Slider

അപൂർണ്ണം

0
അപൂർണ്ണം
……………………………..
അയാൾക്കു പേരില്ലായിരുന്നു. ഒരു കഥയുടെ തുടക്കം ഇതുപോലെ അപൂർണ്ണമായ ഒരു വാചകത്തിൽ നിന്നാവുന്നത് അഭംഗിയാണോ എന്ന് ഞാൻ ചിന്തിക്കാഞ്ഞിട്ടല്ല; ഒരു പക്ഷേ അയാളെക്കുറിച്ച് എനിക്കുള്ള പരിമിതമായ അറിവുകൾ തുടക്കത്തിൽ തന്നെ പങ്കു വയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നതാവാം കാരണം.എങ്കിലും ഒരു ചെറിയ മുഖവുര തരാതെ കഥ മുന്നോട്ടു കൊണ്ടു പോകുവാൻ ബുദ്ധിമുട്ടായത് കൊണ്ട് ചുരുങ്ങിയ വാക്കുകളിൽ അയാളെ വരച്ചിടാൻ ഞാൻ നിർബന്ധിതയാവുന്നു.വരവും ചെലവും കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്നതിനിടയിൽ എവിടെയോ ജീവിക്കാൻ മറന്നു പോവുന്ന ഒരാൾ; അല്ലെങ്കിൽ ചുറ്റും നടക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി സ്വന്തം ലോകത്ത് ജീവിക്കുന്ന അന്തർമുഖനായ ഒരാൾ; ഇതിൽ കൂടുതൽ ഒരു വിവരണം ഈ ഘട്ടത്തിൽ അയാളെ കുറിച്ച് തരേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും ഞാനും അയാളും ഇപ്പോൾ പാലക്കാട്ടിലെ ഒരു ചെറിയ ഗ്രാമത്തിലെ സർക്കാരാഫീസിൽ ആണ് നിൽക്കുന്നത് എന്ന് പറയേണ്ടതുണ്ട്. അയാൾ അവിടെ ഒരു ഉദ്യോഗസ്ഥനാണ്. ഞാൻ അവിടെ എന്തു ചെയ്യുന്നു എന്ന ഒരു ചോദ്യം തൽക്കാലം മറുപടിയില്ലാതെ അങ്ങനെ കിടക്കട്ടെ.
ഇന്നത്തെ ദിവസം എന്തെങ്കിലും പ്രത്യേകതയുള്ളതായി അയാൾക്ക് തോന്നാൻ വഴിയില്ല. സ്വതവേ അന്തർമുഖനായ അയാൾ പതിവുപോലെ ആരോടും സംസാരിക്കാൻ താൽപര്യമില്ലാതെ തന്റെ ജോലികളിൽ മാത്രം വ്യാപൃതനായിരിക്കുന്നു. അൽപ്പസമയത്തിനകം തന്നെ തേടി വരാൻ പോകുന്ന അസാധാരണമായ ആ അനുഭവത്തെക്കുറിച്ച് അയാൾ അപ്പോൾ തീർത്തും അജ്ഞനാണ്.പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം തൂലികയിൽ അയാൾ ജനിച്ചു വീണ സമയം മുതൽ ഭാവിയെക്കുറിച്ചുള്ള ഒരു മുൻധാരണ ഉണ്ട്. ഞാൻ അക്ഷമയായി കാത്തിരിക്കുകയാണ്.
അതാ ഞാൻ കാത്തിരുന്ന ആൾ ഓഫീസിന്റെ വാതിൽ തുറന്ന് വരുന്നു. ഫയലുകൾ പരിശോധിച്ചു കൊണ്ടിരുന്ന അയാളുടെ അടുത്ത് വന്ന് രണ്ടാമൻ ഗൗരവത്തിൽ എന്തോ പറയുന്നു. പിന്നെ രണ്ടു പേരും കൂടി പുറത്തേയ്ക്ക് മാറി നിന്ന് സംസാരിക്കാൻ തുടങ്ങുന്നു. അയാളുടെ മുഖം വിളറി വെളുക്കുന്നു. എന്താണ് നടക്കുന്നതെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. കാരണം ഈ കഥാസന്ദർഭം നാളുകൾക്ക് മുൻപ് തന്നെ എന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞതാണല്ലോ.എങ്കിലും ഞാൻ അവിടെ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.അങ്ങോട്ടേയ്ക്ക് നടക്കാൻ തുടങ്ങിയതായിരുന്നു. പക്ഷേ ആ സമയത്ത് അപ്രതീക്ഷിതമായി ബഹളം വച്ച ഒരു സ്ത്രീയിലേക്ക് ശ്രദ്ധ തിരിഞ്ഞു പോയി. വിധവാ പെൻഷൻ കിട്ടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് അവർ ഒരു ഓഫീസറെ ചീത്ത വിളിക്കുകയായിരുന്നു. അൽപസമയം കഴിഞ്ഞാണ് പരിസരബോധമുണ്ടായത്. ഏതാനും നിമിഷങ്ങൾക്കു മുമ്പേ തുടങ്ങി വച്ച ഒരു കഥയിലൂടെ ഞാൻ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്നും എന്റെ കഥാപാത്രങ്ങൾ രണ്ടു പേർ കഥയുടെ മർമ്മ പ്രധാനമായ ഭാഗങ്ങളിലൂടെ കടന്നുപോവുകയാണെന്നും! എന്റെ ഉത്തരവാദിത്വമില്ലായ്മയെ ശപിച്ചു കൊണ്ട് ഞാൻ ധൃതിയിൽ അവർക്ക് അരികിലേയ്ക്ക് നടന്നു.
അവിടെ നടക്കുന്ന സംഭാഷണങ്ങൾ ഇപ്പോൾ കേൾക്കാൻ സാധിക്കുന്നുണ്ട്.
"ഒരു പക്ഷേ താങ്കൾക്ക് ആള് തെറ്റിയിരിക്കും. രവി എന്ന പേരിൽ കുറഞ്ഞത് മൂന്നു ജോലിക്കാരെങ്കിലും ഈ ഓഫീസിൽ ഉണ്ട്” അയാളുടെ വിറയാർന്ന ശബ്ദം കേൾക്കാം.
തുടക്കത്തിൽ ഞാനൊരു നുണ പറഞ്ഞിരുന്നു ;അയാൾക്ക് പേരില്ല എന്ന്! അത് ആ വിഡ്ഢിയുടെ സ്വകാര്യതയെ ഹനിക്കാതിരിക്കുക എന്ന സദുദ്ദേശത്തോടെ ആയിരുന്നു. പക്ഷേ ഇപ്പോൾ അവൻ തന്നെ സ്വയം വെളിപ്പെടുത്തിയ സ്ഥിതിക്ക് ആ ഔദാര്യം ഞാൻ പിൻവലിക്കുന്നു. അതിനു മറ്റൊരു കാരണം ഒരു പക്ഷേ രണ്ടാമന്റെ കടന്നുവരവാണ്. രവി എന്ന ഒരു സാധാരണ എൽ ഡി ക്ലാർക്കിനേക്കാൾ എന്തുകൊണ്ടും നിഗൂഢതകൾ നിറഞ്ഞ രണ്ടാമനിലേക്ക് തൽക്കാലം എന്റെ ശ്രദ്ധയെ പറിച്ചു നടുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.അത് ഒരു പ്രവാചകനായിരുന്നു! തൽക്കാലം അദ്ദേഹത്തിന്റെ രൂപഭാവാദികളെ കുറിച്ചുള്ള വർണ്ണന ഇവിടെ അപ്രസകതമാണ്. രവിയെപ്പോലെ തന്നെ ഇതും ഒരു സാധാരണ മനുഷ്യനാണ് എന്നു മാത്രം പറയാം. സസൂക്ഷ്മം ശ്രദ്ധിച്ചാൽ ഒരൽപ്പം കഷണ്ടി കയറിയിട്ടുണ്ട്, വിദൂര ഭാവിയിൽ ഒരു കുടവയർ ഉണ്ടാവാനുള്ള സാധ്യത ഉണ്ടായേക്കാം എന്നിങ്ങനെയുള്ള ചുരുക്കം ചില കണ്ടുപിടുത്തങ്ങൾ നടത്താൻ കഴിഞ്ഞേക്കും.പിന്നെ അയാൾ ഒരു പ്രവാചകനാണ് എന്ന് എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചാൽ ,ഞാനാണ് അവരെ സൃഷ്ടിച്ചത് എന്ന മറുപടിയിൽ അൽപ്പം അഹങ്കാരത്തിന്റെ അംശം ഉള്ളതായി വായനക്കാർക്ക് തോന്നിയേക്കാം. അതു കൊണ്ട് അയാൾ രവിയെ സ്വയം പരിചയപ്പെടുത്തുന്ന സംഭാഷണ ശകലം തൊട്ടു മുകളിൽ ചേർക്കുന്നതിനെ കുറിച്ച് ഞാൻ ആലോചിച്ചു കൊണ്ടിരുന്നു. അതിനേക്കാളേറെ എന്നെ വിഷമിപ്പിച്ചത് ഇത്രയും ചുരുക്കത്തിൽ ഒരു പ്രവാചകനെ അവതരിപ്പിച്ചത് ശരിയായില്ല എന്ന ഒരു അഭിപ്രായം വായനക്കാർക്കിടയിൽ നിന്നു ഉയർന്നു വന്നാൽ അതിനെ എങ്ങനെ നേരിടണമെന്നതാണ്. ഒരു പ്രവാചകനെക്കുറിച്ച് വേണ്ടത്ര അറിവു ശേഖരിക്കാതെ ഇത്തരം ഒരു കഥ എഴുതിത്തുടങ്ങിയതിൽ ഞാൻ ഇപ്പോൾ ഖേദിക്കുന്നു.
രവിയും പ്രവാചകനും തമ്മിലുള്ള സംഭാഷണങ്ങൾ പകുതിയെങ്കിലും ആയിക്കാണണം. വെറുതെ ഓരോ കാര്യങ്ങൾ ചിന്തിച്ചിരുന്ന് പ്രസക്തമായ വിഷയങ്ങൾ വിട്ടു പോവുക എന്നത് ഈയിടെയായി എന്റെ ഒരു പതിവായിത്തീർന്നിരിക്കുന്നു.
എന്തായാലും അന്തരീക്ഷത്തിന്റെ പിരിമുറുക്കത്തിലും രണ്ടു പേരുടെയും അവസാന സംഭാഷണ ശകലത്തിൽ നിന്നും സംഗതികൾ ഏകദേശം ഞാൻ ഊഹിച്ചിരിക്കുന്നു. രവി അയാളുടെ ജീവിതത്തിലെ ഒരു പ്രധാന ഘട്ടത്തിലാണ് നിൽക്കുന്നത്.ഗൃഹസ്ഥാശ്രമം ഉപേക്ഷിച്ച് സന്യാസജീവിതം നയിക്കുവാനുള്ള നിയോഗം അയാളെ തേടി വന്നിരിക്കുന്നു.ആ അറിയിപ്പുമായി വന്നിരിക്കുകയാണ് പ്രവാചകൻ. രവിയുടെ മുഖഭാവത്തിൽ നിന്ന് അയാൾ ആകെ അസ്വസ്ഥനും അത്ഭുതപരതന്ത്രനും ആണെന്നു മനസ്സിലായി.ഇത്തരം നൂലാമാലകൾ തന്നെത്തേടി വന്നതിൽ അത്യധികം പ്രതിഷേധം ഉണ്ടെന്നും. എന്തായാലും അയാളുടെ തീരുമാനം എന്താകുമെന്ന് അറിയാൻ അക്ഷമയോടെ കാത്തു നിൽക്കുമ്പോഴാണ് രവിയെ മേലധികാരി അത്യാവശ്യമായി മുറിയിലേക്ക് വിളിപ്പിച്ചത്.
ഞാൻ ഒന്ന് അമ്പരന്നു. ആ സന്ദർഭം ഞാൻ ഈ കഥയിൽ എഴുതാൻ വിചാരിച്ചതല്ല. രവി പ്രവാചകന്റെ വാക്കുകൾ സ്വീകരിച്ച് സന്യാസജീവിതം സ്വീകരിക്കുന്നിടത്താണ് എന്റെ കഥ അവസാനിക്കേണ്ടിയിരുന്നത്. മേലധികാരിയെ കാണാൻ പോയ അയാൾ ഇതു വരെ തിരിച്ചു വന്നിട്ടില്ല. തന്റെ ദൗത്യം തീർത്ത് പ്രവാചകൻ തിരിച്ചു പോവാൻ തുടങ്ങുന്നു.കാര്യങ്ങൾ കൈവിട്ടു പോവുന്നതായി എന്തുകൊണ്ടോ എനിക്കനുഭവപ്പെടുന്നു. എനിക്കയാളെ തടയണമെന്നുണ്ട്. പക്ഷേ ഞാൻ പറയുന്നത് അദ്ദേഹത്തിന് കേൾക്കാൻ കഴിയുന്നില്ല.എന്റെ നിയന്ത്രണത്തിനുമപ്പുറത്ത് കഥാപാത്രങ്ങൾ സഞ്ചരിക്കാൻ തുടങ്ങുകയാണ്.
എനിക്ക് സമയമില്ല. ഒരു തീരുമാനം ഉടനടി എടുക്കേണ്ടിയിരിക്കുന്നു. ഒന്നുകിൽ കഥ ഇവിടെ വച്ച് അവസാനിപ്പിച്ച് ഞാൻ തിരിച്ചു പോവണം. അല്ലെങ്കിൽ ഇനി നടക്കാൻ പോവുന്നത് എന്താണെന്ന് ക്ഷമയോടെ നിരീക്ഷിക്കണം. ഇവിടെ വച്ച് എന്റെ കഥാപാത്രങ്ങൾ രണ്ടു വഴി പിരിയുകയാണ്. ആരെയാണ് ഞാൻ പിന്തുടരേണ്ടത്. രവിയെയോ അതോ പ്രവാചകനെയോ? രവിയെ…! അതെ ,അയാളാണ് ഇനി കഥയെ മുന്നോട്ടു കൊണ്ടു പോവേണ്ടത്. എന്തായാലും രണ്ടിലൊന്ന് അറിഞ്ഞിട്ടേ പിൻമാറുന്നുള്ളു.തുടങ്ങി വച്ച സമസ്യ അവസാനിപ്പിക്കേണ്ടത് എന്റെ മാത്രം ആവശ്യമാണല്ലോ.
ഓഫീസ് സമയം കഴിയുന്നത് വരെയുള്ള ദൈർഘ്യമേറിയ കാത്തിരിപ്പ്.ആ പഴഞ്ചൻ സ്കൂട്ടറിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വീട്ടിലേയ്ക്കുള്ള യാത്ര. രവിക്ക് ഇത് പതിവായതിനാൽ ക്ഷീണമുണ്ടാവാൻ വഴിയില്ല. പക്ഷേ ഞാൻ തളർന്നിരുന്നു. കൂടാതെ അടക്കാനാവാത്ത ആകാംക്ഷ എന്റെ ഊർജ്ജം പകുതിയും അപഹരിച്ചിരുന്നു. രവിയുടെ ഭാര്യ എനിക്ക് ഒരു ചായ ഇട്ടു തരുന്ന രംഗം കഥയിൽ ഉൾപ്പെടുത്താൻ ഈ ഘട്ടത്തിൽ തീർച്ചയായും ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ കഥ എന്റെ നിയന്ത്രണത്തിൽ നിന്ന് എപ്പൊഴോ വഴുതിമാറിപ്പോയത് കൊണ്ട് തൽക്കാലം വിശപ്പും ക്ഷീണവും സഹിക്കാൻ ഞാൻ നിർബന്ധിതയാവുന്നു. രവിയുടെ ഓരോ പ്രവൃത്തികളേയും സസൂക്ഷ്മം ശ്രദ്ധിക്കുന്നതിൽ മുഴുകിയതു കൊണ്ട് തൽക്കാലം എന്റെ ബുദ്ധിമുട്ടുകൾ ഞാൻ മറക്കേണ്ടിയിരിക്കുന്നു.
പ്രവാചകനുമായുള്ള കൂടിക്കാഴ്ച്ചയുടെ പരിണിത ഫലങ്ങൾ തീർച്ചയായും അയാളിൽ പ്രകടമായിരുന്നു. പല പതിവുകളും തെറ്റിയിരിക്കണം. ചിന്താഭരിതനായിരിക്കുന്ന അയാൾ ഭാര്യയുടെ സംസാരം ശ്രദ്ധിക്കുന്നതേയില്ല എന്ന് തോന്നി. അവളുടെ സംഭാഷണം ഒരു ചെറിയ പൊട്ടിത്തെറിയിലേക്കു നീളുകയായിരുന്നു.ഒരു പക്ഷേ കഴിഞ്ഞ ദിവസത്തെ ചില സംഭവങ്ങൾ ആ വഴക്കിന് കാരണമായിരുന്നിരിക്കാം. സംസാരത്തിൽ നിന്നു മനസ്സിലാവുന്നത് അങ്ങനെയാണ്. ഭർത്താവിന്റെ കൂസലില്ലാത്ത ഇരുപ്പ് അവളെ കൂടുതൽ രോഷാകുലയാക്കുന്നു.ഒരു മിഡിൽ ക്ലാസ് ഫാമിലിയിലെ വീട്ടമ്മയ്ക്കുണ്ടാവുന്ന പരാതികൾ കൊണ്ട് അന്തരീക്ഷം ചൂട് പിടിക്കുകയാണ്. ഇത്തരം ബാലിശയമായ വിഷയങ്ങളിൽ താൽപ്പര്യമില്ലാത്തത് കൊണ്ട് അതിന്റെ വിശദാംശങ്ങൾ ഞാൻ വിട്ടു കളയുന്നു. എങ്കിലും രവി ഇതിനെ എങ്ങനെയാണ് നേരിടാൻ പോവുന്നതെന്നറിയാൻ സ്ത്രീ സഹജമായ ആകാംക്ഷ തീർച്ചയായും എനിക്കുണ്ടായിരുന്നു.
" ഈ ലൗകിക ജീവിതത്തിൽ എനിക്കു മടുപ്പു തോന്നിത്തുടങ്ങിയിരിക്കുന്നു. സന്യാസത്തിനുള്ള സമയമായെന്ന് തോന്നുന്നു “ പെട്ടെന്ന് ഒരു അശരീരി പോലെ അയാൾ പറഞ്ഞു.
അനവസരത്തിലുള്ള ആ അഭിപ്രായ പ്രകടനം എന്നെ ഒന്നു ഞെട്ടിച്ചു. പ്രവാചകനുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് സംസാരിക്കാനുള്ള ഒരുക്കത്തിലാണയാൾ എന്നു തോന്നി. ഞാൻ കൂടുതൽ ശ്രദ്ധാലുവായി. എന്റെ അനുവാദത്തിന് കാത്തു നിൽക്കാതെ സഞ്ചരിക്കുന്ന കഥയെ പിടിച്ചു നിർത്തുവാൻ ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടാതിരിക്കില്ല.
"നിങ്ങൾക്കെന്താ പറ്റിയത് രവിയേട്ടാ.. ഓഫീസിൽ നിന്നു വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുകയാ. സംസാരത്തിലും പെരുമാറ്റത്തിലും ഒക്കെ എന്തോ ഒരു മാറ്റം” അയാളുടെ സംസാരത്തിലെ പന്തികേട് തിരിച്ചറിഞ്ഞിട്ടാവാം അവൾ ഒന്നു മയപ്പെട്ടതു പോലെ തോന്നി. ഒരു പക്ഷേ തന്റെ ഭർത്താവ് ഈ രീതിയിൽ സംസാരിച്ച് അവൾ ആദ്യമായി കേൾക്കുകയാവണം. അയാളിൽ നിന്ന് മറുപടി ഒന്നും കിട്ടാത്തതിനാൽ കാര്യം ഗൗരവമുള്ളതാണെന്ന് അവൾ ഊഹിച്ചിരിക്കണം. എങ്കിൽ പിന്നെ അതറിഞ്ഞിട്ടു തന്നെ കാര്യം. കൂടുതൽ സ്നേഹത്തോടു കൂടി ,സ്വതസിദ്ധമായ കഴിവോടെ അവൾ ഭർത്താവിൽ നിന്ന് കാര്യങ്ങൾ ചുഴിഞ്ഞറിയാൻ ശ്രമിച്ചു തുടങ്ങി.
ആ അവിശ്വസനീയമായ കാര്യങ്ങൾ കേൾക്കുമ്പോൾ അവളുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയുവാൻ എനിക്കു തീർച്ചയായും താൽപ്പര്യമുണ്ടായിരുന്നു. പക്ഷേ എല്ലാം കേട്ടു കഴിഞ്ഞപ്പോൾ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്.
"നിങ്ങൾക്ക് വട്ടുണ്ടോ മനുഷ്യാ ,ഒരു പ്രവാചകൻ! ഉച്ചയൂണും കഴിഞ്ഞ് ഓഫീസിൽ കിടന്നുള്ള ഉറക്കം ശരിയല്ലെന്ന് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്. ഓരോ സ്വപ്നവും കണ്ട് വന്നിട്ട് ഇവിടെ വന്ന് ഈ വേദാന്തം പറച്ചില്. ”
ആ നിമിഷം രവി അവളുടെ കരണത്ത് അടിക്കുന്ന ഒരു രംഗം എഴുതണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഉച്ചമുതൽ വിശപ്പും ദാഹവും അവഗണിച്ച് ഞാൻ വളരെ സൂക്ഷമതയോടു കൂടി നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അസാധാരണമായ സംഭവ വികാസങ്ങളെയാണ് ഈ നരുന്തുപോലുള്ള പെണ്ണ് പുച്ഛിച്ചു തള്ളിയത്. പക്ഷേ എന്റെ ധാരണകളെ തെറ്റിച്ചു കൊണ്ട് ആ പെൺ കോന്തൻ രവി, അവളുടെ ചിരിയിൽ പങ്കുചേരുകയാണ് ചെയ്തത്.അത് വെറും ഒരു സ്വപ്നമായിരുന്നെന്ന് ഒരു പക്ഷേ അയാളും ചിന്തിച്ചു കാണുമോ? തീർച്ചയായും അങ്ങനെ കരുതുവാനായിരിക്കും അയാളും ആഗ്രഹിക്കുന്നത്.തുടർന്നുള്ള പെരുമാറ്റം അത് ശരിവയ്ക്കുന്നതായിരുന്നു. അതുവരെയുണ്ടായ പിരുമുറുക്കങ്ങൾ അയച്ച് ഭാര്യയോട് അയാൾ സ്നേഹത്തോടെ പെരുമാറുന്നത് ഞാൻ നിസ്സഹയായി കണ്ടു കൊണ്ടിരുന്നു. അയാളുടെ മുഖത്ത് ആശ്വാസം നിഴലിക്കുന്നുണ്ടായിരുന്നു. അയാൾ ഭാര്യയെ ഒന്നു ചുംബിച്ചു.പതിയെ അവർ കൂടുതൽ സ്നേഹ പ്രകടനങ്ങളിലേക്ക് കടക്കുകയാണ്.പ്രവാചകനും രവിയുമായുള്ള സംഭാഷണങ്ങൾ മറഞ്ഞു നിന്നു കേട്ടതു പോലെയല്ല, ഭാര്യയുടെയും ഭർത്താവിന്റെയും സ്വകാര്യ നിമിഷങ്ങളിൽ ഞാൻ ഒപ്പം നിൽക്കുന്നതിലെ അനൗചിത്യം പെട്ടെന്ന് എന്റെ മനസ്സിലേയ്ക്ക് കടന്നു വന്നു. എന്നെ അനുസരിക്കാതെ തോന്നിയ വഴി സഞ്ചരിക്കുകയാണെങ്കിലും സ്വന്തം കഥാപാത്രങ്ങളോട് ഒരു എഴുത്തുകാരി കാണിക്കേണ്ട മാന്യതയുണ്ടല്ലോ. ഇങ്ങനെ ഒരവസ്ഥ ആർക്കും വരുത്തരുതേ എന്നാഗ്രഹിച്ചു കൊണ്ട് ഞാൻ ആ മുറിയിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങി.
എനിക്കു വേണ്ടിയെന്നോണം ഒരു ചാരുകസേര കിടക്കുന്നുണ്ടായിരുന്നു. അവിടെ ഇനിയെന്തു വേണമെന്നറിയാതെ കാത്തിരിക്കുമ്പോൾ ഞാൻ രവിയുടെ പുറകെ വരാൻ തീരുമാനം എടുത്ത സമയത്തെ ശപിച്ചു കൊണ്ടിരുന്നു.എനിക്കു തെറ്റുപറ്റി. ഞാൻ പിന്തുടരേണ്ടിയിരുന്നത് ചഞ്ചലചിത്തനും പെൺ കോന്തനുമായ രവിയെയായിരുന്നില്ല; മറിച്ച് ആ പ്രവാചകനെയായിരുന്നു. എങ്കിൽ ഈ കഥ ഇങ്ങനെയൊരു ഘട്ടത്തിൽ പകുതി വച്ച് നിന്നു പോവില്ലായിരുന്നു. പക്ഷേ പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ല എന്ന ചൊല്ലിനെ സാധൂകരിക്കുമാറ് അയാൾ എവിടേയ്ക്കോ പോയ് മറഞ്ഞിരിക്കുന്നു. ഒരു പക്ഷേ ഇനിയും രവിയെ തേടി പ്രവാചകൻ വരുമായിരിക്കും. ചിലപ്പോൾ വരാതിരിക്കാനും മതി. ഇങ്ങനെ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടുകയല്ലാതെ മറ്റൊന്നും എനിക്കു ചെയ്യാൻ കഴിയില്ലെന്ന് ഈ നിമിഷം ഞാൻ തിരിച്ചറിയുന്നു.
ആത്മജ്ഞാനത്തിനായുള്ള ദാഹം സ്വയം ഉണ്ടാവുന്നതാണെന്നും പര പ്രേരണയാൽ വരുന്നതല്ലെന്നും എനിക്കറിയാഞ്ഞിട്ടല്ല. മനുഷ്യൻ അവന്റെ ഗൃഹസ്ഥാശ്രമം പൂർത്തിയാക്കിയതിനു ശേഷം മാത്രമേ വാനപ്രസ്ഥത്തിനെ കുറിച്ച് ചിന്തിക്കാവു എന്ന അഭിപ്രായത്തോട് എനിക്ക് യോജിക്കാനും കഴിഞ്ഞേക്കും. എന്നിട്ടും രവിയുടെ ജീവിതത്തിലേയ്ക്ക് പ്രവാചകനെ അനധികൃതമായി കടത്തിവിടുകയാണ് ഞാൻ ചെയ്തത്.ആ തെറ്റിനുള്ള ശിക്ഷയാവാം അപൂർണ്ണമായ ഒരു കഥയും കയ്യിൽ പിടിച്ച് ഈ ചാരുകസേരയിൽ നിസ്സഹയായി എനിക്ക് കാത്തിരിക്കേണ്ടി വരുന്നത്. ഇങ്ങനെ അപൂർണ്ണമായി ഒരു കഥ അവസാനിപ്പിക്കുന്നത് ശരിയാണോ എന്ന് ഞാൻ ചിന്തിക്കാഞ്ഞിട്ടല്ല; ജീവിതത്തിൽ പൂർണ്ണത എന്നത് പലപ്പോഴും ഒരു വിദൂര സ്വപ്നം മാത്രമായി മനസ്സിലാക്കിയിട്ടുണ്ടെന്നതിനാൽ, അതിനാൽ മാത്രം, കാത്തിരിക്കുവാൻ സ്വയം പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരാളായി ഈ ഘട്ടത്തിൽ ഞാൻ എന്നെ തിരിച്ചറിയുന്നു. കഥ തുടരുന്നു…!

Resmi Anuraj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo