Slider

മീനാക്ഷി

0

"എന്‍റെ ബീജമിപ്പോള്‍ ത്രസിക്കുന്നത് നിന്‍റെ ഗര്‍ഭാശയത്തിലൊരു പറുദീസ പണിയാനാണ് പെണ്ണേ.."
കേട്ടപ്പോള്‍ ആദ്യമൊന്ന് ഞെട്ടിത്തരിച്ചെങ്കിലും എന്‍റെ പ്രണയാഭ്യാര്‍ത്ഥന ഇക്ക സ്വീകരിച്ചണ് ഈയൊരു എഴുത്തിലൂടെയായിരുന്നു...!
ഒന്നുരണ്ടാവര്‍ത്തി വായിച്ചപ്പോള്‍ ഇക്കാന്‍റെ കുസൃതിയും കുറുമ്പും സ്നേഹവും ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ഈ ഒരൊറ്റ വാചകത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന് തോന്നി..
തോന്നലല്ല.. അതങ്ങിനെത്തന്നെയായിരുന്നു..
ഇക്ക എന്നെയും സ്നേഹിച്ചിരുന്നു.. ജീവനോളം..!
അക്ഷരങ്ങള്‍ ആദ്യമായി കോര്‍ത്തു വെക്കാന്‍ പഠിച്ചതു മുതലേ വായനയോടെനിക്ക് വല്ലാത്തൊരു ഭ്രമമായിരുന്നു.. ഇക്കാന്‍റെ എഴുത്തുകളിലൂടെ ആ ഭ്രമം പ്രണയമായി മാറിയതെന്നാണെന്നറിയില്ല..!
എന്നാല്‍ എഴുത്ത് കണ്ടിട്ടൊന്നുമല്ല.. അതിന് മുമ്പേ ഒരു ഭ്രാന്ത് എനിക്കിക്കയിലുണ്ടായിരുന്നു...
മീനാക്ഷി.. അതാണെന്‍റെ പേര്..!
മീനുക്കുട്ടിയുടെ കുസൃതിയായിട്ടോ അല്ലെങ്കില്‍ വെറുമൊരു വിഭ്രാന്തിയായിട്ടോ ആയിരിക്കും നിങ്ങളിത് കാണുന്നത്...! അതങ്ങനെയല്ലെന്ന് തെളിയിക്കാന്‍ നിക്ക് നിശ്ചയല്ലാത്തോണ്ട് നിങ്ങളത് സ്വയം അറിയുന്നതാവും നല്ലത്..!
ഷാഹിക്കാനെക്കുറിച്ച് ഞാന്‍ പറഞ്ഞില്ല അല്ലേ..?
ചെറുപ്പം മുതലേ ഞങ്ങളൊരുമിച്ചായിരുന്നു..!
അഞ്ചാം തരത്തില്‍ പഠിക്കുമ്പഴാ വീടുമാറി അച്ചനും അമ്മേം ഞാനും കൂടി ഷാഹിക്കാന്‍റെ വീടിനടുത്ത് ഒരു കൊച്ചു വീടു വെച്ചത്...! അന്ന് ഷാഹിക്ക ആറാം തരത്തിലായിരുന്നു.. എനിക്കവിടെ കുട്ടുകാരികളാരുമില്ലാത്തോണ്ട് ഇക്കയായിരുന്നു എന്‍റെ എല്ലാം..!
അങ്ങനെ പറഞ്ഞാല്‍ നിങ്ങള്‍ മീനുക്കുട്ടിയെ തെറ്റിദ്ധരിക്ക്വോന്നറിയൂല..! ഇനിയൊട്ട് ധരിച്ചാലും നിക്കൊട്ടും എതിര്‍പ്പില്ല..!
പുതിയ സ്കൂളിലേക്ക് ഇക്കാന്‍റെ കൂടെയായിരുന്നു പോയിരുന്നത്..!
എന്നെ ഒത്തിരി ഇഷ്ടാ ഇക്കാക്ക്..
എന്നും ക്ലാസ് വിട്ട് വരുമ്പം രാമേട്ടന്‍റെ പറമ്പിലെ കാട്ടാമ്പാഴങ്ങ പറിച്ച് തരും.. അതിന്‍റെ കണ്ണടപ്പിക്കുന്ന പുളിപ്പും കൂട്ടിന് വിളിച്ചാട്ടോ വീടിന്‍റെ ഉമ്മറപ്പടി കയറുന്നത്..!!
ഇത്രേം നല്ല കൂട്ടുകാരനോടെങ്ങനാ പ്രണയം തോന്നാ..? അതും ചെറുപ്പം മുതലേ ഒരുമിച്ച് കളിച്ച് വളര്‍ന്നിട്ടും..!
എന്നു ചിന്തിക്കുന്നുണ്ടാവും ലേ..?
മീനുക്കുട്ടി ചീത്തയൊന്നും അല്ലാ ട്ടോ..!
മറ്റുകൂട്ടുകാരികളാരും ഇല്ലാത്തതോണ്ടും പുറത്തധികം ഇടപഴുകാന്‍ അച്ചനും അമ്മേം സമ്മതിക്കാത്തോണ്ടും ക്ലാസില്ലാത്തപ്പഴൊക്കെ ഷാഹിക്കാടെ വീട്ടിലായിരുന്നു ഞാന്‍..!
ഇക്കാന്‍റെ ഉമ്മൂമ്മക്ക് എന്തോരം കഥകളറിയാന്നോ... ഞാനും ഇക്കയും കൂടി അതൊക്കെ കേട്ടോണ്ടിരിക്കും..!
കഥ പകുതിയാവുമ്പഴേ..
"വേറെ കഥ പറഞ്ഞു താ ഉമ്മൂമ്മാ.."
എന്നും പറഞ്ഞ് ഞാന്‍ ശാഠ്യം പിടിക്കുമ്പം ന്‍റെ കൈത്തണ്ടയില്‍ ഒരു നുള്ളും തന്ന് പറഞ്ഞ കഥ മുയുമനാക്കാന്‍ ഷാഹിക്ക വാശി പിടിക്കും..!
എട്ടാം തരത്തില്‍ പഠിച്ചപ്പം ഒരു വൈകുന്നേരം ഞാനാകെ പേടിച്ചിട്ടാ ക്ലാസ് വിട്ട് അമ്മേടടുത്ത് ചെന്നത്..!
ഇക്കാനെക്കൂട്ടാതെ വീട്ടിലേക്ക് മടങ്ങിയതിന് അന്നിക്ക എന്നോട് പിണങ്ങിയിരുന്നു..!
അസഹ്യമായ വേദനയും ഒരു മുറിവ് പോലുമില്ലാതെ ഉടുപ്പിലപ്പാടെയായ ചോരയും കണ്ട് ഞാനാകെ പേടിച്ചു...!
എന്തുണ്ടായാലും ഇക്കാനോട് പോയ് പറയുന്ന ഞാന്‍ അന്നെന്തോ ഇക്കാര്യം പറഞ്ഞില്ല.. അതിനെനിക്ക് കഴിഞ്ഞില്ല..!!
വീട്ടിരെത്തിയപ്പം കാര്യമറിഞ്ഞ അമ്മയാ പറഞ്ഞെ മീനുകുട്ടി വല്യ കുട്ടിയായീന്നും ഇനിയങ്ങിനെ പുറത്തിറങ്ങി നടക്കാന്‍ പറ്റൂലാന്നും..!
പക്ഷെ.. നിക്ക് ഇക്കാടെ വീട്ടില്‍ പോവണമായിരുന്നു.. സ്കൂളില്‍ നിന്ന് കൂട്ടാതെ പോന്നതിന് ഇക്കാനോട് മാപ്പ് പറയണമായിരുന്നു..!
"അമ്മേ.. ഞാന്‍ ഇക്കാടെ വീട് വരെ ഒന്ന് പോയ് വരട്ടേ..?"
"ഏയ്.. ഇനിയതൊന്നും പറ്റൂല..
മീനു വല്യകുട്ടിയാ.. ആണ്‍കുട്ട്യോളോട് ആദ്യത്തെ പോലെ അങ്ങനെ ചങ്ങാത്തം കൂടാനൊന്നും പാടൂല..! അടങ്ങി ഇരുന്നോ അവിടെ.."
അന്ന് മുതല്‍ കളിപറയാനും പിണങ്ങാനും ഇണങ്ങാനും എനിക്കാകെയുണ്ടായിരുന്ന ഇക്കയും എനിക്ക് നഷ്ടപ്പെട്ട പൊലെ..!
ഞാന്‍ കൂട്ടിലായ കിളിയെപ്പോലെയായിരുന്നു..!
ജനാല തുറന്നിട്ടാല്‍ ഇക്കാന്‍റെ വീടു കാണാം... ഇടക്കെപ്പഴെങ്കിലും ഇക്കാനേം കാണാമായിരുന്നു..!
അതോടെ എട്ടാംതരത്തില്‍ എന്‍റെ പഠിപ്പും നിര്‍ത്തി..!
ഇക്കാനെ പിരിഞ്ഞിരുന്നിട്ട് നാളുകളേറെയായിട്ടും ഒരിക്കല്‍ പോലും ഇക്കാക്കെന്നെ തിരിഞ്ഞ് നോക്കാന്‍ തോന്നീലല്ലോ എന്ന സങ്കടം നിക്കിപ്പഴൂണ്ട്..!
അച്ചനും അമ്മേം ന്നെ പുറത്തെങ്ങും വിടാത്തോണ്ടല്ലേ.. ഇക്കാക്ക് ഇങ്ങോട്ടും വരാലോ..!
വരൂല.. വാശിക്കാരനാ..! അന്ന് പറയാണ്ട് ക്ലാസ് വിട്ട് ഒറ്റക്ക് വന്നതിനുള്ള വാശി തീര്‍ക്കുവായിരിക്കും..!
ഇങ്ങോട്ട് വന്ന് മിണ്ടാത്ത ആളോട് അങ്ങോട്ടും മിണ്ട്ണില്ല..!
വാശി നിക്കൂം ണ്ടെന്ന് ഉറപ്പിച്ചെങ്കിലും രണ്ട് ദിവസം പോലും ആ വാശീം പിടിച്ച് ഇക്കാനെ കാണാണ്ടിരിക്കാന്‍ നിക്ക് കഴിഞ്ഞില്ല..!
ജനാല തുറന്നു..! ഇക്കാന്‍റെ വീട്ടിലേക്ക് കണ്ണുനട്ടിരുന്നു..!
സന്ധ്യാ വിളക്കു വെക്കാന്‍ ഒന്നുരണ്ട് നാഴികകൂടി ബാക്കിയുള്ളോണ്ട് വെയില്‍ നേരെ വന്ന് പതിക്കുന്നത് ന്‍റെ മുറിയിലേക്കായിരുന്നു..!
ഒരു പൊട്ടിയ കണ്ണാടിച്ചില്ലെടുത്ത് ആ വെയിലിനു നേരെപ്പിടിച്ച് ഇക്കാന്‍റെ വീട്ടിലോട്ട് വെളിച്ചം തിരിച്ചു വിട്ടു..!
ന്‍റെ ഉണ്ണിക്കണ്ണനെ ധ്യാനിച്ച്..!
മീനുക്കുട്ടീടെ പ്രാര്‍ത്ഥന തെറ്റിയില്ല..!
വെയില്‍ വന്ന ഭീംബം പതിച്ചത് നേരെ ഷാഹിക്കാന്‍റെ മുഖത്തായിരുന്നു..!!
കാര്യമെന്താന്നറിയാതെ തിരിഞ്ഞുനോക്കിയ ഇക്ക ജനലഴിക്കിപ്പുറം എന്നെ കണ്ടെന്നു തോന്നുന്നു.!
വന്നു.. ജനലഴി വരെ..!
"മീനുക്കുട്ടീ... ഇയ്യെന്താ ക്ലാസിന് വരാത്തേ.. വീട്ടീക്കും വരാറില്ലാലോ..!"
"അപ്പൊ ഷാഹിക്ക മീനുക്കുട്ടിയോട് പിണക്കത്തിലല്ലേ..?"
"പിണക്കത്തിലോ.. എന്തിന്..?"
"അന്ന്.. അന്ന്.. ഇക്കാനോട് പറയാണ്ടെയല്ലെ ഞാന്‍ ക്ലാസ് വിട്ട് വന്നേ.."
"ഓഹ് അതോ.. സത്യം പറഞ്ഞാല്‍ അന്നെനിക്ക് മീനൂനോട് ഒത്തിരി ദേഷ്യോണ്ടായിരുന്നു..
കാര്യം ചോയിക്കാന്‍ അന്ന് തന്നെ ഞാന്‍ ഈടെ വന്നീര്‍ന്നല്ലോ..
മീനാക്ഷി സുഖല്ലാണ്ട് കിടക്കാണ്.. ഇപ്പം കാണാന്‍ പറ്റൂലാന്ന് നിന്‍റെ അച്ഛന്‍ പറഞ്ഞപ്പം ഞാന്‍ മടങ്ങിപ്പോയി.. അല്ലാണ്ട് മീനുക്കുട്ടിയോട് നിക്കൊരു ദേഷ്യോല്ല...! അല്ല.. എന്താ മീനൂന് പറ്റിയേ.. എന്താ അസുഖം.??"
"ഞാന്‍ വല്യ കുട്ടിയായത്രേ...അതോണ്ടാ എന്നെ സ്കൂളില്‍ പോലും വിടാത്തേ.."
"വല്യ കുട്ടി ആയീന്നോ.. ഒറ്റ ദിവസം കൊണ്ടോ.. അന്ന് കണ്ട മീനുക്കുട്ടിതന്നെയാണല്ലോ ഇപ്പം ന്‍റെ മുമ്പീ നിക്കുന്നതും.. നിക്കൊരു മാറ്റോം തോന്ന്ണില്ലാലോ.."
ഷാഹിക്കാന്‍റെ സംശയത്തിനു മറുപടി കൊടുക്കാന്‍ നിക്കായില്ല..!
എങ്ങനാ പറയാ... ദൈവേ..!
"എന്താ ഒന്നും മിണ്ടാത്തേ..?"
"ഒന്നൂല്ല.."
"ആഹ്.. പിന്നെ.. ഞാന്‍ നാളെ മദിരാശിയിലോട്ട് പോവാ.. അവിടെ താമസിച്ച് പഠിക്കാന്‍.. അപ്പം ഇനി ഈ അടുത്തൊന്നും നമ്മള്‍ തമ്മില്‍ കാണൂലാ ട്ടോ.."
"മദിരാശിയോ..? അതൊത്തിരി ദൂരെയല്ലേ..!"
"ആണ്.. പക്ഷെ. പോയേ പറ്റൂ...! പഠിച്ച് വല്യ ആളാവണം.. ന്നിട്ട് ജയന്‍റേം നസീറിന്‍റേം പോലെ അടിപൊളിയായി തിരിച്ച് വരണം..!
വീടിന്‍റെ ഓലമാറ്റി ഓടിടണം.. പാണ്ടിക്കാട് പാടത്ത് സിനിമാ കളിക്കുന്നുണ്ടെന്നു കേട്ടു..! വലിയ തുണിയില്‍ ജയനേം നസീയിനേം ഒക്കെ വലുതായി കാണാന്‍ കയ്യുമത്രെ അവിടെ.."
ഭാവിയെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും ഷാഹിക്ക വാ തോരാതെ ഒരുപാട് പറഞ്ഞെങ്കിലും അതൊന്നും ഞാന്‍ കേട്ടില്ല..! ഷാഹിക്ക ദൂരെ നാട്ടിലേക്ക് പോവാന്ന് കേട്ടപ്പം ഹൃദയം പിടച്ച പോലെ..!
അത് പുറത്ത് കാണിക്കാതെ വാക്കുകള്‍ ഇടര്‍ത്തിവീഴ്ത്തി പറഞ്ഞു..!
"മ... മദിരാശിയിലെത്തിയാല്‍ എഴുത്തെഴുത്വോ മീനുക്കുട്ടിക്ക് വേണ്ടി..."
പറയരുതേ എന്ന് മനസ്സാക്ഷി പറഞ്ഞെങ്കിലും എന്തോ.. പറഞ്ഞ് പോയി.. അന്ന്.. ആ നിമിഷം മുതലാവാം ഷാഹിക്ക എന്‍റെ ജീവിതത്തില്‍ മറ്റെന്തെക്കെയോ ആണെന്നൊരു തോന്നല്‍ എനിക്കുണ്ടായത്..!
അതിന് പ്രണയമെന്ന് നിര്‍വചിക്കാനാവുമോ എന്നൊന്നും എനിക്കറിഞ്ഞൂടാ.. ഒന്നറിയാം.. അന്നാദ്യമായി.. ആ കാര്യം പറഞ്ഞപ്പോള്‍ ഞാനാകെ വിയര്‍ത്തിരുന്നു...
അതു കേട്ട് ഒരല്‍പ നിമിഷം ഇക്ക എന്നോടൊന്നും മിണ്ടാതിരുന്നു.. മുഖത്ത് ചെറിയൊരു പുഞ്ചിരി വിടര്‍ന്നുരുന്നു...
"എഴുതാം.." എന്നു മാത്രം പറഞ്ഞുകൊണ്ട് ഇക്ക തിരിഞ്ഞ് നടന്നു..!
പ്രണയത്തിന് പ്രതീക്ഷകളൊരുപാട് വില കല്‍പ്പിക്കുന്നത് കൊണ്ട് അന്നു മുതല്‍ ഓരോ രാവും പകലിനു വേണ്ടി എരിഞ്ഞമരുമ്പോള്‍ ഇക്കാന്‍റെ ഒരെഴുത്തിനു വേണ്ടി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഞാന്‍..!!
മാസം ആറു കഴിഞ്ഞിട്ടും ഒരെഴുത്ത് പോലും വന്നില്ല..! എന്നെപ്പോലെ വായനയില്‍ തല്‍പരനായ അച്ഛന്‍ മലയാളം മാസിക വീട്ടില്‍ വരുത്താറുണ്ടായിരുന്നു..!
യാതൃശ്ചികമായിട്ടായിരുന്നു അന്നൊരു ഞായറാഴ്ച ഞാനാ കവിത മാസികയില്‍ കണ്ടത്..!
//"തിരിഞ്ഞുനോട്ടം.."
ഷാഹില്‍ കൊടശ്ശേരി എഴുതുന്നു..//
ആദ്യമായ് ഇക്കാന്‍റെ എഴുത്ത് അച്ഛടി മഷി പുരണ്ട് കണ്ട സന്തോഷത്തേക്കാളുപരി എന്നെ കൂടുതല്‍ വേദനിപ്പിച്ചത് ഒരെഴുത്തു പോലും നിക്ക് വേണ്ടി ഇക്ക തപാലിലിട്ടില്ലാ എന്നറിഞ്ഞപ്പൊഴായിരുന്നു..
അത് മുഴുവന്‍ വായിക്കാന്‍ കൂട്ടാക്കാതെ മുറിയില്‍ പൊയി മലര്‍ന്നു കിടന്നു..
സാരോല്യ.. പ്രതീക്ഷകളിനിയുമുണ്ടല്ലോ..!
പൂജാമുറിയില്‍ പോയി ഉണ്ണിക്കണ്ണനോട് കരഞ്ഞു പറഞ്ഞു..!
എഴുത്തിലൂടെയെങ്കിലും എന്‍റെ ഇക്കാന്‍റെ സാമീപ്യത്തിന് വേണ്ടി..!
മീനാക്ഷിക്കുട്ടീടെ പ്രാര്‍ത്ഥന കണ്ണന്‍ കേട്ടു..
അന്നേക്ക് മുപ്പതാം ദിവസം അച്ചനെനിക്കൊരു കത്തുകവര്‍ കൊണ്ടുതന്നു..!
"നിനക്കാ.."
ഉത്ഗണ്ഢയും സന്തോഷവും ആവോളമാസ്വദിച്ച് ഞാനാ എഴുത്തുകളിലൂടെ കണ്ണോടിച്ചു...!
"എന്‍റെ മീനുക്കുട്ടിക്ക്....
ഒരെഴുത്തെഴുതാന്‍ നീ അന്ന് ഇക്കാനോട് പറഞ്ഞത് മറന്നിട്ടില്ല..! എഴുതിയിരുന്നു..
നീയത് വായിച്ചിട്ടുണ്ടാവും എന്നായിരുന്നു എന്‍റെ പ്രതീക്ഷ.. കഴിഞ്ഞ ഒരു മാസം നിന്‍റെ മറുപടിക്ക് വേണ്ടി കാത്തിരുന്നിട്ടും കിട്ടാത്തോണ്ടാ വീണ്ടുമീ എഴുത്ത്..!
അന്നു നിനക്ക് വേണ്ടി എഴുതിയത് ഇതൊടൊപ്പം വെക്കുന്നു...
സസ്നേഹം ഷാഹിക്ക.."
ഇതിനു മുമ്പ് കത്തൊന്നും വന്നില്ലല്ലോ എന്ന് നിനച്ച് കവറിനുള്ളില്‍ ഒന്നൂടെ നോക്കിയപ്പം കണ്ടത് കഴിഞ്ഞ മാസത്തെ മലയാളം മാസികയില്‍ അച്ചടിച്ചു വന്ന ആ കവിതയായിരുന്നു..
*തിരിഞ്ഞുനോട്ടം..*
ഇടതൂര്‍ന്ന് നില്‍ക്കുന്ന
വൃക്ഷക്കൂട്ടങ്ങള്‍ക്കിടയിലെ
ഒരിത്തിരി വെട്ടം പോലും
തന്‍റെ നിഴലുകളിലേക്ക്
തിരിഞ്ഞു നോക്കാറുണ്ട്..!
നീയും നീയായ് പെയ്ത
പേമാരിയും നിന്‍റെ പ്രതീക്ഷകളും
ഒരു തിരിച്ചറിവായ് കണ്ടതാവാം
കാലമെന്നെ
നിന്നിലേക്കടുപ്പിക്കുന്നതും..!
പ്രണയത്തിന് പ്രതിച്ഛായകളില്ല..
പ്രതീക്ഷകളേയൊള്ളൂ..
അതിലൂടെ നീ എനിക്കുപകര്‍ന്ന
അനുപൂതിയുടെ കണ്ണുകളിലൂടെയുള്ള
തിരിഞ്ഞുനോട്ടവും..!
എന്‍റെ മീനുക്കുട്ടിക്ക്.. സ്വന്തം ഷാഹിക്ക..!!
അന്ന്.. ആ കവിത പൂര്‍ണമായും വായിക്കാത്തതിന്‍റെ കുറ്റബോധം പിന്നീടാണെനിക്ക് മനസ്സിലായത്..!
ഒരുപാട് സന്തോഷത്തോടെ സ്വന്തത്തോടെന്ന പോലെ.. ഒരു മറുപടി ഇക്കാക്കെഴുതി..!
അതില്‍ എന്‍റെ ഒരു കൊച്ചു ആഗ്രഹവും എഴുതിച്ചേര്‍ത്തിരുന്നു..
"മീനുക്കുട്ടി വല്യ കുട്ടിയായപ്പം അച്ചനും അമ്മേം എന്തോരം സമ്മാനങ്ങളാണെന്നൊ നിക്ക് തന്നെ..!
ഇക്കാടടുത്തീന്ന് ഒന്നും കിട്ടാത്തോണ്ട് ഒരുപാട് സങ്കടം വന്നീര്‍ന്നു..!
വിരോധല്ലെങ്കി നിക്കൊരു ധാവണി കൊണ്ടോന്നു തരോ ഷാഹിക്കാ.. ഒരു ചുവന്ന ധാവണി.. മദിരാശിപ്പട്ടണത്തില്‍ ചേലുള്ള ധാവണി എന്തോരം ഉണ്ടെന്നറിയോ.. അമ്മ പറയുന്ന കേട്ടതാ...
പ്രണയം പകര്‍ന്ന പ്രതീക്ഷകളൊടെ ഞാധാ കത്ത് തപാലിലിട്ടു..
ദിനങ്ങള്‍ക്ക് കാത്തിരിപ്പിന്‍റെ സുഖം പകരാന്‍ അതിനാവുമത്രേ..!
പക്ഷെ.. കാലമൊരുപാട് കഴിഞ്ഞിട്ടും അതിന് മറുപടിയൊന്നും വന്നില്ല..!
ജാതകപ്പൊരുത്തം നോക്കി അച്ചനെനിക്ക് കൊള്ളാവുന്ന കല്യാണാലോചനകള്‍ കൊണ്ടൊന്നെങ്കിലും കാണാന്‍ വരുന്നവരൊട് ഞാനെല്ലാം വെട്ടിത്തുറന്ന് പറഞ്ഞ് സ്വയം മുടക്കി..!
കാത്തിരിപ്പിന്‍റെ വേദനയിലും സുഖമെന്തെന്ന് പഠിപ്പിച്ച ഇക്കാക്ക് വേണ്ടി....
അന്നൊരു തിരുവോണം നാളിലായിരുന്നു കാത്തിരുന്ന് എനിക്കാ കത്തു കിട്ടിയെ..!
കത്തില്‍ ഒരൊറ്റ വാചകം മാത്രം..!
"എന്‍റെ ബീജമിപ്പോള്‍ ത്രസിക്കുന്നത് നിന്‍റെ ഗര്‍ഭാശയത്തിലൊരു പറുദീസ പണിയാനാണ് പെണ്ണേ.."
പിറ്റെന്ന് തന്നെ ഷാഹിക്ക നാട്ടില്‍ വന്നിരുന്നു..!
കയ്യിലൊരു പൊതിയും നിറഞ്ഞ പുഞ്ചിരിയുമായി എന്‍റടുത്ത് വന്നിട്ട് പറഞ്ഞു..
"ഇതാ.. നീ പറഞ്ഞ ധാവണി..!"
പ്രണയത്തിന് പ്രതിച്ഛായകളൊന്നുമില്ല എന്ന് ഇക്ക ആ കവിതയില്‍ പറഞ്ഞെങ്കിലും വെട്ടിത്തിളങ്ങുന്ന ആ ചുവന്ന ധാവണിയുടെ കറുത്ത കരകളില്‍ ഞാന്‍ കണ്ടത് വെറും പ്രതിച്ഛായകളായിരുന്നു..!
ഇന്ന് ഇക്കാടെ കല്യാണമാണ്..!
മൊഞ്ചുള്ളൊരു മുസ്ലീം പെണ്‍കുട്ടിയുമായി..!
എന്‍റെ ഇക്ക തെറ്റൊന്നും ചെയ്തിട്ടില്ല..
ഇക്കാനോട് ഞാനും..!
കുഞ്ഞുനാളിലെ കുറുമ്പുകാട്ടി മീനുകുട്ടിയെ കരയിപ്പിക്കുന്ന കുസൃതിയായ ഷാഹിക്കാനെ മാത്രമെ എനിക്കവിടെ കാണാനായുള്ളൂ..!
നായര്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മീനാക്ഷിക്ക് ഒരു മുസ്ലീംയുവാവായ ഷാഹില്‍ വിധിച്ചിട്ടില്ലെന്ന് സ്വയം സമാധാനിച്ചെങ്കിലും പ്രതിച്ഛായകള്‍ അന്യമായ ഒരെഴുത്ത് പ്രതീക്ഷിച്ച് മീനാക്ഷി ഇന്നും കാത്തിരിക്കുകയാണ്..!
ഇരുണ്ട മുറിയില്‍ കാലില്‍ വരിഞ്ഞുമുറുകിയ ചങ്ങലക്കിലുക്കത്തിലും ഒരുകത്തുകവറിന്‍റെയെങ്കിലും പ്രതിച്ഛായകളില്ലാത്ത വെട്ടത്തിന് വേണ്ടി..!!
സസ്നേഹം ഷാഹില്‍ കൊടശ്ശേരി
(കഥയും കഥാപാത്രങ്ങളും സാങ്കല്‍പികം..)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo