Slider

നന്ദി

0

നന്ദി
======
സ്വാതന്ത്ര്യത്തിൻറെ ആകാശവും ആത്മവിശ്വാസത്തിൻറെ ചിറകുകളും എനിക്ക് സമ്മാനിച്ച മാതാപിതാക്കളാണ് അറിവിൻറെ നിറവും നിനവും എന്നിലാദ്യം നിറച്ചത്. ആ വെളിച്ചമാണ് എൻറെ സ്വപ്നങ്ങൾ യാഥാർഥ്യങ്ങളായ് പകർത്തിയെഴുതാൻ എന്നോട് ചേർന്ന് നിൽക്കുന്നത്. അസാധ്യമെന്നതിനെ സാധ്യമാക്കാൻ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരു ദിനം കൊണ്ടോ, ഈ ആയുഷ്കാലമോ മതിയാവുമോ എനിക്കൊന്നു നന്ദി പറയാൻ?
അക്ഷരത്തിൻറെ അമൃതിൽമുക്കി പൊന്നുകൊണ്ടു നാവിലാദ്യാക്ഷരം കുറിച്ച അങ്ങയുടെ പേരെനിക്കറിയില്ല. ഒരിക്കലും നഷ്ടമാവാത്ത ഈ നിധിയുടെ താക്കോൽ എൻറെ കയ്യിൽ ചേർത്ത് വെച്ചപ്പോൾ വിറച്ചിരുന്നോ ഞാൻ? ഓർമ്മയിലുള്ളത് ഏതോ ഒരമ്പലനടയും, ഓണമുണ്ടും പിന്നെ അച്ചാച്ചിയുടെ കയ്യും പിടിച്ചു നടന്നുപോയതും.
ഓർമ്മയിൽനിന്നു പെറുക്കി ഹൃദയം കൂട്ടിയ ചിത്രം നോക്കി ഞാൻ അങ്ങയെ പ്രണമിക്കുന്നു.
എഞ്ചുവടിയിലെ വടി മാത്രം പരിചിതമായ ഒരുകാലമുണ്ടായിരുന്നു. അന്നൊപ്പമിരുന്നും പറഞ്ഞും, എഴുതിച്ചും എനിക്കുവേണ്ടി സമയം മാറ്റിവെച്ച എൻറെ ക്ലാസ് ടീച്ചർ ലീലാമ്മ ടീച്ചർ, കണക്കിന്റെ കുറുക്കുവഴികളിൽ കുടുങ്ങിപ്പോയ എന്നെ കൂട്ടിയും കുറച്ചും താങ്ങി നിർത്തിയ അച്ചാമ്മ ടീച്ചർ, ഉരുണ്ടു വീഴ്ച പതിവാക്കിയ എനിക്ക് ജോണിക്കുട്ടി സാർ ഒരു ഡോക്ടർ ആയിരുന്നു അപ്പോഴൊക്കെ മോളികുട്ടി ടീച്ചർ അമ്മയായി മാറുകയായിരുന്നു. ഓർമകളിൽ നനവ് പടരുന്നു. പ്രിയ ഗുരുക്കന്മാരെ നിങ്ങൾ നീട്ടിയ കൈകളിലൂടെ എന്നിലേക്കൊഴുകിയ നന്മ എന്നിൽനിന്നു ചോർന്നുപോവാതിരിയ്ക്കട്ടെ.
പ്രാഥമിക വിദ്യാഭ്യാസം രണ്ടു സ്കൂളുകളിലായാണ് ഞാൻ പൂർത്തിയാക്കിയത്. മണർകാട് ഗവണ്മെന്റ് എൽ പി സ്കൂളിലും, ഇൻഫന്റ് ജീസസ് (സാദാരണ ഭാഷയിലെ കണിയാൻകുന്നേൽ) സ്കൂളിലും. വലിപ്പം അന്ന് നന്നേ കുറവായിരുന്നതിലാകും പെൺകുട്ടികളെപ്പോലും എനിക്ക് പേടിയുണ്ടായിരുന്നതായി ഒരു സംശയം (ആശ്വാസം സംശയമാണല്ലോ). ഈ ഒരു സാഹചര്യത്തിൽ എന്നെ ദത്തെടുത്ത് എൻറെ പ്രിയപ്പെട്ട അന്നമ്മ ടീച്ചറാണ്. ടീച്ചർ അന്ന് പറഞ്ഞു തന്ന ടെക്‌നിക്‌സ് ആണെന്റെ പേടി മാറ്റിക്കൊണ്ടിരുന്നത്. സംഗീതം തൊട്ടു തീണ്ടാത്ത എൻറെ മുന്നിൽ വേദികൾ തുറന്നിട്ട ഞങളുടെ സ്വന്തം മ്യൂസിക് ടീച്ചർ, തമാശയിലൂടെ മോഹൻജെദാരോയും, ഹാരപ്പ സംസ്കാരവും ഹൃദയത്തിലുറപ്പിച്ച തമ്പി സാർ, എൻറെ കള്ളങ്ങൾക്ക് സൗന്ദര്യമുണ്ടെന്നു പറഞ്ഞ കത്രീനാമ്മ ടീച്ചർ, പരീക്ഷകൾ എന്നും എൻറെ ബലഹീനത ആയിരുന്നു അതിനാലാവും എൻറെ പ്രോഗ്രസ്സ് കാർഡ് നിറയെ കീർത്തന സിസ്റ്റർ ഇപ്പോഴും ചുവപ്പടയാളങ്ങളിൽ നിറച്ചിരുന്നു. ഈ കാലമാണ് ഞാനിഷ്ടപ്പെട്ട ഞാനാവാൻ, എന്നിലെ എന്നെക്കണ്ടെത്താൻ നിമിത്തമായത്. ഈ നിമിഷത്തിൽ ഞാൻ നിങ്ങളെ എല്ലാവരെയും നന്ദിയോടെ സ്മരിയ്ക്കുന്നു.
ഉയരങ്ങളെ സ്വപ്നം കാണാൻ ഒരല്പം ഉയരത്തിലിരിയ്ക്കുന്ന സ്കൂളിൽ പഠിക്കുന്നത് നല്ലതാണെന്നാണ് എൻറെ അഭിപ്രായം. അങ്ങനെ ഞാൻ പി ഇ എം എച് എസ്, നമ്മുടെ കുന്നേൽ സ്കൂൾ തന്നെ തിരഞ്ഞെടുത്തു എൻറെ ഹൈ സ്കൂൾ വിദ്യാഭ്യാസത്തിനു. സ്വാതന്ത്ര്യത്തിലൂടെ വിദ്യ നേടുക എന്ന ചിന്താഗതി എന്നിൽ വളർന്നു തുടങ്ങിയ നാളുകളായിരുന്നു അത്. ഓർമ്മയിൽ നിറഞ്ഞു തുളുമ്പി നിൽക്കുന്ന നിമിഷങ്ങളാണ് ഓരോ ദിവസവും. നാമ്പിട്ട പ്രണയത്തെ മുളയിലേ നുള്ളിയെടുത്ത അന്നമ്മ ടീച്ചർ, ഭാവിയെ ഓർത്തോർത്തു പഠിക്കണമെന്ന് ഓർമ്മപെടുത്തിക്കൊണ്ടിരുന്ന റാണി ടീച്ചർ, പ്രണയം പെയ്തിറങ്ങിയ മാസ്മരികതയിൽ കൗമാരത്തിൻറെ കടവിൽ വിരിഞ്ഞ വരികളെ കവിതയെന്നു പേരിട്ടു വിളിച്ച ശോശാമ്മ ടീച്ചർ, എൻറെ ഭാവനയെക്കാൾ നിൻറെ ഭാവന മനോഹരമെന്ന്‌ പറഞ്ഞു പ്രോത്സാഹിപ്പിച്ച ബാബു സാർ, ആമുഖമില്ലാതെ എന്നിലേക്ക് കടന്നു വന്ന തോമസ് സാർ, ഹിന്ദിയുടെ ബാലപാഠങ്ങൾ മുതൽ എന്നെ പഠിപ്പിച്ച ജയദേവൻ സാർ, നിങ്ങളെല്ലാവരുമാണ് എൻറെ ജീവിതത്തിനു നിറം പകർന്നത്. ഞാൻ തേടിക്കൊണ്ടിരുന്ന എന്നെ കാണട്ടെ ഞാൻ എത്രയും വേഗം. പ്രതീക്ഷകൾക്കൊപ്പം എത്തിച്ചേർന്നില്ല ഞാൻ എങ്കിലും നിങളുടെ പ്രാർത്ഥനകൾ, അനുഗ്രഹങ്ങൾ എന്നെ പിന്തുണച്ചു.
ഇഷ്ട്ട വിഷയമെടുത്തു ഞാൻ +2 വിന് ചേർന്നു ഞാൻ. ഇടനാഴികളിൽ നിന്നു വിശാലതയിലേക്കുള്ള എൻറെ കൂടുമാറ്റം വളരെപെട്ടെന്നായിരുന്നു. ഗ്രാൻഡ് കോളേജ് എന്നെ മാറ്റിമറിച്ചു. പഠനത്തിലും, പഠ്യേതരത്തിലും എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. അക്കൗറ്റൻസിയിടെ ലോകം മലർക്കെ തുറന്ന സണ്ണി സാർ, ഭാഷയിലെ അഭിരുചി തിരിച്ചറിഞ്ഞ ജമ ടീച്ചർ, ശാസ്ത്രീയമായി സാമ്പത്തികം വിനയോഗിക്കണമെന്നു പഠിപ്പിച്ച ജയശ്രീ ടീച്ചർ, ബിസിനസ് സ്റ്റഡീസിന്റെ ബാബു സാർ, മലയാളത്തിൻറെ തന്മയത്വമായ വേണു സാർ, ഈ കലാലയമാണ് തുടർ വിദ്യാഭ്യാസത്തിന്റെ നാളമെന്നിൽ കൊളുത്തിയത്.
ജീവിതനിൻറെ വസന്തകാലമായിരുന്നു ഡിഗ്രി കാലം. കവിതകൾ മഴപോലെ പെയ്തുകൊണ്ടിരിന്ന കാലം. എൻ എസ് എസ് കോഓപ്പറേറ്റീവ് കോളേജിൽ ബി.കോമിന് ചേർന്നു. കവിതകളെ മാത്രം പ്രണയിച്ചതുകൊണ്ടാവാം മലയാളം ക്ലാസിനു മാത്രേ ഞാൻ കയറിയിരുന്നുള്ളു. അത് കൊണ്ട് ലേഖ ടീച്ചറിന് മാത്രേ എന്നെ പരിചിതമായിരുന്നുള്ളു. അമ്മ പ്രാർത്ഥനകൊണ്ട് മാത്രം കഴിഞ്ഞ ഒരു കാലമായിരുന്നു അത്. കാത്തിരുന്നു പിറന്ന പുത്രന് ക്ലാസുകൾ അലർജി ആയിന്നറിഞ്ഞതുമുതൽ 'അമ്മ ഉപവാസത്തിലായിരുന്നു. ദൈവം മിഴി തുറന്ന ആ നിമിഷത്തെ എന്നേക്കാൾ ഓർമ്മ അമ്മയ്ക്കാണ്. പി ജി ആർ എം എസ് എൻ കോളേജിന് അനുമതി കിട്ടിയിരിക്കുന്നു ഒപ്പം അവിടെ എനിക്ക് അഡ്മിഷനും, കൂടെ നമ്മുടെ ഓമനചേച്ചിക്ക് ലക്ചറർ ആയിട്ട് ജോലിയും. അമ്മയുടെ പ്രാർത്ഥന പൂർണമായും ദൈവം സാധിച്ചുകൊടുത്തു. പൊരുത്തപ്പെടാൻ ഒരുപാട് സമയം വേണ്ടി വന്നു എനിക്ക്. ഓമനച്ചേച്ചി, ഓമനമിസ്സ് ആയി. പക്ഷെ എല്ലാവരുടേം പ്രിയങ്കരിയായ മിസ്സ് ആയിരുന്നു. ഞങളുടെ ഹൃദയം തോട്ട സുഹൃത്തായി. അങ്ങനെ ഓമനമിസ്സ്ചേച്ചിയും ഓമനചേച്ചിമിസ്സും എൻറെ വഴികളിലെ സാന്ത്വനമാണ്, എൻറെ വിജയ പരാജയങ്ങളിലെ പതറാത്ത മനസ്സാണ്, കരുത്താണ്. പിന്നെ ഞങളുടെ പ്രിയ പ്രിൻസിപ്പാൾ സഹദേവൻ സാർ എന്നും പ്രചോദനമാണ്. പ്രാർത്ഥനകളും പ്രായോഗിക ബുദ്ധിയും പകർന്നുതന്ന രാജിമിസ്സ്, സന്ധ്യ മിസ്സ്, അജിത മിസ്സ്, ഷീജ മിസ്സ്, ഉഷസ്‌ മിസ്സ്, സരൂപ മിസ്സ്, സജു സാർ,
അങ്ങനെ എൻറെ ഡിഗ്രിക്കാലം ആഘോഷമാക്കിയ, ഭാവിയെ പൂർണതയിലെത്തിക്കാൻ എന്നെ പ്രപ്തനാക്കിയ നിങ്ങളുടെ പങ്കു വിലമതിക്കാനാവാത്തതാണ്. പ്രൊഫഷണൽ വിദ്യാഭ്യാസത്തിലേക്കെന്നെ എത്തിച്ചത് നിങ്ങളാണ് എൻറെ ഗുരുക്കന്മാരെ.
ഗുരുകുലത്തിൻറെ പടികയറിയതു ഇപ്പോളും ഓർമ്മയുണ്ട്. ആംഗലേയ ഭാഷയിലേക്ക് പേടിയോടെ എടുത്തു ചാടിയകാലം. എങ്ങനെയോ കഴിഞ്ഞു പോകേണമെന്നുള്ള അവസ്ഥയ്ക്ക് നിർവചനം മാറ്റി ഇങ്ങനെയാവണമെന്നു പറഞ്ഞു തന്ന. ഹരീന്ദ്രൻ സാർ, നാളെയുടെ മാനേജർസ് എന്ന് എപ്പോഴും ഓർമ്മപെടുത്തിക്കൊണ്ടിരുന്ന ഹരീഷ് സാർ, പേഴ്സൺ + എബിലിറ്റീസ് = പേഴ്സണാലിറ്റി ഇതിന്റെ പ്രതീകം പോലെ മിൽന മാം, സൗമ്യ മാം, രമാദേവി മാം, ജിത മാം, ജീഷാ മാം, ജ്യോതി മാം, ശശിധരൻ സാർ, ബീന മാം, ഐ ഐ എം പകിട്ടോടെ ഞങളെ നോക്കിയിരുന്ന സാമുവേൽ സാർ, ഇവിടെയായിരുന്നു എൻറെ സ്വപ്നങ്ങൾ യാഥാർഥ്യങ്ങളിലേയ്ക്ക് മാറിക്കൊണ്ടിരിന്നുന്നതു. എന്നെ മാറ്റിയെടുത്ത എൻറെ ഗുരുക്കന്മാരെയും എൻറെ പ്രിയ കലാലയത്തെയും ഞാൻ എൻറെ ഹൃദയമിടിപ്പ് പോലെ സൂക്ഷിക്കുന്നു.
ഗുരു എന്ന സിനിമ പറയുന്ന പോലെ..... ഞാനറിയുന്നു ഇരുളിനെ അകറ്റുന്നവരാണ് ഗുരു. പ്രപഞ്ച സത്യമാണ് ഗുരു. നന്ദി ഗുരുക്കന്മാരെ. ശിരസ്സുകുനിച്ചു. പാദം നമിച്ചുകൊണ്ടു ഒരായിരം നന്ദി. പറഞ്ഞാൽ തീരാത്ത നന്ദി....
മനീഷ് പി ദാസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo