
ഒരുദിവസം ഉച്ചയൂണ് കഴിഞ്ഞ് വെറുതെയിരിക്കുമ്പോഴാണമ്മ പറഞ്ഞത്."പൂങ്കുളത്തെ ജാനകിയമ്മൂമ്മ കുറെ നാളായിട്ടു നിന്നെ കാണണമെന്നു പറയുന്നു;പ്രായമായ ആളല്ലെ ഒന്നവിടെ വരെ പോയി വന്നൂടെ മോളെ നിനക്ക്".ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നെ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി വൃന്ദ പോകാനിറങ്ങി.ഒറ്റയ്ക്ക് പോകാനൊരു ചമ്മൽ..വിഷ്ണൂനെക്കൂടി കൂട്ടാമെന്നു കരുതി...അവൻ കേട്ട ഭാവമില്ല...കാർട്ടൂണുകളുടെ ലോകത്ത് നിന്നവനെ പിടിച്ചു കൊണ്ടു പോകണമെങ്കിലൊരു മല്ലയുദ്ധം തന്നെ വേണ്ടി വരും..രണ്ട് പൊട്ടിച്ചിട്ട് കൂട്ടാമെന്നു വെച്ചാൽ അലറിക്കരഞ്ഞ് വെറുതെ അച്ഛനെയുമമ്മയെയുമവൻ വിഷമിപ്പിക്കും..അല്ലെങ്കിലും നാട്ടിലെത്യാ ചെക്കനിത്തിരി കൂടുതലാ..ഒന്നും പറഞ്ഞാൽ കേൾക്കില്ല...സ്ക്കൂൾ വെക്കേഷൻ എൻജോയ് ചെയ്വാ പോലും..അമ്മ പോയി വാ എന്ന്..നിന്റെ കുഞ്ചോയ്മെന്റ്..ഞാൻ നിർത്തിത്തരാടാന്നു വിചാരിച്ച് നിൽക്കുമ്പൊ അമ്മ പറഞ്ഞു നീ ഒറ്റയ്ക്ക് പോയാമതിയെടീ..മോനെ പിന്നെ കൊണ്ടു പോകാം...അവിടുളളവരൊന്നും
നിന്നെ അറിയാത്തവരല്ലല്ലോ ചെറുപ്പത്തിലെടുത്ത് നടന്നവരല്ലേ അവരൊക്കെ..വേഗം സന്ധ്യക്ക് മുന്നെ പോയി വാ...ഇനി രക്ഷയില്ല..പെട്ടെന്ന് റെഡിയായി പോകാനിറങ്ങി.
ഉച്ചനേരമായതിനാൽ വഴിയിലൊന്നും ആരുമുണ്ടായില്ല.ജാനകിയമ്മൂമ്മയുടെ വീട്ടിൽ പോയിട്ട് കുറെയായി...കല്യാണം കഴിഞ്ഞ് കുവൈറ്റിലേക്ക് പോകുമ്പൊ അമ്മ പറഞ്ഞതനുസരിച്ച് അമ്മൂമ്മയുടെ കാൽതൊട്ട്
വന്ദിക്കാൻ ചെന്നപ്പൊ വിളക്കുവെച്ച് തലയിലരിയിട്ടനുഗ്രഹിച്ചാണമ്മൂമ്മ പറഞ്ഞയച്ചത്.പണ്ട് ചെറുപ്പത്തിൽ താൻ കളിച്ചു വളർന്ന വീടാണത്.മുറ്റത്ത് മുഴുവൻ
പനിനീർച്ചെമ്പകവും,മുല്ലയും, ജമന്തിയുമൊക്കയായി ഒരുപാട് ചെടികളുണ്ടായിരുന്നവിടെ.മുല്ലപ്പൂപ്രാന്തിയായ തനിക്ക് മുല്ല സീസണിൽ സ്ക്കൂളിലേക്കിറങ്ങുമ്പോൾ രാധേച്ചിയുടെ വക മുല്ല മാലയുണ്ടാകും തലയിൽ ചൂടാൻ...തനിക്കൊരവകാശം പോലെയായിരുന്നത്.സ്ക്കൂളിൽ പോകുന്ന വഴിയിൽ നിന്ന് രാധേച്യേ ന്റെ പൂവ് തരൂന്ന് വിളിച്ചു കൂവുമ്പൊ ഓടി വന്നെന്റെ തലയിൽ പൂ ചൂടിത്തരുന്ന രാധേച്ചി....ഒടുവിലൊരു കല്യാണപ്പെണ്ണായ് മുല്ലമാല തലയിൽ ചൂടാൻ യോഗമുണ്ടായില്ലവർക്ക്..ജാതകദോഷാത്രെ...
എല്ലാം ചുട്ടുകരിക്കണം...ജാതകവും...മറ്റും...ചിന്തിച്ച് നടന്ന് അവരുടെ വീട്ടുമുറ്റത്തെത്തിയതറിഞ്ഞില്ല.അറിയാതെ കണ്ണുകൾ തൊടിയിലേക്കു പാഞ്ഞു....സുഗന്ധംപടർത്തി നിന്നിരുന്ന ചെടികളൊന്നും തന്നെ അവിടുണ്ടായിരുന്നില്ല.എല്ലാം ഉണങ്ങി ക്ഷയിച്ചു പോയിരുന്നു...രാധേച്ചിയുടെ ജീവിതം പോലെ....
ഉമ്മറത്തൊരു ചാരു കസേരയിൽ ഇരിപ്പുണ്ടായിരുന്നവർ..ജാനകിയമ്മൂമ്മ..അമ്മൂമ്മേന്ന് നീട്ടി വിളിച്ചിട്ടും അവരൊന്നും കേട്ടില്ല...കേൾവിക്കുറവുണ്ടെന്ന് മടിയിലൂരിയിട്ടിരിക്കുന്ന ഇയർഫോൺ കണ്ടപ്പൊ മനസ്സിലായി...അതെടുത്ത് പതുക്കെ ചെവിയിൽ വെച്ചു കൊടുത്തു...എന്നിട്ട് ഞാനാ അമ്മൂമ്മെ
കിഴക്കേ വീട്ടിലെ നളിനിയുടെ മോള് വൃന്ദാന്ന് പറഞ്ഞപ്പൊ അമ്മൂമ്മ എണീറ്റ് നിന്ന് കെട്ടിപ്പിടിച്ച് എന്റെ മോള് വന്നൂലോന്ന് പറഞ്ഞു .ശബ്ദം കേട്ട് രാധേച്ചി ഉമ്മറത്തേക്ക് വന്നു...
വിശേഷങ്ങൾ പറയുന്നതിനിടയിൽ അമ്മൂമ്മ അവരുടെ കഴിഞ്ഞവർഷം മരിച്ചുപോയ മൂത്തമകൻ രമേശേട്ടനെക്കുറിച്ച് പറഞ്ഞ് കരയാൻ തുടങ്ങി...വന്ന കുട്ടിയെ വിഷമിപ്പിക്കല്ലേ അമ്മേന്ന് പറഞ്ഞ് രാധേച്ചി സ്നേഹത്തോടെ ശാസിച്ചപ്പൊ അമ്മൂമ്മ പാടുപെട്ട് കണ്ണീരടക്കി.
അമ്മൂമ്മയ്ക്ക് മൂന്ന് മക്കളാണ്..മൂത്തത് രമേശേട്ടൻ,രണ്ടാമത് രാധേച്ചി,മൂന്നാമത് ഹരിയേട്ടൻ.ഭർത്താവ് ഉപേക്ഷിച്ചതിനാൽ അമ്മൂമ്മ വളരെ കഷ്ടപ്പെട്ടാണ് മക്കളെ വളർത്തിയത്..രമേശേട്ടന് ഫാർമസിസ്റ്റും ഹരിയേട്ടന് കോളേജ് ലക്ചററുമായി ജോലികിട്ടി.
രാധേച്ചി ഡിഗ്രിക്കുശേഷം പിന്നെ പഠിച്ചില്ല...ജോലിസ്ഥലത്തു കുഴഞ്ഞുവീണാണ്
രമേശേട്ടൻ മരിച്ചത്...അമ്പത്തി രണ്ടു വയസ്സു മാത്രം പ്രായമുളള മകന്റെ മരണവും മകൾക്ക് മംഗല്യഭാഗ്യമില്ലാത്തതും അമ്മൂമ്മയെ മാനസികമായൊരുപാട് തളർത്തി...
അമ്മൂമ്മയുടെ വിഷമം മാറ്റാനായി വൃന്ദ ഹരിയേട്ടനെക്കുറിച്ച് ചോദിച്ചു.രമേശൻ പോയേപ്പിന്നെ ഹരി തന്നെയാ മോളെ ഞങ്ങളുടെ കാര്യങ്ങളന്വേഷിക്കുന്നെ എന്നമ്മൂമ്മ ആശ്വാസത്തോടെ പറഞ്ഞു.ഹരിയേട്ടൻ ജോലിസ്ഥലത്തിനടുത്ത് വീടുവെച്ച് താമസിക്കുകയാണത്രെ. ഭാര്യയും അതേ
കോളജിൽ ലക്ചററാണെന്നും ഇന്നത്തെ സ്വന്തം കാര്യം നോക്കിപ്പോകുന്ന മക്കളിൽ നിന്നും ഒരുപാട് വ്യത്യസ്തരാണ് ഹരിയേട്ടനും ഭാര്യയുമെന്നും അമ്മ പറയാറുണ്ടായിരുന്നു രമേശേട്ടന്റെ മരണശേഷം ഹരിയേട്ടൻ അമ്മയേയും പെങ്ങളെയും കൂടെ കൊണ്ടു പോകാൻ കുറെ ശ്രമിച്ചപ്പൊ മൂത്തമോനുറങ്ങുന്ന ഈ മണ്ണ് വിട്ട് ഞാനെങ്ങോട്ടുമില്ലെന്നമ്മൂമ്മ തീർത്തു പറഞ്ഞത്രെ...
ചായ കുടിക്കൂ മോളേന്ന് രാധേച്ചി വിളിച്ചപ്പൊ വൃന്ദ അകത്തേക്ക് നടന്നു.അകത്തു സ്വീകരണമുറിയിൽ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട് രമേശേട്ടന്റെ ചിരിക്കുന്ന ഫോട്ടോ.ആ വീടിനകമാകെ വല്ലാത്തൊരു ശൂന്യതയും ,നിശ്ശബ്ദതയും നിഴലിട്ട പോലെ..തന്റെ മനോഗതമറിഞ്ഞപോലെ രാധേച്ചി പറയാൻ തുടങ്ങി..വീടിന്റെ വിളക്ക് കുഞ്ഞുങ്ങളാ..ഇവിടെപ്പോഴൂമീ ഇരുട്ടാ മോളെ..(അവരത് പറയുമ്പൊ മുറ്റത്തുള്ള ഉണങ്ങിയ മുല്ലവള്ളി പോലെ തോന്നിയവരുടെ മുഖമെനിക്ക്).ഏട്ടൻ പോയേപ്പിന്നെ ഏടത്തി അവിടെ ആ വീട്ടിനു പുറത്തിറങ്ങാറില്ല..കുട്ടികളിടക്ക് വന്നു പോകും. ഇനീപ്പോ സ്കൂളവധിക്ക് ഹരിയും കടുംബവും വന്നാലെ ഇവിടൊരു വെളിച്ചം വരൂ.ഇത് പറഞ്ഞുകൊണ്ടവർ ചായ ഗ്ലാസ്സിലേക്ക് പകർന്നു.
രാധേച്ചി വാ നമുക്കുമ്മറത്തിരിക്കാം..കുറച്ച് സമയം കൂടി അമ്മൂമ്മയുടെ കൂടെയിരിക്കാലോന്ന് പറഞ്ഞ് ചായഗ്ലാസുമെടുത്ത് വൃന്ദ പുറത്തേക്ക് നടന്നു.ഉമ്മറത്തവരോടൊപ്പമിരുന്ന് നന്ദേട്ടന്റെയും വിഷ്ണൂന്റെയും വിശേഷങ്ങൾ പറയുമ്പൊ; അല്ല മോളുടെ മുടിയൊക്കെപ്പോയോന്നമ്മൂമ്മ ചോദിച്ചു.അന്യനാട്ടിലെ വെള്ളം മുടിക്ക് പിടിച്ചില്ലമ്മൂമ്മേന്ന് പറയുമ്പൊ രാധേച്ചി എന്റെ ചെറുപ്പത്തിലെ മുല്ലപ്പൂപ്രാന്തിനെക്കുറിച്ച് പറഞ്ഞ് മൂന്നുപേരും കുറെ ചിരിച്ചു...അവരുടെ മനസ്സിലിന്നും താനാ കുഞ്ഞുമോളാണെന്നവൾ തിരിച്ചറിയുകയായിരുന്നു. കുറെ സമയം അമ്മൂമ്മ അവളെ തൊട്ടും തലോടിയുമിരുന്നു.കുവൈറ്റിലേക്ക് തിരിച്ചു പോകും മുന്നെ വിഷ്ണൂനെക്കൊണ്ടുവന്നമ്മൂമ്മയെ കാണിക്കണേന്ന് രാധേച്ചി പറഞ്ഞപ്പൊ ഇത്തിരി ബലം പ്രയോഗിച്ചായാലും അവനെക്കൊണ്ടു വരേണ്ടതായിരുന്നു എന്നവൾക്ക് തോന്നി.
മോനെക്കുറിച്ച് പറഞ്ഞപ്പൊ അവനെന്നെ അന്വേഷിക്കുന്നുണ്ടാകും അവനെ കൂട്ടി വേറൊരു ദിവസം വരാമെന്ന് പറഞ്ഞ് വൃന്ദ പോകാനെഴുന്നേറ്റു.യാത്ര പറയാനാഞ്ഞ വൃന്ദയോട് "അയ്യോ മോള് പോക്വാണോ..ഞങ്ങൾക്കാരുമില്ല മോളെ..ഹരിക്കൊന്നിനും നേരമില്ല..വല്ലപ്പോഴുമൊന്ന് വന്നാലായി..."
എന്ന് പറഞ്ഞ് വീണ്ടുമവർ കരയാൻ തുടങ്ങി.സംശയത്തോടെ രാധേച്ചിയുടെ മുഖത്തേക്ക് നോക്കിയപ്പൊ ഒന്നും കേൾക്കേണ്ട
മോള് തിരിച്ചുപോകുന്ന സങ്കടം കൊണ്ട് പറയുന്നതാ എന്ന് രാധേച്ചി അമ്മൂമ്മ കേൾക്കാതെ പറഞ്ഞു...
ഇറങ്ങുമ്പൊ വൃന്ദ കുറച്ച് പൈസ അമ്മൂമ്മയുടെ കൈയ്യിൽ വച്ചു കൊടുക്കുമ്പൊ
എനിക്ക് പൈസയൊന്നും വേണ്ട മോളെന്നെയിടയ്ക്ക് വന്നൊന്നു കണ്ടാല്‍ മതീന്നു പറഞ്ഞു.നിർബ്ബന്ധിച്ചാ പൈസ അവരുടെ കയ്യിൽ വച്ചു കൊടുത്ത് കാലുതൊട്ട് വന്ദിക്കാനാഞ്ഞ വൃന്ദയെ ചേർത്തണച്ച് മോള് നന്നായി വരും..നല്ല മനസ്സാ നിനക്കെന്ന് പറഞ്ഞവരനുഗ്രഹിച്ചു. സന്ധ്യയായമ്മൂമ്മെ ഇനി പിന്നെ വരാമെന്നു പറഞ്ഞവളവിടെ നിന്നുമിറങ്ങി..
തിരിച്ചു വീട്ടിലേക്കു നടക്കുമ്പൊ വൃന്ദക്ക്
മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നി..ചിലരുടെ പ്രാർത്ഥനകളാണ് നമുക്ക് നമ്മുടെ ജീവിതത്തിലെ സന്തോഷങ്ങളായ് വരുന്നത്...
വീട്ടിലെത്തുമ്പൊ തന്നെയും കാത്തമ്മ ഗേറ്റിലുണ്ടാരുന്നു..എനിക്കറിയാരുന്നു
നീ അവിടെന്ന് വരാൻ താമസിക്കുമെന്നമ്മ ചിരിച്ചോണ്ട് പറഞ്ഞപ്പൊ പഴേ കാര്യങ്ങളൊക്കെ പറഞ്ഞിരുന്ന് ലേറ്റായിപ്പോയമ്മേന്നു പറഞ്ഞവളകത്തേക്കു കയറി.
വീട്ടിലെത്തിയിട്ടും വൃന്ദയവരെപ്പറ്റി ചിന്തിക്കുകയായിരുന്നു...ജാനകിയമ്മൂമ്മയെ..
അവരുടെ സംസാരത്തിലെ വൈരുദ്ധ്യത്തെ...താൻ അവിടേക്ക് ചെല്ലുമ്പൊ
ഹരിയാ ഞങ്ങളുടെ കാര്യങ്ങൾ നോക്കുന്നേന്നും
തിരിച്ചിറങ്ങുമ്പൊ ഹരി വരാറേയില്ലന്നും അവർ പറഞ്ഞതിന്റെ പൊരുൾ...കുറച്ചാലോചിച്ചപ്പൊ
അവൾക്കത് മനസ്സിലായി .കുറച്ച് സമയത്തേക്കെങ്കിലും താനവിടെ ചെന്നപ്പൊ കുറച്ച് സമയം കൂടെയിരുന്ന് സംസാരിച്ചപ്പൊ തനിക്കാരൊക്കെയോ ഉണ്ടെന്നവർക്ക് തോന്നിയിരിക്കണം...(അപ്പോഴാണ് ഹരി വരാറുണ്ടെന്നും അന്വേഷിക്കാറുണ്ടെന്നുമവർ
പറഞ്ഞത്)പിന്നെയവിടുന്നു യാത്ര പറഞ്ഞു താനിറങ്ങുമ്പൊ പിന്നെയുമൊരാനാഥത്വം
തോന്നിയിരിക്കണം അപ്പൊഴാണ് ഹരി വരാറില്ലാന്നു പറഞ്ഞു കരഞ്ഞത്.
പ്രായമാകുമ്പൊ കുഞ്ഞുങ്ങളുടെ മനസ്സാകുമെന്ന് പണ്ടെവിടെയോ വായിച്ചിട്ടുളളത് വൃന്ദയ്ക്കോർമ്മ വന്നു...അതെ ഒരു സെക്കണ്ട് ചൈൽഡ്ഹുഡ്....കുഞ്ഞുപ്രായത്തിൽ കുട്ടികൾ മാതാപിതാക്കളുടെ സാമീപ്യം കൊതിക്കുന്നു.പ്രായമാകുമ്പോൾ മാതാപിതാക്കൾ മക്കളുടെയും...
കുറെ ചിന്തിച്ചപ്പൊ വൃന്ദയുടെ കണ്ണും നിറയാൻ തുടങ്ങി..വർഷത്തിലൊരുമാസത്തെ
ലീവിൽ ഭർതൃഗൃഹവാസവും കഴിഞ്ഞാൽ സ്വന്തം
അച്ഛനമ്മമാരുടെ കൂടെ കിട്ടുന്നത് ഏറിയാൽ പത്തു ദിവസം...നന്ദേട്ടൻ അത്രയേ സമ്മതിക്കൂ.
താനും അദ്ദേഹവും വഴക്കുകൂടുന്നതീയൊരു
വിഷയത്തിൽ മാത്രമാണ്...വീട്ടിലുണ്ടാകുന്ന പത്ത്
ദിവസങ്ങൾ പത്തു മണിക്കൂറുകൾ പോലെ പറന്നുപോകും...വിഷ്ണുമോന് വേണ്ടുന്നതൊരുക്കി കൊടുക്കാൻ അച്ഛനുമമ്മയും മൽസരിക്കുന്നത് കാണുമ്പൊ
ഈ ചെക്കനെ നിങ്ങൾ കൊഞ്ചിച്ചു വഷളാക്കുമെന്ന് താനവരോട് പറയാറുണ്ട്.
ഒടുവിൽ പത്ത്ദിവസത്തെ പരോൾ കഴിഞ്ഞ് പോകുമ്പോ ഇന്ന് തന്നെ പോണോ മോളെ കുഞ്ഞുമോനെക്കണ്ട് കൊതിതീർന്നില്ലല്ലോ
എന്ന അവരുടെ ചോദ്യത്തിനു മുന്നിൽ
നിസ്സഹായയായ് നിൽക്കേണ്ടി വന്നിട്ടുണ്ട്.
ഈ ജൻമം മുഴുവനും നിങ്ങളെ സ്നേഹിച്ചാലും മതിയാവില്ലെനിക്കെന്നു മനസ്സിൽ പറഞ്ഞിട്ടുണ്ട്.
ഉത്തരവാദിത്തങ്ങൾ വേറെയുമുണ്ടല്ലോന്നു കരുതി ആശ്വാസം കണ്ടെത്താറാണ് പതിവ്.
നമ്മുടെ നല്ല വാക്കുകളും ഇത്തിരി സ്നേഹത്തിൻ
തൂവൽ സ്പർശങ്ങളുമേ ആ പാവം മനസ്സുകൾ കൊതിക്കുന്നുള്ളൂ.തിരിച്ചു വീട്ടാൻ കഴിയാത്ത കടങ്ങൾ നമുക്കു പിന്നെയും ബാക്കിയാണവരോട്...നാളെ നമുക്കും വരാൻ പോകുന്നത് ഇതിനെക്കാൾ മോശമായ അവസ്ഥയാണെന്ന് നാമിന്നു മനസ്സിലാക്കിയാൽ നന്ന്...കാരണം വിതച്ചതേ കൊയ്യൂ എല്ലാവരും..
അമ്മ എന്തിനാ കരയുന്നേ വിഷ്ണുവിന്റെ ചോദ്യം കേട്ടപ്പോഴാണ് തന്റെ കണ്ണുകൾ നിറഞ്ഞെന്ന് വൃന്ദയ്ക്ക് മനസ്സിലായത്.കണ്ണുകൾ തുടച്ചുകൊണ്ടൊന്നൂല്ല്യാ മോനെ നമുക്ക് നാളെ ഒരിടം വരെ പോകാനുണ്ടെന്നവൾ പറഞ്ഞു.
"ബട്ട് വേർ അമ്മാ?" കുഞ്ഞിക്കണ്ണുകൾ വിടർത്തിയവൻ ചോദിച്ചപ്പൊ അമ്മയിന്ന് പോയ വീട്ടിലെ മുത്തശ്ശി മോനെ ചോദിച്ചല്ലോ നാളെ നമുക്കവരെക്കണ്ട് പെട്ടെന്ന് മടങ്ങി വരാട്ടോന്ന് വൃന്ദ മോനോട് പറഞ്ഞു. പോണ വഴിക്കമ്മ
ചോക്ളേറ്റ് വാങ്ങിത്തന്നാൽ ഞാൻ വരാമെന്നവൻ പറഞ്ഞപ്പൊ പൊതുവെയവന്റെ ചോക്ലേറ്റ് ഭീഷണികൾക്കു മുന്നിൽ വഴങ്ങാറില്ലെങ്കിലും അന്നവൾ ചിരിച്ചോണ്ട് തലയാട്ടി..വൃന്ദയുടെ മനസ്സിലപ്പോൾ ചോക്ലിനെക്കാൾ മാധുര്യമുള്ള,മുല്ലപ്പൂ സുഗന്ധമുള്ള തന്റെ ബാല്യകാലമായിരുന്നു.....
By: Maya Dinesh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക