Slider

K P ശശി - ഒരു സാധാരണ പേരു മാത്രം

0

K P ശശി - ഒരു സാധാരണ പേരു മാത്രം
----------------------------------------------------------®
"എന്താണ് പേര്...?"
"K P ശശി " ഞാൻ കാൽ പെരുവിരലിൽ കുത്തിപ്പൊങ്ങി കൗണ്ടറിനകത്തേക്ക് നോക്കിപ്പറഞ്ഞു.....
ക്യൂവിൽ പിന്നിൽനിന്നവരുടെ അമർത്തിയ ചിരി....
അത്രയും നേരം ഗൗരവത്തിലിരുന്ന ഉദ്യോഗസ്ഥന്റെ മുഖത്ത് ഒരു മന്ദഹാസം വിരിഞ്ഞു....?
പണമടച്ച് രസീത് വാങ്ങി തിരികെ നടക്കുമ്പോൾ മനസ് നിറയെ ദേഷ്യമായിരുന്നു. വെറുതെ ഒരു പേര് തമാശയാക്കുക, പിന്നെ പരിഹസിക്കുക. വളഞ്ഞിട്ട് ആക്രമിച്ച് ചിരിക്കുക.....? ഒരു പക്ഷെ ലോകത്ത് ഇത്രയും കൃമികടിയുള്ളത് മലയാളിക്കാവും...? ജീവിതത്തിൽ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്തവനും പേര് കേൾക്കുമ്പോൾ ചിരിക്കുകയാണ്.?
ചമ്പൂർണ്ണ ചാച്ചരത.... ഫൂ... !!!
എന്തിന് വേണ്ടി...? ആർക്കു വേണ്ടി....?
മറ്റുള്ളവരെ വേദനിപ്പിക്കുമ്പോൾ കിട്ടുന്ന മനോസുഖത്തിലാറാടി നേരം കളയുന്ന വായിനോക്കിപ്പരിഷകൾ.....!
ചിന്തകൾ അന്തമില്ലാത്ത ബന്ധുവായി......!
ബസ്സിലിരുന്നപ്പോൾ ഉറക്കെ പുറകിന്നൊരു വിളി..
"ഡാ... ശശ്ശിയേ... "
അമർത്തിയ ചിരികളും, പരിഹാസ നോട്ടവും.....?
തല ചരിച്ചു നോക്കി....
ഓഹ്...വടുതലേലെ ഉത്തമനാണ്. അയൽവാസി. ടൌണിൽ പോയി സിവിൽ സപ്ലൈസിൽ നിന്ന് കുപ്പി വാങ്ങി വീട്ടിൽ കൊണ്ട് ഒഴിച്ചു വിൽക്കുന്നു. ഭാര്യയും പോത്തുപോലെ വളർന്ന രണ്ട് ആൺമക്കളും ഈ കുടിൽ വ്യവസായത്തെ പ്രോൽസാഹിപ്പിക്കുന്നു, സഹായിക്കുന്നു.നാട്ടിലെ കൊച്ചു കുട്ടികൾക്ക് വരെയറിയാം ജോലി ഇതാണന്ന്.. പക്ഷെ എക്സൈസുകാർക്കും,പോലീസുകാർക്കും മാത്രം അറിയില്ല....
" എവിടെപ്പോയതായിരുന്നെടാ ശശി...?"
" കറണ്ട് ബില്ലടക്കാൻ "
"അല്ലടാ ശശി.... നീയെന്താ ഒരു മാതിരി ശശിയായി ഇരിക്കുന്നേ....?
വീണ്ടും ഉറക്കെ വിളിച്ച് ചോദിക്കുന്നു... ബസ്സിലിരിക്കുന്ന മറ്റുള്ളവരുടെ മുൻപിൽ "ശശി " യെ ആഘോഷിക്കാനാണ് ശ്രമം. ഞാൻ കുപ്പിക്കച്ചോടത്തിന് എതിരാണ് അറിയാവുന്നത് കൊണ്ട് അതിന്റെ നീരസവുമുണ്ട്.
ഇനിയും മിണ്ടാതിരുന്നിട്ട് കാര്യമില്ല... പറയാനുള്ളത് പറയേണ്ട സമയത്ത് തന്നെ പറയണം.
എണീറ്റ് നിന്ന് അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു... അൽപം ഉറക്കെത്തന്നെ.....
"ഉത്തമാ.... എന്റെ പേര് ശശിയെന്നു തന്നെയാണ്. അച്ഛനിട്ട പേര്. KP ശശി. കറുകത്തറയിൽ പവിത്രൻ മകൻ ശശി.ആ പേരിൽ ഒരു കുഴപ്പവുമുള്ളതായി ഇന്നുവരെ എനിക്ക് തോന്നിയിട്ടില്ല. പിന്നെയീ കേൾക്കുന്നോരേ ഇളിപ്പിക്കാൻ വേണ്ടിയിട്ടാണീ അഭ്യാസമെങ്കിൽ നീ വേറേ ആളിനെ നോക്ക്...!"
"പിന്നെ ഒന്നുകൂടി.... നിന്റെ പേര് ഉത്തമൻ... ചെയ്യുന്ന ജോലി കുപ്പിക്കച്ചോടം... പേരും പ്രവർത്തിയും മനസിലൊന്നൂടീ... ആലോചിക്ക്...
"എന്നെ കൊണപ്പെടുത്താൻ വരാതെ.... ആദ്യം നീ നാട്ടുകാരേ കൊണപ്പെടുത്ത്...!"
"എന്നിട്ട് വാ... ഒണ്ടാക്കാൻ... കേട്ടോ...?"
ബസ്സിനുള്ളിൽ മൊട്ടുസൂചി വീണാൽ കേൾക്കുന്ന നിശബ്ദ്ദത. ഞാൻ ഒന്നമർന്നിരുന്നു എന്നിട്ട് കലിപ്പോടെ ഒന്നുകൂടി നോക്കി.ഉത്തമന്റെ അടുത്തിരുന്ന ഒരപ്പച്ചൻ കൈകൊണ്ട് ആഗ്യം കാണിച്ചു കൊണ്ട് ചോദിക്കുന്നു..
"ചോദിച്ചു വാങ്ങിച്ചതല്ലേ...?"
"ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ...?"
"സത്യത്തിലിപ്പോ ആരാ ശശിയായെ...?"
കണ്ടക്ടർ ബെല്ലടിച്ചു... ബസ് പതിയെ മുന്നോട്ട് നീങ്ങി.....
സ്റ്റാൻഡിൽ പതിവ് അനൗൺസ്‌മെന്റിന്റെ അവസാന ഭാഗം കേൾക്കുന്നു......!
".............. സ്റ്റാൻഡു വിട്ടു പോണം...!"
--------------------------------------------------------------------------
രാജേഷ്.ഡി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo