Slider

സൗഹൃദം

0
സൗഹൃദം
*~*~*~*~*~*~*~*~*~*~*~*
അമ്പലത്തില്‍ നിന്ന് മടങ്ങിയെത്തിയിട്ടും കിഷോര്‍ ആകെ അസ്വസ്ഥനായിരുന്നു. അന്ന് അമ്പലത്തിലേക്ക് പോവേണ്ടിയിരുന്നില്ല എന്നയാള്‍ക്ക് തോന്നി. അതുക്കൊണ്ടാണല്ലോ വിനോദിനെ കണ്ടത്. വിനോദ്..അവന് എങ്ങനെ ഇങ്ങനെ മാറാന്‍ കഴിഞ്ഞു?. വിനോദിനെ കുറിച്ച് ഓര്‍ത്തപ്പോള്‍ അയാളുടെ ഹൃദയത്തില്‍ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു.
വിനോദിനെ താന്‍ ആദ്യമായി പരിചയപ്പെടുന്നത് പള്ളിക്കൂടത്തില്‍ വച്ചാണ്. സ്ക്കൂള്‍ഗേറ്റിന് മുന്നില്‍ അമ്മയുടെ കൈപിടിച്ച് തേങ്ങി കരയുന്ന കുട്ടി. സുനന്ദ ടീച്ചറാണ് അവനെ ക്ലാസ്സിലേക്ക് കൂട്ടിക്കൊണ്ടുപോവാന്‍ പറഞ്ഞത്. " മോനെ അവനെ നോക്കിക്കോളണേ, അവന് വേറെ ആരും ഇല്ല ". അവനെ തന്നെ ഏല്‍പ്പിക്കുമ്പോള്‍ ആ അമ്മ പറഞ്ഞു. ആ വാക്ക് താന്‍ ഇന്നോളം പാലിച്ചു.
അവനാണ് തന്നോട് പറഞ്ഞത്, അവന്‍റെ അച്ഛന്‍ ഒരു ബൈക്ക് അപകടത്തില്‍ മരിച്ചതാണെന്നും, അവനും അമ്മയും കഷ്ട്ടിച്ചുരക്ഷപ്പെട്ടതാണെന്നും. അന്ന് തുടങ്ങിയ സൗഹൃദം ഒരു നിധി പോലെ താന്‍ കാത്തു. ഒരു കൂടപിറപ്പിന്‍റെ സ്നേഹവും കരുതലും കൊടുത്തു. മിക്ക ദിവസവും പട്ടിണിയായിരുന്ന അവന്, കൂലിപണിക്കാരനായിരുന്ന തന്‍റെ അച്ഛന്‍ സമ്പാദിച്ചു കൊണ്ടുവരുന്നതില്‍ നിന്ന്‍ ഒരു പങ്ക് മാറ്റി വച്ചു. തനിക്ക് പുത്തനുടുപ്പ്‌ വാങ്ങിക്കുമ്പോള്‍ കൂടെ അവനും വാങ്ങി. മിക്ക ദിവസവും അവന്‍ തന്‍റെ വീട്ടില്‍ വരുമായിരുന്നു. തന്‍റെ അമ്മ അവനു സ്നേഹത്തോടെ ഭക്ഷണം വിളമ്പി. അച്ഛനും അമ്മയും അവനെ സ്നേഹത്തോടെ 'കുട്ടാ' എന്ന് വിളിച്ചു. തന്‍റെ കുഞ്ഞുപ്പെങ്ങള്‍ മീനുവിന് അവന്‍ കുഞ്ഞേട്ടനായി, തനിക്ക് അവന്‍ അനിയന്‍കുട്ടനും...
പഠിക്കാന്‍ മിടുക്കനായിരുന്ന അവന്‍, പലപ്പോഴും ഫീസിനായി ബുദ്ധിമുട്ടിയപ്പോള്‍, ആരും അറിയാതെ താന്‍ അവനെ സഹായിച്ചു. പതിയെ പതിയെ അവന് പുതിയ കൂട്ടുകാരായി. അവന്‍ വളരുന്നതിന് അനുസരിച്ച് അവന്‍റെ സ്വഭാവത്തില്‍ മാറ്റം വരാന്‍ തുടങ്ങി. പലപ്പോഴും അവന്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് താന്‍ പഴി കേട്ടു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കലോത്സവദിനത്തില്‍ അവനെ കാണാതെ തിരഞ്ഞ് പോയ താന്‍ കണ്ട കാഴ്ച, പാതി മയക്കത്തില്‍ കിടക്കുന്ന അവനെയാണ്. അവന്‍റെ കൂട്ടുകാരിലാരോ ശീതളപാനീയത്തില്‍ മദ്യം ചേര്‍ത്തുകൊടുത്തതായിരുന്നു. അവനെ താങ്ങി പിടിച്ച് എഴുന്നെല്‍പ്പിക്കുന്നത് തന്‍റെ അയല്‍വാസിയായ വാസുമാഷ്‌ കണ്ടു. അന്ന് മാഷിന്‍റെ കയ്യില്‍ നിന്ന്‍ കണക്കിന് കിട്ടി.
മറ്റൊരിക്കല്‍ മീനുവിന്‍റെ സഹപാഠിയായ സുഷമക്ക് പ്രണയലേഖനം എഴുതി തന്‍റെ ലൈബ്രറിബുക്കില്‍ വച്ച് അവള്‍ക്ക് കൊടുത്തു. സുഷമയുടെ അച്ഛന്‍ അത് കയ്യോടെ പിടിക്കൂടി. പക്ഷെ ആളാരാണെന്ന് അയാള്‍ക്ക്‌ മനസ്സിലാവാത്തത്ക്കൊണ്ട് ലൈബ്രറിയുടെ ചുമതല വഹിച്ചിരുന്ന വാസുമാഷിനെ ആ ബുക്ക്‌ ഏല്‍പ്പിച്ചു. രജിസ്റ്ററില്‍ നോക്കി വാസുമാഷ് അവിടേയും തന്നെ പൊക്കി.. മറ്റുള്ളവരുടെ മുന്നില്‍ താന്‍ തെറ്റുക്കാരനായി മാറുമ്പോഴും അവന്‍ ഒരക്ഷരംക്കൊണ്ട് പോലും അതൊന്നും തിരുത്തിയില്ല. താനും ആരോടും ഒന്നും പറഞ്ഞില്ല. കാരണം, അവന് വഴക്കു കേള്‍ക്കുന്നത് തനിക്ക് ഒരിക്കലും സഹിക്കാനാവുമായിരുന്നില്ല.
പിന്നീട് കോളേജില്‍ നിന്ന്‍ വിനോദയാത്ര പോയപ്പോള്‍, എല്ലാവരുടേയും കണ്ണുവെട്ടിച്ച്‌ മദ്യപിച്ചുക്കൊണ്ടിരുന്ന അവനേയും കൂട്ടുക്കാരെയും വാസുമാഷ്‌ കയ്യോടെ പൊക്കി. അന്ന് മാഷ്‌ തന്‍റെ അടുക്കല്‍ വന്ന്‍ "നീ ഒരു തെറ്റും ചെയ്യില്ലെന്ന്‍ എനിക്കറിയാമായിരുന്നു, അന്ന് നിന്നെ അത്രയേറെ ശകാരിച്ചപ്പോഴെങ്കിലും നിനക്കൊരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ കുട്ടീ" എന്ന് പറഞ്ഞപ്പോള്‍ എന്തിനോ തന്‍റെ കണ്ണ് അറിയാതെ നിറഞ്ഞിരുന്നു.
അവനെ നേര്‍വഴിക്ക് കൊണ്ട് വരാന്‍ താന്‍ ആവുന്നതും ശ്രമിച്ചു. രോഗിയായ അവന്‍റെ അമ്മയ്ക്ക് അവനല്ലാതെ വേറെ ആരുമില്ലെന്ന് ഓര്‍മ്മിപ്പിച്ചു, തന്‍റെ ഉപദേശങ്ങള്‍ അവനെ കുപിതനാക്കി, ചിലപ്പോള്‍ വഴക്കിട്ടു. പലപ്പോഴും താന്‍ അവന്‍റെ[ ശത്രുവായി. അച്ഛന്‍റെ അസുഖം മൂലം താന്‍ പാതിവഴിയില്‍ പഠിപ്പ് ഉപേക്ഷിച്ചു. അച്ഛന്‍റെ തൊഴില്‍ത്തന്നെ ഉപജീവനമാര്‍ഗ്ഗമായി തെരഞ്ഞെടുത്തു. എങ്കിലും അവന്‍റെ പഠിപ്പ് മുടങ്ങാന്‍ താന്‍ സമ്മതിച്ചില്ല. തന്നാലാവും വിധം താന്‍ അവനെ സഹായിച്ചുക്കൊണ്ടിരുന്നു.
ഒടുവില്‍ പഠനം പൂര്‍ത്തിയാക്കി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് ആയി അവന് വിദേശത്ത് ജോലി കിട്ടി. വിദേശത്തേക്ക് പോവാന്‍ കാശില്ലാതെ ബുദ്ധിമുട്ടിയ അവന്, മീനുവിന്‍റെ കഴുത്തിലെ മാല അവള്‍ ഊരിക്കൊടുത്തു. മോളേ, നിനക്ക് ആകെയുള്ളത് ഇതുമാത്രാ, അത് കൊടുക്കണോ?" എന്ന്‍ തടസ്സം പിടിച്ച അമ്മായിയോട് " അതേയ് ന്‍റെ കുഞ്ഞേട്ടന് ശമ്പളം കിട്ടട്ടെ, അപ്പൊ ന്‍റെ കുഞ്ഞേട്ടന്‍ എനിക്ക് നല്ല വജ്രം പതിച്ച മാല വാങ്ങിത്തരും" എന്ന്‍ കളിയായി പറഞ്ഞു അവള്‍.
അവന്‍റെ ജീവിതം മെല്ലെ പച്ചപ്പിടിച്ചു. പുതിയ വീട് പണിതു. കാറ് വാങ്ങി. അവന് പുതിയ കൂട്ടുകാരെ കിട്ടി. അവര്‍ കൂടെ ഉള്ളപ്പോള്‍ തന്നോട് മിണ്ടാന്‍ അവന്‍ വിമുഖത കാണിച്ചു. ആരും ഇല്ലാത്തപ്പോള്‍ സൗഹൃദത്തോടെ പെരുമാറി. അവന്‍റെ നിലയ്ക്കും വിലയ്ക്കും കൂലിപ്പണിക്കാരനായ താന്‍ ചേരില്ല എന്ന്‍ അവന്‍റെ പ്രവര്‍ത്തികളില്‍ സ്പഷ്ടമായിരുന്നു. പലതും താന്‍ കണ്ടില്ലെന്ന്‍ നടിച്ചു. നാട്ടില്‍ വരുമ്പോള്‍ തന്നെ കാണുകയോ വിളിക്കുകയോ ചെയ്തില്ല. മീനുവിന്‍റെ കല്ല്യാണത്തിന് ക്ഷണിച്ചപ്പോള്‍ ലീവ് ഇല്ലെന്ന കാരണം പറഞ്ഞു.
ഒടുവില്‍ തയ്യല്‍പണിക്കാരന്‍റെ മൂന്നുപെണ്മക്കളില്‍ മൂത്തവളെ തന്‍റെ ജീവിതത്തിലേക്ക് ചേര്‍ത്തപ്പോള്‍ താന്‍ എന്നെന്നേക്കുമായി തരംതാഴ്ത്തപ്പെട്ടു എന്ന്‍ മനസ്സിലായത്‌ തന്‍റെ വിവാഹസമയത്ത് അവന്‍ നാട്ടിലുണ്ടായിരുന്നില്ല എന്ന കള്ളത്തിന്‍റെ നിജസ്ഥിതി വെളിവായപ്പോഴാണ്.
"ഇതെന്തുപറ്റി ന്‍റെ വല്ല്യേട്ടന്. അമ്പലത്തില്‍ നിന്ന് വന്നപാടെ കിടക്കുവാണോ?". ചോദ്യം കേട്ട് കിഷോര്‍ തല ഉയര്‍ത്തി. ഒട്ടും പ്രതീക്ഷിക്കാതെ തന്‍റെ മുന്നില്‍ മീനുവിനെ കണ്ട അയാള്‍ ഒന്ന് അമ്പരന്നു. അയാള്‍ക്കവള്‍ മീനുവല്ല, കിലുക്കാംപെട്ടിയാണ്. കളിയും ചിരിയും ബഹളവുമായി തന്‍റെ പുറകെ ചിണുങ്ങിക്കൊണ്ട് നടക്കുന്ന കിലുക്കാംപെട്ടി. കല്ല്യാണം കഴിഞ്ഞ് അവള്‍ നന്ദന്‍റെ വീട്ടിലേക്കു പോയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ആ വീട് ഉറങ്ങിപോയി. അവളുടെ വല്ല്യേട്ടാ എന്നുള്ള വിളി കേള്‍ക്കാന്‍ കൊതിച്ച് എത്രയോ രാത്രികളില്‍, മുറ്റത്തെ മാവിന്‍ക്കൊമ്പില്‍ അവള്‍ക്കായി താന്‍ കെട്ടികൊടുത്ത ഊഞ്ഞാലിനരികെ സങ്കടപ്പെട്ട് ഇരുന്നിട്ടുണ്ട്.
പിന്നീട് മായ തന്‍റെ ജീവിതത്തിലേക്ക് വലതുകാല്‍ വച്ച് കയറിയപ്പോഴാണ് കുറച്ചെങ്കിലും ആ വീട്ടില്‍ ആളനക്കമുണ്ടായത്. എത്രയോ ദിവസങ്ങള്‍ മീനുവിനെ കാണുവാനായി താന്‍ കൊതിച്ചു. എന്നിട്ടിപ്പോള്‍ തന്‍റെ കണ്മുന്നില്‍ വന്നിട്ടും തനിക്ക് സന്തോഷിക്കാനാവുന്നില്ലല്ലോ എന്നയാള്‍ സങ്കടപ്പെട്ടു. അവളോട്‌ എന്ത് ചോദിക്കണമെന്നറിയാതെ അയാള്‍ മൗനം പാലിച്ചു. "എന്താ വല്ല്യേട്ടാ, പനിയുണ്ടോ? ഏട്ടന്‍ വല്ലാതിരിക്കുണൂലോ". അവള്‍ അയാളുടെ നെറ്റിയില്‍ കൈ വച്ചു.
"ഒന്നൂല്ല്യാ മീനു". അയാളുടെ കണ്‍കോണില്‍ ചെറിയ നനവ്‌ പടരുന്നത്‌ അവള്‍ കണ്ടു. "ഇല്ല, എന്തോ ഉണ്ട്. എന്നോട് പറയില്ലേ ഏട്ടാ?" അവള്‍ ചോദിച്ചു. അയാള്‍ ഒന്നും മിണ്ടിയില്ല. "ഏട്ടന്‍ സങ്കടപ്പെട്ടിരിക്കുന്നത് മീനൂന് ഇഷ്ട്ടല്ലാന്ന്‍അറിയില്ലേ. ഇങ്ങനെയാണെങ്കില്‍ ഞാന്‍ നന്ദേട്ടന്‍റെ വീട്ടിലേക്ക് തിരിച്ചു പോവാ". അതുകേട്ടുക്കൊണ്ടാണ് മായ റൂമിലേക്ക്‌ വന്നത്. "എന്താ കിച്ചുവേട്ടാ? ഞാനും ശ്രദ്ധിച്ചു. അമ്പലത്തിലേക്ക് നല്ല ഉത്സാഹത്തോടെ പോയ ആള്‍ക്ക് ഇതെന്തുപറ്റി?". ഒടുവില്‍ അയാള്‍ മടിച്ചുമടിച്ച് പറഞ്ഞു. "ഞാന്‍ ഇന്ന് വിനോദിനെ കണ്ടു".
"എന്നിട്ടെന്താ കുഞ്ഞേട്ടന്‍ ഇങ്ങോട്ട് വരാതിരുന്നെ?. ഞാന്‍ ഇവിടുണ്ടെന്നറിഞ്ഞാല്‍ ന്‍റെ കുഞ്ഞേട്ടന്‍ ഓടി വരും". മീനു മായയോട്‌ പറഞ്ഞു. "ഇല്ല മീനു, നിന്‍റെ കുഞ്ഞേട്ടന്‍ ഇനി വരില്ല. അവനെ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്". കിച്ചുവിന്‍റെ സ്വരം ഇടറി. കഥയൊന്നുമറിയാതെ രണ്ടാളും കിച്ചുവിനെ നോക്കി.
നിനക്കറിയാലോ മീനു, ന്‍റെ കല്യാണം ശരിയായപ്പോഴും കുട്ടന്‍റെ കല്യാണം ശരിയായില്ലല്ലോ എന്ന ആധിയിലായിരുന്നു നമ്മുടെ അമ്മ. അവന് വേണ്ടി മംഗല്ല്യപൂജ നടത്താന്‍ അമ്മ പറഞ്ഞിട്ടാണ് ഞാന്‍ ഇന്ന്‍ അമ്പലത്തിലേക്ക് പോയത്. അവിടെ ചെല്ലുമ്പോള്‍ ഏതോ കല്ല്യാണപാര്‍ട്ടിക്കാരുടെ തിക്കും തിരക്കുമായിരുന്നു. "ഏതായാലും ചെക്കന്‍റെ ഭാഗ്യം, നല്ല ഒന്നാന്തരം ഡോക്ടറെയല്ലേ കിട്ടിയിരിക്കുന്നത്. കാണാനും സുന്ദരി, ഡോക്ടര്‍മാരുടെ ഒരേയൊരു മോള്. പ്രേമിച്ചു കെട്ടുകയാണെങ്കില്‍ ഇങ്ങനെ കെട്ടണം. എത്ര പവനാ സ്ത്രീധനമായി കിട്ടിയിരിക്കുന്നത്". കൂടി നിന്നവരില്‍ ഒരു സ്ത്രീ പറയുന്നത് കേട്ടാണ് ഞാന്‍ കല്ല്യാണചെക്കനേയും പെണ്ണിനേയും നോക്കിയത്. അത് അവനായിരുന്നു മീനു, നിന്‍റെ കുഞ്ഞേട്ടന്‍....
"കുഞ്ഞേട്ടനോ...?" അവള്‍ അറിയാതെ ചോദിച്ചു. അയാള്‍ അതുവരെയുള്ളകാര്യങ്ങള്‍ അവരോട് പറഞ്ഞു. കരച്ചിലിന്‍റെ വക്കോളമെത്തിനില്‍ക്കുന്ന കിച്ചുവിനെയും മീനുവിനെയും എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ മായ കുഴങ്ങി. കരയാന്‍ തുടങ്ങിയ മീനുവിനോട് അയാള്‍ പറഞ്ഞു. "കരയരുത് മോളെ, നീ കരഞ്ഞാല്‍ അമ്മ എല്ലാം അറിയും. അമ്മയ്ക്ക് ഒരിക്കലും ഇത് സഹിക്കാനാവില്ല". അയാള്‍ പറഞ്ഞു തീര്‍ന്നതും പുറത്തുനിന്ന് ഒരു തേങ്ങല്‍ കേട്ടു. കിച്ചു വേഗം അങ്ങോട്ട്‌ ചെന്നു. അവിടെ അമ്മ നില്‍പ്പുണ്ടായിരുന്നു. അയാള്‍ അമ്മയെ ആശ്വസിപ്പിക്കുന്നതിനു മുന്‍പേ അവര്‍ അയാളെ തന്‍റെ മാറോട് ചേര്‍ത്തുപിടിച്ചു.
"സാരല്ല്യ മോനേ, എനിക്ക് സങ്കടമൊന്നുമില്ല. അവന്‍ എന്നെങ്കിലും നമ്മളെ തേടി വരും. നമ്മുടെ സ്നേഹം കാണാതെ പോവാന്‍ പറ്റ്വോ അവന്. ന്‍റെ കുട്ടി ഒരിക്കലും വിഷമിക്കരുത് ട്ടോ". അവര്‍ അയാളുടെ നെറുകയില്‍ തലോടി. ആ തലോടലില്‍ തന്‍റെ ഹൃദയത്തിലെ ഭാരം മുഴുവന്‍ അലിഞ്ഞിലാതാവുന്നത് അയാള്‍ അറിഞ്ഞു....!!

melby
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo