Slider

ഹമ്പട ഞാനേ - A chat incident

0
Image may contain: 1 person, closeup

ഒറ്റത്തവണ ചാറ്റ് ചെയ്തപ്പോൾ തന്നെ മനസ്സിലൊരു തോന്നലാണ്.. ഈ പെണ്ണ് കൊള്ളാമല്ലോ.. കല്ല്യാണമൊക്കെ ആലോചിക്കുന്ന സമയമാണ്.. നല്ലതാണേൽ ഇതിനെയങ്ങ് കെട്ടിയാലോന്നൊക്കെ.. എന്നാലും ഓൺ ലൈൻ പരിചയമല്ലേ അതോണ്ട് താൽപര്യമെങ്കിൽ അഡ്രസ് ഒക്കെ വാങ്ങി അറേഞ്ച്ഡ് ആയി മുന്നോട്ട് പോവുന്നതാ നല്ലത് എന്നൊക്കങ്ങ് വിചാരിച്ചു.
ഫോട്ടോ പോലും കാണാതെയാണ് ഈ മധുര മനോഹര ആലോചനകൾ എന്നോർക്കണം.. മുഖ ചിത്രത്തിന്റെ സ്ഥാനത്ത് പറക്കുന്ന കുറച്ച് പൂമ്പാറ്റകളാണ്.. അപ്ലോഡ് ചെയ്ത ഫോട്ടോസ് പരിശോധിച്ചപ്പോൾ കുറേ ഗ്രൂപ്പ് ഫോട്ടോകൾ മാത്രം.. ഏതായാലും സുന്ദരമായ ഒരു ചാറ്റിംഗിനൊടുവിൽ അവളോട് തന്നെ ചോദിക്കാമെന്ന് വെച്ചു... കൂട്ടത്തിൽ അഞ്ച് പെൺകുട്ടികൾ നിരയായി നൽകുന്ന ഒരെണ്ണം എടുത്ത് കാണിച്ച് ചോദിച്ചു ഇതിലേതാണ് ഭവതിയെന്ന്.ഉടൻ തന്നെ കുസൃതിയിൽ ചാലിച്ച മറുപടി കിട്ടി... ഈയുള്ളവൻ തന്നെ കണ്ട് പിടിക്കണം പോലും.
കേൾക്കുമ്പോൾ ബഹു രസമാണെങ്കിലും വല്ലാത്തൊരു പ്രതിസന്ധി തന്നെ.. ഈ പെണ്ണ് ഇങ്ങനൊരു പണി തരുമെന്ന് വിചാരിച്ചതല്ല. ഇനി രക്ഷയില്ല പെട്ടു.. എന്താ പറയുന്നില്ലേ... പറ.. എന്നൊക്കെ അപ്പുറത്ത് നിന്ന് ചോദ്യങ്ങൾ വരുന്നുണ്ട്. ഇപ്പ വരാം ട്ടാ... എന്നും പറഞ്ഞ് കണ്ണടക്കുന്ന ഒരു സ്മൈലീം ഇട്ട് ഞാൻ രംഗത്ത് നിന്ന് ബഹിർഗമിച്ചു.
ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.. തിയറി ഓഫ് അസംപ്ഷൻ ഇവിടെ സെയ്ഫ് അല്ല.. പ്രൊബബിലിറ്റി നോക്കാന്ന് വെച്ചാൽ.. മാണ്ട.. അതും ഹാനികരമാണ്.. ഊഹിച്ച് പറഞ്ഞ് ഉള്ള വിലയും കളയണ്ട.. ഏതായാലും ഫോട്ടോ സൂം ചെയ്ത് വല്ലാത്തൊരു നിരീക്ഷണം നടത്തി.. ഇടത്തേ അറ്റത്ത് പൊക്കം കൂടിയ ഒരുവളാണ് നല്ല മുടിയുണ്ട്.. രണ്ടാമത്ത് ഒരു കണ്ണട.. സാമാന്യം പൊക്കം... നടുവിൽ രണ്ട് പീക്കിരികൾ ... വലത്തേ അറ്റത്ത് മറ്റൊരു കണ്ണടക്കാരി. വിട്ട് കൊടുക്കാൻ പാടില്ലല്ലോ..ആണല്ലേ... അവൾ ടാഗ് ആയ ഒരു അഞ്ച് പത്ത് ഫോട്ടോ ഡൗൺ ലോഡ് ചെയ്തു... രണ്ടെണ്ണം പരിശോധിച്ചപ്പോൾ നടുവിലെ രണ്ട് പീക്കിരികൾ ഒഴിവായി... അഞ്ചാമത്തെ ഫോട്ടോയിൽ വലത്തെ അറ്റത്തെ കണ്ണടക്കാരീം പോയി.. പിന്നെ രണ്ട് പേർ ബാക്കിയായി.
ബാക്കിയുള്ള എല്ലാ ഫോട്ടോയിലും ഈ രണ്ട് പേർ ഉണ്ട്.. പൊക്കം കൂടിയ മുടിയുള്ള പെണ്ണും... സാമാന്യം പൊക്കവും അൽപം തടിയുമുള്ള കണ്ണടക്കാരിയും... നോക്കി നോക്കി തലയിൽ നിന്ന് പുക പോകുന്ന സവിശേഷ അവസ്ഥ... തളരരുതല്ലോ.. പിന്നേം തിരഞ്ഞു... അങ്ങനെ അവസാനം അതങ്ങ് കണ്ട് പിടിച്ചു.. കണ്ണടക്കാരി ഔട്ട്.. അപ്പോൾ മുടിയുള്ള പെണ്ണേ... യുറേക്ക ... എന്നൊക്കെ അട്ടഹസിക്കാൻ അതിയായ മോഹം വന്നെങ്കിലും ചെയ്തില്ല... ഉൾപെട്ടിയിലേക്ക് ഒറ്റ ഓട്ടമായിരുന്നു.
പറഞ്ഞപ്പോൾ പെണ്ണിന്റെ അത്ഭുതം ഒന്ന് കാണണായിരുന്നു... എന്താ പറയ.. രണ്ടാൾക്കും വല്ലാത്ത സന്തോഷം.. എങ്ങനെ കിട്ടിയെന്ന് കുറേ ചോദിച്ചെങ്കിലും അങ്ങനങ്ങ് വിട്ട് പറഞ്ഞില്ല.. പറയാൻ ഇനിയും സമയം സുന്ദരമായി നീണ്ട് നിവർന്ന് കിടക്ക അല്ലേ... ഇനി ഞാനൊരു മുട്ടൻ സത്യം പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ... എനിക്കാദ്യമേ അറിയാമായിരുന്നു ഇത് തന്നെയാ അവളെന്ന്.. പിന്നെ പണ്ട് മുതലേ ഞാനിങ്ങനാ ...ഒന്നും അങ്ങനെ ചുമ്മാ പറയാറില്ല... വിത്ത് എവിഡൻസ്.. അതാണ്.. ഹമ്പട ഞാനേ.........
- യൂനുസ് മുഹമ്മദ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo