Slider

ഒരു വേനലവധിയുടെ ഓർമ്മയ്ക്കായ്

0

ഒരു വേനലവധിയുടെ ഓർമ്മയ്ക്കായ്
വേനലവധിക്കാലത്ത് ഞങ്ങൾ കുട്ടിക്കൂട്ടങ്ങൾ കല്ലെറിയാത്ത മാവോ ചാമ്പയോ നെല്ലിയോ ആ നാട്ടിലില്ലായിരുന്നു.കൂട്ടത്തിൽ കുട്ടേട്ടനായിരുന്നു തരം കിട്ടിയാൽ മരക്കൊമ്പിൽ വലിഞ്ഞിട്ടു കേറാൻ മിടുക്കൻ .ഒന്നോ രണ്ടോപേർ മരത്തിൽ കയറി മാങ്ങയും ചാമ്പങ്ങയും പറിച്ച് താഴെ നിൽക്കുന്ന കൂട്ടുകാർക്കെറിഞ്ഞുകൊടുക്കും.അവരത് സൂക്ഷിച്ചുവച്ച് അവസാനം പങ്കിട്ടെടുക്കും അതാണ് ഞങ്ങൾ കുട്ടിക്കൂട്ടത്തിനിടയിലെ അലിഖിത നിയമം.
ഒരു ദിവസം സുലെെമാനിക്കയുടെ പറമ്പിലെ മൂവാണ്ടൻമാവിലേക്ക് കുട്ടേട്ടനെ നിർബ്ബന്ധിച്ച് കയറ്റിയത് ഞങ്ങളെല്ലാരും കൂടിയായിരുന്നു.സത്യം പറഞ്ഞാൽ അത് മാങ്ങ തിന്നാനുള്ള കൊതികൊണ്ടൊന്നുമായിരുന്നില്ല, സുലെെമാനിക്കയോടുള്ള വാശിക്കായിരുന്നു.ഞങ്ങടെ വാനരസെെന്യം ഇതുവഴിപോയപ്പോൾ അങ്ങേരു പറയുവാ ദാണ്ടേ പോണു മരംകേറികൂട്ടങ്ങൾ,ഇതുങ്ങളെങ്ങാനും എൻ്റെ പറമ്പിൽ കേറിയാൽ ആ മുട്ടുകാലു ഞാൻ തല്ലിയൊടിക്കുമെന്ന്.അന്നേ നോക്കിവച്ചതാ ഈ മാവ്.ഇതീന്നൊരു മാങ്ങ പറിക്കണത് ഞങ്ങടെ അഭിമാനപ്രശ്നമായി മാറിയതങ്ങനെയാ.ആ വാശിക്കാ കുട്ടേട്ടനെ മാവിൻ്റെ മേലേക്ക് കേറ്റിവിട്ടത്.സുലെെമാനിക്കയുടെ വീടും പറമ്പും തമ്മിൽ ഒത്തിരി അകലമുണ്ട് ,വീട്ടിൽ നിന്ന് നോക്കിയാൽ മാവ് കാണാനൊക്കില്ലെന്ന ധെെര്യത്തിലാ ഞങ്ങളീ കടുംകെെയ്ക്ക് മുതിർന്നത്.എങ്കിലുമൊരു ധെെര്യത്തിന് ശങ്കരുവിനെ പറമ്പിൻ്റെ മുൻവശത്ത് കാവൽ നിർത്തിയിട്ടുണ്ട്,ആരെങ്കിലും വന്നാൽ അവൻ സൂചന തരും.
ഞങ്ങൾ പെൺകുട്ടികൾ പാവാടത്തുമ്പ് മടക്കി അതിലും ആൺകുട്ടികൾ തങ്ങടെ നിക്കറിൻ്റെ പോക്കറ്റിലുമായി മാങ്ങകൾ നിറയ്ക്കുന്നുണ്ടായിരുന്നു.എല്ലാരും പെറുക്കിതീർന്നിട്ടും വാശിയായിരുന്നു. മാവുമുഴുവൻ മൊട്ടയാക്കിയിട്ട് കുട്ടേട്ടൻ താഴെ ഇറങ്ങിയാൽ മതിയെന്നത് കുട്ടിക്കൂട്ടത്തിൻ്റെ തീരുമാനമായിരുന്നു.ഇക്കൊല്ലം ഈ മാവിലെ ഒരു മാമ്പഴം പോലും സുലെെമാനിക്ക തിന്നാൻ പാടില്ലെന്നത്,ഞങ്ങടെ കാലുതല്ലിയൊടിക്കുമെന്ന് പറഞ്ഞതിന് സുലെെമാനിക്കയ്ക്ക് ഞങ്ങൾ വിധിച്ച ശിക്ഷയായിരുന്നു.മരം ഏകദേശം മൊട്ടയായിതീർന്ന സമയത്താണ് അത് സംഭവിച്ചത്.മരക്കൊമ്പിലിരുന്ന കുട്ടേട്ടൻ ദേ സുലെെമാനിക്ക എന്നു പറഞ്ഞതും അയ്യോ സുലെെമാനിക്ക എന്നാർത്തുവിളിച്ചുകൊണ്ട് അതുവരെ പെറുക്കികൂട്ടിയ മാമ്പഴങ്ങളൊക്കെയും എങ്ങോട്ടൊക്കെയോ വലിച്ചെറിഞ്ഞ് ഞങ്ങൾ കുട്ടികൂട്ടങ്ങൾ നാലുപാടും ഓടിമറഞ്ഞു.ഓട്ടത്തിനിടയിൽ പിന്തിരിഞ്ഞുനോക്കിയപ്പോൾ കണ്ടു പറമ്പിൻ്റെ പിന്നാമ്പുറത്തിന് പാഞ്ഞോടി വരുന്ന സുലെെമാനിക്കയെ.കുറേ ദൂരം ഓടികഴിഞ്ഞാണ് മരത്തിൻ്റെ മുകളിലിരുന്ന കുട്ടേട്ടനെപ്പറ്റി ഞങ്ങൾക്കോർമ്മ വന്നത്.അയ്യോ പാവം കുട്ടേട്ടൻ ഞങ്ങളെല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു.കുട്ടേട്ടനോടുള്ള സഹതാപവോട്ട് ഞങ്ങളെല്ലാരും ഒരേ സ്വരത്തിൽ പാസാക്കിയെങ്കിലും ആർക്കും തിരികെപോയി നോക്കാനുള്ള ധെെര്യമില്ലായിരുന്നു.സ്വന്തം കാലുതല്ലിയൊടിക്കപ്പെടാൻ ഞങ്ങളിലാർക്കും തീരെ താല്പര്യമില്ലായിരുന്നു.അതുകൊണ്ടുതന്നെ കുട്ടേട്ടന് എന്തു സംഭവിച്ചുകാണുമെന്ന് ആശങ്കയായിരുന്നു ഞങ്ങൾക്ക്.കുട്ടേട്ടൻ ഓടി രക്ഷപ്പെടാനുള്ള ചാൻസ് കുറവാണെന്നും പാവത്തിൻ്റെ കാലു തല്ലിയൊടിച്ചുകാണുമായിരിക്കുമെന്ന് ഞങ്ങൾ ഉറപ്പിച്ചു.ഇനി കുട്ടേട്ടനെ രക്ഷിക്കാൻ സാക്ഷാൽ ശങ്കരമാമയ്ക്കേ ആകൂ എന്ന് ഞങ്ങൾക്കു മനസിലായി.ഈ ശങ്കരമാമ ആരാന്നല്ലേ നമ്മടെ കുട്ടേട്ടൻ്റെ അച്ഛൻ.പുള്ളിക്കാരൻ വിചാരിച്ചാലേ കുട്ടേട്ടനെ സുലെെമാനിക്കയിൽ നിന്ന് രക്ഷിക്കാനാകൂ എന്ന് മനസിലാക്കിയ ഞങ്ങൾ കുട്ടേട്ടൻ്റെ വീടു ലക്ഷ്യമാക്കി ഓടി.ശാന്തമ്മായി വഴി ശങ്കരമാമയെ വിവരങ്ങളറിയിച്ചു ശേഷം കുട്ടേട്ടനെ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷിച്ച ചാരിതാർത്ഥ്യത്തിൽ ഞങ്ങൾ അവിടുന്നിറങ്ങി.
വെെകിട്ട് കുട്ടേട്ടനെ വിളിക്കാൻ ചെന്ന ഞങ്ങൾ കണ്ടത് മുറ്റത്തെ തെങ്ങിൽ കെെരണ്ടും കൂട്ടികെട്ടിയനിലയിൽ കരഞ്ഞു തളർന്ന കുട്ടേട്ടനെയാണ്.നിക്കറിനുതാഴെ കണ്ട ചുവന്നുതിണർത്ത പാടുകളിൽ നിന്ന് ശങ്കരമാമയുടെ വള്ളിച്ചൂരൽ കുട്ടേട്ടൻ്റെമേൽ ശിവതാണ്ഡവമാടിയെന്ന് ഞങ്ങൾക്കുറപ്പായി.ആ തളർച്ചയിലും കുട്ടേട്ടൻ വളരെ കലിപ്പിൽ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.ഇനിയിവിടെ നിന്നാൽ ശാന്തമ്മായീടെ വായിലിരിക്കണത് കേൾക്കേണ്ടിവരുമെന്ന് മനസിലായ ഞങ്ങൾ കുട്ടേട്ടനോടുള്ള സഹതാപം കണ്ണുകൾകൊണ്ടു കെെമാറി അവിടെ നിന്നും മുങ്ങി.
പിറ്റേന്ന് ശങ്കരു പറഞ്ഞല്ലേ ഞങ്ങൾ നടന്ന സംഭവങ്ങൾ കൃത്യമായി അറിയുന്നത്. മാവിൻ്റെ മുകളിലിരുന്ന കുട്ടേട്ടൻ വടക്കേ പറമ്പിലെ വാഴത്തോപ്പിനിടയിലെ സുലെെമാനിക്കയുടെയും വേലക്കാരി ജാനുവേടത്തിയുടെയും പ്രണയലീലകൾ കണ്ടിട്ടാണ് സുലെെമാനിക്ക എന്ന് പറഞ്ഞുതുടങ്ങിയത്.പക്ഷേ ഞങ്ങൾ കുട്ടിക്കൂട്ടങ്ങൾ ആ പേരു കേട്ടതും ആർത്തുവിളിച്ച് ഓടുകയായിരുന്നു.ആ ബഹളം കേട്ട് ഓടിക്കിതച്ചുവന്ന സുലെെമാനിക്ക കുട്ടേട്ടൻ എല്ലാം കണ്ടെന്നു മനസിയപ്പോൾ ആരോടും ഒന്നും പറയരുതെന്നും പറഞ്ഞ് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി ഞങ്ങൾ വലിച്ചെറിഞ്ഞുപോയ മാമ്പഴങ്ങളൊക്കെയും പെറുക്കികൂട്ടി സഞ്ചിയിലാക്കി കുട്ടേട്ടനു നല്കി.ഇതും കൊണ്ട് മൂളിപ്പാട്ടും പാടി കുട്ടേട്ടൻ വന്നുപെട്ടതോ ഞങ്ങൾ പറഞ്ഞ് വിശേഷങ്ങളറിഞ്ഞ ശങ്കരമാമയുടെ മുൻപിലും.അതിൻ്റെ ബാക്കി പത്രമായിരുന്നു ഞങ്ങൾ വീട്ടുമുറ്റത്തുകണ്ട കേരവൃക്ഷാലിംഗനം.
തല്ലുകൊണ്ടതിലും കൂടുതൽ കൂട്ടേട്ടനു സങ്കടം അതിലൊരു മാമ്പഴം പോലും തിന്നാൻ കിട്ടാത്തതിലായിരുന്നു.
അതോ കുട്ടേട്ടനെ മരം കേറ്റണ പരിപാടി ഞങ്ങൾ നിർത്തി .അപ്പോൾ നിങ്ങളു കരുതും അതോടെ ഞങ്ങൾ നന്നായിക്കാണുമെന്ന്.എവിടുന്ന്!കുട്ടേട്ടനെ മാറ്റി ശങ്കരുവിനെ ഞങ്ങൾ ആസ്ഥാന മരം കയറ്റക്കാരനായി നിയമിച്ചെന്നു മാത്രം.ഞങ്ങടെ കുട്ടിക്കൂട്ടം പിന്നെയും പറമ്പുകൾ തോറും കയറിയിറങ്ങി കളിച്ചു ചിരിച്ച് ആ വേനലവധിയെ ഉത്സവമാക്കിക്കൊണ്ടേയിരുന്നു.
വിജിത വിജയകുമാർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo