ഈ അമ്മച്ചിക്ക് വട്ടായാ ? "മക്കള്‍ പരസ്പരം ചോദിച്ചു
പ്രതികരിക്കാൻ പറ്റാത്തവരുടെ രോഷം!
അടുത്ത കലി കെട്ടിയവന് നേരെ തീർക്കാൻ ബാക്കി വെച്ചു
വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ജോണിച്ചേട്ടൻ ഭാര്യയ്ക്ക് ഒരു താക്കീത് ..
"ആരു വിളിച്ചാലും അഡ്രസ്സും ബാങ്കിലെ വിവരോം പറയല്ലേ...അപ്പുറത്തെ ലില്ലിക്കുട്ടിടെ ബാങ്കിലെ പൈസ മുഴുവന്‍ ആരാണ്ട് കൊണ്ട് പോയി ..""
കെട്ടിയവൻ്റെ ഉപദേശം കേട്ടയുടനെ പകലത്തെ കഥ പറയാന്‍ കെട്ടിയവനോട് തയ്യാറായ ചേച്ചി കുരിശിലെ കർത്താവിനെ നോക്കി ചോദിച്ചു
" എന്നാലും നീ നല്ല ചെയ്താ ചെയ്തത് ..
എനിക്കിട്ട് വയ്ക്കാന്‍ പോയത് ലില്ലിക്കുട്ടിക്കിട്ട് താങ്ങീല്ലേ?""

Shabna
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo