Slider

ഒരു KSRTC പ്രണയം...

0

ഒരു KSRTC പ്രണയം...
---------------------------------------------------------
അമ്മേ എന്നും ഈ പുട്ടേ ഉള്ളോ രാവിലെ കഴിക്കാൻ... ? ഇച്ചിരി കപ്പയും, മീൻകറിയും ഒക്കെ ഉണ്ടാക്കി കൂടെ ദേവകിക്കു..!
ഇതേ എന്റെ കയ്യിൽ ചട്ടുകമാ ഇരിക്കുന്നേ.. പന പോലെ വളർന്നൂന്നു ഒന്നും നോക്കില്ല ഞാൻ.. ഇതു വെച്ച് ഒരെണ്ണം തരും ഞാൻ പറഞ്ഞേക്കാം..
ചുമ്മാ ചോദിച്ചതാ എന്റെ ദേവകീ... അതിനു ഇങ്ങനെ തല്ലാൻ വരണോ.. ?
ദേ.. നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നേ ദേവകീന്നു വിളിക്കരുതെന്നു.. പെറ്റ തള്ളയാണെന്നൊരു വിചാരം ഇല്ല ചെറുക്കന്.. ഇഷ്ട്ടം പോലെ വെച്ചുണ്ടാക്കി തരണേൽ ഒരുത്തിയേ കെട്ടിക്കോണ്ടു വരാൻ പറഞ്ഞാൽ അത് കേൾക്കില്ല..എന്നേ കൊണ്ട് വയ്യ ഈ പണി എല്ലാം കൂടെ ചെയ്യാൻ..
ആഹാ... കൊള്ളാമല്ലോ ദേവകിയുടെ...
ചട്ടുകം കൊണ്ട് നിക്കുന്ന അമ്മയെ ഓർത്തു പെട്ടന്ന് അവൻ തിരുത്തി..
ദേവകിയമ്മയുടെ പ്ലാൻ.. ഞാൻ കെട്ടിക്കോണ്ടു വന്നിട്ട് അവളെക്കൊണ്ട് ഈ വീട്ടിലേ പണിയെല്ലാം ചെയ്യിപ്പിക്കാം എന്നോർത്തിരിക്കുവാ അല്ലേ..!
വേണ്ടടാ..കൃഷ്ണനെ മാറ്റിയിട്ടു അവിടെ കൊണ്ടുപോയി കുടിയിരുത്ത് അവളെ.. ഞാൻ മൂന്നു നേരം പോയി കുമ്പിട്ട് കഴിക്കാനുള്ളത്‌ നിവേദ്യമായി കൊടുത്തു കൊള്ളാം...
അത് കേട്ട് സഞ്ജു പൊട്ടിച്ചിരിച്ചു..
സഞ്ജു എഴുന്നേറ്റു കൈ കഴുകി, അമ്മയുടെ സാരിതുമ്പിൽ കൈ തുടച്ചു കൊണ്ട് പറഞ്ഞു..
എന്റെ ദേവകിയമ്മേ..മനസ്സിൽ പിടിച്ച ഒരെണ്ണത്തിനേ കാണണ്ടേ.. ബ്രോക്കർ തങ്കപ്പൻചേട്ടൻ കൊണ്ടുവന്ന ഫോട്ടോ നോക്കിയിട്ട് ഒന്നും അങ്ങോട്ട്‌ സുഖമായില്ല..ഇപ്പോ ഞാൻ പോകട്ടെ..നമ്മുക്ക് ശരിയാക്കാം ദേവകീ..
സഞ്ജു അമ്മയോട് യാത്ര പറഞ്ഞു ബൈക്കിൽ കയറാൻ നോക്കുമ്പോൾ ടയർ പഞ്ചർ... ഇനി ബസ്സ്‌ തന്നെ ശരണം..
അഞ്ച് മിനിറ്റു നടക്കണം ബസ്സ്‌സ്റ്റോപ്പിൽ എത്താൻ... അവൻ വേഗത്തിൽ നടന്നു... ബസ്സിൽ ഉള്ള യാത്ര ഓർത്തപ്പോൾ തന്നെ അവനു ദേഷ്യം വന്നു..
സഞ്ജു ഒരു പോലീസ് കോൺസ്റ്റബിൾ ആണ്.. ..തൊടുപുഴയിൽ നിന്നും അരമണിക്കൂർ യാത്ര ചെയ്താൽ സഞ്ജുവിന് ജോലി ചെയ്യുന്ന മൂവാറ്റുപുഴ സ്റ്റേഷനിൽ എത്താം..ബസ്സിലെ തിരക്ക് കാരണം സഞ്ജു ബൈക്കിലാണ് ജോലിക്ക് പോകാറ് പതിവ്..
നടന്നു ബസ്സ്‌ സ്റ്റോപ്പിൽ എത്തി ആദ്യത്തെ ബസ്സ്‌ വന്നിട്ട് തിരക്ക് കാരണം അവൻ കേറിയില്ല..അടുത്ത ബസ്സിനായി കണ്ണുകൾ അകലേക്ക്‌ പായിച്ചു നിൽക്കുമ്പോൾ അതാ വരുന്നു .. ആന ചന്തവുമായി എറണാകുളത്തിനുള്ള ഒരു സുപ്പർ ഫാസ്റ്റ്..
വല്യ തിരക്കില്ല.. ചാടിക്കേറി ഒഴിവുള്ള ഒരു സൈഡ് സീറ്റിൽ ഇരുന്നു..ഡബിൾ ബെൽ മുഴങ്ങി.. ബസ്സ്‌ നീങ്ങിയപ്പോൾ പുറത്തു നിന്നുള്ള കുളിർ കാറ്റേറ്റപ്പോൾ മനസ്സിനും, ശരീരത്തിനും ഒരു സുഖം..
പതിഞ്ഞ ശബ്ദത്തിലുള്ള ഹോണിൽ നിന്നും ഡ്രൈവർ സാർ കൈ എടുക്കിന്നില്ലന്നു തോന്നുന്നു... എല്ലാ വാഹനങ്ങളെയും പിന്നിലാക്കി കുതിച്ചു പായുവാണ് ആനവണ്ടി..പുറത്തേ കാഴ്ച്ചകൾ നോക്കി ഇരിക്കുവായിരുന്ന സഞ്ജു ഒരു കുയിൽനാദം കേട്ട് നോക്കുമ്പോൾ...
സാർ.. ടിക്കറ്റ് ..
കണ്ടക്ടർ സാറാണ്..
ഒറ്റ നോട്ടത്തിൽ തന്നെ ആ മുഖം അവന്റെ ഹൃദയം കവർന്നു.. ടിക്കറ്റ് നൽകി ആ പെൺകുട്ടി മുന്നോട്ടു നീങ്ങിയപ്പോൾ ഇന്നുവരെ ഇല്ലാത്ത ഒരു താളത്തിൽ അവന്റെ ഹൃദയം ഇടിച്ചു..ഒരു മുന്നറിയാപ്പാണോ ഇതു..അവൻ തന്റെ മനസ്സിനോട് ചോദിച്ചു..ഇവളാണോ എന്റെ പെണ്ണ്.. വീണ്ടും നോക്കിയിട്ട് ശരിക്കും കാണാഞ്ഞതിനാൽ അവൻ കുറച്ചും കൂടി നീങ്ങിയിരുന്നു.. സീറ്റിൽ ചാരി മുന്നോട്ടു തിരിഞ്ഞ് നിൽക്കുന്നതിനാൽ മുഖം വ്യക്തമല്ല..അവൻ കണ്ണ് പറിക്കാതെ നോക്കിയിരുന്നു.. തിരിയുമ്പോൾ ആ മുഖം ഒന്നുകൂടെ കാണാനുള്ള ആഗ്രഹത്താൽ.. ഒന്ന് ഇങ്ങോട്ട് വന്നിരുന്നെങ്കിൽ എന്ന് അവൻ ഓർത്തപ്പോഴേക്കും അവൾ തിരിഞ്ഞ് പിന്നിലേക്ക്‌ വന്നു..അവൻ കണ്ടു ഏഴു തിരിയിട്ട നിലവിളക്കുപോലെ പ്രകാശമായ അവളുടെ മുഖം.. വെളുത്ത്‌ തുടുത്ത ആ കവിളുകൾ ഇടക്ക് കൂടുതൽ ചുമക്കുന്നുണ്ടന്നു അവനു തോന്നി.. നെറ്റിയിൽ തൊട്ടിരിക്കുന്ന കുഞ്ഞു പൊട്ടും, കാതുകളിലെ ചെറിയ മൊട്ടുകമ്മലും അവളെ കൂടുതൽ സുന്ദരിയാക്കിയിരിക്കുന്നു..കട്ടിയുള്ള നീളൻ മുടി ഒരു പ്രത്യേക ഷേയ്പ്പിൽ പൊക്കി കെട്ടിവെച്ചിരിക്കുന്നു..ഇവൾ തന്നെ അത്.. താൻ മനസ്സിൽ ആഗ്രച്ചിരുന്ന പെണ്ണ്..
മോനെ ഈ കോലഞ്ചേരി ആശുപത്രി ആകുമ്പോൾ ഒന്ന് പറയണം കേട്ടോ..
എതിർവശത്തെ സീറ്റിലിരുന്ന പ്രായമായ ചേട്ടൻ പറഞ്ഞതു കേട്ടാണ് സഞ്ജു പുറത്തേക്ക് നോക്കിയത്.. കണ്ടക്ടർ സാറിനെയും നോക്കി ഇരുന്നു സ്ഥലം എത്തിയത് അറിഞ്ഞില്ല..
ഞാൻ ഇവിടെ ഇറങ്ങുവാണല്ലോ ചേട്ടാ... കണ്ടക്ടർ സാറിനോട് പറഞ്ഞാൽ മതി.. അവിടെ എത്തുമ്പോൾ പറഞ്ഞോളും..
അതും പറഞ്ഞു ഇറങ്ങാൻ തുടങ്ങിയപ്പോൾ അവനു തോന്നി ഇറങ്ങേണ്ടന്നു.. തന്നെ ആകർഷിച്ച ആ മുഖം കണ്ടുകൊണ്ടിരിക്കണം എന്ന ആഗ്രഹത്തെ അടക്കി ഒന്നും കൂടെ നോക്കി മനസ്സിന് ഒരാശ്വാസം കൊടുത്തു സഞ്ജു ഇറങ്ങി.. ദിവസം മുഴുവൻ ആ മുഖം മായാതെ അവന്റെ മനസ്സിൽ നിന്നു.. കണ്ണടച്ചാലും, തുറന്നാലും ആ മുഖം മാത്രം...
-----------------------------------------------------------
പിറ്റേദിവസം ബൈക്ക് ശരിയാക്കിയെങ്കിലും അതെടുക്കാതെ പോകുന്ന മകനോട്‌ ദേവകി ചോദിച്ചു...
നീയെന്താ ബൈക്കിൽ അല്ലേ പോകുന്നത്.. ?
അമ്മേ ഒരു മലയാളിയാണേൽ ksrtcയേ സ്നേഹിക്കണം.. അതുകൊണ്ട് ഞാൻ ബസ്സിനാ പോകുന്നത്...
സഞ്ജുവിന്റെ ആനവണ്ടിയോടുള്ള സ്നേഹത്തിന്റെ കാരണം അറിയാത്തതിനാൽ ദേവകിയമ്മ ഒന്നും മനസ്സിലാകാതെ നിന്നു...
ബസ്സിൽ കയറി അവൾക്കായി കണ്ണുകൾ തിരയുമ്പോൾ ടിക്കറ്റ് കൊടുക്കുന്ന ആളെ കണ്ട്‌ അവന്റെ മുഖം മ്ലാനമായി..അവളല്ല കണ്ടക്ടർ.. വേറൊരു ചേട്ടൻ.. ഒന്ന് കാണാഞ്ഞിട്ട് ആകെ ഒരു വിഷമം..അന്ന് മൂവാറ്റുപുഴ എത്താൻ കുറേ സമയമെടുത്തെന്നു അവനു തോന്നി..
ഒരു ദിവസം കണ്ടതേ ഉള്ളൂ... ഒന്നും മിണ്ടിയിട്ടു കൂടിയില്ല.. അപ്പോഴേക്കും തന്റെ മനസ്സ് ഇത്ര പിടയുന്നതെന്തേ.. ഇത്ര മാത്രം അവൾ തന്റെ മനസ്സിൽ കേറിക്കൂടിയോ..തന്നെ ഇഷ്ട്ടപ്പെട്ടില്ലങ്കിലോ... ?കൂടുതൽ ആലോചിക്കാൻ അവനു തോന്നിയില്ല...പിറ്റേ ദിവസം ആകാൻ സഞ്ജു കാത്തിരുന്നു..ദിവസത്തിന് ഇത്ര മാത്രം നീളമുണ്ടന്നു അന്നാണവന് മനസ്സിലായത്..
--------=----------------------------------------
പിറ്റേദിവസവും സഞ്ജുവിന് നിരാശപ്പെടേണ്ടി വന്നു.. കാത്തിരുന്നത്‌ കാണാനാവാതെ കണ്ണും, മനവും പിടഞ്ഞു.. രണ്ടു ഇണക്കുരുവികൾ മുന്നിലെ സീറ്റിൽ പ്രണയസല്ലാപത്തിൽ മതി മറന്നിരിക്കുന്നത് കണ്ടപ്പോൾ അവനു കൂടുതൽ സങ്കടമായി ..
---------------------------------------------------
അടുത്ത ദിവസം ബസ്സ്‌ വന്നു നിന്നപ്പോൾ ആദ്യം അവൻ അകത്തേക്ക് നോക്കി ..
ഉണ്ട്... അവളുടെ മുഖം അകത്തു കണ്ടപ്പൊൾ അവന്റെ മനസ്സിൽ സന്തോഷത്തിന്റെ തിരമാലകൾ വീശിയടിച്ചു... അവളെ കാണാവുന്നതുപോലെ അവൻ ഇരുന്നു.. ടിക്കറ്റ് തരാനായി അടുത്ത് വന്നപ്പോൾ ..
രണ്ടു ദിവസം എവിടെയായിരുന്നു എന്ന് ചോദിക്കാൻ അവന്റെ മനസ്സ് വെമ്പിയെങ്കിലും, ഒരു പരിചയവും ഇല്ലാതെ എങ്ങനെ ചോദിക്കുമെന്നോർത്തു അവൻ മൗനം പാലിച്ചു..സഞ്ജു കണ്ണടക്കാതെ അവളെ നോക്കിയിരുന്നു..തന്നെ രണ്ടു കണ്ണുകൾ വിടാതെ പിന്തുടരുന്നതറിയാതെ അവൾ ജോലിയിൽ മുഴുകി..ടിക്കറ്റ് കൊടുത്തു കഴിഞ്ഞാൽ ഉടൻ അവൾ ഡ്രൈവറിന്റെ അടുത്തുപോയി നിന്നു സംസാരിക്കും..എന്താ ഇതിനുമാത്രം സംസാരിക്കാൻ... ? ഇനി ലൈനാരിക്കുമോ..? ഡ്രൈവറിന്റെ മുഖം ഒന്ന് കാണാനും കിട്ടുന്നില്ല... സഞ്ജുവിന്റെ മനസ്സ് ഉത്തരം കിട്ടാതെ അസ്വസ്ഥനായി..ബസ്സ്‌ നിർത്തി ഇറങ്ങുമ്പോൾ അവൻ ഡ്രൈവറെ നോക്കി.. ഒരു മദ്ധ്യ വയസ്ക്കനാ... അവനൊന്നു ആശ്വസിച്ചു..
എങ്ങനേ അവളോട്‌ ഇതൊന്നു അവതരിപ്പിക്കും എന്നായിരുന്നു സഞ്ജുവിന്റെ മനസ്സിൽ..l love you പറഞ്ഞു നടക്കണ്ട പ്രായമല്ല..അപ്പൊ അവന്റെ മനസ്സിലേക്ക് ഓടിയെത്തിയത് ബസ്സിലെ ഡ്രൈവറിന്റെ മുഖമായിരുന്നു..
പിറ്റേ ദിവസം സഞ്ജു ബസ്സ്‌ തിരിച്ചു തൊടുപുഴക്ക് വരുന്നത് എപ്പോളാണന്നു മനസ്സിലാക്കി ഡ്രൈവർ സാറിന്റെ അടുത്തു ചെന്നു..
അവൻ സ്വയം പരിചയപ്പെടുത്തി..കാര്യം അവതരിപ്പിച്ചു...
ചേട്ടന് ആ കുട്ടിയുടെ വീട്ടുകാരെ അറിയാമോ.. ?
ഓ... എനിക്ക് നല്ലവണ്ണം അറിയാവുന്ന വീട്ടുകാരാ..ആ കുട്ടിയേയും നല്ലവണ്ണം അറിയാം..
ആ കുട്ടിയുടെ അച്ഛനോട് ഒന്ന് സംസാരിച്ചു പെണ്ണുകാണാൻ ഉള്ള സൗകര്യം ഉണ്ടാക്കണം..അതുവരെ ചേട്ടൻ ആ കുട്ടിയോട് ഒന്നും പറയരുത്... ചേട്ടന് അറിയാവുന്ന ഒരു ചെറുക്കാനാണന്നു പറഞ്ഞാ മതി.. എന്താണന്നു വെച്ചാൽ നമ്മുക്ക് ചെയ്യാം...
സാറിന്റെ ഡിമാൻഡ് എന്തൊക്കെയാ... ?
അവരോടു സംസാരിക്കുമ്പോൾ പറയണമല്ലോ.., !ഒരു മീഡിയം ഫാമിലിയാ..വല്യ സ്ത്രീധനമൊന്നും പ്രതീക്ഷിക്കണ്ട..
എന്റെ ചേട്ടാ... എനിക്ക് ഒരു ഡിമാൻഡും ഇല്ല..എനിക്ക് പെണ്ണിനെ മാത്രം മതി.. മകൾക്കായി എന്തേലും കൊടുക്കാൻ അവർക്കാഗ്രഹമുണ്ടങ്കിൽ കൊടുക്കാം.. അത്രേയുള്ളൂ... പിന്നെ ഒരു കാര്യം.. എനിക്ക് ഒരു ഡിമാൻഡും ഇല്ലെന്നുള്ള കാര്യം പെണ്ണുകാണൽ കഴിയുന്നതുവരെ ചേട്ടൻ അവരോടു പറയരുത്.. എന്നെ ഇഷ്ട്ടപ്പെട്ടില്ലേലും ഒന്നും കൊടുക്കണ്ടല്ലോ എന്നോർത്ത് വീട്ടുകാരുടെ നിർബന്ധത്താൽ കല്യാണം നടക്കരുത്..ആ കുട്ടിക്കു എന്നേ ഇഷ്ട്ടപെടുമോന്നു നോക്കാം..
ജീവിതം എത്ര ബാക്കിയുണ്ടോ അത്രയും ജീവിക്കേണ്ടതല്ലേ ചേട്ടാ...
അത് ശരിയാ... സാറിന് തിരക്കില്ലേൽ നമ്മുക്ക് ഒരു ചെറുത് വിട്ടാലോ..
ഞാൻ കുടിക്കാറില്ല ചേട്ടാ... കാശു തരാം.. ചേട്ടൻ പോയി കഴിച്ചോ..
എനിക്ക് കഴിക്കണേൽ എന്റെ കയ്യിൽ കാശൊണ്ട്..സാറും കൂടെ ഉണ്ടെങ്കിൽ ഒന്ന് അടിക്കാം എന്നോർത്ത് പറഞ്ഞതാ..
എന്നാ വാ നമ്മുക്ക് ഒരു ചായ കുടിക്കാം..
രണ്ടുപേരും ചായക്കടയിൽ കയറി ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഡ്രൈവർ ചേട്ടൻ ചോദിച്ചു..
എങ്ങനെയാ.. കിമ്പളമൊക്കെ നല്ലപോലെ തടയുന്നുണ്ടോ.. ?
ഇന്നുവരെ ആരുടെയും കയ്യിൽനിന്നും ഒരു രൂപാ പോലും ഞാൻ വാങ്ങിച്ചിട്ടില്ല.. അതിന്റെ ആവശ്യമില്ല.. ഈ ജോലിയില്ലേലും കഴിഞ്ഞുപോകാനുള്ള വകയൊക്കെ ഉണ്ട്.. നല്ല പോലീസുകാരും ഉണ്ട് എന്റെ ചേട്ടാ..
പിറ്റേ ദിവസം വിവരം പറയാമെന്നു പറഞ്ഞു അവർ പിരിഞ്ഞു..
 പിന്നെ പിറ്റേ ദിവസത്തിനുള്ള കാത്തിരിപ്പായി..
അടുത്ത ദിവസം ടിക്കറ്റ് കൊടുക്കാൻ അവൾ പിറകിൽ പോയ തക്കം നോക്കി സഞ്ജു ഡ്രൈവർ ചേട്ടന്റെ അടുത്തെത്തി..
ഡ്രൈവർ ചേട്ടൻ ഗിയർ വലിച്ചിടുന്നതിനിടയിൽ പറഞ്ഞു...
അടുത്ത ഞായറാഴ്ച്ച വരാൻ പറഞ്ഞു...
അപ്പൊ അന്ന് കാണാം... ചേട്ടൻ എവിടെ വരും.. ?
ഞാൻ ആ മെയിൻ റോഡിൽ കണ്ടേക്കാം.. വീട് നിങ്ങക്കറിയില്ലല്ലോ..
അവൻ തിരിച്ചു സീറ്റിൽ ചെന്നിരുന്നു..
പിറകിൽ നിന്നു ടിക്കറ്റ്, ടിക്കറ്റ് എന്നും പറഞ്ഞോണ്ട് വന്ന അവൾ എന്നെ നോക്കിയപ്പോൾ ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കിയോ.. ? അതോ എനിക്ക് തോന്നിയതാണോ... ? അവൻ വീണ്ടും മുന്നിൽ നിക്കുന്ന അവളെ നോക്കി.. കാറ്റത്തു രണ്ടു, മൂന്ന് മുടിയിഴകൾ അനുസരണയില്ലാതെ അവളുടെ കവിളിലേക്കു വീണു പാറികളിക്കുന്നു..
ഞായറാഴ്ച്ച ആകണം ഇനി ഒന്ന് മനസ്സിലേ ടെൻഷൻ മാറാൻ.. സഞ്ജു ഓർത്തു .
----------------------------------------------------
സഞ്ജു കാത്തിരുന്ന ഞായറാഴ്ച്ച പുലരി തെളിഞ്ഞു.. ആലോചന കൂടിയിട്ട് രാത്രിയിൽ ഉറങ്ങാൻ പറ്റിയില്ലേലും ഒരു ക്ഷീണവുമില്ലാതെ സഞ്ജു കുളിച്ചു റെഡി ആയി..ഒരു പെണ്ണ് ആണിന്റെ ജീവിതത്തിൽ ഇത്രയും ശക്തമാണെന്ന് ഇന്നാണവന് മനസ്സിലായത്.. അമ്മയെയും കൂട്ടി ആദ്യമായി സഞ്ജു പെണ്ണുകാണാൻ പുറപ്പെട്ടു... പറഞ്ഞപോലെ വഴിയിൽ കാത്തുനിന്ന ഡ്രൈവർ ചേട്ടനെയും കൂട്ടി അവർ പെണ്ണിന്റെ വീടിനു മുൻപിലെത്തി..
എല്ലാവരും അകത്തു കയറി ഇരുന്നു... സഞ്ജുവിന്റെ ഹൃദയം ശക്തമായി ഇടിച്ചു..അവൻ ഡ്രൈവർ ചേട്ടനോട് ചോദിച്ചു .
പെണ്ണിന്റെ അച്ഛൻ എവിടെ . ഇവിടെ ഇല്ലേ... ?
ഉണ്ട്...നിങ്ങൾ തനിച്ചു സംസാരിക്കുമ്പോൾ ചോദിച്ചാൽ മതി.. അവൾ കാണിച്ചു തരും..
വല്ലോ വയ്യായ്കയുമായി കിടക്കുവാണോ.. ?അവനു ചിന്തിച്ചിട്ടു ഒരു കുന്തവും പിടി കിട്ടിയില്ല.. അവളോട്‌ ചോദിക്കാം എന്നോർത്തു..
അവരുടെ മുന്നിലേക്ക്‌ അവൾ ഒരു ചെറു ചിരിയോടെ കടന്നു വന്നു .
ആദ്യം സഞ്ജുവിന്റെ മുൻപിൽ വന്നു ട്രേയുമായി നിന്ന അവളെ അവൻ നോക്കി.. അവൾ വിടർന്ന മിഴികളുമായി അവനെ നോക്കി..മിഴികൾ കൂട്ടിമുട്ടി..
രണ്ടുപേരും തനിച്ചു സംസാരിക്കാൻ മുറിയിൽ നിൽക്കുമ്പോൾ..
സഞ്ജു ചോദിച്ചു..
പേരെന്താ.. ?
ആരതി.. അവൾ മറുപടി പറഞ്ഞു..
ഇനിയും എന്താ ചോദിക്കുക.. അവന്റെ ബോധമനസ്സിൽ ഒന്നും വന്നില്ല..
എന്നേ ഇഷ്ടമായോ.. ?
ഊം... അവൾ മൂളി..
അടുത്ത ചോദ്യത്തിനായി അവൻ ഉള്ളിൽ പരതി..
അച്ഛൻ എവിടെ... ?കണ്ടില്ലല്ലോ...
അവൾ ചാരി നിന്നിരുന്ന മേശയിൽ നിന്നും ഒരു പത്രമെടുത്തു അവന്റെ നേരെ നീട്ടി...
അവൻ ആകാഷയോടെ ആ പത്രത്താളിലേക്ക്‌ കണ്ണ് പായിച്ചു..
അച്ഛൻ ഓടിക്കുന്ന ബസ്സിൽ കണ്ടക്ടർ ആയി മകൾ.. ഹെഡിങ്ങിനൊപ്പം ഡ്രൈവർ ചേട്ടന്റെയും ആരതിയുടെയും ഫോട്ടോ...
അപ്പോൾ അച്ഛൻ.. ? ഡ്രൈവർ ചേട്ടൻ.. ?
ഊം..അതാണെന്റെ അച്ഛൻ..അവൾ പറഞ്ഞു..
അമ്മ കൂടെ ഇല്ലാരുന്നേൽ ഇറങ്ങി ഓടാമായിരുന്നു.. സഞ്ജു ഓർത്തു.. അച്ഛനോടാണല്ലേ താൻ കല്യാണം ആലോചിച്ചത്..
ഞാനാണ്‌ വരുന്നതെന്ന് അറിയാമായിരുന്നോ... ?
ഊം.. . അച്ഛൻ എന്റെ ഇഷ്ട്ടം അറിഞ്ഞതിനുശേഷമാണ് ഇന്ന് വരാൻ പറഞ്ഞത്..!
അച്ഛൻ ആള് കൊള്ളാമല്ലോ എന്ന് മനസ്സിൽ ഓർത്തപ്പോളെക്കും അവൾ തുടർന്നു...
ഞാൻ കണ്ടപ്പോൾ എനിക്കിഷ്ടമായി.. പിന്നെ കള്ളുകുടിയില്ലന്നും, കൈക്കൂലി മേടിക്കില്ലന്നും കേട്ടപ്പോൾ ഞാൻ ok പറഞ്ഞു...
ഡ്രൈവർ ചേട്ടൻ ഒരെണ്ണം അടിക്കാൻ ക്ഷണിച്ചതും, കൈക്കൂലി മേടിക്കുമോന്നു ചോദിച്ചതുമൊക്കെ അവന്റെ ഓർമ്മയിലേക്ക് ഓടിയെത്തി..
അപ്പോൾ വാതിൽക്കൽ മുട്ടു കേട്ടു.. അവരെല്ലാവരും അങ്ങോട്ട്‌ വന്നു..
അച്ഛനെ കണ്ടോ സഞ്ജു.... ?
ഡ്രൈവർ ചേട്ടന്റെ ചോദ്യം അവിടെ ഒരു കൂട്ടച്ചിരി ഉയർത്തി... സഞ്ജുവിന് ചിരിക്കണോ, കരയണോ എന്നറിയാത്തതിനാൽ ആ ചിരിയിൽ അവനും പങ്ക് ചേർന്നു..
.....ബിൻസ് തോമസ്‌.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo