Slider

ഒരു സ്നേഹത്തിന്റെ കഥ

0
ഒരു സ്നേഹത്തിന്റെ കഥ
•••••••••••••••••••••••••••••••••
"എടാ എണീക്ക്‌ "മെല്ലെ ഒരു വിളിയും ഒരു വലിയും...
പുതപ്പ്‌ താഴോട്ട്‌ കർട്ടൻ പോലെ നീങ്ങുന്നു..
നായകൻ കോട്ടുവായിട്ട്‌ മനസ്സില്ലാ മനസ്സോടെ എണീറ്റിരുന്ന് നേരത്തെ വെളുത്ത സൂര്യനെയും പ്രാകി കൂടെ കിടക്കുന്നതിനെ ഇത്തിരി ദേഷ്യത്തിലാണെങ്കിലും "ഇന്റെ ഭാഗ്യം" ന്നും പറഞ്ഞ്‌ അമ്മ വലിച്ച പുതപ്പെടുത്ത്‌ അതിന്റെ മേലേക്ക്‌ വലിച്ചിട്ടു മെല്ലെ എഴുന്നേറ്റ്‌ നടന്നു..
ഒരു പായ,ഒരു വിരിപ്പ്‌,ഒരു തലയണ, ഒരു പുതപ്പ്‌ പിന്നെ കുറേ മൂട്ടകളും...
മുകളിലെ കട്ടിലിൽ അച്ചനും അമ്മയും താഴെ പായയിൽ നായകനും അനിയത്തിയും ആ കൊച്ചു മുറിയിലെ അന്തേ വാസികളായിരുന്നു.. (ഹൊ ആ മുറിയിൽ നാലു പേർ കിടന്നിരുന്നു അന്ന്)
ഉണരാത്ത ഉറക്കവുമായി മുറ്റത്തെ മൂലക്കെ കല്ലിന്മേൽ പോയി നിന്ന് ട്രൗസർ താഴ്ത്തി,കാര്യം ഓട്ടോമാറ്റിക്കായി നടക്കുകയും നായകൻ നിന്നുറങ്ങുകയും ചെയ്യുന്നതിനിടയിലാണു അമ്മയുടെ ഒച്ച കൂട്ടിയ അടുത്ത മുന്നറിയിപ്പ്‌
"വേം പോയിറ്റ്‌ പോരീ,അച്ചനെണീറ്റാൽ അതിനായിരിക്കും ഇന്ന് കിട്ടലുണ്ടാവുക"
കൈയിൽ ഗ്ലാസ്സും വാങ്ങി ഞാൻ മെല്ലെ നടന്നു.
അപ്പൊളാണു
"ശ്രീ അശോകന്റെ" ആഗമനം
മൂപ്പിലാനാണു ആ കൊച്ചുപ്രദേശത്തെ മൊത്തം കാവൽക്കാരൻ..
ഒരു രണ്ട്‌ കിലോമീറ്റർ ചുറ്റളവിലെ പത്ത്‌ പന്ത്രണ്ട്‌ വീടുകൾ അതാണു അവന്റെ സാമ്രാജ്യം,അരി വാങ്ങിക്കൊടുക്കാതെ എല്ലാ വീട്ടിൽ നിന്നും ചോറു കിട്ടുന്ന ഭാഗ്യവാൻ( അന്ന് ആ കാര്യത്തിൽ അവനോട്‌ അസൂയയായിരുന്നു)
എല്ലാ വീടുകളിലെയും മുതിർന്ന ആണുങ്ങളുടെ കിണ്ണത്തിലെ അവസാന ഉരുള അവന്റെ അവകാശമായിരുന്നു..
രാത്രിയായാൽ നീട്ടിയൊരു വിളിയുണ്ട്‌ അച്ചനും ഇളയച്ചനും ഒക്കെ "അശോകാ" ന്ന് എവിടുന്നെങ്കിലും നാവു നീട്ടിയോടി കാലിലെ നഖങ്ങൾ ചരളിൽ പതിയുന്ന ഒച്ചയുമായവൻ പറന്ന് വരും..
ഒരു കുതിര കുതിച്ച്‌ വരുന്നത്‌ പോലെ
വെറും തീറ്റ മാത്രമല്ല അവനൊത്തിരി ഉത്തരവാദിത്തങ്ങളും ഉണ്ടായിരുന്നു..
അവന്റെ സാമ്രാജ്യത്തിൽ ഒരു കാക്കയേ പോലും താഴ്‌ന്ന് പറക്കാൻ അവൻ വിടില്ല,
പൂച്ചകൾക്കും സ്വൈര്യവിഹാരം സാധ്യമായിരുന്നില്ല,അവന്റെ ലൈസൻസ്‌ കിട്ടിയവക്ക്‌ മാത്രം അതും ‌ വീടുകളിൽ പോറ്റുന്നതിനെ സ്വന്തം വീടുകളിൽ മാത്രമേ അവൻ സഞ്ചാരസ്വാതന്ത്ര്യം പോലും അനുവദിച്ചിരുന്നുള്ളൂ .
അതിരുവിട്ട ഒരു ബന്ധവും അനുവദിച്ചിരുന്നില്ല.
സദാചാര ലംഘനം ഇല്ലാത്തതിനാൽ അവനു സദാചാര പോലീസും ആകേണ്ടി വന്നില്ല.
അതാവാം പൂച്ചകൾ പെരുകാതിരുന്നത്‌.!
അവനും അവന്റെ കുലത്തിലെ മാതൃകാപുരുഷോത്തമനായിരുന്നു.
ഒരു പെണ്ണും അവനെ തേടി വരികയോ,
അവൻ ഏതെങ്കിലും പെണ്ണിന്റെ പിന്നാലെ പോകുന്നത്‌ കാണുകയോ ഉണ്ടായിട്ടില്ല ..
അങ്ങനെ ഒരു അൽകുൽത്ത്‌ കേസ്സും അവന്റെ പേരിൽ ചാർജ്ജ്‌ ചെയ്യപ്പെട്ടില്ല...
എങ്കിലും ചില ദിവസങ്ങളിൽ അവനു വച്ച ഉരുളചോർ കൂനനുറുമ്പുകൾ തിന്നത്‌ കാണുമ്പോൾ അവനെവിടെയോ മുങ്ങുന്നുണ്ട്‌ എന്ന് അടക്കം പറച്ചിൽ കേൾക്കാം.അത്‌ വിടാം അത്‌ അവന്റെ സ്വകാര്യം..
പക്ഷെ അവൻ മറ്റു പട്ടികളുമായി കൂട്ട്‌ കൂടാറില്ല, ഉണ്ടായിരുന്നെങ്കിൽ അവനും ഭ്രാന്തിളകുമായിരുന്നില്ലേ?
കുഞ്ഞുമനസ്സിലെ സംശയം??
ഒരു ദിവസം ഒരു പാമ്പിന്റെ തലയില്ലാത്ത ഉടലും വായിലാക്കി നടക്കുന്ന അവനെ ആരോ കണ്ടതിനു ശേഷം‌ നാലഞ്ച്‌ ദിവസം നിരീക്ഷണത്തിലായിരുന്നു .
പക്ഷെ അവനൊന്നും സംഭവിച്ചില്ല അത്‌ കൊണ്ട്‌ തന്നെ അത്‌ ചേരയുടെ തലയാകാം എന്ന് മുതിർന്നവർ വിലയിരുത്തി.
ഇത്‌ മാത്രമായിരുന്നില്ല അവന്റെ ഉത്തരവാദിത്തങ്ങൾ .. സ്ത്രീകൾ കുളിക്കുന്നതിനു മറയിൽ (ഓല കൊണ്ട്‌ മറച്ച പഴയ കുളിമുറി) കയറുന്നതിനു മുന്നെ അവനെ വിളിച്ച്‌ ഒന്ന് പരിസര നിരീക്ഷണം നടത്തുമായിരുന്നു.കുട്ടികൾക്ക്‌ വളപ്പിൽ പോകാനും ( രണ്ടിനു) തനിച്ച്‌ പീടികയിലോ ഒക്കെ പോകാനും സഹായി ഇവനായിരുന്നു."ഒറ്റക്കാ പോണ്ടേ" ന്ന് ചോദിക്കുന്ന മിക്ക കുട്ടികൾക്കും "അശോകനെ" കൂട്ടിക്കോ ന്നാ മിക്കപ്പോഴും മറുപടി കിട്ടിയിരുന്നത്‌ .. ഇന്ന് ബൈക്കിന്റെ ചാവിയെടുക്കുന്നത്‌ പോലെ സഞ്ചിയുമെടുത്ത്‌ " അശോകാ"
ന്നും വിളിച്ച്‌ പീടികയിൽ പോയ ബാല്യം.
ജോലി കഴിഞ്ഞു വരുന്നവർ ലേറ്റായാൽ ബസ്‌ സ്റ്റോപ്പിൽ പോയി അവരെ കാത്ത്‌ കിടന്ന് കൂട്ടി വരിക,
വെള്ളമടിച്ച്‌ പൂസായി റോഡിൽ കിടക്കുന്നവർക്ക്‌ കാവൽ നിൽക്കുക,
ദൂരെ കടയിൽ പോയി തിരിച്ച്‌ തലയിൽ സഞ്ചി നിറയെ സാധനങ്ങളുമായി വരുന്ന പ്രായമായ സ്ത്രീകളുടെ മുന്നിൽ അവൻ വരുന്ന ഒരു വരവുണ്ട്‌,
സ്വന്തം കെട്ടിയോന്മാർ പോലും കാണിക്കാത്ത ശ്രദ്ധയായിരുന്നു അവനു.
മൊത്തത്തിൽ നമ്മുടെ നാടിന്റെ ഒരഭിവാജ്യ ഘടകമായി മാറിയിരുന്നു നമ്മുടെ അശോകൻ.
നായകനോട്‌‌ അവനെന്തോ പ്രത്യേക ഇഷ്ടായിരുന്നു.അവൻ ചോറു കൊടുത്തിട്ടൊന്നുമല്ല.
കൂടുതൽ മീൻ കിട്ടിയാൽ അതിന്റെ തല മാത്രം കൊടുക്കും "എനിക്ക്‌ തന്നെ ഇന്ന് തലയാ കിട്ടിയേ" അവനോട്‌ പറഞ്ഞാലും ഒരു "സാരല്ല്യ" ഭാവം മുഖത്ത്‌..
അവനു ഭക്ഷണം വലിയ കാര്യമായിരുന്നില്ല ,അത്‌ അവനു സുലഭമായിരുന്നു.
പക്ഷെ അവനു നായകനോട്‌ ഇഷ്ടത്തിനു ഒരു കാരണമുണ്ട്‌ അച്ചന്റെ കൊണ്ടു വരുന്ന കടല നായകന്റെ വീതത്തിൽ നിന്നും ഒരു നുള്ള് (ചിലപ്പോ ഒരഞ്ചെണ്ണം,പിശുക്കൻ)
അത്രെം മതി അവനു.
അങ്ങനെയൊക്കെ ആവാം ഇരുവരും നല്ല കൂട്ടുകാരായത്‌...
അങ്ങനെ.....
കാലത്ത്‌ പാൽ വാങ്ങാൻ പോകുന്നതിനും നായകനു അവനാ കൂട്ട്‌,
മഞ്ഞ്‌ വീണു നനഞ്ഞ പുല്ലും ചെമ്മണ്ണു നിറഞ്ഞ ഇടവഴികളും ആ വഴിയോരത്ത്‌ അടുപ്പ്‌ കത്തിക്കാൻ ഉണക്ക്‌‌ ചില്ലകളും ചപ്പുകളും (ഇലകൾ)ശേഖരിക്കാൻ വരുന്ന മുഖം കാണാത്ത സ്ത്രീകളും അവരുടെ വല്ലങ്ങൾ (കൊട്ട) മണപ്പിച്ച്‌ അതിന്റെ മുകളിൽ കാലുയർത്തി "ചെക്ക് ഡ്‌" സീലും കൊടുത്ത്‌ മുന്നെ നടന്ന് നായകൻ എത്തിയോന്ന് തിരിഞ്ഞു നോക്കി എത്തിയില്ലെങ്കിൽ പിന്നെയും കാത്ത്‌ നിന്ന് തിരിഞ്ഞിങ്ങോട്ടും ഓടി വന്നു അങ്ങനെ അവൻ ഏറെ ആസ്വദിച്ചും നായകൻ ഉറക്കം തൂങ്ങി പിന്നാലെയും...
മിക്ക ദിവസങ്ങളിലും പാൽ വാങ്ങാൻ പോകുന്ന വീടിന്റെ ഗേറ്റിന്റെ ഓടാമ്പൽ നീക്കുമ്പോഴേക്കും നായകന്റെ ഉറക്കം പമ്പ കടക്കും.
അമ്മാതിരി ഒരു നായ ഉണ്ടവിടെ
"വെറും നായ" എത്ര ദിവസം കണ്ടാലും ആരോടും ഒരു ദയയും കാണിക്കാത്ത "നന്ദിയില്ലാത്ത വെറും നായ" അത്‌ കൊണ്ട്‌ തന്നെ ആ വീടിന്റെ ഗേറ്റ്‌ വരേയേ അവൻ വരാറുള്ളൂ.
ആ നായക്ക്‌ വല്ലാത്ത കാതടപ്പിക്കുന്ന ശബ്ദമായിരുന്നു,ആരെ മുന്നിൽ കിട്ടിയാലും കടിച്ച്‌ കുടയുന്ന,
വീട്ടുകാരിൽ പോലും ചിലരെ കടിക്കുന്ന, പുറത്തിറങ്ങി പോയാൽ അവിടത്തെ കോഴിയേ പോലും കടിച്ച്‌ കൊല്ലുന്ന,ആരോടും ഒരു ദയയുമില്ലാത്ത ഒരു ഭീകരൻ നായ!..
ചിലപ്പോ തോന്നാറുണ്ട്‌ എന്തിനിതിനെ ഇങ്ങനെ തീറ്റ കൊടുത്ത്‌ വളർത്തുന്നു എന്ന്.?
എന്നാൽ ആ വലിയ പറമ്പും അതിനു നടുവിലെ ആ വലിയ വീടിനും ഇവൻ ഒരാവശ്യമായിരുന്നു.
മിക്ക ദിവസങ്ങളിലും രാത്രി അതിനെ വലിയ ചങ്ങലയിൽ പുറത്തേക്ക്‌ വിടും എന്നാൽ വീടിനു ചുറ്റും മാത്രമേ ഓടാനും പറ്റൂ ആ വിധത്തിലായിരുന്നു ചങ്ങല ക്രമീകരിച്ചിരുന്നത്‌. പാൽ വാങ്ങാൻ മാത്രേ ആ വീട്ടിൽ പോകാറുള്ളൂ, പോകുന്ന ദിവസങ്ങളിലെല്ലാം ഒന്നുകിൽ ഈ ചങ്ങലയിൽ അല്ലെങ്കിൽ കൂട്ടിൽ മാത്രമേ നായ ഉണ്ടാവാറുള്ളൂ.
ഗേറ്റ്‌ കടന്നാൽ ഏകദേശം ഇരുന്നൂറു മീറ്റർ നീളമുള്ള വലിയ നടവഴിയാണു.
അന്നും പതിവ്‌ പോലെ ഗേറ്റ്‌ തുറക്കാൻ നോക്കിയതും അത്‌ അലറി മുറ്റത്തേക്കിറങ്ങി,
ഉറക്കം മാറി ഒന്ന് പേടിച്ചെങ്കിലും നായകൻ ഉള്ളിലേക്ക്‌ നടന്നു നായ മുന്നിലേക്കും കൂസലില്ലാതെ നായകൻ പിറുപിറുത്തു
"നീ ഓടിയാൽ ഈ ചങ്ങല മുറുകുന്നത്‌ വരെയല്ലേടാ നായേ നീ ഓടി വരൂ"
എന്ന അഹങ്കാരത്തിൽ (അഹങ്കാരമോ വിശ്വാസമോ)
നെഞ്ചും വിരിച്ച്‌ മുന്നോട്ട്‌ ഏകദേശം ഒരമ്പത്‌ മീറ്റർ അടുത്തെത്തിയപ്പൊഴാ അത്‌ കണ്ടത്‌ അവന്റെ കഴുത്തിൽ ചങ്ങലയുടെ കൊളുത്തില്ല...
നായകന്റെ സപ്ത നാഡികളും ഒരു നിമിഷം സ്തംബ്ധിച്ചു..
കാലുകളിലേക്കാ മരവിപ്പ്‌ പടരുന്നതിനു മുന്നെ നായകൻ ഉച്ചത്തിൽ വിളിച്ചു ""അശോകാ""
ശബ്ദം പുറത്തേക്ക്‌ വന്നില്ല..
ആ ഞെട്ടലിൽ നിന്നും ഒരു നിമിഷം പുറത്തേക്ക്‌ കടന്നു പിന്നെയും "അശോകാന്നും" വിളിച്ച്‌ അലറി കൊണ്ട്‌ പിന്തിരിഞ്ഞോടി....
ഒരു വ്യാഘ്രത്തിന്റെ മുരൾച്ചയോടെ തീ തുപ്പുന്ന ശബ്ദത്തോടെ ആ ജന്തു തൊട്ട്‌ പിന്നാലെ ...
ഒരു നോട്ടത്തിൽ നായകൻ കണ്ടു ചപ്പ്‌ കൂട്ടുന്ന സ്ത്രീകൾ തലയിലെ തുണിയൊക്കെ വലിച്ചെറിഞ്ഞു ജീവനും കൊണ്ട്‌ പരക്കം പായുന്നത്‌..
തൊട്ടു തൊട്ടില്ല എന്നായി, ആ ജന്തുവിന്റെ ശ്വാസം നായകന്റെ കാലുകളിൽ തട്ടാൻ തുടങ്ങി...
തുടകളിലൂടെ ഇളം ചൂട്‌ പടർന്ന് കാലുകളിലൂടെ താഴോട്ടൊഴുകാൻ തുടങ്ങി...
അച്ചനോ അമ്മയോ ഓർമ്മയിൽ പോലും വന്നില്ല..
"അശോകാ" ന്ന് വിളിച്ച്‌ അലറി കരഞ്ഞു കൊണ്ട്‌ ഗേറ്റും കടന്ന് ഇടവഴിയിലെ ആദ്യ വളവിൽ എത്തുമ്പോ !!!!
എവിടെ നിന്നോ അവർക്ക്‌ രണ്ടു പേർക്കുമിടയിൽ മരണത്തിനും ജീവിതത്തിനുമിടയിലെന്ന പോൽ അവൻ ഓടി വന്നു...!!
കാലുകൾ മണ്ണിൽ അമർന്ന് വലിഞ്ഞു പൊടി പാറി കൊണ്ടവൻ ...
പിന്നിൽ ഭീകരമായ ഒരു ആക്രമത്തിന്റെയും പ്രതിരോധത്തിന്റെയും ശബ്ദം എനിക്ക്‌ കേൾക്കായിരുന്നു....
പാലില്ലാതെ കട്ടൻ ചായയുമായി ആ വീട്ടിൽപുതിയൊരു ദിവസം ആരംഭിച്ചു.. വൈകുന്നേരം സ്കൂൾ വിട്ട്‌ വന്നപ്പോൾ മുഖത്തും ശരീരത്തും നിറയെ പാടുമായി അവൻ മുറ്റത്ത്‌ കിടക്കുന്നുണ്ടായിരുന്നു..
കുറച്ച്‌ ദിവസങ്ങൾ ....
ഉണങ്ങാത്ത ആ മുറിവുകളുമായി അവൻ മരണത്തിലേക്ക്‌ മറഞ്ഞു പോയി..
ഇന്നും ചിലപ്പോ നായകൻ ഓർക്കും ആ സാധുമൃഗത്തിന്റെ കൂടി ത്യാഗമില്ലേ ഈ ജീവിതത്തിൽ എന്ന്.........
✍️ഷാജി എരുവട്ടി....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo