Slider

ചില നേരങ്ങളിൽ ചിലർ.

0
Image may contain: 1 person, closeup

ആസ്പത്രിപ്പടിയുടെ മുൻപിൽ ബസ്സ് നിരങ്ങി വന്ന് നിന്നു.
തിരക്കുള്ള ബസ്സിലൂടെ നൂണ്ട് ഒരുവിധം രഘു ഒരു കമ്പിയുടെ അടുത്തുള്ള സീറ്റിനടുത്ത് നില്പുറപ്പിച്ചു.
വൈകുന്നേരം ആയത്കൊണ്ടാവും നല്ല തിരക്ക് 7 മണി കഴിഞ്ഞിരിക്കുന്നു
നാളെ അച്ഛന്റെ ഓപ്പറേഷൻ ആണ് കൂട്ടുകാർ കാശും മറ്റും തയ്യാറാക്കി വച്ചിട്ടുണ്ട് പോയി വാങ്ങണം രണ്ടുപേർ ബ്ലഡ് കൊടുക്കാൻ വരാമെന്ന് പറഞ്ഞിട്ടുണ്ട് ... എങ്കിലും പണം കയ്യിൽ കിട്ടുന്നത് വരെ ഒരു സമാധാനവും ഇല്ല ..
ഭാഗ്യത്തിന് അടുത്ത സ്റ്റോപ്പ് എത്തിയപ്പോൾ സീറ്റ് ഒഴിഞ്ഞു ഒരു വിധം അവൻ അവിടെ ഇരിപ്പുറപ്പിച്ചു...
അടുത്തിരുന്ന ആൾ അവന്റെ മുഖത്തേക്ക് നോക്കി അവന് മദ്യത്തിന്റെ ദുഷിച്ച ഗന്ധം മനം പിരട്ടലുണ്ടാക്കി .. അവൻ വേഗം മുഖം തിരിച്ചു.. അയാൾ വിടാനുള്ള ഭാവം ഇല്ല
'' ശ് ..ശ്.. ഓയ് എവിടെ പോണ്....?"
അവൻ അയാളെ ശ്രദ്ധിക്കാത്തത് പോലെ ഇരുന്നു.. നാശം കൂതറ സാധനോം കേറ്റി മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ഓരോ ശവങ്ങളെന്ന് മനസ്സിൽ ഈർഷ്യയോടെ ഓർത്തു.. അപ്പോൾ അയാൾ അവനെ തോണ്ടി ..
"ശ്...ശ്.. എവിടെ പോണ്..? ഒന്ന് പറ മോനെ.."
രഘു അല്പം കോപത്തോടെ പറഞ്ഞു "കൈതമുക്ക്"
" ഓ അപ്പൊ ടൗണിൽ നിന്നും പിന്നേം പോണല്ലോ.."
അവൻ അയാളെ ഒന്നു നോക്കിയിട്ട് തിരിഞ്ഞിരുന്നു.
നല്ല ക്ഷീണം ഉണ്ടായിരുന്നു ടെൻഷനും ഉറക്കമില്ലായ്മയും ഒക്കെ കൂടി ആകെ വല്ലാത്ത അവസ്ഥ .. മയങ്ങിപ്പോയത് അവനറിഞ്ഞില്ല കണ്ടക്ടർ വന്ന് തോണ്ടിയപ്പോളാണ് അവനറിഞ്ഞത്
" ടിക്കറ്റ് ടിക്കറ്റ്‌...'"
അവൻ പോക്കറ്റിൽ കയ്യിട്ട് പൈസ എടുക്കാൻ നോക്കി പിന്നെ എണീറ്റ് ജീൻസിന്റെ പോക്കറ്റില് പരതി
" ങേ ..?"
പോക്കറ്റ് കാലി കുറച്ചു തുട്ടു മാത്രം... അവൻ ആകെ വിയർത്തു
"അത് ചേട്ടാ..."
കണ്ടക്ടർ തിരക്കിനിടയിൽ കൂടി
" വേഗമെടുക്ക്... "
എന്ന് തിരക്ക് കൂട്ടി .. അവൻ ആകെ പരിഭ്രാന്തനായി ഇറങ്ങാൻ ഭാവിച്ചു...
അപ്പോളേക്കും കുടിയൻ
"ശ്.... ന്താ പ്രശ്നം...?"
രഘു അയാളെ ശ്രദ്ധിക്കാതെ ചുറ്റിനും നോക്കി പരിചയം ഉള്ള ആരുമില്ല.. ടൗണിൽ ഇറങ്ങി അടുത്ത ബസ്സിന് പോകണമെങ്കിലും കാശ് വേണം ..
" ഡോ... കൊച്ചേ ന്താ പ്രശ്നം ...?"
അയാൾ പിന്നെയും... അപ്പോളേക്കും കണ്ടക്ടർ വന്ന് കൈ നീട്ടി
" ചേട്ടാ പേഴ്‌സ് എടുക്കാൻ മറന്നതാണൊ അതോ കാണാതെ പോയോ എന്നറിയില്ല..."
രഘു ഒരുവിധം പറഞ്ഞൊപ്പിച്ചു... അപ്പോളേക്കും കണ്ടക്ടറുടെ മുഖഭാവം മാറി..
" ഹും ഓരോ ഉണ്ടായിപ്പും കൊണ്ട് ഓരോരുത്തന്മാർ ഇറങ്ങിക്കോളും... കണ്ടാൽ മാന്യനും... സീറ്റിൽ ഞെളിഞ്ഞുള്ള ഇരിപ്പും ... ഇറങ്ങഡോ വേഗം.."
ആളുകളൊക്കെ തന്റെ നേരെ നോക്കുന്നതും അടക്കിച്ചിരിക്കുന്നതും കണ്ട് രഘു തലതാഴ്ത്തി ഇറങ്ങാൻ ഭാവിക്കവേ കുടിയൻ പതിയെ പിടിച്ചു വലിച്ചു അവിടെ ഇരുത്തി.
" ഡോ കണ്ടറ്ററെ താനെന്ത് മനുഷ്യനാടോ.. ഈ ഇവന്റെ ഈ കൊച്ചന്റെ കാശ് ... ഈ ഞാൻ.. ഈ ഞാൻ തരും ന്തേ കുഴ്‌പ്ണ്ടോ.. കുഴ്പണ്ടോന്ന്...? "
അയാൾ പോക്കറ്റിൽ നിന്ന് ഇരുപത് രൂപ എടുത്ത് കൊടുത്തു. അവൻ ആകെ ഇളിഭ്യനായി തലതാഴ്ത്തി ഇരുന്നു...
ആ കുടിയനെ നോക്കാൻ അവന് നാണക്കേട് തോന്നി.. അയാൾ അടുത്തിരുന്ന് പറഞ്ഞ് കൊണ്ടിരുന്നു.
" ശ് ശ്... ഒക്കെ മ്മക്ക് ശരിയാക്കാന്ന്.... "
അവൻ പുറത്തെ കെട്ടിടക്കാടുകളിലേക്കും വീടുകളിലേക്കും ഒക്കെ നോക്കിക്കൊണ്ടിരുന്നു...
ടൗണിൽ എത്തി കൂട്ടുകാരെ ആരെയെങ്കിലും വിളിക്കണം എന്നൊക്കെ മനസ്സിലോർത്ത് അവനിരുന്നു.. ടൗണിൽ എത്തി എല്ലാവരും തിക്കിത്തിരക്കി ഇറങ്ങുന്നു... അവൻ തിരക്കൊഴിഞ്ഞ്‌ പതിയെ എഴുന്നേറ്റു
"ചേട്ടാ താങ്ക്സ്... "
അവൻ പതിയെ പറഞ്ഞു...
"ഓ വരവ് വച്ചിരിക്കുന്നു.." അയാൾ തലയാട്ടി ചിരിച്ചു...
അവൻ പതിയെ പുറത്തിറങ്ങി അവന്റെ അടുത്ത ബസ്സ് നോക്കി ബസ്സിറങ്ങി പിന്നെയും രണ്ട് കിലോമീറ്റർ പോകണം ... കൂട്ടുകാരെ വിളിച്ചാൽ എത്താൻ തന്നെ മുക്കാൽ മണിക്കൂർ വേണം... വീട്ടിലെത്തിയിട്ടു ഒരുപാട് കാര്യങ്ങൾ ഉണ്ട് ആശുപത്രിയിലെ കാര്യങ്ങൾ അറിയാതെ 'അമ്മ ആകെ വിഷമത്തിലാവും....മൊബൈൽ എടുത്ത് കൂട്ടുകാരെ വിളിക്കാൻ നോക്കുമ്പോളേക്കും പിറകിൽ പിന്നെയും...
" ശ് ശ്.... ഒന്ന് നിന്നേ..."
അവൻ തിരിഞ്ഞു നോക്കി അയാൾ ടിക്കെറ്റ് എടുത്തെങ്കിലും വല്യ ഉപകാരമാണ് ചെയ്തതെങ്കിലും അവന്റെ അപ്പോളത്തെ മാനസികാവസ്ഥയിൽ ഇയാൾ ഒഴിഞ്ഞു പോയില്ലേ എന്ന ഭാവത്തിൽ അവൻ ഒന്നു നോക്കി..
അയാൾ പോക്കറ്റിൽ നിന്ന് അൻപത് രൂപ എടുത്ത് നീട്ടി
" ഇന്നാ ത് വച്ചോ.. വീട്ടിലെത്തണ്ടെ..."
അവൻ വല്ലാത്ത ധർമ സങ്കടത്തിലായി... വീണ്ടും അയാൾ പറഞ്ഞു
" ന്നാടാ വച്ചോ.. ഇനി എപ്പ്ളേലും കാണുമ്പോ തന്നാ മതിയെ..."
അവൻ കൈനീട്ടി വാങ്ങി അവന്റെ കണ്ണുകൾ നിറഞ്ഞു ..
" സാരല്യ പൊക്കോ..."
അവൻ ഒരിക്കൽ കൂടി താങ്ക്സ് പറഞ്ഞു അവന്റെ ബസ്സിന് നേർക്ക് നടന്നു... തിരിഞ്ഞു നോക്കിയപ്പോൾ അയാൾ ചെറുതായി ആടിക്കൊണ്ട് അടുത്തുള്ള പെട്ടിക്കടയിലേക്ക് കയറിപ്പോയി.... ഒരുപാട് ടെന്ഷനിൽ ബസ്സിലിരിക്കുമ്പോളും അവന്റെ ചിന്ത അയാളെക്കുറിച്ചായിരുന്നു!
ഒരാളെ പെട്ടെന്ന് കണ്ട് അയാളെക്കുറിച്ച് ഒരു മുൻവിധി ഉണ്ടാക്കരുതെന്ന് അയാളെ വിലയിരുത്തരുതെന്നും.. ഒരു പാഠം പഠിച്ചു...
nb:മദ്യപാനം ആരോഗ്യത്തിന് ഹാനികരം

#സുഭാഷ് (കുവ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo