Slider

ആദ്യ ഭാര്യ.....

0

ആദ്യ ഭാര്യ.....
പെണ്ണുകാണലിന്റെ ഷീണം അകറ്റി ഒരുവിധം മനസിനെ പാകപ്പെടുത്തി വരുമ്പോഴേക്കും വന്നു.. അടുത്ത കല്യാണത്തിന്റെ അലയൊലികൾ..
വീട്ടിൽ നിന്നും സമാധാനം കിട്ടാതെ പല സമയവും വീട്ടിൽ നിന്നും ഇറങ്ങി പോവേണ്ടി വന്നു. ഇടക്ക് ബീച്ചിൽ പോയിരിക്കും.
അല്ലേൽ fulltank പെട്രോൾ അടിച്ചു ചുമ്മാ വണ്ടിയിൽ കറങ്ങും.
മനസിനെ കടിഞ്ഞാടിടാന്ന്‌ ഒന്നിനും കഴിഞ്ഞില്ല എന്നതാണ് സത്യം.
ഇടക്കു ആഗ്രഹം തോന്നിയ പലരോടും പ്രണയം തുറന്ന് പറയുമ്പോൾ അവരുടെ കല്യാണക്കുറി കാണിച്ചു വിഷമം കൂട്ടാനും തുടങ്ങി.
ഹ്ഹോ എന്നാലും ആദ്യപെണ്ണ് കാണലിന്റെ ഓർമ്മകൾ മറക്കാൻ എന്നോണം മറ്റു പല കാര്യങ്ങളും ചെയ്തു കൊണ്ടിരിക്കുന്നു.
ആയിടെ വീട്ടിൽ നിന്നുള്ള വെറുപ്പിക്കൽ സഹിക്കാതെ ഒരു ജോത്സ്യനെ കാണാനും ഇറങ്ങി.
എനിക്കിതിൽ വിശ്വാസമില്ലെങ്കിലും സമയം പോവാണെന്ന് അവിടേം സന്ദർശിച്ചു.
ആകെ കർപ്പൂരവും ചന്ദന തിരിയും മണക്കുന്ന അന്തരീക്ഷത്തിൽ ദിഗംഭരനെ പോലുള്ള ഒരു ജോത്സ്യൻ.
അയാളുടെ നോട്ടവും സംസാരവും ഞാൻ പൈസ കടം വാങ്ങിച്ചിട്ട് തരാത്ത പോലെയും..
കൂടെവന്ന മാതാശ്രീ കൈകൂപ്പികൊണ്ട് ശ്രദ്ധയോടെ അയാളുടെ തള്ള് കേട്ടിരിക്കുന്നു..
അവസാനം ഒരു നിഗമനത്തിൽ എത്തി. ആദ്യ പെണ്ണുകാണാൽ മുടങ്ങിയത് നന്നായെന്നു അയാൾ പറഞ്ഞപ്പോ എന്റെ ഉള്ളിലെ ചിയർ ഗെൾസ് ആനന്ദഭരതനാട്യമാടി.
പക്ഷെ ഇനിയും ഒരു വധു വിയോഗം കൂടെ ഉണ്ടത്രേ..
ഒരെണ്ണം കൂടെ ഇനി മുടങ്ങി പോകും പോലും.. .
പൊളിച്ച്...
എന്റെ മുഖം പിന്നേം വാടി കരിഞ്ഞു ഉണങ്ങി...
ഒരാശ്വാസത്തിന് വന്നിട്ട് പിന്നേം കുത്തി നോവിക്കാൻ ഓരോന്ന്....
ബ്ലഡി ഫൂൾ ജോത്സ്യൻ...
പക്ഷെ അതിനൊരു പരിഹാരം അയാളു തന്നെ നിർദേശിച്ചു.
ആദ്യം ഒരു നിർജീവവസ്തുവിനെ വേളി കഴിക്കുക എന്നതാണ് ...
ഐവ .. കൊള്ളാല്ലോ കളി ..
പണ്ട് മഗെഷ് ബോജി എന്ന എഴുത്തുകാരൻ ചേട്ടന്റെ ഒരു കഥ വായിച്ചതു ഓർത്തു. വാഴയെ കല്യാണം കഴിച്ച കഥ.
അതേപോലെ ആവുമോ എന്റെം അവസ്ഥ.
ഹാ...
അത് കഥ...
ഇത്‌ ജീവിതമല്ലേ .
ശെരിക്കും ഇപ്പോ എന്തിനെയാ പിടിച്ചു കല്യാണം കഴിക്കേണ്ടത് ??
അത് വരെ മിണ്ടാതെ ഇരുന്ന എന്നിൽ അർജന്റീന... ശേ ആർജവം കൂടി..
അതിപ്പോ എന്തും ആവാം.. നോക്കീട്ടു വേറെ പരിഹാരം ഒന്നും കാണാനില്ല. ഇടക്ക് ചൊവ്വയും ശനിയും തമ്മിലുള്ള അന്ധരത്തിന്റെ അളവുകൾ മാതാശ്രീ ശ്രദ്ധയോടെ കേട്ടിരുന്നെങ്കിലും ഞാൻ എന്റെ പെണ്ണിനെ മനസ്സിൽ തിരഞ്ഞു കണ്ടുപിടിക്കുകയായിരുന്നു...
തിരിച്ചു വീട്ടിൽ എത്തിയപ്പോഴും മുറിയിൽ എന്റെ പെണ്ണിനെ അന്വേഷിക്കൽആയി.
ഫോണായാലോ... ???
അല്ലേൽ ക്രിക്കറ്റ്‌ ബാറ്റ് ???
ഒന്നിനേം കല്യാണം കഴിക്കാനുള്ള മൂഡില്ല.
ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോ ഉള്ള നാലര സെന്റിൽ ഒരു വാഴ പോലും ഇല്ല.
ഉള്ളത് ഒരു തേങ്ങാ മരവും ഒരു മാങ്ങാമരവും...
പിന്നേ ഒരു കിണറും.
ഇതിലിപ്പോ ആരെ കെട്ടും ??
കെട്ടിയാൽ മാത്രം പോരാല്ലോ ചെലവിനു കൊടുക്കണ്ടേ..
തെങ്ങിനാന്നേൽ തടം വെട്ടണം.. അങ്ങനെ ഫുൾ അധ്വാനം ആണ്. അപ്പോ തെങ്ങ് കട്ട്‌.
ഇനി കിണറിന്റെ കാര്യമാനേൽ അടുത്ത വീട്ടിലെ ആൾക്കാർ ഇടക്ക് വന്ന് വെള്ളം കോരി കൊണ്ട് പോവാറുണ്ട്. എന്റെ ഭാര്യയെ അങ്ങനെ പഞ്ചായത്ത്‌ കിണർ ആകുന്നത്തിലും എനിക്ക് ഇഷ്ടമായില്ല.
ഇനിയുള്ളത് മാവു മാത്രം.
അതാണെൽ എന്നേക്കാൾ വയസ്സും ഉണ്ട്. ഇന്നേവരെ അതിന്റെ കയ്യിൽ നിന്നൊരു കണ്ണിമാങ്ങാ പോലും കിട്ടീട്ടുമില്ല. ആർക്കും ഒരു ഉപകാരവുമില്ലാത്ത എന്നെപോലെത്തെ പാഴ്ജന്മം. പണ്ടെന്റെ കുട്ടികാലത്ത് ഒരു മന്ത്രചരട് കെട്ടി എന്തിനോക്കെയോ ആവാഹിച്ചു പൂജ നടത്തിയത് ഈ മാവിൽ ആയിരുന്നു. അതൊന്നും ഇവിടിപ്പോ ആർക്കും ഓർമയില്ല. വല്ല യക്ഷിയെയും തളച്ചിട്ടതാനേൽ കോളടിച്ചു. സുന്ദരിയായ ഒരു യക്ഷി എന്നും എന്റെ ഐശ്വര്യ റായ് ആയിരുന്നു...
ഹാ... അപ്പോ അതിൽ ഒറപ്പിക്കാം
മാവ് മതി.
വൈകീട്ട് കവലയിലേ കടകളിൽ പോയി ഒരു ലിസ്റ്റ് അങ്ങ് അവതരിപ്പിച്ചു.
ഒരു ചരട്
ഒരു സിന്ദൂരം
ഒരു ചുവന്ന പട്ട്
മുല്ലപ്പൂ
എനിക്കൊരു വെള്ള മുണ്ടും ഷർട്ടും പുത്തൻ പുതിയ അണ്ടർവെയറും.
വീട്ടിലെത്തി വേറാരും കാണാതെ വാങ്ങിയ സാധനങ്ങളെല്ലാം കട്ടിനടിയിൽ ഒളിപ്പിച്ചു.
കിടക്കുമ്പോൾ പിന്നേം ആലോചന ആയിരുന്നു.
ദൈവത്തിൽ പോലും വിശ്വാസമില്ലാത്ത ഞാനെന്തോക്കയാ ഈ ചെയ്ത് കൂട്ടുന്നത്‌. അതും ഒരു ജോത്സ്യന്റെ വാക്കും കേട്ട്..
ശ്ശേ ബുദ്ധിയുള്ള ആരേലും ഇങ്ങനെയൊക്കെ ചെയ്യാൻ പോവുമോ ?
അയ്യേ മോശം...
അപ്പോ തന്നെ സത്യമെന്ന് സൂചിപ്പിക്കും വിധം കരണ്ടും പോയി.
ഉഷ്ണം സഹിക്കാതെ ജനാല തുറന്നായി പിന്നീടുള്ള ആലോചന.
നല്ല നിലാവ്.
പുറത്ത് ഇളം കാറ്റും ഉണ്ട്. നിലാവിന്റെ വെളിച്ചത്തിൽ ഞാനതു കണ്ടു. എന്റെ നാളെത്തെ വധു.
ആഹാ... അവളങ്ങനെ നാണം കൊണ്ട് ആടി ഉലയുകയാണ്.
എനിക്ക് എന്തെന്നില്ലാത്ത നാണവും വന്നു.
നാളെ വീട്ടിൽ ഉള്ളവർ എഴുന്നേൽക്കും മുന്പേ കല്യാണം കഴിക്കണം.
ആരേലും കണ്ടാൽ നാട്ടിലേ ചിത്രകാരന്റെ ഇന്നേവരെ ഉണ്ടാക്കിയ മാനം കപ്പല് കയറും.
ഇരുട്ടത്ത്‌ കട്ടിൽ ജനാലക്കരികിലേക്ക് പിടിച്ചിട്ടു ഞാൻ പുറത്തുള്ള എന്റെ വധുവിനെ നോക്കി കിടന്നു.
അവളിൽ നിന്നും ഒരു തലോടൽ ഏറ്റതു പോലെ തോന്നി എനിക്ക്.
എപോഴോ ഉറങ്ങിപോയി.

സമയം പുലർച്ചെ 5 മണി ആയപ്പോൾ എഴുന്നേറ്റു പുതിയ കുപ്പായം എല്ലാം അണിഞ്ഞൊരുങ്ങി വരന്റെ വേഷം കെട്ടി.
ആഹാ ഇപ്പോ ഒരു ആത്മവിശ്വാസം ഒക്കെ തോന്നുന്നുണ്ട്.
ജസ്റ്റ്‌ ദോഷം മാറാനല്ലേ...
അത് കഴിഞ്ഞാൽ പിന്നേ കല്യാണം പെട്ടെന്ന് നടക്കുമല്ലോ...
എന്തെങ്കിലും ആവട്ടെ...
വാങ്ങിയ ഐറ്റംസ് ഒക്കെയായി ആരുമറിയാതെ പുറത്തിറങ്ങി.
മാവിന്റെ അടുത്തു വെളിച്ചം കടന്നു വരുന്നേ ഉള്ളു.
ചുവന്ന പട്ട് ചുറ്റി സൈഡിൽ മുല്ലപ്പൂവും കോർത്ത്‌ വെച്ചു.
ആഹാ എന്റെ ഭാര്യാ സുന്ദരി തന്നെ.
ചരടിനെ താലിയെന്നോണം മനസ്സിൽ സങ്കല്പിച്ചു എന്റെ നേരെയുള്ള ഭാഗത്ത്‌ കുടുക്കി കെട്ടി. വാദ്യങ്ങളും പുഷ്പകോഷങ്ങളും മനസ്സിൽ ഊർന്നിറങ്ങി.
ശേഷം മാവിന് ചുറ്റും മൂന്നു വട്ടവും വെച്ചു.
കല്യാണം കഴിഞ്ഞു.
എന്തൊരു ആശ്വാസം...
ചുറ്റിയ മേലാടകളൊക്കെ വലിച്ചുരി കൊറച്ചു നേരം മാവിനെ കെട്ടി പിടിച്ചു നിന്നു..
ചില്ലകൾ എല്ലാം ആടിയുലച്ഛ് അവളെന്നെയും പുണരുന്ന പോലെ തോന്നി.
ഹാവു.. ആദ്യ രാത്രിയും കഴിഞ്ഞു.
മുറിയിൽ കയറി ജനാല തുറന്ന് മാവിനെ നോക്കി കിടന്നു.
സൂര്യവെളിച്ചം പതിയെ അവളുടെ ചില്ലകളിൽ തൊട്ട് തലോടുന്നത് പോലും എന്നിൽ അസൂയ ഉണ്ടാക്കി.
പിന്നീടുള്ള ഓരോ ദിവസവും മാവിനെ ഞാൻ പ്രണയിച്ചു തുടങ്ങുകയായിരുന്നു.
പുറത്തേക്ക് ഇറങ്ങുമ്പോഴോക്കെ അവളെയൊന്നു നോക്കി യാത്ര പറഞ്ഞില്ലേങ്കിൽ സമാധാനം ഉണ്ടാകില്ല.
ഒഴിവു കിട്ടുമ്പോൾ മാവിന്റെ ചുവട്ടിൽ നിന്നു ഓരോ വിശേഷം പങ്കുവെക്കും.
ഇടക്കൊരു ദിവസം അനിയൻ ഭാര്യയുടെ കാല്പാദങ്ങളിൽ മൂത്രമൊഴിചതും ഞാൻ അവനേ ഓടിച്ചിട്ട്‌ അടിച്ചതും വീട്ടിൽ എനിക്ക് പ്രാന്ത് ആയെന്നു പറഞ്ഞു ചർച്ച വിഷയമായിരുന്നു.
അന്ന് ഒരു ബക്കറ്റ് വെള്ളമൊഴിച്ച് അവളുടെ കാല് കഴുകി കൊടുത്തു. ചുറ്റും ചെറിയൊരു വേലിയും കെട്ടി.
ഉറങ്ങുമ്പോൾ ജനാലയിലൂടെ ഞാനവളെ നോക്കി കിടക്കും.
ഞാൻ പറയുന്ന കാര്യങ്ങൾ കേട്ടെന്ന പോലെ അവൾ ആടിയുലഞ്ഞ് മറുപടി തരും...
എന്റെ മുഖത്ത് സന്തോഷം വിളയാടുന്നത് കണ്ട്‌ വീട്ടുകാരു പിന്നേം പെണ്ണാലോചന തുടങ്ങി.
എന്നാലും സ്നേഹം എനിക്കെന്റെ ആദ്യഭാര്യായോട് തന്നെ എന്ന്‌ മനസ്സിൽ ഊട്ടി ഉറപ്പിച്ചു. ഇനിയാരു വന്നാലും അവളെനിക്കേന്റെ രണ്ടാം കെട്ടാ....
അങ്ങനെ രണ്ടാഴ്ച കഴിഞ്ഞു.
ഒരു കുടുംബസ്ഥനെ പോലെ ഞാനെന്റെ കടമകൾ നിറവേറ്റി പോന്നു...
ഒരു ദിവസം രാവിലെ അനിയത്തി എന്റെ ഭാര്യയുടെ ഉച്ചിയിലേക്ക് നോക്കി നിൽകുന്നത് കണ്ട്‌ ഞാനൊന്നു പരിഭ്രമിച്ചു.
ശ്രദ്ധിച്ചു നോക്കിയപ്പോൾ ദേ ഉച്ചിയിൽ ഒത്ത മുകളിലേ കൊമ്പിന്റെ അറ്റത്തായി ഒരു കണ്ണിമാങ്ങാ...
എന്നിൽ ചിത്രശലഭങ്ങൾ ഉയർന്നു പറന്നു..
ദേ ഞാനൊരു അച്ഛൻ ആവാൻ പോവുന്നു.
ഓടിപോയി മാവിനെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു.
എന്റെ സന്തോഷം നിറഞ്ഞു തുളുമ്പുകയായിരുന്നു.
ഇത് കണ്ട പെങ്ങളും അമ്മയും പേടിയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു. അല്ലേലും പെണ്ണുങ്ങൾക്ക്‌ മനസിലാവില്ലാല്ലോ ഒരു അച്ഛൻ ആവാൻ പോവുന്നവന്റെ സന്തോഷം.
കടയിൽ പോയി അന്ന് ചുവന്ന ലഡ്ഡുവും നല്ലയിനം വളവും വാങ്ങി.
ലഡ്ഡു വീട്ടിൽ വിതരണം ചെയ്തു.
വളം അവളുടെ ചുറ്റുമോരു തടമെടുത് ചുറ്റും ഇട്ടു. ലഡ്ഡു പകുതി തടത്തിൽ ഇട്ടു കൊണ്ട് ബാക്കി പാതി ഞാൻ കഴിച്ചു.
ഓരോ ദിവസവും കുഞ്ഞിന്റെ വളർച്ച പുറത്തു നിന്നും കാണാൻ ഭാഗ്യം ലഭിച്ച ഞാൻ... ഹ്ഹോ
എന്റെയൊരു ഭാഗ്യം.
അതും അത്രേം ചില്ലകൾ ഉണ്ടായിട്ടും ഒന്നിൽ മാത്രം. അതും ഒരു മാങ്ങ.
ഏകദേശം ഒരു വലിപ്പം ആയപ്പോൾ കിളികളും അണ്ണാനും എന്റെ കുഞ്ഞിനെ ശല്യം ചെയ്യേണ്ടല്ലോ എന്ന് കരുതി ഒരു ദിവസം എന്നിൽ ഭയം കടന്നു കൂടി.
എന്നാൽ പിന്നേ ഒരു തുണി മാങ്ങയുടെ മേലെ കെട്ടി വെക്കാം.
പിറ്റേന്ന് തന്നെ ആ ശ്രമം തുടങ്ങി. സഹായത്തിനു അനിയത്തിയും കൂടി.
ഒരു ഏണി വെച്ചു പകുതി കയറി. ഇനിയും കുഞ്ഞു വളരുന്ന കൊമ്പിൽ എത്തണമെങ്കിൽ ഭാര്യയുടെ തലയിൽ ചവുട്ടി വലിഞ്ഞു കയറണം.
കയറുമ്പോൾ കൊച്ചിന് എന്ത് പേരിടണം എന്ന് ഞാനവളളോട് പതിയെ ചോദിക്കുന്നുണ്ടായിരുന്നു.
പക്ഷെ
അങ്ങേ കൊമ്പിലേക്ക് കയ്യെത്തി പിടിക്കുന്നതിനിടെ അവളൊന്നു പിണങ്ങി.
ചവുട്ടിയത് അവൾക്കത്ര ഇഷ്ടായില്ല.
അവളോന്നു കുടഞ്ഞു...
ഇടയിൽ ചില കൊമ്പിൽ പിടിക്കാനുള്ള ശ്രമം അപകടത്തിന്റെ ആഘാതം കുറച്ചു.
മണ്ണിനെ പുൽകി
ബോധം മെല്ലെ കണ്ണിനെ അടക്കുമ്പോൾ എന്റെ അടുത്തേക്ക് ഓടി വരുന്ന അനിയത്തിയെ ആണ് അവസാനം കണ്ടത്.
പിന്നേ കണ്ണ് തുറക്കുമ്പോൾ കറങ്ങാത്ത ഒരു ഫാനും മരുന്നിന്റെ മണവും ആയിരുന്നു.
നെറ്റിയിൽ ചുറ്റിയിട്ട ഒരു കെട്ടും. കയ്യിലേ വലിയൊരു ഭാരവും.
അതേ ഹോസ്പത്രി മുറി.
ചുറ്റും മാവിൽ അള്ളി പിടിച്ചു കയറിയതിന് മുട്ടൻ തെറി പറയുന്ന പിതാശ്രീയും മാതാശ്രീയും.
അപ്പോഴും ഞാനെങ്ങനെ വീണെന്ന് ഒരോർമയും ഇല്ലായിരുന്നു ....
പിന്നീട് നീണ്ട ഉറക്കം ആയിരുന്നു.
എത്ര ദിവസം ആ മുറിയിൽ കിടന്നു എന്ന് അറിയില്ല.
ഡിസ്ചാർജ് ചെയ്തു വീട്ടിൽ എത്തിയപ്പോൾ അയൽക്കാരുടെ സന്ദർശനവും. അവരുടെ ചോദ്യങ്ങൾ എല്ലാം മാവിൽ നിന്നും എങ്ങനെ വീണു എന്നാണ്..
"ഹേ... മാവോ... ഞാനെപ്പോഴാ മാവിൽ കയറിയത്""...
ഒന്നും ഓർമയില്ലന്ന്‌ പറഞ്ഞപ്പോഴും പലതും ഞാൻ ഓർമ്മിക്കാൻ ശ്രമിക്കുകയായിരുന്നു.
പത്താം ക്ലാസിലെ രജിസ്റ്റർ നമ്പർ, ഫേസ്ബുക് പാസ്സ്വേർഡ്‌.. സച്ചിൻ കളിച്ച ഏകദിനത്തിന്റെ എണ്ണം, ലാലേട്ടന്റെ സിനിമകൾ, അവസാനം എഴുതിയ കഥ,അതുവരെ ചെയ്ത ഡബ്‌സ്‍മാഷ്....
അതെ അതെല്ലാം എനിക്കൊർമയുണ്ട്.
അടുത്തുള്ള പേപ്പറിൽ പെൻസിൽ എടുത്ത് ഒരു കണ്ണ് വരച്ചു നോക്കി. അതെ ചിത്രം വരയ്ക്കാനോക്കെ പറ്റുന്നുണ്ട്.
പിന്നേ ഈ മാവിന്റെ കാര്യം മാത്രം എന്താ എനിക്ക് ഓർമ വരാത്തത്.
ഇടനാഴിയിൽ മാതാശ്രീ സന്ദര്ശകരെ സല്ക്കരിക്കുന്ന തിരക്കിൽ ആയിരുന്നു.
അടുത്ത ദിവസം തന്നെ ഒരു ഉപകാരവും ഇല്ലാത്ത മാവിനെ മുറിക്കാൻ പിതാശ്രീ ആളെ അന്വേഷിച്ചു പോയ കാര്യമാണ് പറയുന്നത്.
"അല്ലേലും മുറ്റം മുഴുവൻ ഇല നിറക്കാനൊരു മരം "
"അതൊന്ന് മുറിച്ചിട്ട് വേണം അവിടൊരു മീൻ വളര്ത്തുന്ന ടാങ്ക് ഉണ്ടാക്കാൻ "........
അവരുടെ സംസാരങ്ങൾ ഞാൻ കേള്ക്കുന്നുണ്ടേലും ഒന്നും എന്റെ ശ്രദ്ധയിലേക്ക് എത്തുന്നില്ല.
കിടക്കയിൽ നിന്നും എഴുന്നേറ്റു ജനാലയിലൂടെ ഞാൻ വീണ സ്ഥലത്തേക്ക് നോക്കി.
മാവ് കാറ്റടിച്ചിട്ട് പോലും അനങ്ങുന്നില്ല . അടുത്തുള്ള പുൽക്കൊടി പോലും ആടിയുലയുന്നു.
മാവിനടുത്തെ ആ കാഴ്ച്ചകൾ എന്നെ ഒട്ടും ഒന്നും ഓർമ്മിപ്പിക്കുന്നില്ല.
അയൽവാസിയായ മണി ചേട്ടന്റെ ആറാം ക്ലാസ്സിൽ പഠിക്കുന്ന ചെക്കനും എന്റെ പെങ്ങളും.
രണ്ടാളും മാവിന്റെ താഴേ മുകളിലെക്ക് നോക്കി നിക്കുന്നു.
ചെക്കന്റെ കയ്യിൽ ഒരു മുട്ടൻ കല്ലും....
( അവസാനിച്ചു )

Avinash
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo