Slider

ഇഷ്ടം

0
ഇഷ്ടം
---------
എനിക്കൊരു ഇഷ്ടം ഉണ്ടായിരുന്നു. കവിളുകളിൽ സന്ധ്യ ചുവക്കുകയും കണ്ണുകളിൽ നക്ഷത്രങ്ങൾ ഉദിക്കുകയും ചെയ്യുന്നതിന് മുൻപുണ്ടായ ഒരു ഇഷ്ടം. അതിനെ പ്രണയമെന്നു വിളിക്കാനുള്ള പ്രായമൊന്നും അന്ന് ഞങ്ങൾക്കായിരുന്നില്ല. തുടുത്ത കവിളുകളും വലിയ കണ്ണുകളും വെളുത്ത നിറവുമുള്ള അവനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു. ഒരേ ക്ലാസ്സിൽ മുൻബെഞ്ചിലെ ആദ്യത്തെ അറ്റത്തായിരുന്നു ഞങ്ങൾ ഇരുന്നിരുന്നത്. അവനെന്തു കിട്ടിയാലും എനിക്കും എനിക്കെന്തു കിട്ടിയാലും അവനും കൊടുക്കും. ഞാൻ ക്ലാസ്സിൽ ചെല്ലാതിരുന്ന ഒരു ദിവസം ആരുടെയോ പിറന്നാളിന് കിട്ടിയ ഒരു മിഠായിയുടെ പകുതി അവൻ പിറ്റേദിവസത്തേയ്ക്കു സൂക്ഷിച്ചു വച്ച് എനിക്ക് തന്നു. അവനു പരീക്ഷയ്ക്ക് കൂടുതൽ മാർക്ക് കിട്ടുമ്പോൾ ഞാനും എനിക്ക് കൂടുതൽ കിട്ടുമ്പോൾ അവനും സന്തോഷിച്ചിരുന്നു. ഒരു ദിവസം അവൻ ബ്ലാക്ക് ബോർഡിൽ ഐ ലവ് യു എന്നെഴുതിയിട്ടത് ക്ലാസ്സിലെ ഏറ്റവും വെളുത്തവളും വലിയ ഒരു പണക്കാരൻ്റെ മകളുമായ കുട്ടിയെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കിയപ്പോഴും എനിക്കറിയാമായിരുന്നു അത് എനിക്ക് വേണ്ടിയായിരുന്നെന്ന്. അവൻ്റെ കണ്ണുകൾ അത് വിളിച്ചു പറയുന്നുണ്ടായിരുന്നു.
എൻ്റെ പിറന്നാളിന് അമ്മായി സമ്മാനിച്ച, ഞെക്കുമ്പോൾ ചിറകടിക്കുന്ന പൂമ്പാറ്റയുമായാണ് ഒരു ദിവസം ഞാൻ സ്കൂളിൽ പോയത്. ആരു ചോദിച്ചിട്ടും ഞാനതു കൊടുത്തില്ല ; അവനല്ലാതെ. പക്ഷെ അവൻ കളിച്ചു കൊണ്ടിരുന്നപ്പോൾ അതിൻ്റെ ചിറകൊടിഞ്ഞു പോയി. എനിക്ക് വല്ലാതെ സങ്കടം വന്നു. ഞാനുറക്കെ കരഞ്ഞു. അത് നന്നാക്കി വേണമെന്ന് വാശി പിടിച്ചു. പപ്പയെക്കൊണ്ട് നന്നാക്കിച്ചു തരാമെന്നു പറഞ്ഞ് അന്ന് അവനത് വീട്ടിൽ കൊണ്ട് പോയി.
പിന്നീട് കുറെ ദിവസങ്ങൾ അവൻ സ്കൂളിൽ വന്നില്ല. ഒരു ദിവസം ഞങ്ങളെ എല്ലാവരെയും വരിയായി നിർത്തി പള്ളിയിൽ കൊണ്ട് പോയി. അത് അവൻ്റെ ശവസംസ്കാരത്തിനായിരുന്നു. ശ്മശാനത്തിൽ പുതുതായി ഉയർന്ന കുഞ്ഞു മൺകൂനയിൽ കുറെ ദിവസങ്ങൾ ഞങ്ങൾ പൂക്കൾ വച്ചു. പിന്നെ എല്ലാവരെയും പോലെ ഞാനും അവനെ മറന്നു.
കാലങ്ങൾ കടന്നു പോയി. ഇഷ്ടങ്ങളും സ്വപ്നങ്ങളും മാറി മാറി വന്നു. ഞാൻ പ്രണയിനിയും ഭാര്യയും അമ്മയുമായി. ഒരു ദിവസം വീട്ടിൽ വിളിച്ചപ്പോൾ അമ്മയ്ക്ക് പറയാൻ ഒരു കുഞ്ഞു വിഷമമുണ്ടായിരുന്നു. എൻ്റെ ഇളയ അനിയത്തി അമ്മു ഒരു പ്രണയത്തിലാണത്രെ. ആളാരാണെന്നറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. അകാലത്തിൽ നഷ്‌ടമായ എൻ്റെ കൂട്ടുകാരൻ്റെ അനിയനായിരുന്നു അത്. രണ്ടു വീട്ടിലും വലിയ എതിർപ്പുണ്ടായിരുന്നില്ല. പറഞ്ഞുറപ്പിച്ച്‌ ആ വിവാഹം നടന്നു. വിവാഹത്തിൻ്റെ അന്നാണ് ഞാൻ ആദ്യമായി ആ വീട്ടിൽ പോയത്. അവളുടെ പിന്നാലെ ഞാനും വലതു കാൽ വച്ച് അവിടെ കയറി. ഭിത്തിയിൽ ചിരിച്ചു കൊണ്ടിരിക്കുന്ന അവൻ്റെ കുഞ്ഞു മുഖത്ത് നോക്കിയപ്പോൾ എനിക്ക് കരച്ചിൽ വന്നു. അനിയത്തി പോകുന്നതോർത്തുള്ള സങ്കടമാണ് എന്ന് പറഞ്ഞ് ഏട്ടൻ എന്നെ കളിയാക്കി.
പിന്നീട് ഞാനവിടെ പോകുന്നത് അമ്മു ഗർഭിണി ആയപ്പോഴാണ്. വലുതായി കൊണ്ടിരിക്കുന്ന വയറും അൽപ്പം വിളറിയ മുഖവുമായി അവൾ ഓടി വന്നു. വീടെല്ലാം കൊണ്ട് നടന്നു കാണിച്ചു. മുകളിലെ നിലയിൽ അടച്ചിട്ടിരിക്കുന്ന ഒരു കുഞ്ഞു മുറി എൻ്റെ ശ്രദ്ധയിൽ പെട്ടു. അതവൻ്റെ മുറിയായിരുന്നു. ഞാൻ ആവശ്യപ്പെട്ടപ്പോൾ അവളതു തുറന്നു. ഒരു കുഞ്ഞു കട്ടിലും ബെഡും ഒരു ചെറിയ തടിയലമാരയും ആയിരുന്നു അതിനുള്ളിൽ ഉണ്ടായിരുന്നത്. പഴക്കം ചെന്ന അവൻ്റെ പുസ്തകങ്ങളായിരുന്നു അലമാരക്കുള്ളിൽ . അലമാരയുടെ വലിപ്പുകളോരോന്നും ഞാൻ തുറന്നു നോക്കി. ഒരു വലിപ്പിൻ്റെ അങ്ങേ അറ്റത്തായി റബ്ബറിട്ടു ചുറ്റിയ പൊടി പിടിച്ച ഒരു പ്ലാസ്റ്റിക് കൂടിൽ എൻ്റെ ചിറകൊടിഞ്ഞ പൂമ്പാറ്റയെ ഞാൻ കണ്ടു. അതും കയ്യിൽ പിടിച്ച്‌ ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ നിന്നപ്പോൾ വർണ്ണ ചിറകുള്ള ഒരു പൂമ്പാറ്റ തുറന്നിട്ട ജാലകത്തിലൂടെ പറന്നു വന്ന് എൻ്റെ തോളിൽ ഇരുന്നു.
ലിൻസി വർക്കി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo