Slider

കുട്ടപ്പായി !

0
കുട്ടപ്പായി !
ഫോൺ നിർത്താതെ ശബ്ദമുണ്ടാക്കുന്നതു കേട്ടാണ് ഉണ്ണി ഉണർന്നത് .. ഞെട്ടിയുണർന്ന് ഫോണെടുത്തു ... അമ്മയാണ് , നാട്ടിൽ നിന്നും. ഫോൺ അടിച്ചു നിന്നിരിക്കുന്നു.. സമയം നോക്കി ... വെളുപ്പിനെ മൂന്നുമണി കഴിഞ്ഞു... !ഈ സമയത്ത് അമ്മയുടെ ഫോൺ വന്നതിന്റെ വെപ്രാളത്തിൽ ഉണ്ണി പെട്ടന്നു തന്നെ നാട്ടിലേക്ക് ഫോൺ ചെയ്തു ..
"എന്താ അമ്മെ ഇത്ര രാവിലെ ?"
അമ്മ ഫോൺ എടുത്തതും ഉണ്ണി തിടുക്കത്തിൽ ചോദിച്ചു
"മോനെ .. നമ്മുടെ കുട്ടപ്പായി പോയി !"
അമ്മയുടെ സ്വരം ഇടറിയിരുന്നു
"എപ്പം .. ??"
"കുറച്ചു മുൻപ് .. ആശുപത്രിയിൽ നിന്നും രാജീവൻ അച്ഛനെ വിളിച്ചു പറഞ്ഞു .. ഇന്നലെ രാവിലെ തന്നെ അല്പം കൂടുതലായിരുന്നുവത്രെ. അതുകൊണ്ട് നാട്ടിലെ കുറച്ചു പേർ ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു "
" മരിക്കാനുള്ള പ്രായമൊന്നും ആയീട്ടില്ലായിരുന്നു അമ്മെ ..."
ഉണ്ണിയുടെ കണ്ണു നിറയുന്നുണ്ടായിരുന്നു
"എന്ത് ചെയ്യാനാ കുട്ടി .. അവിടുന്ന് വിളിച്ചാൽ പോകാണ്ടിരിക്കാൻ പറ്റുമോ ??!"
"അമ്മെ .. ഞാൻ പിന്നെ വിളിക്കാം "
ഉണ്ണി ഫോൺ വെച്ചു
മനസ്സിൽ ഒരു വിങ്ങൽ ... കണ്ണുനീർ പിടിച്ചു നിർത്താൻ പറ്റുന്നില്ല ..
ഹാളിൽ വന്നിരുന്ന് ടിവി ഓൺചെയ്തു.. സോഫയിൽ ചാരിക്കിടന്ന് ടിവിയിൽ ശ്രദ്ധിക്കാൻ ശ്രമിച്ചു ... പറ്റുന്നില്ല !
മനസുമുഴുവൻ മുഷിഞ്ഞ കാവിമുണ്ടും, കുടുക്കുകളിടാത്ത കുപ്പായവും, ഇടത്തെ തോളത്ത് ചുവന്നതോ പച്ചയോ കരയുള്ളൊരു തോർത്തുമായി കുട്ടപ്പായി നിറഞ്ഞു നിൽക്കുന്നു!
ആ വെറ്റകറ പിടിച്ച പല്ലുകാണിച്ചുകൊണ്ടുള്ള കളങ്കമില്ലാത്ത ചിരി..
'കുഞ്ഞോ' എന്നുള്ള പിൻവിളി ...
നാളുകൾ കൂടി കാണുമ്പോൾ സന്തോഷംകൊണ്ട് നിറയുന്ന കണ്ണുകൾ .. മടിക്കുത്തിലെ പൊതിയിൽ നിന്നും കാണുമ്പോഴെല്ലാം നുള്ളിത്തരുന്ന കൽക്കണ്ടത്തിന്റെ സ്നേഹ മധുരം ..
' അച്ഛനേം അമ്മേം നോക്കണേ കുഞ്ഞോ .. അവരെത്ര കഷ്ടപ്പെട്ടതാ ' എന്നുള്ള സ്നേഹം ചാലിച്ച ഓർമപ്പെടുത്തൽ ...
എല്ലാം ....എല്ലാം ... ഇനി വേദനിപ്പിക്കുന്ന ഓർമ്മകൾ മാത്രം !!
ആരായിരുന്നു കുട്ടപ്പായി തനിക്ക് ??
അമ്മാവനോ ,സഹോദരനോ,കൂട്ടുകാരനോ ...? ആരായിരുന്നു ??... ചില ബന്ധങ്ങൾ അങ്ങനെയാണ് .. നിർവചിക്കാനാവില്ല !
നമ്മളറിയാതെ അനുവാദം ചോദിക്കാതെ അവർ മനസ്സിൽ കടന്നിരിക്കും ... തിരികെയൊന്നും പ്രതീക്ഷിക്കാതെ സ്നേഹം കൊണ്ട് നമ്മളെ തൊൽപ്പിക്കും... ഒടുക്കം അവർ നമുക്കാരൊക്കെയോ ആയിരുന്നുവെന്ന് തോന്നിപ്പിച്ചുകൊണ്ട് ഒരു വാക്കുപോലും പറയാതെ ചോദിക്കാതെ മനസ്സിൽ ഒരു ശൂന്യത അവശേഷിപ്പിച്ചുകൊണ്ട് തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ പടിയറങ്ങി പോകും! പിന്നീടവരെപ്പറ്റി ഓർക്കുമ്പോഴൊക്കെ മനസ്സിൽ ചോര പൊടിയും !!
എന്നുമുതലാണ് കുട്ടപ്പായിയെ കാണാൻ തുടങ്ങിയത് ?? ഓര്മവെച്ച നാൾ മുതൽ എന്ന് പറയേണ്ടി വരും .... നാട്ടിൽ എല്ലാവർക്കും കുട്ടപ്പായി , കുട്ടപ്പായി തന്നെയാണ് .. തൊണ്ണൂറു കഴിഞ്ഞ അപ്പൂപ്പൻ മുതൽ ഇന്നലെ സംസാരിക്കാൻ തുടങ്ങിയ കുഞ്ഞുങ്ങൾ വരെ 'കുട്ടപ്പായീ' ന്ന് നീട്ടി വിളിക്കും ..
അതുതന്നെ ആയിരുന്നോ യഥാർത്ഥത്തിൽ അയാളുടെ പേര് ?? ആർക്കും അറിയില്ല !
അച്ഛന്റെ കൂടെ പറമ്പിൽ പണിയെടുക്കുന്ന കുട്ടപ്പായിയെ ആണ് ആദ്യ ഓർമ്മ. അന്നയാൾക്ക് ഇരുപത്തഞ്ചു വയസിൽ കൂടുതൽ ഉണ്ടാവില്ല ..
ഒറ്റതോർത്തുമുണ്ട് .. മുറുക്കി ചുവന്ന വായ് .. നല്ല ഉയരവും അതിനൊത്ത ശരീരവും ..
തൂമ്പാ ആയത്തിൽ മണ്ണിൽ പതിയുമ്പോൾ ഒരു പ്രത്യേക ശബ്ദത്തിൽ ആഞ്ഞു ശ്വാസമെടുക്കും..
വെയിലേറ്റ് വിയർപ്പുതുള്ളികൾ മുത്തു മണികൾ പോലെ തിളങ്ങും ..
"വെയിലു മൂത്തു കുട്ടപ്പായി .. ഇനി കുറച്ചു കഴിഞ്ഞാവാം"
എന്ന് അച്ഛൻ പറഞ്ഞാലും കുട്ടപ്പായി ജോലി തുടരും .
ഇടക്ക് അമ്മ ചായയും സംഭാരവും ഒക്കെയായി വരുമ്പോൾ കുട്ടപ്പായി വായ്‌ നിറയെ മുറുക്കാനുമായി നിൽപ്പുണ്ടാവും
"നീ അതൊന്നു തുപ്പി കളഞ്ഞ് വായ കഴുകി വാ കുട്ടപ്പായി ..എപ്പം നോക്കിയാലും വായിൽ മുറുക്കാൻ ... നിനക്കിതൊന്ന് നിർത്തിക്കൂടെ ??"
അമ്മ ദേഷ്യത്തോടെ ചോദിക്കാറുണ്ട് .
മുറുക്കാൻ തുപ്പി കളഞ്ഞ് വായ്‌ കഴുകി വെറ്റില കറ പുരണ്ട പല്ലുകൾ കാണിച്ച് കുട്ടപ്പായി നിഷ്കളങ്കമായി ചിരിക്കും !! വലിയ മൊന്തയിലെ സംഭാരം വായിൽ നിന്നും ഒരു നിശ്ചിത അകലത്തിൽ പിടിച്ച് ഒരരുവി വായിലോട്ട് ഒഴുകും പോലെ കുട്ടപ്പായി ഒറ്റ ശ്വാസത്തിൽ കുടിക്കുന്നത് കണ്ട് അന്തം വിട്ടീട്ടുണ്ട് !
എന്തു ജോലിയും കുട്ടപ്പായി ചെയ്യും .. പറമ്പു കിളക്കും , തെങ്ങിൽ കയറും , പശുവിനെ കറക്കും , മേസ്തരി പണി ,മയ്ക്കാട് പണി , പന്തലു പണി എന്ന് വേണ്ട ആവിശ്യമെങ്കിൽ പാചകത്തിനു പോലും കുട്ടപ്പായി തയ്യാർ !
നാട്ടിൽ എന്ത് വിശേഷമുണ്ടായാലും ആദ്യം തിരക്കുന്നത് കുട്ടപ്പായിയെ ആയിരിക്കും .
കുട്ടപ്പായി പണിക്കു വന്നാൽ താൻ അയാളെ ചുറ്റിപ്പറ്റി നിൽക്കുമായിരുന്നു .. കുട്ടപ്പായിക്ക് ഓലക്കീറു കൊണ്ട് പന്തുണ്ടാക്കാനും കാറ്റാടി ഉണ്ടാക്കാനുമൊക്കെ അറിയാം .. ഓലമടല് ചെത്തി ബാറ്റുണ്ടാക്കി തരും .. മടിയിലെ പൊതിയിൽ നിന്നും കൽക്കണ്ടം തരും ..
മാവിൻമുകളിലെ കിളിക്കൂട് കാട്ടിത്തരും .
" ഇതില് ആറു മുട്ടയുണ്ട് കുഞ്ഞോ .. വിരിഞ്ഞ് കുഞ്ഞുങ്ങളൊക്കെ പറന്നുപോട്ടെ .... എന്നീട്ട് കൂടെടുത്തു തരാട്ടോ" എന്ന് കിളിക്കൂടിനു വാശിപിടിക്കുന്ന തന്നെ അനുനയിപ്പിക്കും ..
ആരെങ്കിലും തെങ്ങിൽ കയറാൻ വിളിച്ചാൽ നാനൂറ് ഒഴിവ്‌ പറയുന്ന കുട്ടപ്പായി വീട്ടിൽ പണിക്കു വന്നാൽ ആരും പറയാതെ തന്നെ തെങ്ങിൽ കയറി തനിക്ക് കരിക്കിട്ടു തരുമായിരുന്നു ..
"എന്തിനാ കുട്ടപ്പായി നീ ഇപ്പഴാ കരിക്കിട്ടെ ??"
എന്നു ചോദിച്ച് ശുണ്ഠി പിടിക്കുന്ന അമ്മയോട്
" തെങ്ങിൽ കരിക്കുണ്ടാവുന്നത് കുഞ്ഞുങ്ങൾക്ക് കുടിക്കാനാ ... നിങ്ങക് വേണ്ടേല് നിങ്ങള് കുടിക്കേണ്ട ഇച്ചേയിയെ "
എന്ന് വല്യ ലോകതത്വം പറയും പോലെ പറയും!
അമ്മ പിന്നെയും വഴക്കു പറഞ്ഞാൽ
"നിങ്ങളെനിക്ക് തെങ്ങിൽ കയറിയതിന് വേറെ കാശൊന്നും തരേണ്ട ... എന്റെ ഉണ്ണികുഞ്ഞ് വലുതാവുമ്പോൾ തന്നോളും "
എന്ന് പറഞ്ഞ് തന്നെ നോക്കി കണ്ണിറുക്കി ചിരിക്കും എന്നീട്ട് ചോദിക്കും
" തരൂല്ലെ??"
കരിക്ക് കിട്ടിയ സന്തോഷത്തിൽ താൻ പറയും
"ഓ .. ഒരുപാട് കാശ് തരും "
" കുഞ്ഞോ ... നിക്ക് കാശൊന്നും തരണ്ടാട്ടോ.. കാണുമ്പം കുട്ടപ്പായീന്നൊന്ന് വിളിച്ചാൽ മതി.."
അന്നങ്ങനെ കുട്ടപ്പായി പറഞ്ഞതിന്റെ അർത്ഥം കുറെ വളർന്നപ്പോഴാണ് മനസിലായത് ..
സ്നേഹിച്ചവരേം വിശ്വസിച്ചവരേം ഒക്കെ ചവിട്ടി മെതിച്ച് മുന്നേറുന്ന ലോകത്താണല്ലോ ഇന്ന് നമ്മൾ ജീവിക്കുന്നത് ... !
പറമ്പിൽ എന്ത് കൃഷി ചെയ്യണമെന്ന് തീരുമാനിക്കുന്നത് കുട്ടപ്പായിയാണ് .. ആ തീരുമാനങ്ങളൊന്നും ഒരിക്കലും പിഴച്ചീട്ടില്ല..
"ഇവിടെ ചേന വേണ്ട ഇഞ്ചി മതി " എന്ന് കുട്ടപ്പായി പറഞ്ഞാൽ പിന്നെ അച്ഛന് മറുവാക്കില്ല
"തെങ്ങിന് വളമിടാറായി " കുട്ടപ്പായി പറയേണ്ട താമസം അച്ഛൻ വളം വാങ്ങാൻ പോകും .
ചോറുവിളമ്പുമ്പോൾ ഇലയിൽ നോക്കാതെ തെക്കോട്ടും വടക്കോട്ടുമോക്കെ നോക്കിയിരിക്കലാണ് കുട്ടപ്പായീടെ ശീലം ... വിളമ്പുന്നയാൾ കൈ കഴക്കുമ്പോൾ വിളമ്പു നിർത്തിക്കൊള്ളണം .. കുട്ടപ്പായി 'മതി' എന്ന് പറഞ്ഞീട്ട് വിളമ്പു നിർത്താൻ പറ്റില്ല ...
കുട്ടപ്പായീടെ ഊണ് ഒരു കാഴ്ച്ച തന്നെയാണ്...കൂന കൂട്ടിയ ചോറിനു നടുക്ക് വലിയൊരു കുഴിയുണ്ടാക്കി അതിലോട്ട് കറിയൊഴിച്ച് കുഴച്ച് വലിയ ഉരുളയാക്കി വായിലോട്ട് ഒരേറ്‌ !! ബാസ്കറ്റ് ബോൾ കളിക്കുമ്പോൾ ബോൾ ബാസ്കറ്റിൽ വീഴും പോലെ തോന്നും !!
"കുട്ടപ്പായി ഉണ്ണുന്നത് കണ്ടാൽ എന്റെ വയറു നിറയും " എന്നാണ് അമ്മ പറയാറ്
അകത്തു കടന്നിരുന്ന് കഴിക്കാൻ പറഞ്ഞാൽ ഒരിക്കലും കേൾക്കില്ല .. വടക്കു പുറത്തെ തിണ്ണയിൽ മാത്രമേ ഊണ് കഴിക്കാൻ ഇരിക്കൂ .
കുട്ടപ്പായിയുടെ കല്യാണം കഴിഞ്ഞതും ഒരു മോനുണ്ടായതും പിന്നീട് വെറും രണ്ടു വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഭാര്യ മകനുമായി അവരുടെ വീട്ടിൽ പോയതുമെല്ലാം താനും അറിയുന്നുണ്ടായിരുന്നു .. മകനെ പറ്റിയോ ഭാര്യയെ പറ്റിയോ ആരെങ്കിലും ചോദിക്കുമ്പോൾ കുട്ടപ്പായി തന്റെ നിഷ്കളങ്കമായ ആ ചിരിയിൽ സങ്കടം ഒളിപ്പിച്ചു വെച്ച് വിഷയം മാറ്റുന്നത് കണ്ടീട്ടുണ്ട് !
ഒരിക്കൽ അമ്പലത്തിൽ പോകുന്ന വഴിക്ക് കുട്ടപ്പായിയെ കണ്ടപ്പോൾ പറഞ്ഞു
" ഞാൻ പഠിക്കാനായി ചെന്നൈക്ക് പോവ്വാ കുട്ടപ്പായീ.. നാളെ പോകും "
" പഠിച്ച് വല്യ ആളാവണം കേട്ടോ.. അച്ഛനും അമ്മയ്ക്കും കുഞ്ഞേ ഉള്ളൂ .. വഴി തെറ്റി പോകരുത് ... തെറ്റില്ലെന്നറിയാം കുട്ടപ്പായിക്ക് "
ഇടക്ക് ഫോൺ ചെയ്തപ്പോൾ അമ്മ പറഞ്ഞു
" ഉണ്ണീ .. കുട്ടപ്പായി വന്നിരുന്നു .. നിന്റെ കാര്യം ചോദിച്ചു .. നന്നായി പഠിക്കണമെന്നും നിന്നെ തിരക്കീന്നും പറയാൻ പറഞ്ഞു .. ഈയിടെ ആയി ഒരു പുതിയ ശീലം കൂടിയുണ്ട് .. കള്ളു കുടി !! അച്ഛൻ കുറെ വഴക്കു പറഞ്ഞു .. ചിരിച്ചോണ്ട് ഒക്കെ കേട്ടു .. മറുത്തൊരു വാക്കുപോലും മിണ്ടിയില്ല.. വെറുതെ ചിരിച്ചോണ്ടിരുന്നു "
പിന്നെയും ഇടക്കിടക്ക് കുട്ടപ്പായിയുടെ വിശേഷങ്ങൾ ഫോണിൽ കൂടി കേട്ടു .. താൻ നാട്ടിലെത്തി എന്നറിഞ്ഞാൽ ഓടി വരും .. താൻ പുറത്തെവിടെയെങ്കിലും പോയിരിക്കുകയാണെങ്കിൽ വരും വരെ കാത്തിരിക്കും .. കുട്ടപ്പായിക്ക് ഒന്നും വേണ്ട.. ഒന്ന് കണ്ടാൽ മാത്രം മതി !
പിന്നീട് ജോലികിട്ടി വിദേശത്തെത്തി .. ഗൾഫ് ജീവിതത്തിന്റെ തിരക്കിൽ പലതും മറന്നകൂട്ടത്തിൽ താൻ കുട്ടപ്പായിയെയും പലപ്പോഴും മറന്നു!!
പക്ഷെ കുട്ടപ്പായി ഒരിക്കലും തന്നെ മറന്നില്ല .. നാട്ടിൽ നിന്നും വളരെ ദൂരെ വീടുവെച്ച് മാറിയ തന്നെക്കാണാൻ കുട്ടപ്പായി മറക്കാതെ എത്തി .. എത്ര നിര്ബന്ധിച്ചാലും വീട്ടിനുള്ളിൽ കടന്നിരിക്കാതെ അടുക്കളയുടെ വടക്കുപുറത്തെ പടിയിലിരുന്ന് ഭക്ഷണം കഴിച്ചു .. മറക്കാതെ മടിയിലെ പൊതിയിൽ നിന്നും കൽക്കണ്ടം എടുത്തു തന്നു !!
താൻ വളർന്നുവെന്ന് കുട്ടപ്പായി അംഗീകരിച്ചീട്ടില്ലാത്തപോലെ !!
പോകാൻ നേരം തലചൊറിഞ്ഞു കൊണ്ട് ചിരിയോടെ ചോദിക്കും
" കുഞ്ഞോ .. ഗൾഫീന്ന് കുട്ടപ്പായിക്ക് ഒന്നും കൊണ്ടുവന്നില്ലേ ?"
കുട്ടപ്പായിക്കുള്ള ചോക്ലേറ്റും സോപ്പുമൊക്കെ അടങ്ങുന്ന പൊതി അമ്മ ഏൽപ്പിക്കുമ്പോൾ വീണ്ടും തലചൊറിഞ്ഞ് ചിരിച്ചു കൊണ്ട് ചോദിക്കും
" ഇതല്ല കുഞ്ഞോ .. കുപ്പി !"
താൻ കൃത്രിമ ദേഷ്യം വരുത്തി നോക്കുമ്പോൾ പഴയ ആ ചിരി ചിരിക്കും കുട്ടപ്പായി!
താൻ ഒരിക്കലും മദ്യം വാങ്ങി കൊടുക്കില്ലെന്ന് കുട്ടപ്പായിക്കറിയാം ... വെറുതെ തന്റെ ദേഷ്യം കാണാൻ വേണ്ടി ചോദിക്കുന്നതാണ് ..
" എന്തിനാ കുട്ടപ്പായീ കുടിക്കുന്നെ ?? വെറുതെ ഉള്ള ആരോഗ്യം കൂടി കുടിച്ചു നശിപ്പിക്കണോ ?"
" കുടിക്കാതിരുന്നീട്ടെന്താ കുഞ്ഞോ ? ആർക്കു വേണ്ടിയാ ?"
അതിനു തനിക്ക്‌ ഉത്തരമില്ലായിരുന്നു .. മകനെ കാണാൻ ഭാര്യവീട്ടിൽ ചെന്ന കുട്ടപ്പായിയെ ആ കുട്ടിയെ ഒന്നുകാണിക്കുകപോലും ചെയ്യാതെ അവിടുന്നിറക്കിവിട്ടതിന്റെ അന്നാണ് കുട്ടപ്പായി ആദ്യമായി മദ്യപിച്ചതെന്ന് അച്ഛൻ പറഞ്ഞത് ഓർത്തു !!
കഴിഞ്ഞ അവധിക്ക് നാട്ടിൽ ചെന്നപ്പോൾ അറിഞ്ഞു കുട്ടപ്പായിക്ക് സുഖമില്ലെന്ന് .. ആശുപത്രിയിലാണെന്ന് .. വായിൽ കാൻസർ! വർഷങ്ങളായുള്ള വെറ്റില മുറുക്കിന്റെ പരിണത ഫലം !!
ആശുപത്രിയിൽ കാണാൻ ചെന്നപ്പോൾ കുട്ടപ്പായി ആകെ അവശനായിരുന്നു .. മൂക്കിൽ കൂടി ഇട്ടിരിക്കുന്ന റ്റ്യൂബിൽ കൂടി ആയിരുന്നു ആഹാരം .. വല്ലാതെ മെലിഞ്ഞ് കവിളൊക്കെ ഒട്ടി!
തന്നെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു .. മടിയിൽ കൽക്കണ്ടപൊതിക്കായി തപ്പി ഇല്ല എന്ന് ആംഗ്യം കാണിച്ചു ...
സംസാരിക്കാൻ കഴിയില്ലായിരുന്നു പാവത്തിന് !
നാട്ടുകാർ ചികിത്സാസഹായ നിധി രൂപീകരിച്ചിരുന്നു ..
എല്ലാവരും കഴിയും വണ്ണം എല്ലാം സഹായിച്ചു ..
പക്ഷെ ആയുസു തീർന്നാൽ പണം കൊണ്ട് അതുതിരികെ വാങ്ങി കൊടുക്കാൻ മനുഷ്യന് സാധിക്കില്ലല്ലോ !!
ഇനി ഒരവധിക്കാലത്തിലും തനിക്ക്‌ കുട്ടപ്പായിയെ കാണാൻ പറ്റില്ലെന്ന് ഓർക്കുമ്പോൾ സങ്കടം സഹിക്കുന്നില്ല ..
ഒരിക്കൽ കൂടി കുട്ടപ്പായി വന്നിരുന്നെങ്കിൽ ! വടക്കുപുറത്ത് ചമ്രംപടിഞ്ഞിരുന് വലിയ തൂശനില നിറയെ ചോറുണ്ടിരുന്നെങ്കിൽ !
വാതോരാതെ നാട്ടുവർത്തമാനങ്ങൾ പറഞ്ഞിരുന്നെങ്കിൽ!
"കൊച്ചേട്ടാ .. ഈ മെയ്യനങ്ങാൻ വയ്യാത്തവന്മാരെ കൊണ്ട് പറമ്പിൽ പണിചെയ്യിക്കരുത് " എന്ന് പറഞ്ഞ് ചെല്ലി കുത്തി മറിഞ്ഞുപോയ തെങ്ങിൽ നോക്കി അച്ഛനെ ഒന്നു ശകാരിച്ചിരുന്നെങ്കിൽ !
പോകാൻ നേരം "അടുത്ത വരവിന് കാണാം കുഞ്ഞോ " എന്ന് പറഞ്ഞ് തോർത്തു കൊണ്ട് കണ്ണു തുടച്ച് കളങ്കമില്ലാത്ത ചിരി സമ്മാനിച്ച് നടന്നു മറഞ്ഞിരുന്നുവെങ്കിൽ !!
ഇനി ഒരിക്കലും അതൊന്നും നടക്കില്ല .. ഒരിക്കലും!!
ആരായിരുന്നു കുട്ടപ്പായി തനിക്ക്‌?? ആരൊക്കെയോ ആയിരുന്നു !! ആരൊക്കെയോ !
( ഇതുവരെ നേരിൽ കാണാത്ത ,എന്നെ എഴുതാൻ പ്രേരിപ്പിക്കുന്ന ,എന്റെ പ്രിയ സൗഹൃദത്തിന്🙏🏻 )
വന്ദന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo