Slider

ഓര്‍മ്മകളുടെ ഓര്‍മ്മകളിലെ വെളുത്ത രാത്രികള്‍

0
ഓര്‍മ്മകളുടെ ഓര്‍മ്മകളിലെ വെളുത്ത രാത്രികള്‍
********************************************************************************
1.ഹണിമൂണ്‍
###############
വാഴച്ചാലില്‍ നിന്ന് അവര്‍ പുറപ്പെടുമ്പോള്‍ തന്നെ വൈകുന്നേരം നാലര കഴിഞ്ഞിരുന്നു.പത്തു മണിയാകുമ്പോള്‍ പൊള്ളാച്ചിയില്‍ എത്താന്‍വേണ്ടി നെല്‍സന്‍ നല്ല വേഗതയിലാണ് ബുള്ളറ്റോടിച്ചത്.കല്യാണം കഴിഞ്ഞുള്ള നെല്‍സന്റെയും അനിതയുടെയും ആദ്യയാത്രയായിരുന്നു അത്.ആതിരപ്പള്ളി,വാഴച്ചാല്‍ ,വാല്‍പ്പാറ,പൊള്ളാച്ചി ഊട്ടി ,പിന്നെ കൊടൈക്കനാലും മധുരയും അതായിരുന്നു അവരുടെ ഏകദേശ പ്ലാന്‍.അത് ഒരു പ്ലാന്‍ എന്ന് പോലും പറയാന്‍ കഴിയില്ല.ബുള്ളറ്റില്‍ അവനോടു ചേര്‍ന്നിരിക്കുന്ന അനിതയുടെ ചുവന്ന ഷാള്‍ കാറ്റില്‍ പറക്കുന്നത് പോലെ ,ചടുലമായ ,നിയന്ത്രണങ്ങള്‍ എതുമില്ലാത്ത ഒരു പ്രണയയാത്രയായിരുന്നു അത്.
ഇടക്ക് അവര്‍ വഴിയരുകില്‍ ഒരു വെള്ളച്ചാട്ടം കണ്ടു.ആളുകള്‍ വണ്ടി നിര്‍ത്തി അതിനരികില്‍ നിന്ന് ഫോട്ടോസ് എടുക്കുന്നുണ്ട്.അവര്‍ അവിടെ ഇറങ്ങി.പതഞ്ഞു പൊങ്ങുന്ന വെള്ളച്ചാട്ടത്തിന്റെ അരികില്‍ നിന്ന് അവര്‍ ചിത്രങ്ങള്‍ എടുത്തു.
“ തണുത്തു വിറയ്ക്കുവാ.കാറിനു പോന്നാല്‍ മതിയായിരുന്നു.” കൈകള്‍ കൂട്ടിത്തിരുമ്മി അനിത പറഞ്ഞു.
അടുത്തു തന്നെ രണ്ടുമൂന്ന് ചായക്കടകള്‍ ഉണ്ടായിരുന്നു.അവര്‍ ഒരിടത്തു കയറി ചായയും ഉള്ളിവടയും പറഞ്ഞു
.
“നെല്‍സന്‍ കടുംചായ കുടിച്ചാല്‍ മതി..ഉച്ചക്ക് വയറില്‍ എന്തോ സുഖമില്ലെന്നു പറഞ്ഞില്ലേ...” അവള്‍ പറഞ്ഞു.
കഴിച്ചു കഴിഞ്ഞു അവള്‍ അവന്റെ ചുണ്ടില്‍ പറ്റിയിരുന്ന വടയുടെ അംശം തുടച്ചു കളഞ്ഞു.അവര്‍ വീണ്ടും യാത്ര തുടര്‍ന്നു.പച്ചപ്പ്‌ നിറഞ്ഞ മുളംകാടുകള്‍.മഞ്ഞുപടലങ്ങള്‍ക്ക് കീഴിലെ അനന്തമായ തേയിലത്തോട്ടങ്ങള്‍.ഇടക്ക് റോഡിലേക്ക് എത്തിനോക്കുന്ന മൃഗങ്ങള്‍ .അവര്‍ വഴിയരികില്‍ നിര്‍ത്തി അവയുടെയും ചിത്രങ്ങള്‍ എടുത്തു.ഇടക്ക് ഒരു കപ്പേള കണ്ടപ്പോള്‍ നേര്‍ച്ചയിടാന്‍ വേണ്ടി അവന്‍ വീണ്ടും വണ്ടി നിര്‍ത്തി.അവള്‍ അവനെ കളിയാക്കി.
“ഹോ ഈ ഭക്തിക്ക് ഇപ്പോഴും ഒരു കുറവുമില്ല അല്ലെ...”
അവന്‍ അത് ഗൗനിക്കാതെ ചിരിച്ചു.തേയിലത്തോട്ടങ്ങള്‍ക്ക് അരികിലായി മഞ്ഞനിറത്തില്‍ പെയിന്റടിച്ച മാതാവിന്റെ ഒരു പഴയ കപ്പേളയായിരുന്നു അത്.അവള്‍ അതിന്റെ കല്‍പ്പടിയില്‍ അല്‍പ്പനേരം ഇരുന്നു.അവന്‍ അവളുടെ അരികില്‍ ഇരുന്നു.
“മടുത്തോ..”
“ഹേയ്,നെവര്‍ ,വീ കാന്‍ ഗോ സൂണ്‍.ലേറ്റ് ആയാല്‍ ചിലപ്പോ നമ്മുക്ക് അത് ഏറെ നേരം ഇരുന്നു കാണാന്‍ കഴിയില്ല.”
അവള്‍ മൊബൈലില്‍ അവര്‍ എടുത്ത ചിത്രങ്ങള്‍ നോക്കുകയായിരുന്നു.അവളുടെ മുടിയിഴകള്‍ തണുത്തകാറ്റില്‍ പറന്നു അവന്റെ മുഖത്ത് തട്ടി.അവന്‍ അവളുടെ മുഖം ചേര്‍ത്തുപിടിച്ചു ചുംബിച്ചു.അവള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് കുതറിമാറി.അവരുടെ പൊട്ടിച്ചിരികള്‍ക്കൊണ്ട് ആ വിജനതക്ക് നിറം വന്നത് പോലെ.ചെറുകാറ്റില്‍ ചലിക്കുന്ന ചൂളമരങ്ങളുടെ ശാഖികള്‍ മഞ്ഞില്‍ അവ്യക്തമായി കാണപ്പെട്ടു.അവള്‍ നീലയില്‍ മഞ്ഞ പൂക്കള്‍ ഡിസൈന്‍ ചെയ്ത ഒരു ചുരിദാര്‍ ആയിരുന്നു ധരിച്ചത്.അവളുടെ കഴുത്തില്‍ കിടന്ന പച്ചനിറമുള്ള സ്കാര്‍ഫ് കൊണ്ട് അവന്‍ മുഖം തുടച്ചു.
“പോകാം...പോകാം..”അവള്‍ തിടുക്കം കൂട്ടി.
അവന്‍ ഒരു നിമിഷം കൂടി കപ്പേളയില്‍ പ്രാര്‍ഥിക്കുവാന്‍ കയറി.അതിനുശേഷം അവര്‍ യാത്ര തുടര്‍ന്നു.അവന്റെ കറുത്ത ലെതര്‍ ജാക്കറ്റില്‍ മുഖം ചേര്‍ത്ത് അവള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.അവര്‍ പരസ്പരം ഇഷ്ടപ്പെട്ട കോളേജ്ദിനങ്ങളിലെ കാര്യങ്ങളായിരുന്നു അവള്‍ അങ്ങുവരെ പറഞ്ഞുകൊണ്ടിരുന്നത്.
2.ഓര്‍മ്മകള്‍
#######################
മെഡിക്കല്‍കോളേജിലെ അവസാനവര്‍ഷമായിരുന്നു അവര്‍ തമ്മില്‍ പ്രേമിക്കാന്‍ തുടങ്ങിയത്.ഒരു അവധിക്കാലത്ത്‌ കോളേജിലെ ജീസസ് യൂത്തിന്റെ ക്യാമ്പില്‍ വച്ചായിരുന്നു അതിന്റെ തുടക്കം .നെല്‍സന്‍ ആ ഭക്തസംഘടനയുടെ പ്രസിഡന്റ്റ് ആയിരുന്നു.നെല്‍സന്റെ ജൂനിയര്‍ ആയിരുന്നെങ്കിലും അനിതയെ നെല്‍സന് അറിയാമായിരുന്നു.പെണ്‍കുട്ടികളുടെ ഒരു അടിച്ചുപൊളി ഗാംഗിന്റെ നേതൃത്വം അവള്‍ക്കായിരുന്നു.എല്ലാ അസ്ഥിക്ക് പിടിച്ച പ്രണയങ്ങളും ആരംഭിക്കുന്നത് പോലെ അതും ഒരു വഴക്കിലായിരുനു തുടങ്ങിയത്.പ്രയര്‍ഹാളില്‍ കൊന്ത ചോല്ലുന്നതിനിടയില്‍ മൊബൈല്‍ നോക്കിക്കൊണ്ടിരുന്ന അനിതയെ പുറത്തിറങ്ങിയപ്പോള്‍ നെല്‍സന്‍ വഴക്ക് പറഞ്ഞു.
“വീട്ടില്‍ പോയില്ല.ഹോസ്റ്റലില്‍ ഒറ്റക്കിരുന്നു ബോറടിച്ചു.അത് കൊണ്ടാ ഇതിനു വന്നത്.” അവള്‍ അലക്ഷ്യമായി പറഞ്ഞു.
“തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ഇയാളെ ഒക്കെ ഇങ്ങോട്ട് അയക്കുന്ന അപ്പനെയും അമ്മയെയും പറഞ്ഞാല്‍ മതിയല്ലോ.”അത് പറഞ്ഞിട്ട് അവന്‍ വെട്ടിത്തിരിഞ്ഞു നടന്നു.അവളുടെ മുഖത്ത് ഇടിമിന്നല്‍ ഏറ്റത് പോലെ ഉണ്ടായ ഭാവവ്യത്യാസം അവന്‍ കണ്ടിരുന്നില്ല.
പിന്നീട് അവളുടെ കൂട്ടുകാരികള്‍ പറഞ്ഞാണ് അവന്‍ അറിഞ്ഞത്.അവള്‍ക്ക് പത്തുവയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചുപോയതാണ്.അതിന്റെ ദേഷ്യവും ദു:ഖവും കൊണ്ടായിരിക്കണം അന്ന്മുതലേ അവള്‍ക്ക് ഈശ്വരവിശ്വാസവും പ്രാര്‍ഥനയും അലര്‍ജിയായിരുന്നു.അതിനുശേഷം ഒരു വൈകുന്നേരം കോളേജിലെ ഷട്ടില്‍കോര്‍ട്ടില്‍ വച്ച് അവര്‍ വീണ്ടും കണ്ടുമുട്ടി.അവന്‍ അന്നത്തെ സംഭാഷണത്തിനു അവളോട്‌ സോറി പറഞ്ഞു.
“ഇറ്റ്സ് ഓക്കെ,എന്റെ കയ്യിലിരിപ്പിന്റെയാ .സോറി ഞാനല്ലേ പറയണ്ടത്.?”
വെളുത്ത ടീഷര്‍ട്ടും ഷോര്‍ട്ട്സുമാണ് അവള്‍ ധരിച്ചിരുന്നത്.നാലുമണി വെയിലില്‍ അവളുടെ നാസികത്തുമ്പില്‍ ഒരു വിയര്‍പ്പുതുള്ളി സ്വര്‍ണ്ണനിറത്തില്‍ തിളങ്ങി.
അവര്‍ വീണ്ടും വീണ്ടും കണ്ടുമുട്ടി.ഞായറാഴ്ചകളില്‍ പള്ളിയിലെ കുര്‍ബാനക്കിടയില്‍ അവന്റെ കണ്ണുകള്‍ ഭിത്തിയിലെ വെളുത്തചിറകുകള്‍ വിടര്‍ത്തിയ മാലാഖയില്‍ തടഞ്ഞു.അവന്‍ അവളെ ഓര്‍ത്തുകൊണ്ടിരുന്നു.വീണ്ടും വീണ്ടും.
അവര്‍ തമ്മിലുള്ള പ്രധാനവ്യതാസം ദൈവവിശ്വാസവും ഭക്തിയുമായിരുന്നു.
“ഫെയിത്ത് ...ഒരു ദിവസം രാവിലെ യാത്രപോയ പപ്പയും മമ്മിയും ഉച്ചയായപ്പോഴേക്കും ലോകം വിട്ടുപോയെന്നു അറിഞ്ഞപ്പോള്‍ എന്റെ ഫെയിത്ത് അവസാനിച്ചതാണ് നെല്‍സന്‍.”
മെഡിക്കല്‍കോളേജിലെ കാഷ്വാലിറ്റിയില്‍ സ്കൂള്‍ബസ്സ്‌ മറിഞ്ഞു ഗുരുതരമായി പരുക്കേറ്റ കുട്ടികളെ പരിചരിക്കുന്നതിനിടയിലാണ് അവള്‍ അത് പറഞ്ഞത്.
“സ്വന്തം പ്രിയപ്പെട്ടവരേ ഒരു അറിയിപ്പുമില്ലാതെ തട്ടിക്കൊണ്ട് പോകുന്ന ദൈവത്തില്‍ എനിക്ക് വലിയ വിശ്വാസമൊന്നുമില്ല.”
കുട്ടികളുടെ കരച്ചിലും മാതാപിതാക്കളുടെ നിലവിളിയും പുറത്തു പെയ്യുന്ന പെരുമഴയില്‍ മുങ്ങവേ നിര്‍വികാരമായി അവള്‍ പറഞ്ഞു.
എങ്കിലും മെഡിക്കല്‍കോളേജില്‍ അരളിമരത്തിലെ ചുവന്ന പൂക്കള്‍ പൊഴിഞ്ഞു വീഴുന്നത് പോലെ അവര്‍ക്കിടയിലെ ദിവസങ്ങള്‍ അതിവേഗം തീര്‍ന്നുകൊണ്ടിരുന്നു.
3.പ്രോമിസ്
************************************************************************
“ഹലോ..നെല്‍സന്‍ ഉറങ്ങിയോ...”
“ഉറങ്ങിക്കൊണ്ടിരിക്കുന്നു.”
“വൈറ്റ് നൈറ്റ്സ് എന്ന് കെട്ടിട്ടുണ്ടോ ?”
“വൈറ്റ് നൈറ്റ്സ് ?”
“അതേ.വെളുത്ത രാത്രികള്‍.നമ്മുക്ക് ഹണിമൂണ്‍ ട്രിപ്പിനു അത് കാണാന്‍ പോകണം.പൊള്ളാച്ചി -ഊട്ടി റൂട്ടില്‍ ചില വ്യൂപോയിന്റ്സ് ഉണ്ട്.പൂര്‍ണ്ണചന്ദ്രന്‍ ഉള്ള ദിവസം രാത്രി അവിടെനിന്ന് നോക്കണം. രാത്രി വെളുത്തിരിക്കും.പകല് പോലെ.പാല് പോലെ നിലാവ് എല്ലായിടത്തും പരന്നു കിടക്കും.എന്ത് രസമാണെന്ന് അറിയാമോ ??”
“പോകാം.പക്ഷെ പ്രോമിസ് ചെയ്യണം.”
“എന്ത്?”
“നീ ധ്യാനം കൂടാന്‍ വരുമെന്ന്..”
“സംശയമാ.”
“എന്നാ വൈറ്റ് നൈറ്റ്സിന്റെ കാര്യം സംശയമാ.”
“പോ.”
“നിന്നെ ഞാന്‍ കെട്ടത്തില്ല മരപ്പാഴെ.”
“ഒരു ബുജി ഭക്തന്‍ ഡോക്ടറെ കെട്ടാന്‍ എനിക്ക് വലിയ താല്‍പ്പര്യം ഒന്നുമില്ല.വല്ല പള്ളിയിലച്ചനും ആകാന്‍ പോയികൂടായിരുന്നോ ??
“അത് മതിയായിരുന്നു.നിന്നെ കാണേണ്ടിവരില്ലായിരുന്നു.പ്രേമിക്കേണ്ടി വരില്ലായിരുന്നു.”
“നമ്മുക്ക് അവിടെ പോയാല്‍ മതി.”
“എവിടെ ?”
“വൈറ്റ് നൈറ്റ്സ്”
“വേറെ എന്തെല്ലാം സ്ഥലങ്ങള്‍ കാണാന്‍ ഉണ്ട്.ശരിക്കും നിനക്ക് ഭ്രാന്താണോ ??”
“പ്ലീസ്...പ്ലീസ്...”
“ധ്യാനം..കല്യാണത്തിന് വീട്ടുകാര്‍ സമ്മതിച്ചാല്‍ നിന്നെയും കൂട്ടി ധ്യാനത്തിന് പോകാമെന്ന് ഞാന്‍ മാതാവിന് വാക്ക് കൊടുത്തതാ.”
“ആഹാ ,അത് കൊള്ളാലോ ,വേറെ എന്തൊക്കെ വാക്ക് കൊടുത്തിട്ടുണ്ട് ..എന്റെ പൊന്നുമോന്‍..”
“പലതും.ആദ്യരാത്രിയാവട്ടെ .അപ്പൊ രഹസ്യമായി ചെവിയില്‍ പറയാം.”
“അയ്യേ..”
“അപ്പ എങ്ങനാ..ധ്യാനം ?”
“ശരി ഞാന്‍ പോകാം.എങ്ങാനും ഞാന്‍ നന്നായാലോ..”
“എങ്കില്‍ നിന്റെ ഈ വട്ടു കാണാന്‍ കെട്ട് കഴിഞ്ഞിട്ട് ഫസ്റ്റ് ട്രിപ്പ് തന്നെ പോകാം.”
പ്രോമിസ് ??
“പ്രോമിസ്.”
“എന്നാ മോന്‍ ഫോണ്‍ വച്ചോ.ഉമ്മ.”
4. വെളുത്ത രാത്രി
######################
വാല്‍പ്പാറ കഴിഞ്ഞപ്പോള്‍ രാത്രി ആറുമണിയായിരുന്നു.ഇരുവശത്തും തേയിലക്കുന്നുകളും ,യൂക്കാലിക്കാടുകളും നിറഞ്ഞ പൊള്ളാച്ചി ദേശീയപാത മഞ്ഞില്‍ അവ്യക്തമാണ്.ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അനിത പറഞ്ഞ വ്യൂപോയിന്റ് അവര്‍ കണ്ടു.ഒരു ഹെയര്‍പിന്‍ വളവിലായിരുന്നു അത്.വാഹനങ്ങളിലെ വെളിച്ചമൊഴിച്ചു അവിടം വിജനമാണ്.ബുള്ളറ്റ് റോഡിന്റെ അരികില്‍ ഒതുക്കിയ ശേഷം അവര്‍ ആ വ്യൂപോയിന്റിലെക്ക് കയറി.
“വൌ ...ബ്യൂട്ടിഫുള്‍..” അവള്‍ ഉറക്കെ വിളിച്ചുപറഞ്ഞു..
മേഘങ്ങളിലാത്ത താരനിബിഡമായ ആകാശത്ത് ഒരു വെള്ളിത്തളിക പോലെ പൂര്‍ണ്ണചന്ദ്രന്‍.പാല്‍ പോലെ തിളങ്ങുന്ന അതിന്റെ വെള്ളിവെളിച്ചത്തില്‍ തേയിലക്കുന്നുകളും വൃക്ഷങ്ങളും ,അരഞ്ഞാണം പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന പാതയും മുങ്ങിക്കുളിച്ചു.സംഗീതം പോലെ മധുരമായ നിശബ്ദതയില്‍ തങ്ങള്‍ മാത്രമേ ഈ ഭൂമിയില്‍ ഉള്ളുവെന്നും തങ്ങള്‍ മാത്രമേ ഈ കാഴ്ച കാണുന്നുവുള്ളുവെന്നും നെല്‍സന് തോന്നി.അവന്‍ അവളെ ചേര്‍ത്ത്പിടിച്ചു .
“കണ്ടില്ലേ...എല്ലായിടവും പകല് പോലെ വെളുത്തു കിടക്കുന്നത്...എന്ത് ഭംഗിയാ..”അവള്‍ അവന്റെ ദേഹത്തു ചാരിനിന്ന് കൊണ്ട് പറഞ്ഞു.
മഞ്ഞവെളിച്ചങ്ങളുടെ നക്ഷത്രബിന്ദുക്കള്‍ പരന്നുകിടക്കുന്ന ഒരു കടല് പോലെ ദൂരെ പൊള്ളാച്ചിനഗരം.തണുത്തകാറ്റില്‍ അവളുടെ സ്കാര്‍ഫ് പറന്നു അവന്റെ മുഖത്ത് തലോടി ക്കൊണ്ടിരുന്നു..അവര്‍ വ്യൂപോയിന്റിലെ സിമന്റുമതിലില്‍ കയറിയിരുന്നു.
“സൂക്ഷിച്ചു...താഴേക്ക് വീഴരുത്..”.നെല്‍സണ്‍ മുന്നറിയിപ്പ് നല്‍കി.മിന്നാമിന്നികള്‍ പോലെ അങ്ങ് ദൂരെ നിന്ന് വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റുകള്‍ മിന്നുന്നു.
“താങ്ക്സ് ഡിയര്‍.ഫോര്‍ കമിംഗ് ഹിയര്‍...”അവള്‍ അവന്റെ നെഞ്ചില്‍ മുഖം ചേര്‍ത്ത് പറഞ്ഞു.
“ധ്യാനത്തിനു പോകുമോ...”
“ഷുവര്‍..പപ്പയെയും മമ്മിയെയും കൊണ്ട് പോകുന്നതിനു പകരം എനിക്ക് നെല്‍സനേ തന്നത് കൊണ്ട് ദൈവവുമായുള്ള പിണക്കം ഞാന്‍ മറക്കും..” അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
“നമ്മുക്ക് ഭക്ഷണം കഴിച്ചാലോ..”നെല്‍സന്‍ ചോദിച്ചു.അവര്‍ വാല്പ്പാറയില്‍ നിന്ന് രാത്രിഭക്ഷണം വാങ്ങിവച്ചിരുന്നു.
“യെസ്.നിലാവിന്റെ വെളിച്ചത്തില്‍ ഞാന്‍ നെല്‍സനെ ഊട്ടാം..”അവള്‍ കുറുകി.
“ചളിറൊമാന്‍സ് പറയാതെ വണ്ടിയില്‍ നിന്ന് ഫുഡ് എടുത്തുകൊണ്ടുവാ...”അവന്‍ പറഞ്ഞു.അവര്‍ രണ്ടുപേരും പൊട്ടിച്ചിരിച്ചു.അവള്‍ വണ്ടിയില്‍ നിന്ന് ഭക്ഷണപാക്കറ്റ് എടുത്തുകൊണ്ടു വരാന്‍ പോയി.മുകളില്‍ നിന്ന് ഒരു വാഹനം ഇറങ്ങി വരുന്നത് നെല്‍സന്‍ കണ്ടു.
ഭ്രാന്തമായ വേഗതയില്‍ നിയന്ത്രണം വിട്ട രീതിയിലായിരുന്നു അത് വന്നത്.അതില്‍നിന്ന് ഉച്ചത്തില്‍ പാട്ട് കേള്‍ക്കാമായിരുന്നു.അതില്‍നിന്ന് ആരുടെയോ കൂവല്‍.
“വെള്ളമടി കമ്പനിയായിരിക്കും.”നെല്‍സന്‍ സ്വയം പറഞ്ഞുതീരുന്നതിനു മുന്‍പ് അത് സംഭവിച്ചു.
ഭക്ഷണവും കൊണ്ട് റോഡിന്റെ സൈഡില്‍ നിന്ന് ക്രോസ് ചെയ്യാന്‍ കാത്തുനിന്ന അനിതയെ വണ്ടി പാഞ്ഞുവന്നു ഇടിച്ചുതെറിപ്പിച്ചു.അവള്‍ തെറിച്ചു റോഡിന്റെ നടുവിലേക്ക് വീണു.നിലാവ് വീണുകിടന്ന പാതയുടെ തിളക്കത്തിലേക്ക് തന്റെ ഭാര്യയുടെ ചോരച്ചുവപ്പ് പടര്‍ന്നിറങ്ങുന്നത് നെല്‍സന്‍ കണ്ടു.
അതൊരു ചുവന്ന ബോലീറോ ഇന്‍വേര്‍ഡര്‍ ജീപ്പ് ആയിരുന്നു. പല ഹെഡ് ലൈറ്റുകളും സ്റ്റിക്കറുകളും പിടിപ്പിച്ചു ഒരു റേസ് കാര്‍ പോലെ മേക്ക്ഓവര്‍ ചെയ്ത വണ്ടി.
നെല്‍സന്‍ അനിതയുടെ അരികിലേക്ക് ഓടിച്ചെന്നു.
ജീപ്പ് നിന്നു.അതിലെ ശബ്ദങ്ങള്‍ നിലച്ചു.ഒരു സംഘം ചെറുപ്പക്കാരായിരുന്നു അതില്‍ ഉണ്ടായിരുന്നത്. ചെവിയില്‍ ഫാഷന്‍ കടുക്കന്‍ ധരിച്ച ,തലക്കെട്ട് കെട്ടിയ,ഒരു ചെറുപ്പക്കാരന്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നുകൊണ്ട് തന്നെനോക്കുന്നത് നെല്‍സന്‍ കണ്ടു.
“സോറി ബ്രോ.!”അവന്‍ നെല്‍സനേ നോക്കി പല്ലിളിച്ചുകൊണ്ട് പറഞ്ഞു.അവര്‍ എല്ലാവരും മദ്യപിച്ചിട്ടൂണ്ടായിരുനു.വണ്ടി വീണ്ടും സ്റ്റാര്‍ട്ട് ആയി.
“പ്ലീസ് സ്റ്റോപ്പ്..” അവളുടെ ചോര ഒലിച്ചിറങ്ങുന്ന ശിരസ്സ് മടിയില്‍ വച്ച്കൊണ്ട് നെല്‍സന്‍ അവരോടു യാചിച്ചു.
പൊട്ടിച്ചിരിയും കൂക്ക് വിളിയും ഏതോ ഡപ്പാംകൂത്ത് തമിഴ് പാട്ടും വണ്ടിയില്‍ നിന്നുയര്‍ന്നു.പിന്നെ ഒരു തീയുണ്ട പോലെ അത് പാഞ്ഞു പോയി.
“അനിതാ..കണ്ണ് തുറക്ക്..പ്ലീസ്..”അവനു അത് മുഴുമിക്കാന്‍ കഴിഞ്ഞില്ല.അവളുടെ പ്രാണന്‍ വിട്ടു ശിരസ്സ് മെല്ലെ ചരിഞ്ഞു.എങ്കിലും അവളുടെ കണ്ണ്,നിലാവിലേക്ക് ,ആ വെളുത്തരാത്രിയിലേക്ക് തുറന്നു തന്നെയിരുന്നു. ചേതനയറ്റ അനിതയുടെ ശരീരവുമായി അവന്‍ ആ വ്യൂപോയിന്റിന്റെ അരികില്‍ തളര്‍ന്നിരുന്നു.രാത്രി വൈകിയത് കൊണ്ടാവാം വണ്ടികള്‍ ഒന്നും നിര്‍ത്തിയില്ല.അവന്‍ ചുറ്റും നോക്കി.എല്ലായിടത്തും നിലാവിന്റെ വെളുപ്പ്‌ പടര്‍ന്നിരിക്കുന്നു.കുന്നുകളും മരക്കൂട്ടങ്ങളും പാറകളും റോഡും അവരുടെ ബുള്ളറ്റും അവളുടെ മുഖവും നിലാവില്‍ വെളുത്തു കിടന്നു.എല്ലായിടവും നിശബ്ദമാണ്.അതൊരു വെളുത്ത നിശബ്ദതയായിരുന്നു.
5.ഓര്‍മ്മകളുടെ ഓര്‍മ്മകള്‍
###############################
ഞാന്‍ ഡോക്ടര്‍ നെല്‍സന്‍ ഫിലിപ്പ്. ഈ ഡയറി എഴുതുമ്പോള്‍ എന്റെ ഭാര്യ അനിത മരിച്ചിട്ട് ഇന്ന് മൂന്നു വര്‍ഷം തികയുന്നു.പൊള്ളാച്ചിക്ക് സമീപം തിരുക്കോയില്‍ എന്ന സ്ഥലത്ത് വച്ചാണ് മദ്യപിച്ച ഒരു സംഘം ചെരുപ്പക്കാരോടിച്ച വണ്ടി ഇടിച്ച് കല്യാണപ്പിറ്റെന്നു അവള്‍ മരിച്ചത്.
നല്ല ദൈവവിശ്വാസവും ഭക്തിയുമുള്ള ഒരു കുടുംബത്തിലായിരുന്നു ഞാന്‍ വളര്‍ന്നത്‌.സ്നേഹമുള്ള മാതാപിതാക്കള്‍.എന്നെ അച്ചനാക്കാന്‍ വിടാനായിരുന്നു അവര്‍ക്ക് താല്പര്യം.പക്ഷെ എങ്ങനെയോ ഞാന്‍ ഡോക്ടറാകാന്‍ പഠിച്ചു.അവിടെ വച്ച് അവളെ കണ്ടുമുട്ടി.ആദ്യം എനിക്ക് അവളെ ഇഷ്ടമല്ലായിരുന്നു.ഒന്നിനെയും കൂസാത്ത,ദൈവവിശ്വാസവും ഭക്തിയുമില്ലാത്ത ,ഒരു തല്ലിപ്പൊളി പെണ്‍കുട്ടിയെന്നാണ് ഞാന്‍ അവളെക്കുറിച്ച് കരുതിയത്‌.പതുക്കെ ഞങ്ങള്‍ തമ്മില്‍ അടുത്തപ്പോള്‍ അവളെക്കുറിച്ച് ഞാന്‍ മനസ്സിലാക്കി.തീരെ ചെറുപ്പത്തിലെ സ്വന്തം പ്രിയപ്പെട്ടവര്‍ നഷ്ടപെടുമ്പോള്‍ ഉണ്ടാകുന്ന ദേഷ്യം ആയിരുന്നു അവളുടെ ദൈവവിരോധത്തിനു കാരണം.എനിക്ക് അവളുടെ അവസ്ഥ ഇപ്പോള്‍ മനസ്സിലാകുന്നു.ഞാനും ഇപ്പോള്‍ പിണക്കത്തിലാണ്.എന്റെ വിശ്വാസവും ഇപ്പോള്‍ തകര്‍ച്ചയിലാണ്.എനിക്ക് ഒന്നും മനസിലാകുന്നില്ല.
അവളെ വണ്ടിയിടിച്ചു ആ റോഡില്‍ കിടന്നു ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ഒരു വണ്ടി നിര്‍ത്തിയത്.അവിടുത്തെ ലോക്കല്‍ പോലീസ് പട്രോളിംഗ് ജീപ്പ്.ഒരു വനിതാ സബ്ഇന്‍സ്പെക്ടര്‍ ആയിരുന്നു അതില്‍ ഉണ്ടായിരുന്നത്. ഒരു നല്ല സ്ത്രീ.അവരുടെ പേര് കാവേരി എന്നായിരുന്നു.അവര്‍ എന്നെ ആശ്വസിപ്പിച്ചു.അനിതയുടെ മരണത്തിനു കാരണക്കാരനായ മദ്യപിച്ചു വണ്ടിയോടിച്ച ചുവന്ന തലക്കെട്ട്‌ കെട്ടിയ ആ ചെറുപ്പക്കാരനെ പിടിക്കുമെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു.അവളുടെ മരണം കഴിഞ്ഞതിനു ശേഷം ഞാന്‍ പലതവണ അവിടെപ്പോയി.ദിവസവും ഞാന്‍ ഇന്‍സ്പെക്ടര്‍ കാവേരിയെ വിളിച്ചു അന്വേഷണത്തിന്റെ കാര്യം ചോദിച്ചു കൊണ്ടിരുന്നു..പക്ഷെ പോലീസിന്റെ വലവെട്ടിച്ചു അവന്‍ രക്ഷപെട്ടു.എന്റെ സ്വന്തം നിലക്കും അന്വേഷിച്ചു.പക്ഷെ കാര്യമൊന്നുമുണ്ടായില്ല.കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പോലീസ് അന്വേഷണം മന്ദഗതിയിലായി.ഇന്‍സ്പെക്ടര്‍ കാവേരി അവിടെനിന്നു മാറി.അവര്‍ക്ക് പ്രൊമോഷന്‍ കിട്ടി.ആദ്യവര്‍ഷം ഇടയ്ക്കിടെ അവര്‍ എന്നെ വിളിക്കുമായിരുന്നു.എന്നോട് അവര്‍ക്ക് വല്ലാത്ത അനുകമ്പയായിരുന്നിരിക്കണം.
അനിത..ഒരുപാട് നല്ല നിമിഷങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നെങ്കിലും എന്റെ ഓര്‍മ്മയില്‍ ഇപ്പോഴും ആ മധുവിധു യാത്രയാണ്.അന്ന് വഴിയരികിലെ വെള്ളച്ചാട്ടത്തിനരികില്‍ വച്ച് ചായ കുടിച്ചതും മറ്റുമാണ് എന്റെ മനസ്സില്‍ ഓര്‍മ്മ വരുന്നത്.അന്ന് അവള്‍ എനിക്ക് കടുംകാപ്പിയാണ് വാങ്ങിച്ചു തന്നത്.അവള്‍ അന്ന് എന്താണ് കഴിച്ചത് ?ഉള്ളിവടയോ പരിപ്പുവടയോ?അവള്‍ അന്നു അണിഞ്ഞത് നീലയില്‍ മഞ്ഞപ്പൂക്കള്‍ ഉള്ള ചുരിദാര്‍ ആയിരുന്നു.അതോ മഞ്ഞയില്‍ നീലപ്പൂക്കളോ?നീലനിറമുള്ള സ്കാര്‍ഫ് ആയിരുന്നു അവള്‍ കഴുത്തില്‍ ധരിച്ചത്.അല്ല അത് പച്ചനിറമുള്ള സ്കാര്‍ഫ് ആയിരുന്നു.വഴിയരികിലെ കപ്പേളയില്‍ അവള്‍ നേര്‍ച്ചയിട്ടു.അതോ ഞാനായിരുന്നോ നേര്‍ച്ചയിട്ടത് ??അതോ ഞങ്ങള്‍ രണ്ടുപേരും നേര്‍ച്ചയിട്ടില്ലേ ??ഇല്ല.നേര്‍ച്ചയിട്ടില്ല.ഒരു പക്ഷെ അതുകൊണ്ടാവണം ആ അപകടം ഉണ്ടായത്...ഒരു പക്ഷെ..
ആ യാത്രയിലെ ഇത്തരം ഒരാവശ്യവും പ്രാധാന്യവുമില്ലാത്ത കാര്യങ്ങളാണ് ഞാന്‍ ഇപ്പോള്‍ ഓര്‍മ്മിക്കുന്നത് .കാരണം ഒരുപക്ഷെ അവളെ മറന്നു തുടങ്ങുകയാണോ എന്ന് എനിക്ക് തന്നെ സംശയമുള്ളതിനാല്‍ ഞാന്‍ മനപ്പൂര്‍വം ആ ഹണിമൂണ്‍ ട്രിപ്പിലെ ഓര്‍മ്മകള്‍ വീണ്ടും വീണ്ടും ചിക്കിചികയുകയാണ്.അവളെ മറക്കാതിരിക്കാന്‍.അപ്പോള്‍ വസ്തുതകള്‍ ഓര്‍മ്മയാവുന്നു.അവ പഴയ ഓര്‍മ്മകളുമായി കൂടിച്ചേര്‍ന്നു മാറിമറിയുന്നു.ഒടുവില്‍ തെറ്റായ ഓര്‍മ്മകള്‍ വസ്തുതകള്‍ ആവുകയും ശരിയായ ഓര്‍മ്മകള്‍ തെറ്റായ വസ്തുതകള്‍ ആവുകയും ചെയ്യുന്നു. അതേ.അവളുടെ ഓര്‍മ്മകളുടെ ഓര്‍മ്മകളിലാണ് ഞാനിപ്പോള്‍ കഴിയുന്നത്‌.
6.വീണ്ടും ഒരു വെളുത്ത രാത്രി
##################################
മൂന്ന് വര്‍ഷത്തിനു ശേഷം ഡോക്ടര്‍ നെല്‍സന്റെ കാബിനിലേക്ക്‌ ഒരു ദിവസം ആ സ്ത്രീ കടന്നുവന്നു.ഭാര്യ മരിച്ചതിനു ശേഷം അയാള്‍ പിന്നെ വിവാഹം കഴിച്ചില്ല.പകരം ചീകില്‍സയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.അദ്ദേഹം ഇപ്പോള്‍ അറിയപെടുന്ന ഒരു കാന്‍സര്‍ സ്പെഷലിസ്റ്റാണ്.രോഗികളുടെ വേദനയില്‍ ആശ്വസിപ്പിക്കുവാന്‍ ഇപ്പോള്‍ സമയം ചെലവാക്കുകയാണ് അദ്ദേഹം.പേഷ്യന്റ് ആണെന്ന് കരുതി മുഖം ഉയര്‍ത്തി നോക്കിയ ഡോക്ടര്‍ ആഗതയെ കണ്ടു അമ്പരന്നു.
“എന്നെ മനസ്സിലായോ ?”
“ഇന്‍സ്പെക്ടര്‍ കാവേരി.നിങ്ങളെ ഞാന്‍ എങ്ങനെ മറക്കാനാണ്.?ഞാന്‍ വിചാരിച്ചത് ഒരു പേഷ്യന്റ് ആണെന്നാണ്‌.”
അല്‍പ്പനേരം അവര്‍ പരസ്പരം ഒന്നും മിണ്ടിയില്ല.
“ആ കേസ് ഇപ്പോള്‍ ക്ലോസ് ചെയ്തുകാണും അല്ലെ.?ആ കുറ്റവാളി രക്ഷപെട്ടു.” ഡോക്ടര്‍ ചോദിച്ചു.
“ഇല്ല.പ്രതിയെ പിടിച്ചു.അത് ഡോക്ടറോട് പറയാനാണ് ഞാന്‍ ഇവിടെവന്നത്.” അവര്‍ പതിഞ്ഞസ്വരത്തില്‍ പറഞ്ഞു.
ഡോക്ടര്‍ നെല്‍സണ് അല്‍പ്പനേരം ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.
“ഡോക്ടര്‍ക്ക് അവനെക്കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ എന്റെ കൂടെ പൊള്ളാച്ചി വരെ വരണം.” അവര്‍ പറഞ്ഞു.
അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഹണിമൂണ്‍ ട്രിപ്പിന്റെ പാത ഒരിക്കല്‍കൂടി ഡോക്ടര്‍ നെല്‍സന്‍ സഞ്ചരിച്ചു.വാഹനത്തില്‍ ഇരുന്നു വലിയ മാറ്റമൊന്നുമില്ലാത്ത ആ ഭൂമിക പുറകോട്ടു ഒഴുകിമായുന്നത് ഡോക്ടര്‍ നിശബ്ദമായികണ്ടുകൊണ്ടിരുന്നു.തന്റെ ഓര്‍മ്മകള്‍ പോലെ.
പോലീസ് സ്റ്റേഷന് പകരം ഒരു വീട്ടിലേക്കാണ് കാവേരി ഡോക്ടര്‍ നെല്‍സനെ കൊണ്ട് പോയത്.ഉള്ളിലെ ഒരു ഇരുണ്ട മുറിയില്‍ ഒരു കട്ടിലില്‍ മെലിഞ്ഞുശോഷിച്ച ഒരു ചെറുപ്പകാരന്‍ കിടന്നു.
“ഇത് കാര്‍ത്തിക്ക്.മൂന്നു കൊല്ലം മുന്‍പ് മദ്യപിച്ചു വാഹനമോടിച്ച് ഡോക്ടറുടെ ഭാര്യയെ കൊന്നതിവനാണ്.”
ഡോക്ടര്‍ അവന്റെ മുഖത്തേക്ക് നോക്കി.അവനെ ഡോക്ടറെ തിരിച്ചറിഞ്ഞുവോ??അറിയില്ല.എങ്കിലും അവന്റെ കണ്ണില്‍നിന്ന് വെള്ളം ഒഴുകിയിറങ്ങി.
“സോറി ബ്രോ..” വര്‍ഷങ്ങള്‍ക്കപ്പുറത്തേ ആ രാത്രിയിലെ അവന്റെ ശബ്ദം ഡോക്ടറുടെ ചെവിയില്‍ പ്രതിധ്വനിച്ചു.
“ഡോക്ടര്‍ ,ഇത് എന്റെ സഹോദരനാണ് കാര്‍ത്തിക്ക്.ഇവനും ഇവനെ രക്ഷിക്കാന്‍ ശ്രമിച്ച ഞാനും ഡോക്ടറുടെ ശിക്ഷ അര്‍ഹിക്കുന്നു.പക്ഷെ കാലം ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരുപാട് ശിക്ഷ നല്‍കിക്കഴിഞ്ഞിരിക്കുന്നു.”
കാവേരിയുടെ പതറിയ സ്വരമാണ് ഡോക്ടറെ ഉണര്‍ത്തിയത്.
ഡോക്ടര്‍ ഒന്നും പറഞ്ഞില്ല.ഒന്നിനും അമ്പരപ്പിക്കാന്‍ കഴിയാത്തവിധം വിധിയെ അംഗീകരിക്കാന്‍ ആ മനസ്സ് എന്നേ പഠിച്ചുകഴിഞ്ഞു.അല്‍പ്പനേരം അവന്റെ അരികില്‍ ഇരുന്നതിനു ശേഷം ഡോക്ടര്‍ എഴുന്നേറ്റു.പണ്ട് അനിത പറഞ്ഞ വാക്കുകളായിരുന്നു അപ്പോള്‍ ഡോക്ടറുടെ മനസ്സില്‍.
“എനിക്ക് കാര്‍ത്തിക്കിനെ ശിക്ഷിക്കാന്‍ കഴിയില്ല.ആര്‍ക്കും ഒന്നിനെയും ശിക്ഷിക്കാനോ രക്ഷിക്കാനോ കഴിയില്ല കാവേരി.ബട്ട് ഐ വില്‍ ഹെല്‍പ്പ് ഹിം.എന്നാല്‍ കഴിയുന്നവിധം അവനെ ചികിത്സിക്കാന്‍ ഞാന്‍ ശ്രമിക്കാം.” പിന്നെ ഒന്ന് നിര്‍ത്തിയിട്ടു പറഞ്ഞു.
“സ്വന്തം പ്രിയപ്പെട്ടവരേ ഒരു അറിയിപ്പുമില്ലാതെ തട്ടിക്കൊണ്ട് പോകുന്ന വിധിയില്‍ എനിക്ക് വലിയ വിശ്വാസമൊന്നുമില്ല”.
അവിടെനിന്നു തിരിച്ചു പോരുമ്പോള്‍ രാത്രിയായിരുന്നു.തിരുക്കോയിലെ ആ വ്യൂപോയിന്റ് എത്തിയപ്പോള്‍ ഡോക്ടര്‍ വണ്ടിനിര്‍ത്തി പുറത്തിറങ്ങി. .ദൂരെ വെളിച്ചങ്ങളുടെ കടല് പോലെ പൊള്ളാച്ചിനഗരം.ഓര്‍മ്മകളിലേക്ക് നോക്കുന്നത് പോലെ ഡോക്ടര്‍ അത് കണ്ടു നിന്നു.അത് വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ പോലെ നിലാവ് തെളിഞ്ഞ ഒരു വെളുത്ത രാത്രിയായിരുന്നു. മേഘങ്ങളിലാത്ത താരനിബിഡമായ ആകാശത്ത് തെളിഞ്ഞുനില്‍ക്കുന്ന പൂര്‍ണ്ണചന്ദ്രന്‍.അതിന്റെ പാല്‍ വെളിച്ചത്തില്‍ തേയിലക്കുന്നുകളും മരക്കൂട്ടങ്ങളും പാറകളും ,ആ വളഞ്ഞു പുളഞ്ഞു പാതയും വെളുത്തുകിടന്നു.എല്ലായിടവും നിശബ്ദമാണ്.ആ വെളുത്ത നിശബ്ദതയിലെവിടെയോ അനിതയുണ്ട്. ഡോക്ടര്‍ ഓര്‍ത്തു.
അയാള്‍ വരാന്‍ കാത്തിരുന്നത് പോലെ ഒരില എവിടെനിന്നോ പറന്നുവന്നു തണുത്തകാറ്റില്‍ ആ മുഖം തലോടി ക്കടന്നുപോയി.
(അവസാനിച്ചു)
Date of publication:18/9/2017
Name of the author:Anish Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo