Slider

ശിശുദിന ഓർമ്മകൾ

0
ശിശുദിന ഓർമ്മകൾ
########################
മറക്കാൻ പറ്റാത്ത ഓർമ്മകളിൽ ഇടം പിടിച്ചതാ സ്ക്കൂൾ കാലഘട്ടത്തിലെ ശിശുദിന ഓർമ്മകൾ. സ്ക്കൂളിൽ കലാപരിപാടികൾക്ക് ശേഷം പായസവിതരണവും പതിവാണ്.
ചാച്ചാജിയുടെ വേഷമിട്ട കുട്ടികളുടെ പ്രസംഗ മത്സരം മുതൽ കവിതാ രചനയും കഥാരചനയും പ്രബന്ധരചനയും എല്ലാം ഉണ്ടാവും. എല്ലാ മത്സരങ്ങൾക്കും പങ്കെടുക്കാൻ നല്ല ആവേശമായിരുന്നു. പ്രസംഗ മത്സരം നാലാളുടെ മുന്നിൽ മടി കൂടാതെ കയറി നിൽക്കേണ്ടതിനാൽ കഴിയുന്നതും ഒഴിവാക്കും. ഒന്നോ രണ്ടോ തവണ പ്രസംഗിക്കാനും കയറിയിട്ടുണ്ട്. മൈക്കിന്റെ മുന്നിൽ നിന്നാൽ കാലിൽ നിന്നും തലയിലേക്ക് ഒരു കൊള്ളിമീൻ കയറ്റം ഉണ്ടാവും.
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ശിശുദിനം വന്നെത്തി.പായസം വലിയ ഇഷ്ടമല്ലെങ്കിലും കൂട്ടുകാരോടുകൂടി എന്ത് കഴിച്ചാലും നല്ല രസം തന്നെ. പിന്നെ എം എൽ എ യുടെ പ്രസംഗം ,മത്സരം ഒക്കെയുള്ളതിനാൽ അന്നത്തെ ദിവസം സ്കൂളിൽ പോക്ക് വലിയ സന്തോഷം തരുന്ന കാര്യം ആയിരുന്നു. പഠിപ്പില്ലാത്തതിനാൽ കൂടുതൽ സന്തോഷം തന്നെ.
മത്സരം ഒന്നും തുടങ്ങിയില്ല. നമ്മുടെ ക്ലാസ്സ് ടീച്ചർ ശോഭന ടീച്ചർ വന്നു. കവിതാ മത്സരത്തിന് ആരും പേരു കൊടുത്തിരുന്നില്ല. ടീച്ചർ എന്നെ വിളിച്ചു പാടിയേ മതിയാവൂ. ആറാം ക്ലാസ്സിലെ ബുക്കും പിടിച്ചാ നിൽപ്പ്. എനിക്ക് കവിത ഒന്നും അറിയില്ല എന്ന് കുറേ പറഞ്ഞു നോക്കി. പരിഹാരം ടീച്ചറുടെ കൈയ്യിൽ ഉണ്ട്.
ആറാം ക്ലാസ്സിൽ പഠിക്കാനുള്ള വൈലോപ്പള്ളിയുടെ മാമ്പഴം കവിത.
അതിൽ
"വാക്കുകൾ കൂട്ടിച്ചെല്ലാൻ വയ്യാത്ത കിടാങ്ങ ളേ -
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ "
അതുവരെ മതി ടീച്ചർ പറഞ്ഞു.
പഠിക്കാൻ അര മണിക്കൂർ സമയവും തന്നു.
ഞാനാകെ വിയർത്തു. എല്ലാവരും വലിയ സന്തോഷത്തിൽ.ഞാനാണെങ്കിൽ അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ.
അവസാനം പഠിക്കാതെ രക്ഷയില്ല എന്നായപ്പോൾ പഠിക്കാൻ തുടങ്ങി. പഠിച്ചു എല്ലാം ചൊല്ലി നോക്കി. കുഴപ്പ മൊന്നുമില്ല.
മൈക്കിന്റെ മുന്നിൽ പിടിച്ചു നിൽക്കണം. ആ കടമ്പ ഓർത്തപ്പോൾ വീണ്ടും പേടി തുടങ്ങി.
ആ സമയത്ത് അച്ഛനൊക്കെ അദ്ധ്യാപകരുടെ കൂട്ടത്തിൽ ഉണ്ട്. പിന്നെ ചേച്ചിമാരും ഉണ്ട്. ഇവരുടെ യൊക്കെ മുന്നിൽ പേടി തന്നെ.
മനസ്സിനെ ശാന്തമാക്കാൻ പല അടവും നോക്കി.
അത് വരെ നടന്ന പ്രോഗാമൊന്നും ഞാൻ അറിഞ്ഞതുമില്ല. അങ്ങനെ എന്റെ ഊഴം വന്നു.ഗോപാലകൃഷ്ണൻ മാഷ് എന്റെ പേര് വിളിച്ചു.
മാഷ് മൈക്ക് താഴ്ത്തി വെച്ചു തന്നു. മുന്നിൽ നോക്കിയപ്പോൾ പതിവ് കൊളളil മീൻ മുകളിലോട്ട് എത്തി. ധൈര്യം സംഭരിച്ചു ചൊല്ലി തുടങ്ങി. അവസാന വരി വരെ കുഴപ്പമില്ലാതെ ചൊല്ലി.
വാക്കുകൾ .. എത്തിയതും മറന്നു.നാല് തവണ വാക്കുകൾ എന്ന് കൂട്ടിച്ചൊല്ലി. ഒരു രക്ഷയുമില്ല. കൂക്കി വിളി തുടങ്ങി. ഭൂമി പിളർന്ന് താഴെ പ്പോയാൽ മതി എന്നായി. തിരിച്ചു പോന്നു. ശോഭന ടീച്ചർ പുറത്ത് തട്ടി സമാധാനിപ്പിച്ചു.
കുറേക്കാലം ചേച്ചിയൊക്കെ വാക്കുകൾ എന്ന് പറഞ്ഞ് കളിയാക്കാറുണ്ടായിരുന്നു. അന്നെനിക്ക് ശിശുദിനത്തിന് പകരം കരിദിനം ആയിരുന്നു. പായസത്തിന് പോലും രുചി തോന്നിയില്ല.
ഇന്നതൊക്കെ മധുരിക്കുന്ന ഓർമ്മകൾ തന്നെ. ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യത്തിന്റെ ഓർമ്മകളിലേക്കുള്ള ഊളിയിടൽ... മനസ്സിൽ ബാല്യം സൂക്ഷിക്കുന്ന എല്ലാ കൂട്ടുകാർക്കും ശിശുദിനാശംസകൾ
(കവിതസഫൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo