കസാഖ്സ്ഥാനിലെ ടെൻഗിസിലേക്കും തിരിച്ചുമുള്ള യാത്ര, അവിടെ ജോലി ചെയ്യുന്ന ഇരുപത്തിയെട്ടു ദിവസത്തെക്കാള്‍ നീളമുള്ളത് പോലെ തോന്നും. ഫ്ലൈറ്റില്‍ കിട്ടുന്ന കള്ളും മോന്തി പോരാത്തത് ബാക്കിയുള്ള എയര്‍പോര്‍ട്ടിലും കുടിച്ചു ഒരു തരം ഉന്മാദാവസ്ഥയിലുള്ള യാത്ര. അവസാനം ദുബായില്‍ നിന്നുള്ള എയര്‍ ഇന്‍ഡ്യയിലോ എമിറേറ്റ്സിലോ കയറി തിരോന്തരത്ത് വന്നിറങ്ങും. ദുബായീന്നുള്ള യാത്രയില്‍ കൂടെയുള്ള ഗള്‍ഫ് ചേട്ടന്മാരൊക്കെ കോട്ടും സ്യുട്ടും ഇട്ട് പെര്‍ഫ്യൂം ഒക്കെ അടിച്ച് ടീപ്ടോപില്‍ വന്നിരിക്കുമ്പോള്‍ മുഷിഞ്ഞ വേഷത്തിൽ പാറി പറന്ന മുടിയൊക്കെയായിട്ട് ഇരിക്കുന്ന എന്നെ വളരെ സഹതാപത്തോടെ നോക്കും.
തിരോന്തരത്തിറങ്ങിയാല്‍ പുറത്ത് മക്കളേയും ഭര്‍ത്താക്കന്മാരേയും കാത്തു നില്‍ക്കുന്നവര്‍ എന്നെ ദയനീയമായിട്ട് നോക്കിയിട്ട് മനസ്സില്‍ പറയും, പാവം പൊതു മാപ്പ് കിട്ടി വരുന്നവനായിരിക്കും.
ഗള്‍ഫ് കാരനല്ലാത്തതു കൊണ്ടോ അതോ ഓരോ ഇരുപത്തിയെട്ടു ദിവസത്തിലും വന്നു പോകുന്ന സീസണ്‍ യാത്രക്കാരനായതു കൊണ്ടോ എന്തോ, വീട്ടുകാര്‍ക്ക് വലിയമതിപ്പൊന്നുമില്ല. വണ്ടി കൊണ്ടുവരന്‍ പറഞ്ഞാലും വീട്ടീന്ന് ഒരൊഴുക്കന്‍ മട്ടിലൊരു മറുപടികിട്ടും.ലഗേജ് ഒന്നും ഇല്ലല്ലൊ? അവിടെന്നൊരു ഓട്ടോ പിടിച്ചിങ്ങ് പോരെ.കാമ്പുള്ള ചോദ്യം. വായിലല്ല, അണ്ണാക്കില്‍ തപ്പിയാലും മറുപടി കിട്ടില്ല.
അങ്ങനെയുള്ള ഒരു യാത്ര.
ഇരുപത്തിയെട്ടാമത്തെ ദിവസം രാവിലെ ഓഫീസില്‍ പോയത് തന്നെ റഷ്യന്‍ / കസാഖ് സുന്ദരിമാരോട് യാത്ര പറയാനും ഹാന്‍ഡ് ഓവര്‍ റിപ്പോര്‍ട്ട് അയക്കാനും മാത്രമാണ്. യാത്രപറയാന്‍ പോയപ്പോള്‍ ഒരുത്തിക്കു ഒരു സഹായം വേണം. തിരിച്ചുവരുമ്പോള്‍ ഒരു സാരി. സാരി മേടിച്ചാലുള്ള കോണ്‍സിക്വന്‍സിനെ കുറിച്ചു ഞാന്‍ ഒരു നിമിഷം ആലോചിച്ചു. സാരിയുമായി വീട്ടിലെത്തുമ്പോള്‍ ഭാര്യ ഉടക്കും, എന്തു കള്ളം പറയും. എന്തു പറഞ്ഞാലും അവള്‍ സി ബി ഐ യെപ്പോലെ ക്വസ്റ്റ്യന്‍ ചെയ്യും. അവസാനം സത്യമറിയുമ്പോള്‍ ആദ്യം സാരി കത്തിക്കും, പിന്നെ എന്റെ പാസ്പോര്‍ട്ട് കത്തിക്കും , അതു കഴിഞ്ഞു എന്നെ കത്തിക്കും . ഇതെല്ലാം ഓര്‍ത്ത് ഞെട്ടിയ ഞാന്‍ പെട്ടെന്ന് ആ റഷ്യക്കാരിയോടു പറഞ്ഞു,
"അയ്യൊ!! ഇപ്പോള്‍ സാരി സീസണ്‍ അല്ല. ആകുമ്പോള്‍ കൊണ്ടുവരാം".
അവള്‍ ചിണുങ്ങിക്കൊണ്ടു എന്റെ മോണിറ്ററില്‍ നിന്നും കമ്പ്യൂട്ടറിന്റെ മോണിറ്ററിലേക്ക് നോക്കി.
യാത്രപറച്ചിലും കെട്ടിപ്പിടുത്തവും ഉമ്മവയ്ക്കലും ഒക്കെ കഴിഞ്ഞു കൃത്യം പത്ത് മണിക്ക് തന്നെ ജോയിച്ചനെയും കൂട്ടി ഓഫീസില്‍നിന്നുമിറങ്ങി. താമസ സ്ഥലത്ത് എത്തിയ ഉടനെ തന്നെ ഒരു ജോഡി ഡ്രസ്സ് എടുത്ത് ബാഗിലിട്ട് ടിക്കറ്റും പാസ്പോര്‍ട്ടും ഉറപ്പ് വരുത്തി. അപ്പോഴേക്കും ജോയിച്ചന്‍ രണ്ടു വലിയ ഓറഞ്ച് ജ്യൂസ് പാക്കറ്റുമായി എത്തി. ജ്യൂസ് പാക്കറ്റിന്റെ ക്യാപ് പൊട്ടിച്ച്, ഒരു ലിറ്ററിന്റെ ജ്യൂസില്‍ നിന്നും അര ലിറ്ററോളം വാഷ് ബെയ്സിനില്‍ ഒഴിച്ചു. ഞാന്‍ അലമാര തുറന്നു ഭദ്രമായി വച്ചിരുന്ന വോഡ്ക എടുത്ത് ജോയിച്ചനെ ഏല്പിച്ചു. ജോയിച്ചന്‍ അത് രണ്ട് ജ്യൂസ് പാക്കറ്റിലേക്കും പകര്‍ന്ന് ജ്യൂസ് പാക്ക്റ്റ് നിറച്ചു സീല്‍ ചെയ്തു എന്റെ ബാഗിനുള്ളില്‍ വച്ചു. ഞാന്‍ ടച്ചിംഗിനു വേണ്ടി ഫ്രിഡ്ജില്‍ തിരഞ്ഞപ്പോള്‍ കിട്ടിയത് എന്റെ ബാക്ക് ടു ബാക്ക് ആയ കൊച്ചുകൃഷ്ണന്‍ വച്ചിട്ടുപോയ മാങ്ങാ അച്ചാര്‍ ആയിരുന്നു.
മാങ്ങ എങ്കില്‍ മാങ്ങ, അതെടുത്ത് ബാഗിലിട്ടോളു. ജോയിച്ചന്‍ പറഞ്ഞു.
പന്ത്രണ്ടര മണിക്ക് നമ്മള്‍ റൂം ചെക്കൗട്ട് ചെയ്ത് ടെംന്‍ഗിസില്‍ നിന്നും കുല്‍സാരി റെയില്‍വേ സ്റ്റേഷനില്‍ പോകാനുള്ള ബസും കാത്തിരുന്നു. കുല്‍സാരി സ്റ്റേഷനില്‍ നിന്നും വരുന്ന ബസില്‍ എന്റെ ബാക്ക് ടു ബാക്കായ കൊച്ചുകൃഷണനും, ജോയിച്ചന്റെ ബാക്ക് ടു ബാക്കായ അന്തപ്പനും വരും. അവരോടു സംസാരിച്ച് ഇരുപത്തിയെട്ട് ദിവസത്തെ റിപ്പോർട്ട് നല്‍കണമെന്നാണ് കമ്പനി റൂള്‍.
ബസു വന്നു. ജോയിച്ചന്‍ ബസിന്റെ ആണുങ്ങളിറങ്ങുന്ന മുന്നിലത്തെ വാതിലില്‍ അന്തപ്പനെ കാത്തു നിന്നു. ഞാന്‍ മെല്ലെ പിന്നിലത്തെ ലേഡിസ് ഡോര്‍ ന്റെ പുറത്തും കാത്തു നിന്നു. കൊച്ചു കൃഷ്ണന്റെ സ്വഭാവം നന്നായി അറിയാവുന്ന ഞാൻ പിന്നെ ഇവിടെ കാത്ത് നിൽക്കണം?. സുന്ദരിമാരായ പെണ്‍കുട്ടികള്‍ക്കിടയിലൂടെ കൊച്ചു കൃഷണന്‍ തള്ളിയും തലോടിയും പുറത്തേക്കിറങ്ങി.
ജോയിച്ചനും സിജു അന്തപ്പനും കാര്യമായി എന്തോ ചര്‍ച്ച ചെയ്യുന്നു എന്നുള്ളത് അവരുടെ സംസാരത്തില്‍ നിന്നും വീണ് കിട്ടുന്ന ഡി സി എസ്, ഇ എസ് ഡി, ലെവെല്‍, സെറ്റ് പോയിന്റ് എന്നീ വാക്കുകളില്‍ നിന്നും മനസ്സിലാകുന്നുണ്ട്.
കൊച്ചു കൃഷ്ണന് എന്നെ കണ്ടതും ആദ്യം ചോദിച്ചതു ഏതോ ഒരു ഇന്റെര്‍പ്രിറ്റെര്‍ സ്ഥലത്തുണ്ടോ എന്നാണ്? പിന്നെ ബാക്കിയുള്ള പെണ്‍കുട്ടികളെ കുറിച്ചായി അന്വേഷണം. ഞാന്‍ അവനെ ഒരു വിധം വര്‍ക്ക് ഡീറ്റയില്‍സ് വളരെ പെട്ടെന്ന് പറഞ്ഞു മനസ്സിലാക്കി. യാത്ര പറഞ്ഞു ഞാനും ജോയിച്ചനും ബസില്‍ കയറി.
ബസ് ടെന്‍ഗിസില്‍ നിന്നും കുല്‍സാരി ലക്ഷ്യമാക്കി നീങ്ങി. രണ്ടു മണിക്കൂര്‍ ഇനി ബസ് യാത്ര. ബസ് യാത്രയുടെ മുഷിവ് മാറ്റാനായി കസാഖ്സ്ഥാൻറെ അലിഖിത നിയമങ്ങളിലൊന്നായ "പട്ടിണി കിടന്നാലും പാട്ടു കേള്‍ക്കണം" അനുസരിച്ച് ഞാനും എന്റെ എം പി ത്രീ പ്ലെയര്‍ ഓണാക്കി ഹെഡ് ഫോണ്‍ ചെവിയില്‍ തിരുകി.
കുല്‍സാരി റെയില്‍വേ സ്റ്റേഷനുള്ളിലെ സ്പെഷ്യല്‍ പാര്‍ക്കിംഗ് ഏരിയയില്‍ ബസ് വന്നു നിന്നു. പാട്ട് കേട്ട് സുഖാമായിട്ട് ഉറങ്ങുകയായിരുന്നു എന്നെ ജോയിച്ചന്‍ വന്നു വിളിച്ചുണര്‍ത്തി. ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ട്രെയിന്‍ പുറപ്പെടും.
ട്രെയിന്‍ കുല്‍സാരി വിട്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ "ഓറഞ്ച് ജ്യൂസ്" പുറത്തെടുത്തു അല്പാല്പമായി സേവിച്ചു തുടങ്ങി. ഓറഞ്ച് ജ്യൂസും മാങ്ങാ അച്ചാറും. മറ്റു ചിലര്‍ കൊക്കോ കോള കുടിച്ചിട്ട് മുഖം കുടയുന്നു. ഇരുന്നിരുന്ന് ബോറടിച്ചവര്‍ സിഗററ്റ് വലിക്കാന്‍ സ്മോക്കിംഗ് ഏരിയായിലേക്ക് പോകുന്നു. ആറ് മണിക്കൂറത്തെ യാത്ര കഴിഞ്ഞു ട്രെയിന്‍ അത്തിറാവ് റെയില്‍വേ സ്റ്റേഷനിലെത്തി. അപ്പോഴേക്കും ഓറഞ്ച് ജ്യൂസ് ഫിനിഷ് ചെയ്തിരുന്നു. സ്റ്റേഷനു പുറത്ത് കത്തുകിടന്ന ബസില്‍ ഞങ്ങള്‍ കമ്പനി വക ക്രൂ ചെയ്ഞ്ച് ഹോട്ടലിലേക്ക് പോയി. അന്നു രാത്രി വിശേഷിച്ചൊന്നും സംഭവിച്ചില്ല.
പിറ്റേന്ന് രാവിലെ ഒന്‍പത് മണിക്കുള്ള എയര്‍ അസ്ഥാന ഫ്ലൈറ്റില്‍ തുര്‍ക്കിയിലെ ഇസ്‌താംബൂളിലേക്ക് പോകാനായി അത്തിറാവ് എയര്‍പോര്‍ട്ടിലെത്തി. ഒരു കാലിത്തൊഴുത്തിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഇമിഗ്രേഷന്‍ കൗണ്ടറില്‍ ഒരു മണിക്കൂറോളം കൊതുകു കടിയും കൊണ്ട് നിന്നതിനുശേഷം അകത്തു കടന്നു.
വിമാനം റണ്‍വേയിലൂടെ ഓടി തുടങ്ങുമ്പോളാണ് ഞാന്‍ എന്റെ ഇടതു വശത്തിരിക്കുന്ന സഹ യാത്രികരെ നോക്കുന്നത്. ഒരു പ്രായമായ സ്ത്രീയും അവരുടെ കൗമാരക്കാരിയായ മകളും. കൂടെയിരിക്കുന്നവര്‍ക്ക് ചൈനീസ് മംഗോളിയന്‍ ഫെയ്സ് കട്ട് ഇല്ലാത്തതിനാല്‍ അവര്‍ റഷ്യൻസ് ആണെന്ന് മനസ്സിലാക്കി. റഷ്യന്‍സ് മര്യാദയുള്ളവരാണ്, വിവരവും. നോട്ട് ലൈക്ക് കസക്കീസ്.
വുഡ് യു ലൈക് ടി ഡ്രിങ്ക് സംതിങ്ങ് സര്‍ - എന്ന ശബ്ദം ചെവിയില്‍ വീണപ്പോള്‍ കണ്ണുതുറക്കാതെ തന്നെ ഞാന്‍ മറുപടി പറഞ്ഞു.
യെസ്, വൈറ്റ് വൈന്‍ പ്ലീസ്.
ഞാന്‍ കണ്ണു തുറന്നു നോക്കിയപ്പോള്‍ മുന്നിലൊന്നും ഇല്ല. ശൂന്യമായ ട്രേ. അപ്പോഴാണ് ഒരു സത്യം ഞാന്‍ മനസ്സിലാക്കിയത്, എയര്‍ ഹോസ്റ്റസ് ചോദിച്ചതു എനിക്ക് മുന്നിലിരിക്കുന്ന യാത്രികനോടായിരുന്നു.
തീറ്റയും കുടിയും ഒക്കെ കഴിഞ്ഞപ്പോള്‍ ഒന്നര മണിക്കൂര്‍ കഴിഞ്ഞു. ഇനിയും ഒന്നര മണിക്കൂര്‍ പറക്കണം. ജോയിച്ചന്‍ അടിച്ച വൈനിന്റെ കെട്ടില്‍ ചുരുണ്ടിരുന്നു ഉറങ്ങുന്നു. എനിക്കാണങ്കില്‍ ഉറക്കം വരുന്നില്ല. എന്തു ചെയ്യും. അടുത്തിരിക്കുന്ന അമ്മച്ചിയെ ഒന്നു പരിചയപ്പെട്ടാലോ? അമ്മച്ചിക്ക് ഏതായാലും ഇംഗ്ലീഷ് അറിയാന്‍ വഴിയില്ല. ഓള്‍ഡ് പീസ്. അപ്പോള്‍ ആ കൊച്ചു പെണ്ണുമായിട്ട് ഇനിയുള്ള സമയം സല്ലപിച്ചിരിക്കാം.
ദൈവമെ!!!! എന്റെ സകല പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് അമ്മച്ചി ആഷ് ഫൂഷ് ഇംഗ്ലീഷില്‍ വച്ചു അലക്കുന്നു. അമ്മച്ചി അല്‍മാട്ടി യില്‍ ഒരു സ്പോക്കെണ്‍ ഇംഗ്ലീഷ് സ്കൂള്‍ നടത്തുന്നുണ്ട്. കൊല്ലകുടിലിലാ ഞാന്‍ സൂചി വില്‍ക്കാന്‍ നോക്കിയത്. ആ കൊച്ചു പെണ്ണ് ഉറങ്ങാന്‍ തുടങ്ങി.
റഷ്യയെക്കുറിച്ചും കമ്മ്യൂണിസത്തെക്കുറിച്ചും അമിതാഭ് ബച്ചനെ ക്കുറിച്ചുമൊക്കെ അമ്മച്ചി സംസാരിച്ചു. ഒന്നര മണിക്കൂര്‍ കഴിഞ്ഞു. വിമാനം നിലം തൊടാന്‍ പോകുന്നു എന്ന അറിയിപ്പ് വന്നു. എല്ലാവരും സീറ്റില്‍ കിടക്കുന്ന വള്ളിയെടുത്തു അരയില്‍കെട്ടി മുറുക്കി. ജോയിച്ചന്റെ മുഖത്ത് എയര്‍ ഹോസ്റ്റസ്സ് വെള്ളം തളിച്ച് ഉണര്‍ത്തി.
തുര്‍ക്കിയിലെ അത്താതുര്‍ക്ക് എയര്‍പോര്‍ട്ട്. സമയം പത്ത് മണി. ഇനി അടുത്ത ദുബായിക്കുള്ള ഫ്ലൈറ്റ് വൈകിട്ട് ഏഴുമണിക്ക്. അറൈവലിനു മുകളിലുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിലെല്ലം കറങ്ങി നടന്നു. ബര്‍ഗര്‍ പാലസില്‍ നിന്നും ബര്‍ഗറും അടിച്ചു ബില്‍ കൃത്യമായി മേടിച്ച് ഭദ്രമായി ബാഗിനകത്ത് വച്ചു, റീ ഇംബേഴ്സ് ചെയ്യേണ്ട സാധനമാ, കളഞ്ഞുപോയാല്‍ കാശ് കയ്യീന്ന് പോകും.
ഒന്നു രണ്ട് മണിക്കൂര്‍ നടന്നു കഴിഞ്ഞപ്പോള്‍ എനി എവിടെയെങ്കിലും ഇരിക്കാം എന്നുള്ള ജോയിച്ചന്റെ അഭിപ്രായത്തിന്റെ പൊരുള്‍ എനിക്ക് മനസ്സിലായി.
എന്നാല്‍ നമുക്ക് സാധാരണ് ഇരിക്കുന്നിടത്ത് പോയി ഇരുന്നാലോ?
ജോയിച്ചനും കര്യം മനസ്സിലായി.
ബീര്‍ പാര്‍ലര്‍.
ഒരു മേശയുടെ അപ്പുറവും ഇപ്പുറവുമായി ഞങ്ങളിരുന്നു. എഫെസ് ലാര്‍ജ് രണ്ടെണ്ണം, ഒപ്പം എള്ളിട്ട് വറുത്ത ചിക്കൻ വിങ്‌സ്.
എഫെസ് ലാര്‍ജ് കാലിയായപ്പോള്‍, ജോയിച്ചന്‍ പഴയ കമ്പനിയെയും അതിലെ എഞ്ചിനീയറിങ്ങ് മാനേജരെയും തെറി വിളിക്കാന്‍ തുടങ്ങി. ഹരം മൂത്ത ഞാന്‍ ഒരു മീഡിയം കൂടി ഓര്‍ഡര്‍ ചെയ്തു. അതും കാലിയായപ്പോള്‍ ജോയിച്ചന്‍ ബന്ധുക്കളേയും സ്വന്തക്കാരേയും തെറി വിളിക്കാന്‍ തുടങ്ങി. സംഭവം നല്ല രസമുണ്ട്, ആരാന്റമ്മക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലാണല്ലോ? ഞാന്‍ ഒരു സ്മാള്‍ എഫെസ് കുടി ഓര്‍ഡര്‍ ചെയതു. അതടിച്ച ജോയിച്ചന്‍ എന്നെ തെറിവിളിക്കാന്‍ തുടങ്ങി. ഇനി സഭവം പന്തിയല്ലന്ന് മനസ്സിലാക്കിയ ഞാന്‍ ജോയിച്ചനെയും കൊണ്ട് ആളൊഴിഞ്ഞ ഒരു കോണില്‍ ഒഴിഞ്ഞ ഒരു ബെഞ്ചില്‍ കിടന്നു ഉറങ്ങി.
ഉറക്കമെല്ലാം കഴിഞ്ഞു എഴുന്നേറ്റപ്പോള്‍ സമയം അഞ്ചു മണി. ഒരോ കോഫി കുടിക്കാമെന്ന എന്റെ അഭിപ്രായത്തോട് ജോയിച്ചന് വിയോജിപ്പായിരുന്നു. ജോയിച്ചന്റെ താല്പര്യപ്രകാരം വീണ്ടും ഓരൊ എഫെസ് മീഡിയം. അതു കാലിയായപ്പോള്‍ ഒരറിയിപ്പ് വന്നു,
ദുബയിക്ക് പോകുന്ന എമിറേറ്റ്സിന്റെ സെക്യുരിറ്റി ചെക്ക് ഇന്‍ ഗേറ്റ് നമ്പര്‍ ഇരൂന്നൂറ്റി എട്ടില്‍ ആരംഭിച്ചു.
ഞങ്ങള്‍ ഗേറ്റ് നമ്പര്‍ ഇരൂന്നൂറ്റി എട്ടിലേക്ക് നടന്നു.
ഞങ്ങള്‍ ഗേറ്റ് നമ്പര്‍ ഇരൂന്നൂറ്റി എട്ടിലേക്ക് നടന്നു.
എമിറെറ്റ്സിന്റെ ആ കൂറ്റന്‍ വിമാനത്തില്‍ യാത്രക്കാര്‍ കുറവായതിനാല്‍ ഫുഡ്ബാള്‍ കളിക്കാനുള്ള സ്ഥലമുണ്ട് വിമാനത്തിനുള്ളില്‍. ജോയിച്ചന്‍ ഓരോ സീറ്റും മാറി മാറി ഇരുന്നു നോക്കുന്നു. ഒരു സീറ്റും പുള്ളിക്കാരന് കംഫര്‍ട്ട് ആകുന്നില്ല. അവസാനം ഒരു എയര്‍ ഹോസ്റ്റസ് വിരട്ടുന്നത് വരെ ജോയിച്ചന്‍ കസേരകളി തുടര്‍ന്നു. ജോയിച്ചന്‍ ഒരു സീറ്റില്‍ പെര്‍മനെന്റ് ആയതോടെ ഞാനും ജോയിച്ചന്റെ സീറ്റിന്റെ അടുത്തുള്ള സീറ്റില്‍ പോയിരുന്നു.
എമിറെറ്റ്സിന്റെ ശാപ്പാടും വൈറ്റ് വൈനും ഒക്കെ അടിച്ചപ്പോള്‍ ജോയിച്ചന്‍ ഫോമിലേക്കുയര്‍ന്നു, എയര്‍ ഇന്‍ഡ്യയെ തെറി വിളിക്കാന്‍ തുടങ്ങി. തെറി എയര്‍ ഇന്‍ഡ്യക്കല്ലെ, ഞാനും ജോയിച്ചനു കമ്പനി കൊടുത്തു. എയര്‍ ഇന്‍ഡ്യയെ എമിറെറ്റ്സിന്റെ വീട്ടില്‍ വേലക്ക് നിര്‍ത്തണം, ജോയിച്ചൻ ശക്തമായ ഭാഷയിൽ പറഞ്ഞു.
ജോയിച്ചന്റെ അഭിപ്രായത്തോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. കാരണം എയര്‍ ഇന്‍ഡ്യ എമിറെറ്റ്സിനെ പാഴിക്കളയും.
ഇനിയും മൂന്ന് മൂന്നര മണിക്കൂറുണ്ട് ദുബായിലെത്താന്‍. ഞാന്‍ മധ്യ നിരയിലെ നാല് സീറ്റിലായി നീണ്ട് നിവര്‍ന്ന് കിടന്നു സുഖമായി ഉറങ്ങി.രാത്രി പന്ത്രണ്ട് മണിക്ക് ഞങ്ങള്‍ ദുബായ് എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്തു.
ജോയിച്ചന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ ഓടി നടന്നു എന്തെക്കെയോ പര്‍ച്ചെയ്സ് ചെയ്യുന്നു. ജോണിവാക്കറുടെ ഒരു ബാഗില്‍ മൂന്ന് ഫുള്‍. ഇതെപ്പോള്‍ മേടിച്ചെന്ന് എനിക്കറിയില്ല. രാവിലെ കൊച്ചിയിലേക്കുള്ള എമിറെറ്റ്സില്‍ ജോയിച്ചന്‍ പോകും. എന്റെ അടുത്ത ഫ്ലൈറ്റ് ഉച്ചക്ക് പന്ത്രണ്ട് മണിക്കുള്ള ഗ്രേറ്റ് എയര്‍ ഇന്‍ഡ്യ റ്റു തിരോന്തരം.
ജോയിച്ചനെ യാത്രയാക്കിയിട്ട് ഞാന്‍ ഒന്നുറങ്ങാനുള്ള വഴി ആലോചിച്ചു.
സമയം സിക്സ് എ എം. ഇനിയും ആറ് മണിക്കൂറുണ്ട്. എയര്‍ ഇന്‍ഡ്യ ആയത് കൊണ്ട് ഈ ആറ് മണിക്കൂര്‍ മിനിമം ആയി കാണണം. ആറ് മണിക്കൂര്‍ ആറ് ദിവസമായി നീളാം, ആറാമത്തെ ദിവസം ഫ്ലൈറ്റ് വരെ ക്യാന്‍സല്‍ ചെയ്തേക്കാം.
ജോയിച്ചന്‍ കൂടെയില്ലാത്തതിനാല്‍ ഒരു ഉന്മേഷക്കുറവ്. അതിനാല്‍ സ്ഥിരം ബിവറേജ് വിട്ട്, കോഫി കുടിക്കാന്‍ തീരുമാനിച്ചു. ഇരുന്നും നടന്നും കിടന്നും എങ്ങനെയെങ്കിലും പത്ത് മണിയാക്കി. ഇനി രണ്ട് മണിക്കൂര്‍. ഒരു മണിക്കൂര്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ബാക്കിയുള്ള ഒരു മണിക്കൂര്‍ ബോര്‍ഡിംഗ് പ്രോസസിങ്ങിനു വേണ്ടി പോകും. ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ട് ഞാന്‍ മെല്ലെ ഡ്യൂട്ടിഫ്രീ ഷോപ്പിലേക്ക് നടന്നു.
കോണ്യാക്കിന്റെ ബില്‍ പേയ് ചെയ്യുമ്പോഴാണ്, ഞാന്‍ ആ കാഴ്ച കണ്ടത്. അലക്കി കഞ്ഞിയിട്ട് തേച്ച ഒരു ഖദര്‍ ധാരി. കേരളത്തില്‍ നിന്നുള്ള ഒരു രാഷ്ട്രീയക്കാരന്‍. ആളുടെ പേരും നാളും ഒന്നും മനസ്സിലായില്ല. സ്വര്‍ണ്ണാഭരണ വിഭൂഷിതയായി നില്‍ക്കുന്ന ആ സാഞ്ചരിക്കുന്ന ജുവലറി ഖദര്‍ധാരിയുടെ ഭാര്യയാണന്ന് മനസ്സിലയി. ഇവരോടൊപ്പം പച്ച സഫാരി സ്യൂട്ട് ഇട്ട മറ്റൊരു വ്യക്തി. അദ്ദേഹം ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ജോലിക്കാരനാണെന്ന് പിന്നീട് മനസ്സിലായി.
സെക്യൂരിറ്റി ചെക്കിംഗ് സമയത്ത്, ഖദര്‍ധാരിയുടെ ഭാര്യയുടെ ബോര്‍ഡിംഗ് പാസില്‍ പേരു വായിക്കാന്‍ സാധിച്ചു. അതില്‍ നിന്നും ഖദര്‍ധാരി ആരെന്നു ഊഹിച്ചു. ദൈവമെ!!! ഇതു നമ്മുടെ ഇപ്പോഴത്തെ എം എല്‍ എ യും മുന്‍ മന്ത്രിയും ഒക്കെ ആയ ചിത്രഗുപ്തന്‍ അല്ലെ??? ഇങ്ങേര്‍ക്കെന്താ ദുബായില്‍ കാര്യം? പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും എയര്‍ ഇന്‍ഡ്യയില്‍ തിരോന്തരത്തേക്ക് വരാന്‍ കാത്തിരിക്കുന്ന ഒരു മലയാളിക്കും നമ്മുടെ നേതാവിനെ മനസ്സിലാകുന്നില്ലെ? ആരും ഒന്നു വിഷ് ചെയ്യുന്നതുപോലും ഇല്ല. ഇനി മലയാളികളൊക്കെ രാഷ്ട്രീയകാരുടെയൊക്കെ സ്വഭാവം തിരിച്ചറിയാന്‍ പഠിച്ചോ? മുന്‍ മന്ത്രി പ്രതീക്ഷ കൈവിട്ടിട്ടില്ല. ആരെങ്കിലും ഒക്കെ വരും, സാറെ എന്നു വിളിക്കും, എന്നൊക്കെ പ്രതീക്ഷിച്ച് എല്ലാവരേയും മാറി മാറി നോക്കുന്നുണ്ട്. പക്ഷെ ഒരു മലയാളിയും മുന്മന്ത്രിയുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല.
സെക്യൂരിറ്റി ചെക്കിംഗ് കൃത്യസമയത്ത് നടന്നത്കൊണ്ട് വിമാനം പന്ത്രണ്ട് മണിക്ക് തന്നെ പൊങ്ങും എന്ന പ്രതീക്ഷ നല്‍കി. പെട്ടെന്നാണ് എല്ലാ സ്വപ്നങ്ങള്‍ക്കും തിരിച്ചടി നല്‍കിക്കൊണ്ട് അത് സംഭവിച്ചത്. സെക്യൂരിറ്റി ചെക്കിംഗില്‍ സ്ക്രീനിങ്ങിനു വേണ്ടി വാച്ചും ബെല്‍റ്റും ഒക്കെ അഴിച്ചുവച്ച കൂട്ടത്തില്‍ ഒരു യാത്രക്കാരന്‍ കയ്യില്‍ കിടന്ന ബ്രെയ്സ്‌ലെറ്റും കൂടി അഴിച്ചു വച്ചു. സ്ക്രീനിംഗിന് വേണ്ടി അകത്തേക്ക് കടത്തിവിട്ട ബ്രെസ്‌ലെറ്റ് പിന്നെ പുറത്തേക്ക് വന്നില്ല. അല്ലെങ്കില്‍ പുറത്ത് വന്ന ബ്രെസ്‌ലെറ്റ് അതിന്റെ ഉടമക്ക് തിരിച്ച് കിട്ടിയില്ല. രംഗം വഷളായി. മലയാളികള്‍ ഒത്തുകൂടി. നഷ്ടപ്പെട്ട ബ്രെസ്‌ലെറ്റിനെ ഓര്‍ത്ത് അതിന്റെ ഉടമ പൊട്ടിക്കരഞ്ഞു. അതു മറ്റുള്ള യാത്രക്കാരില്‍ വിവിധതരം വികാരങ്ങളുണര്‍ത്തി. ചിലര്‍ ചിരിച്ചു, ചിലര്‍ സഹതപിച്ചു, മറ്റു ചിലര്‍ എല്ലവരേയും തെറി വിളിച്ചു.
സംഭവും ചൂടുപിടിക്കുന്നു. ബ്രെസ്‌ലെറ്റ് ഇല്ലാതെ യാത്രചെയ്യില്ലായെന്ന ഉറച്ച നിലപാടില്ലാണ് അതിന്റെ ഉടമ. സംഗതി കൈവിട്ടുപോകുമെന്ന് തോന്നിയപ്പോള്‍ ബോര്‍ഡിംഗ് സ്റ്റാഫ് സെക്യൂരിറ്റി സ്റ്റാഫിന്റേയും എയര്‍പോര്‍ട്ട് പോലീസിന്റേയും സഹായമ തേടി . ലോഞ്ചില്‍ മത്രം അന്വേഷിച്ചാല്‍ മതിയല്ലൊ, ദുബായി മുഴുവന്‍ തിരക്കി നടക്കേണ്ട കാര്യമില്ല? സെക്യൂരിറ്റി സ്റ്റാഫ് വന്നു, പോലീസ് വന്നു. എല്ലാവരുടേയും ഉടുതുണിവരെ അഴിച്ചു ബ്രെസ്‌ലെറ്റ് കണ്ടു പിടിക്കാന്‍ പോകുന്നു.
യാത്രക്കാര്‍ പ്രതിഷേധിച്ചു,വാഗ്വേദങ്ങളും തെറി വിളികളും തുടങ്ങി. നേരത്തെ ബ്രെസ്‌ലെറ്റ് പോയതില്‍ സഹതപിച്ചവരൊക്കെ ഇപ്പൊല്‍ ബാന്‍ഡ് മാറ്റി തെറി വിളി തുടങ്ങി.
ഒരു ബ്രെസ്‌ലെറ്റ് സൂക്ഷിക്കാന്‍ കഴിവില്ലാത്തവനാണോഡാ... ദുബായില്‍ ഒലത്തുന്നത്????
ദേയ്,, ഒരുത്തന്റെ ബ്രേസ്‌ലെറ്റിന് വേണ്ടി എന്നെ സംശയിച്ചാലുണ്ടാല്ലൊ? എല്ലാത്തിനേയും കൊന്ന് ഞാന്‍ ജയിലില്‍ പോകും.. എന്നെ കള്ളനാക്കരുത്..ങും... പറഞ്ഞേക്കാം...
ഇങ്ങനെ നീളുന്നു പബ്ലിക് കമന്റ്.
ഇവിടെ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും, നമ്മുടെ എം. എല്‍. എ യ്ക്ക് യാതൊരു കുലുക്കവുമില്ല.
ഓ !! പിന്നെ, ഇതിലും വലുത് എന്റെ സ്വന്തം മണ്ഡലത്തില്‍ നടന്നിട്ട് ഞാന്‍ ഇടപെട്ടിട്ടില്ല. പിന്നെയല്ലെ ഈ ദുബായി എയര്‍പോര്‍ട്ടില്‍??
ഒരു സമവായത്തിന്റെ ആവശ്യകതയെക്കുറിച്ച് മറാട്ടികളായ ബോര്‍ഡിംഗ് സ്റ്റാഫിനു മനസ്സിലായി. ശരീര പരിശോധനക്കു പകരം എല്ലാവരേയും വീണ്ടും സ്ക്രീന്‍ ചെയ്യാം എന്ന തീരുമാനത്തിലേക്ക് അവരെത്തി.
മറാട്ടികള്‍ അയയുന്നത് കണ്ടപ്പോള്‍ മലയാളികള്‍ മുറുക്കി.
ഞങ്ങളെ സ്ക്രീന്‍ ചെയ്യുന്നതിന്‍ മുന്‍പ്, നിങ്ങളെ തന്നെ സ്ക്രീന്‍ ചെയ്യത് നോക്കു, ചിലപ്പോള്‍ അറിയാതെ പാന്റസിലോ പാവടയിലോ ഉടക്കി ഇരുന്നാലൊ? ഹല്ല പിന്നെ. ഇനിയും സ്ക്രീനിംഗ് പോലും..
അപ്പോഴും എം എല്‍ എ യ്ക് മൗനം.
സംഭവം ഒരു വഴിക്ക് പോകില്ലായെന്ന് മനസ്സിലാക്കിയപ്പോള്‍ എയര്‍ ഇന്‍ഡ്യ യിലെ ഒരു സീനിയര്‍ സ്റ്റാഫ് വന്ന് ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ ആയിട്ട് പറഞ്ഞു,
പ്ലീസ്, ഇക്കാരണത്താല്‍ ഫ്ലൈറ്റ് ഡിലെയ് ആകരുത്, അത് കൊണ്ട് ഞങ്ങളോട് സഹകരിക്കുക. എല്ലാവരേയും ചെക്ക് ചെയ്യുന്നില്ല. ബ്രേസ്‌ലെട്ടിന്റെ ഉടമയ്ക്ക് മുന്നിലും പിന്നിലും ആയി സ്ക്രീനിംഗ് ചെയ്ത് അഞ്ചഞ്ചുപേരെ മാത്രം ഒന്നുകൂടി സ്ക്രീന്‍ ചെയ്യാന്‍ അനുവദിക്കുക. പ്ലീസ്.
ശരി സമ്മതിക്കാം. അല്ലെങ്കില്‍ ഇതിന്റെ പേരില്‍ ഇവന്മാര്‍ ഫ്ലൈറ്റ് ക്യാന്‍സല്‍ ചെയ്ത് കളയും. അതു ഇതിലും വലിയ കുരിശ് ആകും. യാത്രക്കാരെല്ലാം സമ്മതം മൂളി. അപ്പോഴും മുന്മന്ത്രി മിണ്ടിയില്ല.
മറാട്ടി പെണ്ണ് ആദ്യത്തെ പേരു വിളിച്ചു,
മിസ്റ്റര്‍ ചിത്രഗുപ്തന്‍.
എം എല്‍ എ ഞെട്ടി.
മിസ്സിസ്സ് ചിത്രഗുപ്തന്‍.
എം എല്‍ എ ഒന്നു കൂടി ഞെട്ടി.
പിന്നെ തുടര്‍ന്ന് വേറെ എട്ടു പേരുകളൂം. ഭാഗ്യം ഞാനില്ല.
എം. എല്‍ എ സാര്‍ വയലന്റ് ആയി. നേരെ എയര്‍ ഇന്‍ഡ്യ യുടെ സീനിയര്‍ സ്റ്റാഫിനടുത്ത് ചെന്നു കയര്‍ത്തു. എയര്‍ ഇന്‍ഡ്യ സ്റ്റാഫ് എയര്‍പോര്‍ട്ട് പോലീസിനോട് എന്തൊ കണ്ണുകാണിച്ചു. എം. എല്‍ എ യെ സെക്യൂരിറ്റി സ്റ്റാഫും, പോലീസും കൂടി കര്‍ട്ടനിട്ട ക്യാബിനില്‍ കൊണ്ടുപോയി എന്തൊക്കെയോ അഴിച്ചു പരിശോധിച്ചു.
മിസ്സിസ്സ് എം. എല്‍. എ യെ വനിത പോലീസും കൊണ്ടുപോയി.
എല്ലാവരേയും പരിശോധിച്ചെങ്കിലും ബ്രേസ്‌ലെറ്റ് മാത്രം കിട്ടിയില്ല. ബ്രേസ്‌ലെറ്റ് അതിന്റെ ഉടമസ്ഥനും യാത്രക്ക് തയ്യാറായി. ബ്രേസ്‌ലെറ്റ് തിരയാന്‍വേണ്ടി എയര്‍ ഇന്‍ഡ്യ ഒന്നര മണിക്കൂര്‍ ഡെഡിക്കേറ്റ് ചെയ്തു.
ലോഞ്ചിലെ ഗേറ്റ് തുറന്നു. ഞാനാദ്യം തന്നെ ഫ്ളൈറ്റിലേക്ക് കയറി.
വൃത്തികെട്ട ഒരു ചിരിയുമായി ഒരു അമ്മുമ്മ തൊഴുകയ്യോടെ അകത്തേക്കാനയിച്ചു.
അകത്ത് ആന്റിമാര്‍ ആര്‍ക്കോ വേണ്ടീ ഓക്കാനിക്കാനെന്നപോലെ നില്‍ക്കുന്നു. നീ എവിടെയെങ്കിലും വേണമെങ്കില്‍ ഇരിന്നോ എന്ന നിലപാട്. ഓ പിന്നെ നമ്മളാര് ഈ വരുന്ന ലേബേര്‍സ് ആരു? (എയര്‍ ഇന്‍ഡ്യയുടെ ഭാഷയില്‍ ഗള്‍ഫ് കാരെല്ലാം ലേബേര്‍സ് ആണല്ലൊ)
ഉള്ളതില്‍ വച്ച് എറ്റവും പ്രായം കുറഞ്ഞ ആന്റിയോടു ഞാന്‍ ചുമ്മാ ചോദിച്ചു,
മാഡം, എയര്‍ ഇന്‍ഡ്യയിലെ ഹോസ്റ്റസ്സ് മര്‍ക്ക് ഇപ്പൊ റിട്ടയര്‍മെന്റ് ഇല്ലെ??
ചോദ്യത്തില്‍ എന്തൊ പന്തികേട് ഉണ്ടെന്നു മനസ്സിലാക്കിയ ആന്റി തിരിച്ച് ചോദിച്ചു,
വൈ?
അല്ല! ആ വാതില്‍ക്കല്‍ നില്‍ക്കുന്ന ആന്റി ഇതുവരെ റിട്ടയര്‍ ആയില്ല, അതു കൊണ്ട് ചോദിച്ചതാ..
എന്റെ മറുപടി അവര്‍ക്കു ബോധിച്ചു. മരുമകളുടെ ഇഷ്ടപ്പെട്ട സീരിയല്‍ സമയത്ത് കറന്റ് പോകുമ്പോള്‍ അമ്മായിയമ്മ ചിരിക്കുന്ന പോലെ ഒന്നു ചിരിച്ചു. വേഗം പോയി ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളം കൊണ്ടു തന്നു.
എനിക്ക് വിന്‍ഡൊ സീറ്റ് ആയിരുന്നെങ്കിലും എന്റെ തൊട്ടടുത്ത സീറ്റിലും ആരുമില്ലായിരുന്നു. മധ്യനിരയിലെ സീറ്റില്‍ അതാ ചിത്രഗുപ്തനും ഭാര്യയും എനിക്ക് സമാന്തരമായിട്ടിരിക്കുന്നു.
രണ്ട് ടിന്‍ ബിയറും, ഒരു ചെറിയ പായ്ക്കറ്റിനകത്ത് പത്ത് നിലക്കടലയും ഒരു ആന്റി കൊണ്ടു വന്നു തന്നു.
എനിക്ക് ബിയര്‍ വേണ്ട വൈന്‍ മതി എന്ന് പറഞ്ഞപ്പോള്‍, വേണമെങ്കി ഇത് കുടിച്ചിട്ടു പോടാ ചെക്കാ എന്ന രീതിയിലോരു മറുപടികിട്ടി.
കുടിയും തീറ്റയും ഒക്കെ കഴിഞ്ഞപ്പോള്‍ സമയം പോകാനായി എം. എല്‍. എ യെ ഒന്നു മുട്ടിനോക്കാന്‍ തീരുമാനിച്ചു.
ഹല്ലോ സാര്‍..
ഹല്ലോ
എം. എല്‍. എ ചിത്രഗുപതന്‍ അല്ലെ?
അതെ, അതെന്താ എന്നെ മനസ്സിലായില്ലായിരുന്നൊ ?
അതല്ല. ഒന്നു ഉറപ്പുവരുത്തിയെന്നു മാത്രം.
കൂടെ യുള്ളത് ഭാര്യ ആയിരിക്കും അല്ലെ?/
എം. എല്‍. എ ഒന്നു ഉഴിഞ്ഞു നോക്കി, പിന്നെ ഒന്നു ഇരുത്തി മൂളി.
നേതാവ് എന്റെ പേര് ചോദിച്ചു.
ഞാൻ മറുപടി കൊടുത്തു - സണ്ണിക്കുട്ടൻ
എന്താ സാര്‍, മക്കളുടെ ആരുടെയെങ്കിലും കല്ല്യാണം ആയോ ?
അതെ, അതെങ്ങനെ മനസ്സിലായി???
അത് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ സാര്‍,,,
ടെല്‍ മീ സണ്ണിക്കുട്ടന്‍. ഇറ്റ് ഈസ് സര്‍പ്രൈസിന്‍ഗ് മീ. ഞങ്ങള്‍ ഇതുവരെ ഇതു ആരോടും പറഞ്ഞില്ല, അടുത്ത ബന്ധുക്കള്‍ക്ക് മാത്രം അറിയാവുന്ന കാര്യമാണ്. നിങ്ങളെങ്ങനെ അറിഞ്ഞു ഇതു, പ്ലീസ് പറയൂ.. എന്റെ ബന്ധുക്കളെയാരെയെങ്കിലും നിങ്ങള്‍ക്കറിയാമൊ?
എനിക്കാരെയും അറിയില്ല, എന്നോടാരും പറഞ്ഞതുമല്ല.
പിന്നെ?
ഞാന്‍ ഊഹിച്ചതാ?
ഒഹ്ഹ്!! ഗ്രേറ്റ്, ഇതൊക്കെ എങ്ങനെ ഊഹിക്കുന്നു.
ഇതൊക്കെ ഊഹിക്കാന്‍ കോമ്മണ്‍ സെന്‍സ് മതി സാര്‍,,
മിസ്റ്റര്‍, സണ്ണിക്കുട്ടന്‍. നിങ്ങള്‍ ആളെ വടിയാക്കുന്നു.
ഹെഹെ ! .
എഡൊ താന്‍ ഓവര്‍ ആകുന്നുണ്ട്, ഞാന്‍ ആരാണെന്നറിയാമൊ?
അറിയാം സാര്‍. സാര്‍ ആരാണ്? ആരാണെന്നുള്ള പദവി ഉപയോഗിച്ചല്ലെ ഇപ്പോള്‍ ദുബായിയില്‍ പ്രവാസികളൂടെ പാത്രത്തില്‍ കയ്യിട്ട് വാരാന്‍ വന്നത്??
നിര്‍ത്തഡോ തന്റെ പ്രസംഗം. ഞാന്‍ ഒരുത്തന്റേയും പാത്രത്തില്‍ കയ്യിടാന്‍ വന്നതല്ല. ഞാന്‍ എന്റെ മകളുടെ കല്ല്യാണത്തിന്റെ പര്‍ച്ചെയ്സിംഗിന് വന്നതഡൊ !!!!
അറിയാം സാര്‍!! അതു തന്നെയാ ഞാന്‍ ആദ്യം പറഞ്ഞത്. സര്‍, ദുബായ് ഷേക്ക് കേരളത്തിലെ രാഷ്ട്രീയക്കാരുടെ മക്കളുടെ കല്ല്യാണമൊന്നും സ്പോണ്‍സര്‍ ചെയ്യുന്നില്ല.
ഡോ നിര്‍ത്തെഡാ അഹങ്കാരി, നീ തിരുവനന്തപുരത്തല്ലെ ഇറങ്ങുന്നത്. അവിടെ ഞാന്‍ കാണിച്ചുതരാം. തിരുവനന്തപുരത്ത് ഇറങ്ങിയാലും താന്‍ ഇതുപോലെ പ്രസംഗിക്കണം..
സാര്‍, താങ്കള്‍ തിരുവനന്തപുരം കാണുന്നത് എം. എല്‍. എ ആയതിനു ശേഷമല്ലെ. പക്ഷെ ഞാന്‍, ജനിച്ച് വളര്‍ന്നത് തിരുവനന്തപുരത്താണ്.
അതുവരെ മിണ്ടാതിരുന്ന മിസ്സിസ്സ് ചിത്രഗുപ്തന്‍ ചിലച്ചു.
ചേട്ടാ,, ആ നാറിയോട് സംസാരിക്കണ്ട, തിരോന്തരത്തിറങ്ങുമ്പോള്‍ അവനെ പിടിച്ച് പോലീസ് കാര്‍ക്ക് കൊടുത്താല്ല് മതി. അവര് ചെയ്തോളും എന്താന്നുവച്ചാല്‍..
പിന്നെ ആരും ഒന്നും മിണ്ടിയില്ല. വിമാനം തിരുവനന്തപുരത്തിറങ്ങാന്‍ തയ്യാറായിക്കഴിഞ്ഞു. എന്റെ നെഞ്ചിടിപ്പ് ക്രമാതീധമായി വര്‍ദ്ധിച്ചു. എയര്‍ പോര്‍ട്ടിനു പുറത്ത് എന്തായിരിക്കും നടക്കുക?? ഇങ്ങേരിരിനി പോലീസിനെ വിളിക്കുമൊ? ഒന്നും സംഭവിക്കല്ലേയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
അറൈവലിലിറങ്ങി ആദ്യം ഓടി ഇമിഗ്രേഷനിലേക്ക്. ഇമിഗ്രേഷന്‍ ക്ലീയറന്‍സ് കഴിഞ്ഞ് പുറത്തേക്ക് ഓടി. കസ്റ്റംസിലെത്തിയപ്പോള്‍ ഒരു കസ്റ്റംസ് ഓഫീസര്‍ പിടിച്ചു നിര്‍ത്തി ചോദിച്ചു,
അറൈവലിലിറങ്ങി ആദ്യം ഓടി ഇമിഗ്രേഷനിലേക്ക്. ഇമിഗ്രേഷന്‍ ക്ലീയറന്‍സ് കഴിഞ്ഞ് പുറത്തേക്ക് ഓടി. കസ്റ്റംസിലെത്തിയപ്പോള്‍ ഒരു കസ്റ്റംസ് ഓഫീസര്‍ പിടിച്ചു നിര്‍ത്തി ചോദിച്ചു,
നീ എവിടെന്ന് വരുന്നപ്പി,??
ദുബായീന്ന്.
ദുബായീന്ന് ഇപ ഏത് ഫ്ലൈറ്റ് വന്നത്??
എയരിന്ത്യ
ഓ, എയറിന്ത്യ വന്നാ.. അപ്പോ നിനക്ക് ലഗ്ഗേജൊന്നുമില്ലേടെയ്???
ഇല്ല,
എന്നാ പിന്നെ കയ്യിരിക്കുന്ന ആ തുണ്ടിഞ്ഞ് തന്നിട്ട് ആ വാതിലൂടെ പൊയ്ക്കൊ,
കസ്റ്റംസ് ഡിക്ലറേഷന്റെ സ്ലിപും കൊടുത്തിട്ട് ഞാന്‍ പുറത്തേക്ക് പാഞ്ഞു.
പുറത്തിറങ്ങി ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഓടി. ആദ്യം കണ്ട ഓട്ടോ യില്‍ കയറി ഇരുന്നിട്ട് പറഞ്ഞു,
ചേട്ടാ തമ്പാനൂര്‍ക്ക് വിട്ടോ,
തമ്പാനൂര്‍ക്ക് പോവാന്‍ നൂറ് രൂപാണ് കേട്ടാ, അവിടെ ചെന്നിട്ട് അഞ്ഞാ പിഞ്ഞാ പറയരുത്.
എന്റെ പൊന്നു ചേട്ടാ,, പ്രോട്ടോക്കാള്‍ അനുസരിച്ച് എം. എല്‍. എ. എസ് ഐ ക്കു മുകളില്‍ വരും. പെട്ടെന്ന് വിട്ടോ ചേട്ടാ തമ്പാനൂര്‍ക്ക്,
എന്തോന്നടെ എസ്, ഐന്നും എം. എല്‍. എന്നും പറഞ്ഞു പേടിപ്പിക്കുന്നോ???
അയ്യോ ചേട്ടാ,, പേടിപ്പിച്ചതല്ല.. ഇത് ഇവിടെ പറഞ്ഞതാ.. ചേട്ടന്‍ വിട്ടോ..
നൂറല്ല,, നൂറ്റമ്പത് തന്നേക്കാം...
ഓട്ടോ തമ്പാനൂര്‍ ലക്ഷ്യമാക്കി പാഞ്ഞു.
(അശോക് വാമദേവൻ)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക