Slider

അമ്മ

0
'' അയ്യോ .... അമ്മാ ...
ഇതെന്താ അമ്മേ ഒന്ന് വിളിക്ക
പോലും ചെയ്യാതെ വന്നത് ''
അപ്രതീക്ഷിതമായി അമ്മയെ കണ്ട വെപ്രാളത്തിലായിരുന്നു ഞാന്‍
'' ഉം ... പിന്നേ ... നിനക്ക് വിളിച്ച് അനുവാദം ചോദിച്ചിട്ട് വേണല്ലോ നിന്നെ കാണാന്‍
എനിക്ക് വരണെങ്കില്‍ ''
ഇതാണ് എന്‍റെ അമ്മ
അല്ല എന്‍റെ ലോകം
അച്ഛനെ കണ്ട ഓര്‍മ്മ പോലും എനിക്കില്ല
ഓര്‍മ്മ വയ്ക്കുന്നതിന് മുന്‍പ് തന്നെ
അച്ഛന്‍ മരിച്ചു
എന്‍റമ്മ ഒരു അനാഥയായിരുന്നു
ഒരു അനാഥപെണ്ണിന് ജീവിതം കൊടുത്തു എന്നുള്ളത് അച്ഛന്‍റെ വീട്ടുകാരെ സംബന്ധിച്ചിടത്തോളം പൊറുക്കാന്‍ കഴിയാത്ത തെറ്റായിരുന്നു
അത്കൊണ്ട് തന്നെ അവര്‍ അച്ഛനേയും അമ്മയേയും അകറ്റി നിര്‍ത്തി
അച്ഛന്‍ മരിച്ചതോടെ ഞാനും അമ്മയും തനിച്ചായി
വിധവയായ ഒരു സ്ത്രീയെ സമൂഹം നോക്കി കണ്ടത് കഴുകന്‍ കണ്ണുകളോടെ ആയിരുന്നു
രാത്രിയില്‍ ഇരുട്ടിന്‍റെ മറപറ്റി പല മാന്യമാരും
വീടിന്‍റെ കതകില്‍ വന്ന് തട്ടാന്‍ തുടങ്ങി
ആര്‍ക്കു മുന്നിലും ആ വാതിലുകള്‍ തുറന്ന് കൊടുക്കാത്തത് കൊണ്ട് തന്നെ എന്‍റമ്മ വഴിപിഴച്ചവളാണെന്ന് എന്ന് തെളിയിക്കാനുള്ള മത്സരത്തിലായിരുന്നു പല പകല്‍മാന്യന്മാരും
പലരാത്രികളിലും ഉറക്കമില്ലാതെ അമ്മ എന്നെ കെട്ടി പിടിച്ച് കരയാറുണ്ടായിരുന്നു
അച്ഛനുണ്ടായിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഇങ്ങനെ ഒരവസ്ഥ വരില്ലായിരുന്നു എന്നോര്‍ത്ത്
ജീവിതത്തിലെ ഓരോ ദിവസവും അമ്മ നടന്ന് മുന്നേറിയത് ഓരോ അഗ്നിപരീക്ഷണങ്ങളും നേരിട്ട് കൊണ്ടായിരുന്നു
ആണ്‍തുണയില്ലാത്ത ഒരു പെണ്ണിനെ
ഒറ്റപ്പെടുത്തിയ സമൂഹത്തിന് മുന്നില്‍ തോറ്റ് കൊടുക്കാന്‍ മനസില്ലാതെ തല ഉയര്‍ത്തി പിടിച്ച് തന്നെ എന്‍റമ്മ നടന്നു
ഒരേ ഒരു ലക്ഷ്യം മാത്രേ അന്ന് അമ്മയുടെ മനസിലുണ്ടായിരുന്നുള്ളു
എന്നെ വളര്‍ത്തണം ... നല്ലത് പോലെ പഠിപ്പിക്കണം ... തന്‍റെ മകള്‍ക്ക് നല്ലൊരു ജീവിതം ഉണ്ടാവണം
അതിന് വേണ്ടി അമ്മ ഒരുപാട് കഷ്ടപ്പെട്ടു
പല വീടുകളിലും എച്ചിലെടുത്തും അടിച്ച് വാരിയും
അവരുടെ അടിവസ്ത്രങ്ങളടക്കം കഴുകിയിട്ടും
അമ്മ പണിയെടുത്തു ... എനിക്ക് വേണ്ടി
എന്‍റെ ജീവിതത്തില്‍ എന്നെ എവിടേയും തളര്‍ന്ന് വീഴാതെ പിടിച്ച് നിര്‍ത്തിയത് അമ്മ അനുഭവിച്ച വേദനയും കഷ്ടപ്പാടും മാത്രമായിരുന്നു
അവസാനം ... അമ്മ ആഗ്രഹിച്ചത് പോലെ
നല്ലത് പോലെ പഠിച്ചു ...
ബിരുദവും ബിരുദാനന്തരബിരുദവും എടുത്തു
ആ ഇടയ്ക്കാണ് ശ്രീകുമാര്‍ എന്‍റെ ജീവിതത്തിലേക്ക് കയറി വന്നത്
തനിക്ക് തോന്നിയ ആ ഇഷ്ടത്തെ കുറിച്ച് ആദ്യം തുറന്ന് പറഞ്ഞതും അമ്മയോട് തന്നെ ആയിരുന്നു
'' അവരൊക്കെ വല്യ ആള്‍ക്കാരല്ലെ മോളേ
ഇങ്ങനെ ഒരു ബന്ധത്തിന് അവര് സമ്മതിക്കോ ''
തന്‍റെ ജീവിതത്തില്‍ സംഭവിച്ചത് മകളുടെ ജീവിതത്തിലും ആവര്‍ത്തിക്കപ്പെടുമോ എന്ന് അമ്മ ഭയന്നു
അമ്മയുടെ ഭയത്തിനെ മാറ്റി നിര്‍ത്തി കൊണ്ട് ശ്രീയേട്ടന്‍റെ വീട്ടുകാര്‍ തന്നെ മുന്‍കയ്യെടുത്തു വന്നു ഞങ്ങളുടെ വിവാഹത്തിന്
ആരും അസൂയയോടെ നോക്കി നിന്ന് പോവുന്നത് പോലെ ആയിരുന്നു ഞങ്ങളുടെ വിവാഹം
എന്‍റമ്മ ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷിച്ച ദിവസവും അതു തന്നെ ആയിരുന്നു
എല്ലാരുടെ ജീവിതത്തിലേത് പോലെ തന്നെ വിവാഹത്തിന്‍റെ ആദ്യനാളുകള്‍ ഏറെ സന്തോഷമുള്ളതായിരുന്നു
പക്ഷേ ... പോകെപ്പോകെ പലതും മാറി
ഇണക്കങ്ങളേക്കാള്‍ കൂടുതല്‍ പിണക്കങ്ങള്‍ മാത്രമായി ഞങ്ങള്‍ക്കിടയില്‍
ശ്രീയേട്ടന്‍റെ ജീവിതത്തില്‍ ഞാന്‍ കിടപ്പറയിലെ ഒരു ഉപകരണം മാത്രമായി മാറി
ഇതിനിടയില്‍ രണ്ട് കുട്ടികളുടെ
അമ്മയായി ഞാന്‍
പുറമേ നിന്ന് എന്‍റെ ജീവിതം പലരും അസൂയയോടെ നോക്കി കണ്ടു ...
വലിയ വീട് ... കാറ് ...
എല്ലാ സുഖസൗകര്യങ്ങളോടും കൂടി
രാജ്ഞിയെ പോലെ ജീവിക്കുന്ന ഒരുവള്‍
അതായിരുന്നു പുറമേ നിന്ന് നോക്കുന്നവരുടെ മനസില്‍ എന്‍റെ ചിത്രം
പക്ഷേ .... ആ വീടിന്‍റെയുള്ളില്‍ ഞാന്‍ വെറും പുഴുവിന് സമമായിരുന്നു എന്ന് ഞാന്‍ മാത്രമേ അറിഞ്ഞുള്ളു
പലപ്പോഴും ആത്മഹത്യയെ കുറിച്ച് ചിന്തിച്ച് തുടങ്ങി ... പക്ഷേ അപ്പോഴൊക്കെ എന്‍റെ മക്കളുടെ മുഖം മനസില്‍ തെളിഞ്ഞു
പിന്നെ എന്‍റെ അമ്മയുടേയും ...
പിന്നീട് ചിന്തിച്ചത് അമ്മയെ കുറിച്ചായിരുന്നു
അച്ഛനില്ലാതെ അമ്മ ജീവിച്ചില്ലെ ...
ജീവിതത്തില്‍ തോല്‍ക്കാതെ ...
എത്രയോ അഗ്നിപരീക്ഷണങ്ങള്‍ ഉണ്ടായിട്ടും അതിനെയെല്ലാം മറികടന്ന് അമ്മ ജീവിച്ചില്ലെ എനിക്ക് വേണ്ടി ... എന്തൊക്കെ പറഞ്ഞാലും അമ്മ അനുഭവിച്ചത്ര കഷ്ടപ്പാടൊന്നും ഞാന്‍ ഇപ്പോ അനുഭവിക്കുന്നില്ലല്ലോ
ഇന്ന് ഒരു അന്യപുരുഷന്‍ ഒരു നോട്ടം കൊണ്ട് പോലും എന്നെ അപമാനപ്പെടുത്തുന്നില്ല ..
അത് എന്‍റെ നെഞ്ചില്‍ ചേര്‍ന്ന് കിടക്കുന്ന ആ താലിയുടെ ശക്തിയാണ്
ഒരന്യപുരുഷനും എന്‍റെ വീടിന്‍റെ വാതിലില്‍ അസമയത്ത് വന്ന് തട്ടുന്നില്ല ...
അത് ഞാനണിഞ്ഞിരിക്കുന്ന ആ താലിയുടെ ബലമാണ്
ജീവിക്കണം .... ആത്മഹത്യ ചെയ്ത് കൊണ്ട് ജീവിതത്തില്‍ തോല്‍ക്കാന്‍ എനിക്ക് മനസില്ലെന്ന് പലവട്ടം അന്ന് മനസില്‍ പറഞ്ഞു
എന്‍റെ മക്കള്‍ക്ക് അമ്മയായി ഞാനുണ്ടാവണം
എന്‍റെ അമ്മയ്ക്ക് മകളായി ഞാനുണ്ടാവണം
മരണം എന്നെ തേടി വരുന്നത് വരെ ശ്രീയേട്ടന്‍ എന്‍റെ കഴുത്തില്‍ കെട്ടിയ താലി അതേ പവിത്രതയോടെ എന്‍റെ കഴുത്തില്‍ ഉണ്ടാവണം
മാറും ... ശ്രീയേട്ടന്‍ വീണ്ടും പഴയത് പോലെ ആവും ... എന്നെ സ്നേഹിക്കും ... ആ ഒരു പ്രതീക്ഷയോടെയാണ് ഇന്നും ജീവിതം മുന്നോട്ട് പോകുന്നത്
ഒന്നുമറിയിച്ചില്ല അമ്മയെ ...
എല്ലാ ഭാര്യാഭര്‍ത്താക്കന്മാരുടെ ജീവിതത്തിലും ഉണ്ടാവുന്ന ചില സൗന്ദര്യ പിണക്കങ്ങള്‍
അത്ര മാത്രമേ അമ്മയും കരുതുന്നുണ്ടാവൂ
അങ്ങനേയേ അമ്മ കരുതാന്‍ പാടുള്ളു ... മകള്‍ അനുഭവിക്കുന്ന വേദന അറിഞ്ഞാല്‍ ആ പാവത്തിന്‍റെ ഹൃദയം തകരും ...
അതുകൊണ്ട് അമ്മ ഒന്നുമറിയരുത് ... ഒന്നും
'' ഈ പെണ്ണെന്താ പകല്‍ക്കിനാവ് കാണാണോ ''
അമ്മയുടെ ചോദ്യം കേട്ട് ഞെട്ടിയുണര്‍ന്ന ഞാന്‍ അമ്മയെ നോക്കി വിളറിയ ഒരു ചിരി ചിരിച്ചു
'' ഞാന്‍ ദേ വരുന്നു അമ്മേ '' എന്നും പറഞ്ഞ് ബാത്റൂമിലേക്കോടി
മുഖം നന്നായി കഴുകി ഇറങ്ങി വന്നപ്പോഴേക്കും അമ്മ തിരിച്ച് പോകാനായി നില്‍ക്കുകയായിരുന്നു
'' ഇത്രേം പെട്ടന്ന് തിരിച്ച് പോകാനാണോ അമ്മ ഇപ്പോ ഓടി വന്നത് ''
'' ആ ... നിനക്കത് പറയാം ... ചെന്നിട്ട് നൂറ്കൂട്ടം പണി ഇണ്ട് മോളേ ''
'' കുട്ട്യോള് സ്കൂള് വിട്ട് വന്നിട്ട് പോയാ പോരേ അമ്മേ ''
'' വേണ്ട മോളെ ... അവര് വന്നിട്ട് പോകാന്‍ നിന്നാ വല്ലാണ്ട് വൈകും ... ചെലപ്പോ അങ്ങട്ള്ള ബസും കിട്ടീന്ന് വരില്ല ... നീ വെള്ളിയാഴ്ച്ച അവരേം കൂട്ടി അങ്ങട് വാ ... ശനീം ഞായറും ലീവല്ലേ സ്കൂള് ..
ഞാനിറങ്ങാ ... ശ്രീ വരുംമ്പോ പറയ് ഞാന്‍ വന്നിരുന്നൂന്ന് ... കേട്ടോ ''
'' ഉം ... പറയാം അമ്മേ ''
കൂടുതല്‍ നിര്‍ബന്ധിച്ചാലും അമ്മ നില്‍ക്കില്ലെന്നറിയാവുന്നത് കൊണ്ട് പിന്നൊന്നും പറയാന്‍ പോയില്ല
അമ്മ വന്നാല്‍ പോകുമ്പോ അമ്മേടെ കൂടെ ഗേറ്റ് വരെ ചെല്ലും ... പിന്നെ ആദ്യത്തെ വളവ് തിരിഞ്ഞ് അമ്മ കണ്‍മുന്നീന്ന് മറയുന്നത് വരെ നോക്കി നില്‍ക്കും ... അതൊരു പതിവാണ്
പോകാനിറങ്ങിയപ്പോള്‍ അമ്മയുടെ
കൂടെ ഒപ്പം നടന്നു
കതകിന്‍റെ അടുത്തെത്തിയതും അമ്മ നിന്നു
എനിക്ക് നേരേ തിരിഞ്ഞ്
'' മോളേ ... ജീവിതാണ് ... പ്രശ്നങ്ങള്‍ ഇണ്ടാവും ..
ക്ഷമിക്കാനും വിട്ട്കൊടുക്കാനും സഹിക്കാനും
തോറ്റ് കൊടുക്കാനും ഒക്കെ പഠിക്കണം ...
എന്നാലേ ജീവിതത്തില് ജയിക്കാന്‍ പറ്റൂ ..
ഇന്ന് നിന്‍റെ കഴുത്തില് ഒരു താലി കിടക്കുന്നുണ്ട് ..
സത്യം പറഞ്ഞാ ഇപ്പോ അതിന്‍റെ വില നിനക്കറിയില്ല ..
ആ താലി നിന്‍റെ കഴുത്തില് കിടക്കണടത്തോളം കാലം ഒരന്യപുരുഷന്‍റെ നിഴല് പോലും നിന്‍റ ദേഹത്ത് പതിക്കില്ല ... ഈ പടി കടന്ന് അസമയത്ത് ഒരാളും നിന്‍റെ ശരീരം തേടി വരില്ല ..
താലി .... അതൊരു പെണ്ണിന് ഒരു രക്ഷാകവചം തന്ന്യാ ... അത് അമ്മേടെ അനുഭവം കൊണ്ടാ പറയണത് ... എന്‍റെ മോള് കണ്ട് വളര്‍ന്നതല്ലെ അതൊക്കെ ... ജീവിതാവുമ്പോ പല പ്രശ്നങ്ങളും ഇണ്ടാവും ... ഒക്കെ ധൈര്യായിട്ട് നിന്ന് നേരിടണം .. ശ്രീകുമാര്‍ മാറും ... അവനെ മാറ്റാന്‍ നിനക്ക് കഴിയും ... അതിന് ഒരുപാട് ക്ഷമിക്കേം സഹിക്കേം ഒക്കെ വേണ്ടി വരും ... അതൊക്കെ നീ ജീവിതത്തില് ജയിക്കാനുള്ള സൂത്രങ്ങളാണ് ..
പിന്നെ ഒട്ടും പറ്റില്ല എന്ന് തോന്ന്യാ ജീവിതം ഇല്ലാതാക്കണതിനെ കുറിച്ചൊന്നും ചിന്തിക്കണ്ട ..
അമ്മ ഇണ്ട് എന്‍റെ മോള്‍ടെ ഒപ്പം
മരണം വരെ കൂടെ ഇണ്ടാവും ചെയ്യും
പിന്നെ .... ആരൂല്യാത്തോര്‍ക്ക് ദൈവം ഇണ്ടാവും എന്ന് കരുതി അങ്ങട് ജീവിക്കണം ...
കേട്ടോ ന്‍റെ മോള് ''
അമ്മ ചിരിച്ച് കൊണ്ടാണ് ഇത്രയും പറഞ്ഞത്
അമ്മയോട് എന്ത് തിരിച്ച് പറയണമെന്ന് എനിക്കറിയില്ലായിരുന്നു ... ഒന്നും പറയാതെ തന്നെ അമ്മ എല്ലാം മനസിലാക്കിയിരിക്കുന്നു
അതാണല്ലോ അമ്മമനസ് ... മക്കളുടെ സങ്കടങ്ങള്‍ പറയാതെ മനസിലാക്കാന്‍ അമ്മയ്ക്കല്ലെ കഴിയൂ
എന്‍റെ കണ്ണ് നിറഞ്ഞ് ഒഴുകുകയാണ് ..
കണ്ണീര്‍ തുടച്ച് നോക്കിയപ്പോഴേക്കും അമ്മ ഗേറ്റ് കടന്നിരുന്നു
ഓടിച്ചെന്ന് ഗേറ്റിനരുകിലെത്തി എത്തിച്ച് നോക്കി..
അമ്മ ആദ്യത്തെ വളവ് തിരിഞ്ഞിരിക്കുന്നു
ഇപ്പോ ... ഇപ്പോ എന്‍റമ്മ കരയുന്നുണ്ടാവും
ഇപ്പോ അമ്മ കരഞ്ഞാല്‍ ഞാന്‍ കാണില്ലെന്ന്
എന്‍റമ്മയ്ക്ക് അറിയാം ... ആ കണ്ണ് നിറഞ്ഞാല്‍ ഞാന്‍ സഹിക്കില്ലാന്ന് എന്‍റെ അമ്മയ്ക്ക് നല്ലത് പോലെ അറിയാം
****************
സമര്‍പ്പണം :: താന്‍ വേദനിച്ചാലും മക്കള്‍ വേദനിക്കരുതെന്ന് ആഗ്രഹിക്കുന്ന സ്നേഹിക്കാന്‍ മാത്രമറിയുന്ന
ഓരോ അമ്മമാര്‍ക്കും വേണ്ടി
നന്ദ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo