Slider

മുൻവശത്തെ മുറിയിൽ നടന്നത്

0
Image may contain: 1 person

മുൻവാതിലിന്റെ അകത്ത് മുകളിലായ് കർട്ടനിടാൻ വേണ്ടിയിട്ട ഒരു ചെറിയ ദ്വാരമുണ്ടായിരുന്നു. അതിലാണ് പല്ലി താമസിച്ചിരുന്നത്. അത് എല്ലാവരേയും കാണുകയും, കേൾക്കുകയും, ആദ്യ നാളിൽ വിശ്വസിക്കുകയും ചെയ്തു കൊണ്ടിരുന്നു.
"കാലത്തിന്റെ ഓരോ മാറ്റങ്ങളേയ്...... പറക്കുന്ന പൂത്തുമ്പികളെ കണ്ട നാള് മറന്നു..." ഒരു നെടുമൂച്ച് വിട്ടുകൊണ്ടയാൾ സെറ്റിയിൽ നിന്നും എഴുന്നേറ്റു. പല്ലിക്ക് ചിരി വന്നു..
"പൂത്തുമ്പികളെ ഓടിച്ചതും നമ്മൾ തന്നെയല്ലേ..? ഇപ്പോ മറ്റേതെങ്കിലും നാട്ടിൽ തുമ്പി തുള്ളുകയാവും...?" അയാളുടെ സുഹൃത്ത് പറഞ്ഞു. ആ സുഹൃത്ത് അൽപം കവിഹൃദയമുള്ളയാളാണ്. ഉണരുന്ന ചിന്തകൾ അപ്പോൾ തന്നെ പേപ്പറിലേക്ക് പകർത്തി കോപ്പിറൈറ്റ് സൂക്ഷിക്കുന്ന ചിലരിൽ ഒരാൾ..
" മനുഷ്യാ, വംശനാശം സംഭവിക്കുന്ന അനവധി ജീവജാലങ്ങളിൽ ഇപ്പോ പൂത്തുമ്പിയും... നിനക്ക് ഇനിയും ചിരിക്കാൻ സമയമുണ്ട് " പല്ലിയുടെ ആത്മഗതം.
പല്ലി എന്നും അങ്ങനെ തന്നെയായിരുന്നു. എല്ലാം ശ്രദ്ധിച്ച് കേൾക്കും. എന്നിട്ട് ഒരു ആത്മഗതം പുറപ്പെടുവിക്കും. നേർത്തതെങ്കിലും ശക്തമായ സ്വരം.പല്ലി പറഞ്ഞതാണ് സത്യം എന്നത് അയാൾക്കും അറിയാം, പക്ഷെ അയാളുടെ അഹന്ത അത് സമ്മതിച്ചു കൊടുത്തിരുന്നില്ല.
അവർ രണ്ടു പേരും പോയി. സ്വീകരണമുറി ആളൊഴിഞ്ഞു. രാവിലെ ആയതിനാൽ ട്യൂബ് ലൈറ്റ് ഓഫായിരുന്നു. പല്ലി ദൈവങ്ങളുടെ അടുത്തേക്ക് പോയി. അവിടെ സ്ഥിരം പ്രകാശിതമായ സീറോ വാൾട്ടിന്റെ ബൾബുണ്ട്. കാര്യമായി ഒന്നും തടയില്ലെങ്കിലും ചെറിയൊരു ബ്രേക്ക് ഫാസ്റ്റ്..?
അടുക്കളയിൽ നിശ്വാസങ്ങളും പിറുപിറുക്കലുകളും ഉയർന്ന് കേൾക്കാം. വീട്ടുകാരിയാണ്. മക്കളെ സ്കൂളിൽ വിടാനുള്ള തിരക്കിലാണ്. വൈകിയെഴുന്നേറ്റതിന്റെയും, ആവർത്തന വിരസതയുടെയും പരിഭവങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ തന്നെ ജോലികൾ മുറക്ക് നടക്കുന്നുണ്ടാവും. ഒരു ജോലി അവസാനിക്കുന്നത് തന്നെ അവരെ സംബന്ധിച്ചിടത്തോളം മറ്റൊന്ന് തുടങ്ങാനായിരുന്നു
അടുക്കളയിൽ പോയാൽ വയർ നിറയെ ഭക്ഷണം കിട്ടും. പക്ഷെ പോകാനാവില്ല. ആ വീട്ടിലെ പല്ലികളുടെ അലിഖിത നിയമം അതാണ്. ഓരോ മുറിയും പല്ലികൾ വീതിച്ചെടുത്തിരിക്കുന്നു. സ്വീകരണമുറി ഒരാൾക്ക്. ഡൈനിംങ് റൂമും, പാസേജും, ബെഡ് റൂമൂം, അടുക്കളയും, വർക്കേരിയ എന്നു വേണ്ട ബാത് റൂം വരെ ഓരോരോ പല്ലികൾ കൈയ്യടക്കിയിരിക്കുന്നു. ഓരോത്തരുടെയും അധികാര പരിധിയിൽ അനുവാദമില്ലാതെ കയറിയാൽ തർക്കങ്ങളും, യുദ്ധങ്ങളും നടക്കും.
പല്ലിക്ക് നേരത്തേ ലോകത്തെക്കുറിച്ചൊന്നു അറിയില്ലായിരുന്നു. എന്നാൽ ദിനം തോറുമുള്ള സ്വീകരണമുറിയിലെ ടീ വി ചർച്ചകളും, വീട്ടുടമസ്ഥന്റെ അന്തിമാഭിപ്രായങ്ങളും പല്ലിയെ സ്വാധീനിച്ചിരുന്നു. ഒപ്പം എയർ ഹോളിലൂടെ കാണുന്ന വീടിനു തൊട്ടടുത്ത കവലയിലെ പ്രസംഗങ്ങളും പല്ലി സസൂഷ്മം ശ്രദ്ധിച്ചിരുന്നു.
വൈകിട്ട് അവർ സംസാരിച്ച് തുടങ്ങിയത് വിശപ്പിനെക്കുറിച്ചാണ്. പല്ലി ഗൗരവമായി ശ്രദ്ധിച്ചു. കാരണം ആ വിഷയം അവനേയും കൂടി ബാധിക്കുന്നതാണല്ലോ..? ലോകത്തെ ഏറ്റവും വലിയ ഭൗതീക ദു:ഖാവസ്ഥ, സമാനതകളില്ലാത്ത അവസ്ഥ.
വിശപ്പിന് മതം ഇല്ല എന്ന പൊതുതത്ത്വം മിക്കവാറും എല്ലാവരും അംഗീകരിച്ചു.
"എന്നിട്ടാണോ ഇന്നലെ ഭിക്ഷ തേടി വന്ന പാവം വൃദ്ധയെ കീ ഹോളിലൂടെ നോക്കിക്കണ്ടപ്പോൾ കതക് തുറക്കാഞ്ഞത്. വിശന്നു തളർന്ന അവർ കുറേ നേരം തളർന്ന് പടിയിൽ ഇരുന്നിട്ട് പ്രാഞ്ചി പ്രാഞ്ചി എഴുന്നേറ്റ് പോയതിന് ഞാൻ സാക്ഷിയാണ്." പല്ലി ദേഷ്യത്തോടെ ഉറക്കെപ്പറഞ്ഞു.
"നിങ്ങൾ മനുഷ്യർ ലോകത്തെ നന്നാക്കാൻ ഉത്സാഹികളാണ്. പക്ഷെ സ്വയം വിചാരണ നടത്താൻ മെനക്കെടാത്തവരാണ്."
അയാൾ തല കുനിച്ചിരുന്നു. മുഖം മൂടി അഴിഞ്ഞു വീണതിനാൽ ആ ചർച്ച അവസാനിച്ചു എല്ലാവരും പിരിഞ്ഞു.
പെട്ടന്ന് കറന്റു പോയി, പതിവ് സംഭവമെങ്കിലും ആർക്കും യോജിക്കാനാവാത്ത ഒരു വിഷയം. "ഇവൻമാര് ഇതെന്താ കാണിക്കുന്നേ..? ഇപ്പോ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് കേറിയതാ.." അയാൾ ഇരുട്ടത്തിരുന്ന്‌ ഉച്ചത്തിൽ പറഞ്ഞു, എന്നിട്ട് KSEB യിലേക്ക് ഫോൺ വിളിച്ചു കാര്യം പറഞ്ഞു. അടുത്തെവിടെയോ മരം ലൈൻ കമ്പിയിലേക്ക് ഒടിഞ്ഞു വീണത്രേ.? അൽപ സമയം കഴിയുമത്രേ..?
" കൊറേ അവമ്മാരുണ്ട്.. കൃത്യമായി ഒരു പണീം ചെയ്യില്ല." പുറത്തേക്ക് തികട്ടിയ അസംതൃപ്തി അയാൾ ഛർദ്ദിച്ചു.
"കഴിഞ്ഞ മാസം "ടച്ച് വെട്ടുകാര് " വന്നപ്പോൾ റോഡിലേക്ക് നിൽക്കുന്ന റബ്ബറിന്റെ ശിഖരങ്ങൾ വെട്ടിക്കളഞ്ഞതിനെതിരെ സുപ്രീം കോടതിയിൽ കേസിനു പോകുമെന്ന് പറഞ്ഞത് അങ്ങു മറന്നോ..? അതേ പോലെ വീടിന്നു മുന്നിലെ ഇലട്രിക് പോസ്റ്റിലെ വഴിവിളക്ക് കത്തിക്കാൻ കാണിക്കുന്ന ഉത്സാഹമൊന്നും, അത് രാവിലെ അണയ്ക്കാൻ നിങ്ങൾ കാട്ടാറുണ്ടോ.? മിക്കവാറും ജോലിക്ക് പോകാനിറങ്ങുന്ന വഴി മാത്രമെ അതിന്റെ ഫ്യൂസ് ഊരി വയ്ക്കൂ... രാവിലെ ആറു മുതൽ ഒൻപതര വരെ അതു കത്തിക്കിടക്കുമ്പോൾ ഈ ധാർമിക ബോധം എന്തേ ഉയരാത്തത്.? "ഓഹ് " എന്തിന്..? കാട്ടിലെ തടി തേവരുടെ ആന അല്ലേ..?"
പല്ലി ഉറക്കെ ചോദിച്ചു.
അയാൾ ഒന്നും മിണ്ടാതെ ഇരുട്ടിൽ കണ്ണടച്ച് നിന്നു.
പിറ്റേന്ന് അവധി ദിനമായിരുന്നു. കുട്ടികൾ രണ്ടും എട്ട് മണിക്കാണെഴുന്നേറ്റത്. പല്ലു തേച്ചയുടനെ റിമോട്ടുമായി സെറ്റിയിലേക്ക് ചാഞ്ഞു. ചാനലുകൾ മാറ്റി മാറ്റിവച്ചു. മിക്കവാറും രണ്ടും തമ്മിൽ അടിയാണ്. മൂത്തയാൾക്ക് സിനിമ കാണണം, ഇളയവന് കാർട്ടൂണും. ആഹാരം റെഡിയാക്കി അമ്മ വിളിക്കുമ്പോൾ മാത്രം ഡൈനിങ്ങ് റൂമിലേക്കെത്തുന്ന കുട്ടികൾ എത്രയും പെട്ടന്ന് ജോലി തീർത്തിട്ട് തിരികെ വന്നു വീണ്ടും സെറ്റിയിലേക്ക് ചായുന്നു. വൈകുന്നേരത്തെ ചായകുടിയും സെറ്റിയിലിരുന്നു തന്നെ. ക്ഷീണം തോന്നുന്നുണ്ടെങ്കിൽ അമ്മ ഹോർലിക്സിന്റെ അളവ് കൂട്ടും.
വൈകുന്നേരം അച്ഛൻ ജോലി കഴിഞ്ഞ് ഫ്രഷായി വന്നതോടുകൂടി അൽപ നേരത്തെ യുദ്ധത്തിന് ശേഷം ചാനലുകൾ മാറി.ന്യൂസ് ചാനലിൽ ബ്രേക്കിംങ് ന്യൂസുകൾ മിന്നിമറയുന്നു. ട്രെയിനിൽ വച്ച് ബലാൽസംഘത്തിനിരയായ പെൺകുട്ടി മരിച്ചത്രേ.?
"ഇവനെയൊക്കെ പച്ചക്ക് കത്തിക്കണം"...ഭാര്യയുടെ ആത്മഗതം..!
"എനിക്കതല്ല... എത്രയോ പേരുണ്ടായിരുന്നു കാണും ആ കമ്പാർട്ടുമെന്റിൽ... ആരെങ്കിലും ഒന്നെതിർത്തിരുന്നെങ്കിൽ...?" ഭർത്താവിന്റെ ധാർമിക രോഷം...!
പല്ലി നനവൂറുന്ന കണ്ണുകൾ മുഴുവനായി തുറന്നു. തീ പാറുന്ന പോലെ..... " ആരെതിർക്കണം...? സാറവിടെ ഉണ്ടായിരുന്നെങ്കിൽ എതിർക്കുമായിരുന്നോ.? പോട്ടെ.. സ്വന്തം മക്കളെ പഠിപ്പിക്കുന്നുണ്ടോ.. അങ്ങനെയെതിർക്കാൻ..? മുറ്റത്തെയോ, നാട്ടിലെയോ കാഴ്ചകൾ പോലും കാണാനാവാതെ തടവിലാക്കപ്പെട്ടവർ..? അവരെ മണ്ണിലേക്കിറക്കി വിട്ടാൽ കാലിൽ ചെളി പറ്റുന്നത് സഹിക്കാനാകുന്നില്ല.. അല്ലേ.? അയൽപക്കക്കാരന്റെ ദുഃഖം മാധ്യമങ്ങളിലൂടെ മാത്രം അറിയുന്ന പുതിയ തലമുറയെ വാർത്തെടുക്കുന്നത് നിങ്ങൾ കൂടിയല്ലേ..? എന്നിട്ടാരേയാണ് സാർ കുറ്റപ്പെടുത്തുന്നത്... പല്ലി കിതപ്പോടെ പറഞ്ഞു നിർത്തി..!
അയാൾ ചാടിയെഴുന്നേറ്റ് കൃക്കറ്റ് ബാറ്റെടുത്ത് പല്ലിയുടെ തലയിൽ ഒറ്റയടി. എന്നിട്ട് ചതഞ്ഞരഞ്ഞ മൃതദേഹത്തിൽ നോക്കി പല്ല് ഞെരിച്ചുകൊണ്ടു പറഞ്ഞു.
"ഇതെന്റെ വീടാ.... എന്റെ വീട് മാത്രം.."
ഡൈനിങ്ങ് റൂമിലെ പല്ലി അപ്പോഴേക്കും സ്വീകരണമുറിയിലേക്ക് കടന്നിരുന്നു.
© രാജേഷ്.ഡി..✍️
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo