#പ്രണയമാണെനിക്കെന്നെന്നും...
*********************************
*********************************
നഗരത്തിലെ ഒരു ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലെ റിസപ്ഷൻ കൗണ്ടറിന്റെ മുന്നിൽ നിൽക്കുമ്പോൾ ഞാനൊരു കൂട്ടിലടച്ച വെരുകിനെപ്പോലെയായിരുന്നു.
"സാറവിടെ പോയി ഇരിക്കൂ പ്ലീസ്"
എന്റെ പരവേശം കണ്ടിട്ടാവണം കൗണ്ടറിലിരുന്നവരിൽ ഒരു പെൺകുട്ടി എഴുന്നേറ്റ് നല്ല ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ടു പറഞ്ഞു. തിരിച്ചൊന്നു നോക്കാനോ ഒരു ചിരി സമ്മാനിക്കാനോ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല അപ്പോൾ ഞാൻ. കൗണ്ടറിന് മുന്നിൽ നിരത്തിയിട്ട സ്റ്റീൽ കസേരകളിലൊന്നിൽ ഞാൻ ഇരിക്കാതെ ഇരുന്നു.
"ടെൻഷനാവാതിരിക്കൂ അവൾക്കൊന്നും സംഭവിക്കില്ല" ഞാൻ എന്നോട് തന്നെ പറഞ്ഞ് ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ ദിവസം പെയ്ത തുലാമഴയിൽ കൊല്ലത്തു നിന്ന് നനഞ്ഞൊട്ടി വന്ന യാത്രയിൽ എന്തുൻമേഷമായിരുന്നു അവൾക്ക്. ബസിൽ കയറിയതു മുതൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പത്തെ സ്റ്റോപ്പ് വരെ സംസാരവും ചിരിയും ഗാനമേളയുമൊക്കെയായിരുന്നു. മഴ നനഞ്ഞൊട്ടിയ എന്റെ ചെവിയോരം ചേർന്ന് ഇഷ്ട ഗാനങ്ങൾ പാടിയുറക്കിയ അവളാണ് ഇന്നിപ്പോൾ യന്ത്രസഹായത്തോടെ അകത്ത് ഏതോ അപരിചിതരുടെ കൈകളിൽ കിടന്ന് ജീവനു വേണ്ടി പോരാടുന്നത്.
''ദൈവമേ ഒന്നും വരുത്തരുതേ'' അവളിട്ടിരുന്ന മേൽവസ്ത്രം കൂട്ടിപ്പിടിച്ച് ഞാൻ മെല്ലെ കണ്ണടച്ചു പ്രാത്ഥിച്ചു. രാവിലെ മടി പിടിച്ചുറങ്ങുന്ന എന്നെ എന്നും വിളിച്ചുണർത്തുന്ന അവൾക്കെന്താണിന്ന് പറ്റിയത്? ഞാനുണർന്ന് കുറേ നേരം കുലുക്കി വിളിച്ചിട്ടും ഉണരാതെ കണ്ണടച്ച് ഒരേ കിടപ്പായിരുന്നു. ഇവിടെ എത്തിച്ചിട്ടിപ്പൊ മണിക്കൂർ ഒന്നാകുന്നു. റിസപ്ഷനിൽ ഇരിക്കുന്ന ചെറുപ്പക്കാരന് ''ഞങ്ങളിതൊക്കെ എത്ര കാണുന്നതാ'' എന്ന മട്ടിൽ ഒരു നിസംഗഭാവം. ഞാൻ മെല്ലെ എഴുന്നേറ്റ് കൗണ്ടറിനു സമീപമെത്തി.
"എന്തായി? പരിശോധനയെന്നും പറഞ്ഞ് ഒരു മണിക്കൂറ് കഴിഞ്ഞല്ലോ?" നിസ്സംഗനെ മൈന്റ് ചെയ്യാതെ ഒപ്പമിരിക്കുന്ന പെൺകുട്ടിയോടായി ചോദിച്ചു.
"സാറേ ഈ ഇരിക്കുന്നവർ സാറിനേക്കാൾ നേരത്തേ വന്നതാ... അകത്ത് ചെക്ക് ചെയ്തു കൊണ്ടിരിക്കുവാ... സാറവിടിരിക്ക് ഉടനെ വിളിക്കാം" പെൺകുട്ടി വീണ്ടുമൊരു പുഞ്ചിരി തന്നു.
സ്റ്റീൽ കസേരയിൽ ചുവടുറപ്പിക്കവെ ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു. ''നല്ല ഭംഗിയുളള റൂം - നന്നായി ഇൻറീരിയർ ചെയ്തിരിക്കുന്നു - കാശടിക്കാനുള്ള ഇവൻമാരുടെ ഓരോ വേലകളേ".വെളുത്ത പെയിൻറ് അടിച്ച ചുവരിലെ കറുത്ത ക്ലോക്കിൽ മണി പതിനൊന്നടിച്ചു. ഒന്നും ചെയ്യാനില്ലാതെ ഞാനവിടെ ഇരിപ്പു തുടങ്ങിയിട്ട് ഒന്നര മണിക്കൂറായിരിക്കുന്നു!!
"ആരാണ് അന്നമ്മ?" കൗണ്ടറിൽ നിന്ന് ചോദ്യമുയർന്നതും ഞാനിരിക്കുന്ന വശത്തു നിന്നും പ്രൗഢയായ സ്ത്രീ എഴുന്നേറ്റ് നടന്നു ചെന്നു. കണ്ടാൽ ഒരു റിട്ടയേഡ് സയൻസ് ടീച്ചറിന്റെ ഭാവഹാദികളുള്ള അവരോട് അകത്തുനിന്നൊരാൾ ഇറങ്ങി വന്ന് ഒരു ബില്ലു കൊടുത്ത് പണമടയ്ക്കാൻ പറഞ്ഞു.
"ഓ ജീസസ് നിനക്ക് സ്തുതി പൈസയായാലും കുഴപ്പമില്ല. റെഡിയാവുമെന്ന് വിചാരിച്ചതേയില്ല. കുറച്ച് നാളൂടെ തട്ടിമുട്ടി പോവാൻ ഈയൊന്ന് മാത്രം മതി. കാത്തല്ലോ കർത്താവേ'' ഞങ്ങളെ ഒന്നു നോക്കിച്ചിരിച്ച് ഒരു ആത്മഗതം പറഞ്ഞ് അവർ പണമടച്ച് നടന്നു നീങ്ങി.
എന്റെ തൊട്ടടുത്തിരുന്നത് ഒരു ചെറുപ്പക്കാരനായിരുന്നു. ഇരുവശങ്ങളിലും ജെ സി ബി കയറ്റി ഉഴുത് നടുക്കെത്താറായപ്പൊ പാർട്ടിക്കാർ പണി തടഞ്ഞ നെൽ വയലിനെപ്പോലെ, ഇരു വശങ്ങളും പറ്റെ വെട്ടി മുന്നിൽ ഒരു പ്രത്യേകരീതിയിൽ മുടി വളർത്തിയിട്ടിരിക്കുന്ന ഒരു ഫ്രീക്കൻ. എന്നെപ്പോലെ അവനും അക്ഷമനായി ക്ലോക്കിലും വാച്ചിലും നോക്കിയിരുന്നു.
"എന്തു പറ്റിയതാ?"ഫ്രീക്കനോട് ഞാൻ ചോദിച്ചു.
''ബൈക്കിൽ നിന്ന് തെറിച്ചു വീണു. പകുതിക്ക് താഴോട്ട് അനക്കമില്ല ഇപ്പോൾ'' അവൻ തലമുടി മാടിയൊതുക്കി ഒരു തമാശമട്ടിൽ പറഞ്ഞു.
പൊട്ടലുണ്ടാവും അതാ...! ഒന്ന് ശ്രദ്ധിച്ചൂടെ വണ്ടി ഓടിക്കുമ്പം. അല്ലേലും നിങ്ങളെപ്പോലുള്ളവർക്ക് ബൈക്ക് കിട്ടിയാൽ പ്രാന്താ... എന്നിട്ട് ഇവരെന്തു പറഞ്ഞു?
''ശരിയാവും പക്ഷെ ഒത്തിരി പൈസയാകുമെന്നാ പറയുന്നത്". തുടർന്ന് എന്റെ ചോദ്യം ഇഷ്ടപ്പെടാത്ത മട്ടിൽ അവൻ പോക്കറ്റിൽ നിന്ന് രണ്ടു മൊബൈൽ ഫോൺ എടുത്ത് ഒരേ സമയം രണ്ടാളെ വിളിച്ച് സംസാരിക്കാൻ തുടങ്ങി.
"ഹലോ അളിയാ നീ ഒന്നു ഹോൾഡ് ചെയ്യ് രോഹിത്തിന് റിംഗുണ്ട് ... ഹലോ ടേയ് അളിയൻമാരേ ഇതിത്തിരി ചൊളയെറങ്ങുന്ന കേസാ ... എന്റെ അവസ്ഥയറിയാലോ... ഇപ്പം വീട്ടിച്ചോദിക്കാൻ പറ്റുകേലാ ....എങ്ങനേലും ഒന്ന് ഒഴിവാവാൻ നോക്കുവാ. നിങ്ങക്ക് ആർക്കേലും വേണേൽ ...ഹ ഹ ഹ ശരിയാക്കിയെടുത്തോ! കാശൊന്നും വേണ്ട കൊണ്ടു പൊക്കോ പോയി അടിച്ചു പൊളിക്ക് ... ഓകെ ഞാൻ വയ്ക്കുവാ"
ഫ്രീക്കനോട് എനിക്ക് വല്ലാത്ത വെറുപ്പു തോന്നി. ഇത്രയും നാൾ അഭിമാനത്തോടെ കൂടെ കൊണ്ടു നടന്ന് രാത്രിയെന്നോ പകലെന്നോ നോക്കാതെ തൊട്ടു തടവി സ്നേഹിച്ച് ജീവിച്ച് അവിചാരിതമായി സംഭവിച്ച ഒരപകടത്തിൽ സ്പർശനശേഷി പകുതിക്കു താഴെ നഷ്ടപ്പെട്ടപ്പോ എങ്ങനെയെങ്കിലും ഒഴിവാക്കിയാൽ മതിയെന്ന് പറയുന്ന ദുഷ്ടൻ. ഒബ്സർവേഷൻ റൂമിൽ കിടന്ന് അത് എന്തുമാത്രം വിഷമിക്കുന്നുണ്ടാവും? എന്നന്നേക്കുമായി താൻ ഉപേക്ഷിക്കപ്പെട്ടു എന്ന സത്യം തിരിച്ചറിഞ്ഞു കാണുമോ? എനിക്ക് ചെറുതായി സങ്കടം വന്നു.
''ഇപ്പഴത്തെ പിള്ളേർക്കെല്ലാം രണ്ടു മൂന്നെണ്ണം അഡീഷണലു വേണം. ഒന്നു പോയാൽ മറ്റൊന്ന് അത് പോയാ ഉടൻ വേറൊന്ന്...ഒരു ഇഷ്ടക്കുറവ് തോന്നിയാ അപ്പൊ മാറ്റി വേറെയാക്കും.... ഒരു യൂസ് ആന്റ് ത്രോ സെറ്റപ്പ്'' അടുത്തിരുന്ന പ്രായമായ മനുഷ്യൻ എന്നെ നോക്കി ചിരിച്ചു.
"ചേട്ടനെന്തു പറ്റി?"
"ഓ എന്നാ പറയാനാ ഭാര്യയെ അങ്ങേര് മേലോട്ട് വിളിച്ചപ്പൊ ഞാനങ്ങ് ഒറ്റയ്ക്കായിപ്പോയി കുറേ നാൾ. അവസാനം ഗൾഫിലുള്ള മക്കൾ നിർബ്ബന്ധിച്ച് പറഞ്ഞപ്പോ കൂടെ കൂട്ടിയതാ. ഇപ്പൊ ഇതാ ആകെയുള്ള ഒരാശ്വാസം. അങ്ങനെ ഫെയ്സ് ബുക്കും, വാട്ട്സ്ആപ്പും, സ്കൈപ്പും, ട്വിറ്ററും, ഗ്രൂപ്പുകളും, ഗെറ്റ്ടുഗതർ പാർട്ടികളും ഒക്കെയായി ജീവിതമൊന്ന് പച്ച പിടിച്ച് വരുവാരുന്നു. ഇന്നലെ മുതൽ എല്ലാം പോയി.... ഇനിയിപ്പൊ ശരിയായാലും പണ്ടത്തെ ഓർമ്മകളൊക്കെ പോവുമെന്നാ ഇവിടുള്ളവര് പറഞ്ഞത്. ഇന്റേണൽ കംപ്ലെയിന്റ് ആണത്രേ! എങ്ങനായാലും സാരമില്ല തിരിച്ചുകിട്ടിയാ മതിയാരുന്നു. 'ഗോപിനാഥൻ നായർ ഗോപി' എന്ന് എഫ്.ബി.യിൽ റിക്വസ്റ്റിട്ടാൽ മതി സാറേ... നമുക്ക് ഇനീം കാണാം. പറ്റിയാൽ വൈകിട്ട് രണ്ടെണ്ണം അടിച്ചിരിക്കാം.. അമ്മാവൻ എന്നെ വിടാനുള്ള മട്ടിലായിരുന്നില്ല.
പെട്ടെന്ന് ഫ്രീക്കൻ കൗണ്ടറിനടുത്തേക്ക് നടന്നു. അപ്പോൾ അവിടെ എത്തിയ അവന്റെ കൂട്ടുകാരോട് എന്തോ അടക്കത്തിൽ സംസാരിച്ചു; തുടർന്ന് എന്നെ നോക്കിയൊരു വഷളച്ചിരിയോടെ ഒന്നു കണ്ണു കാണിച്ചിട്ട് കൗണ്ടറിൽ എന്തൊക്കെയോ പറഞ്ഞ് ധൃതിയിൽ പുറത്തേക്ക് പോയി മറഞ്ഞു.
"കഷ്ടം തന്നെ" ഞാൻ മനസ്സിൽ പറഞ്ഞു.
ഷവോമി - ഇതെന്താ ഇങ്ങനൊരു പേര്? ഇവളെന്താ വല്ല ചൈനാക്കാരിയോ മറ്റോ ആണോ ... അങ്ങനെയാണ് അവളെ ആദ്യമായി കണ്ടപ്പോൾ മനസ്സിൽ തോന്നിയത്. പത്രപരസ്യം കണ്ടാണ് ഞാൻ കാണാനെത്തിയത്, ഒറ്റനോട്ടത്തിൽത്തന്നെ എനിക്കവളെ ഇഷ്ടമായി. പിന്നങ്ങോട്ട് ഇന്നലെ വരെ ഉറക്കമില്ലാത്ത എത്ര എത്ര രാത്രികൾ... എത്ര എത്ര കിന്നാരങ്ങൾ... എത്ര എത്ര രഹസ്യങ്ങൾ... എന്തെല്ലാം കാര്യങ്ങൾ.
രാവേറെ ചെന്ന് തീരെ വയ്യാതെ തളർന്ന് മയങ്ങിപ്പോവുമെങ്കിലും അതിരാവിലെ ഫുൾ ചാർജിൽ എന്നെ വിളിച്ചുണർത്തുന്നതും സുഹൃത്തുക്കളുടെ മെസേജുകൾ കാണിക്കുന്നതും അവളായിരുന്നു. കഥകൾ, കവിതകൾ, തമാശകൾ തുടങ്ങി ഓഫീസിലെ ഡെയിലി റിപ്പോർട്ട്, അത്യാവശ്യ കാര്യങ്ങളുടെ ഓർമ്മപ്പെടുത്തലുൾപ്പെടെയുള്ള എല്ലാം ഒരു മടിയും കൂടാതെ ചെയ്തു തരുന്ന എന്റെ സ്വന്തം ഷവോമി കൂടെയില്ലാത്ത ഈ കുറച്ച് മണിക്കൂറുകൾ ഓരോ യുഗങ്ങളായി തോന്നിത്തുടങ്ങി. പ്രത്യേകിച്ചൊന്നും ചെയ്യാനാവാതെ മരവിച്ച മനസ്സോടെ ഞാൻ ഓരോന്നോർത്തിരുന്നു പോയി.
"സാറേ ഞാനങ്ങോട്ട് പോവാ... അതിന്റെ മെമ്മറി മുഴുവൻ അടിച്ചു പോയി... ഇനിയെല്ലാം ഒന്നേന്ന് തുടങ്ങണം കാശെടുത്തു വരട്ടെ ഞാൻ" ഗോപിനാഥൻ സാർ ഒരു കൊച്ചു കുഞ്ഞിന്റെ മാനറിസത്തോടെ തൊട്ടു താഴെയുള്ള ATM ലേക്ക് പോയി.
"സാർ" ആ വിളി കേട്ടതും നെഞ്ചിൽ പഞ്ചാരിമേളവുമായി ഞാൻ കൗണ്ടറിലേക്ക് നടന്നു. "ഡീറ്റെയിൽസ് ഇദ്ദേഹം പറയും''
ഷവോമിയേ പരിശോധിച്ച ആളെ ചൂണ്ടിക്കാട്ടിയിട്ട് പെൺകുട്ടി അകത്തേക്ക് പോയി.
ഷവോമിയേ പരിശോധിച്ച ആളെ ചൂണ്ടിക്കാട്ടിയിട്ട് പെൺകുട്ടി അകത്തേക്ക് പോയി.
"ഇവിടെ കൊണ്ടുവന്നപ്പൊ വല്ലാത്ത അവസ്ഥയിലായിരുന്നു. ചാർജിംഗ് പോർട്ടിൽ മൊത്തം വെള്ളം കേറി ആകെ ഷോർട്ട് ആയി നാശകോശമായിപ്പോയി. സാറിന് ഭാഗ്യം ഉണ്ട് ഡേറ്റാസ് ഒന്നും പോയിട്ടില്ല. സോഫ്റ്റ് വെയറിനും കംപ്ലയിൻറില്ല. പിന്നെ ചാർജിംഗ് പോർട്ടിന് ഇളക്കമുണ്ടാരുന്നു. അതു മാറ്റിയിട്ടുണ്ട്. അതു കൊണ്ട് ആവശ്യമില്ലാത്ത സ്ഥലത്തൊന്നും കൊണ്ടു കുത്തിയിടരുത്. ഓർക്കുക! കമ്പനി ചാർജർ മാത്രം ഉപയോഗിക്കുക". അവസാന ഭാഗം ലാലേട്ടൻ എയ്ഡ്സ് ബോധവൽക്കരണ പരസ്യം പറയുന്ന മോഡുലേഷനിലാണ് അവൻ തട്ടിയത്.
ബില്ലിൽ പറഞ്ഞ പണമടച്ച് ആശ്വാസത്തോടെ ഒന്ന കണ്ണടച്ച് തുറന്നപ്പോൾ അവൾ - ഷവോമി നോട്ട് ത്രീ എന്റെ കൈയ്യിലേക്ക് വന്നു. കുറച്ചു സമയം പിരിഞ്ഞിരുന്നതുകൊണ്ടാവണം അവളാകെ പരിക്ഷീണയായിരുന്നു. എങ്കിലും എന്റെ വിരൽ സ്പർശത്തിൽ അവളുണർന്നു. നോട്ടിഫിക്കേഷനുകളും, കഥകളും, പാട്ടുകളും, ചിത്രങ്ങളും, ഞങ്ങളുടെ മാത്രം സ്വകാര്യതകളും പെട്ടെന്ന് ഒന്ന് പങ്കുവച്ചു. എന്നിട്ട് അവളോടുറങ്ങാൻ പറഞ്ഞ് ഒരു പുഞ്ചിരി സമ്മാനിച്ച് പ്രണയപൂർവ്വം ഞാനെന്റെ നെഞ്ചോടു ചേർത്തു... എന്റെ കുടുംബത്തെ - എന്റെ വീടിനെ - എന്റെ സുഹൃത്തുക്കളെ - എന്റെ നാടിനെ - എന്റെ ലോകത്തെ ഒക്കെ വീണ്ടും വീണ്ടും നിന്നിലൂടെ കാണാനായി.....
- ഗണേശ് -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക