Slider

പൂവാലന് കൊടുക്കേണ്ട ശിക്ഷ

0

പൂവാലന് കൊടുക്കേണ്ട ശിക്ഷ
മേരിയെ സ്ഥിരമായി ശല്യം ചെയ്യുന്ന ഒരു വായ്നോക്കിയുണ്ട്. ജങ്ഷനിൽ ബസ്സിറങ്ങിയാൽ അവൾ നേരെ വീട്ടിലേക്ക് നടക്കും. തൊട്ടുപിന്നാലെ ബൈക്കിൽ കസർത്ത് കാണിച്ച് അവനും. ജങ്ഷനിൽ നിന്ന് മാറി കുറച്ച് ദൂരം മുന്നോട്ട് പോയാൽ ഒരു റബ്ബർ തോട്ടമുണ്ട്. അതിന്റെ അടുത്ത പരിസരങ്ങളിലൊന്നും വീടുകളുമില്ല. അപ്പോഴാണ് അവന്റെ ഉപദ്രവം തീവ്രമാകുന്നത്.
"ചേച്ചിയെ... ഭർത്താവ് നാട്ടിലുണ്ടോ.... ഈ സൗന്ദര്യത്തിന്റെ രഹസ്യമൊന്ന് പറഞ്ഞു തരുമോ.... വാട്സാപ്പ് നമ്പർ തരുമോ.... ഫേസ്ബുക്കിൽ അക്കൗണ്ട് ഉണ്ടോ "
എന്നിങ്ങനെ നീളും അവന്റെ ചോദ്യങ്ങൾ. ഒടുവിൽ സഹികെട്ട് അവൾ അവനെ നോക്കി വിളിച്ചു പറയും
"നീ നിന്റെ അമ്മയോടും പെങ്ങളോടും ചോദിച്ചു നോക്കെടാ പട്ടി "
ഇതൊക്കെ കേട്ടിട്ടും ആ നാണംകെട്ടവന് യാതൊരു കൂസലുമില്ല. അവൻ വീണ്ടും ഇങ്ങനെയുള്ള ചോദ്യങ്ങൾ തുടർന്ന്കൊണ്ടേ ഇരിക്കും.
ഭർത്താവ് ജെറിനോട് ഈ വിഷയം ധരിപ്പിക്കണമെന്ന് അവൾ എപ്പോഴും ആഗ്രഹിക്കാറുണ്ട്. പക്ഷേ, അയാളുടെ രുദ്ര കോപം നന്നായി അറിയാവുന്നത്കൊണ്ട് അവൾ അതിന് മുതിരാറില്ല.
ജെറിന്റെ സ്വഭാവം പ്രവചനാതീതമാണ്. താൻ പറയുന്നതെല്ലാം കേട്ട് ക്ഷമയോടെ വിവേകത്തോടെ ഒരു പ്രശ്ന പരിഹാരം അയാളുടെ ഭാഗത്ത് നിന്നുണ്ടാകില്ല.
പക്ഷേ, ഓരോ ദിവസങ്ങൾ കഴിയുന്തോറും അവന്റെ ശല്യം കൂടിക്കൂടി വന്നു. അതോടെ വിവരങ്ങളെല്ലാം ഭർത്താവിനോട് തുറന്ന് പറയാൻ അവൾ നിർബന്ധിതയായി.
രാത്രി അത്താഴത്തിന് ശേഷം പതിവ്പോലെ ടി വിയിൽ ചാനൽ മാറ്റി രസിച്ചുകൊണ്ടിരിക്കുകയാണ് അയാൾ. അവൾ ഭർത്താവിന്റെ അടുത്ത് വന്നിരുന്നു.
"അതേ... ഞാനൊരു കാര്യം പറയാൻ പോകുകയാണ്... കേട്ട ഉടനെ ചാടിക്കളിക്കാനോ മുഷ്ടി ചുരുട്ടാണോ വന്നേക്കരുത് .. . അങ്ങേയറ്റം ക്ഷമയുടെയും വിവേകത്തോടെയും ഒരു പരിഹാരം പറഞ്ഞു തരണം "
"നീ പറ എന്റെ മേരി "
അയാളിലെ കുസൃതി നിറഞ്ഞ പുഞ്ചിരി അവളിലെ ആത്മവിശ്വാസത്തെ തെല്ലൊന്ന് ഉണർത്തി. അവൾ വിവരങ്ങളെല്ലാം അവനോട് തുറന്ന് പറഞ്ഞു.
മേരി പറയുന്നതെല്ലാം ക്ഷമയോടെ കേട്ട് കഴിഞ്ഞതും ജെറിൻ ടി വി ഓഫാക്കി. എന്നിട്ട് മേരിയെ തന്റെ ശരീരത്തിലേക്ക് ചേർത്തുപിടിച്ചു.
"ഇത് പറയാനാണോ നീ ഇത്രയും മുഖവുര നടത്തിയത്.... സംഗതി ഒക്കെ ശെരിയാണ് ഞാൻ മുൻ ശുണ്ഠിക്കാരനാണ്... ദേഷ്യക്കാരനാണ്... പക്ഷേ, ഇത്തരം വിഷയങ്ങളെ തന്ത്ര പൂർവ്വം കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ നിന്റെ ഭർത്താവാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം... നാളെ അവനെ കാണുമ്പോൾ നീ അവനോട് മയത്തിൽ സംസാരിക്കണം... പിന്നെ സൂത്രത്തിൽ വീട്ടിലേക്ക് വിളിക്കണം... ഭർത്താവ് എവിടെയെന്ന് ചോദിച്ചാൽ ഒരു ബിസിനസ്സ് ആവശ്യത്തിന് വേണ്ടി പുറത്തുപോയെന്ന് പറഞ്ഞാൽ മതി "
ജെറിൻ പറയുന്നതെല്ലാം അവൾ തലയാട്ടി അംഗീകരിച്ചു.
പിറ്റേ ദിവസം രാത്രി പതിനൊന്ന് മണിയാകുമ്പോഴേക്കും നമ്മുടെ കഥാനായകന്റെ കാൽപ്പെരുമാറ്റം വീടിന് പുറത്ത് കേൾക്കാൻ തുടങ്ങി. തൊട്ടടുത്ത വീടുകളിലെല്ലാം ലൈറ്റുകൾ അണച്ചു എന്ന് ബോധ്യമായതും അവൻ റോഡിൽ നിന്നും മതിലിന് മുകളിൽകൂടി മുറ്റത്തേക്ക് ചാടി. പിന്നെ ശബ്ദമുണ്ടാക്കാതെ പമ്മി പതുങ്ങി വീടിന്റെ പിന്നാമ്പുറത്തെ വാതിലിന് നേരെ നടന്നു.
വാതിൽ പതിയെ മുട്ടി പുറത്ത് ക്ഷമയോടെ കാത്തിരുന്നു. പെട്ടെന്നാണ് പിറകിൽ നിന്ന് രണ്ട്‌ ശക്തമായ കരങ്ങൾ അവനെ മുറുകെ പിടിച്ചത്. പേടിച്ചരണ്ടുപോയ അവൻ കുതറിയോടാൻ ശ്രമിച്ചെങ്കിലും ആ ശക്തമായ കരങ്ങൾക്ക് മുന്നിൽ എല്ലാം നിഷ്ഫലമായി. അപ്പോഴേക്കും മേരി വീടിന്റെ പിറകു വശത്തെ എല്ലാ ലൈറ്റുകളും ഓണാക്കി. പിന്നെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണെടുത്ത് അവന്റെ മുഖം സൂം ചെയ്ത് ഫോട്ടോ എടുത്തു തുടങ്ങി.
"ദയവായി എന്നെ വെറുതെ വിടൂ... ഞാൻ നിങ്ങളുടെ ഭാര്യയെ ഇനി മുതൽ ശല്യം ചെയ്യില്ല "
അവൻ പിറകിലേക്ക് തല ചെരിച്ച് ജെറിനോട് അപേക്ഷിച്ചുകൊണ്ടിരുന്നു.
"നിന്നേ വെറുതെ വിട്ടാൽ നീ എനിക്കെന്ത് തരും ???"
"നിങ്ങൾ ചോദിക്കുന്നതെന്തും തരാം... എനിക്കെന്റെ മാനം മാത്രം മതി "
"എങ്കിൽ ഞാൻ പറയുന്നതു പോലെ ചെയ്യണം "
"ചെയ്യാം "
"ഇവിടെ അടുത്ത് ഒരു വൃദ്ധസദനമുണ്ട്. അതിൽ നിറയെ അമ്മമാരുണ്ട്. അവിടെ ഒരാഴച്ചത്തേക്കുള്ള ചിലവ് നീ കൊടുക്കണം.. മാത്രമല്ല അടുത്ത എഴുപകലുകൾ നീ അവരുടെ കൂടെ ചിലവഴിക്കുകയും വേണം.."
"അയ്യോ... അവിടെ ഇരുന്നൂറോളം അമ്മമാരുണ്ട്... അവർക്ക് ഏഴു ദിവസം ചിലവ് കൊടുക്കാനുള്ള പണമൊന്നും എന്റെ അടുത്തില്ല... "
"എന്നാൽ നിന്റെ ഫോട്ടോ ഞങ്ങൾ പൊലീസിന് കൊടുക്കും... മാനവും പോകും ജയിലിലും പോകാം "
"അയ്യോ... അത് വേണ്ട .... ഞാൻ ചിലവ് കൊടുത്തോളം "
"ഈ ശിക്ഷ എന്തിനാണെന്ന് മനസ്സിലായോ ??...നിന്നെപോലുള്ളവർക്ക് ഒരു വിചാരമുണ്ട്... ഈ സ്ത്രീകൾ എന്ന് പറഞ്ഞാൽ ഒരു തീപ്പൊരി വീണാൽ പൊട്ടാൻ പാകത്തിൽ ശരീരത്തിൽ എന്തോ വെടിമരുന്ന് തൂക്കികൊണ്ട് നടക്കുന്നവളാണെന്ന്....എന്നാൽ അങ്ങനെയല്ല.... ഒരായുസ്സ് മുഴുവൻ ത്യാഗം നൽകിയിട്ടും അനാഥരാക്കിയ തങ്ങളുടെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മാതൃത്വം കൂടിയാണ് അവരെന്ന് നീ പഠിക്കണം... സ്വന്തം അമ്മയെ സ്നേഹിച്ചവനൊരിക്കലും ഇങ്ങനെ ആകാൻ പറ്റില്ല... അവരുടെ കൂടെയുള്ള ഒരാഴ്‍ചത്തെ ജീവിതം കൊണ്ട് നീ അത് പഠിക്കും "
ജെറിൻ പതിയെ കൈ അയച്ചതും അവൻ സ്വതന്ത്രനായി. ഒരു ദീർഘ നിശ്വാസത്തോടെ അവൻ ക്ഷണിക നേരം ആശ്വസിച്ചു .പിന്നെ മേരിയുടെ നേരെ കൈകൂപ്പിക്കൊണ്ട് കുറച്ച് സമയം മൗനിയായി.
"എന്നോട് ക്ഷമിക്കണം.... ഇനി മുതൽ ഞാനൊരിക്കലും ഒരു സ്ത്രീയോടും മോശമായി പെരുമാറില്ല... നിങ്ങൾ തന്നത് ശിക്ഷയല്ല... തിരിച്ചറിവിനുള്ള അവസരമാണ്.. നന്ദി "
സമീർ ചെങ്ങമ്പള്ളി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo