ലാപ്ടോപ്പ്
എന്റെ ഈജിപ്ഷൻകാരൻ മുതലാളി എന്നോട് പറയുവാണ് അവന്റെ ലാപ്ടോപ്പ് വേണമെങ്കിൽ തന്നു വിടാം വെള്ളിയാഴ്ച വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ എന്താല്ലേ ആറുദിവസം മരണ പണിയാണ് അകെ കിട്ടുന്ന ഒരു ദിവസം അതും കൂടി ! പറ്റില്ലാന്ന് പറഞ്ഞു ഞാൻ അല്ല പിന്നെ എന്നോടാ കളി. നാട്ടിലുള്ളവർ ഇതൊക്കെ അറിയുന്നുണ്ടോ ആവോ ? ശരിയാണ് വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ ആഗ്രഹിച്ച ഒരു സമയം ഉണ്ടായിരുന്നു .
അതേയ് ഞാൻ ഇവിടെ ഒരു പത്തൊമ്പതുകാരന്റെ കഥ പറയാൻ പോവാട്ടോ സമയം ഉണ്ടെങ്കിൽ വന്നു കേൾക്കണം ട്ടോ .
എന്റെ പത്തൊമ്പതാമത്തെ വയസിൽ ആണ് ഞാൻ ആദ്യം ആയി ജോലിക്കു പോയി തുടങ്ങിയത് .ഞാൻ പഠിച്ച സ്കൂളിന്റെ അടുത്ത് തന്നെ ആയിരുന്നു ഞാൻ ജോലി ച്യ്തിരുന്ന ആർക്കിടെക്ട് ഓഫീസും അതിനാൽ തന്നെ പഠിക്കാൻ പോകുന്നത് പോലെയാണ് ഞാൻ ദിവസവും ജോലിക്കു പോയി വന്നിരുന്നത് .
സ്വന്തം വീടും ഫാക്ടറിയും എല്ലാം നഷ്ടമായി വാടക വീട്ടിലേക്കു മാറിയിരുന്ന സമയം . ചില നഷ്ടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ ചില ആളുകൾക്ക് ലക്ഷ്യബോധം ഉണ്ടാകുള്ളൂ ഞാനും ആ കൂട്ടത്തിൽ ആണ് കാരണം എനിക്കിപ്പോൾ ചില ലക്ഷ്യങ്ങൾ ഉണ്ട് .
അച്ഛന്റെ കടം തീർക്കണം ,സ്വന്തമായി ഒരു വീട് , സ്വർണത്തോടു ഭ്രമം ഒന്നും ഇല്ലെങ്കിലും ഒഴിഞ്ഞ കഴുത്തുമായി നിൽക്കുന്ന അമ്മക്ക് ഒരു സ്വർണമാല കൂടെ പെങ്ങള് കുട്ടിക്കും ഒരെണം പക്ഷെ ഇതൊക്കെ എങ്ങനെ സാധിക്കും ?
ജോലിക്കു പോയി കിട്ടുന്ന ശമ്പളം അതുപോലെ വീട്ടിൽ ഏല്പിക്കും പിന്നെ അച്ഛന്റെ കൈയിൽ നിന്നാണ് ചിലവിനുള്ള കാശു വാങ്ങുന്നത് .അച്ഛന് എന്റെ കാശു വാങ്ങുന്നത് ഇഷ്ടമല്ല പക്ഷെ വീട്ടിലെ അവസ്ഥ അങ്ങനെയാണ് ഇപ്പോ ,എന്ത് ചെയ്യാനാ വീട് വിറ്റിട്ടും കടം ഒന്നും തീർന്നിട്ടില്ല.
കഷ്ടപ്പാട് പറയുകയല്ല കേട്ടോ ഉള്ള കാര്യമാ രണ്ടു കൊല്ലം മുൻപ് വരെ പതിനാലു സെന്റ് സ്ഥലം ഫാക്ടറി എട്ടുപത്തു ജോലിക്കാർ ഇതായിരുന്നു അവസ്ഥ പക്ഷെ ഇപ്പോൾ ഒരു വാടക വീട്ടിൽ അച്ഛനും അമ്മയും മൂന്ന് കുട്ടികളും കൂട്ടിനു കുറെ കടവും മാത്രം .
എല്ലാരും അച്ഛനെ കുറ്റപ്പെടുത്തുണ്ട് പാവം ചിലപ്പോൾ ഉമ്മറത്തു ദൂരേക്ക് നോക്കി ഇരിക്കുന്ന കാണുമ്പോൾ മാത്രം ആണ് വല്ലാത്ത സങ്കടം .എനിക്കെന്തു ചെയ്യാൻ സാധിക്കും. അതിനിടയിൽ അനിയൻ വിദ്യാഭ്യാസ ലോൺ എടുത്തു ചെന്നൈയിൽ പഠിക്കാൻ പോയി .അങ്ങനെ ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു ഞങ്ങളുടെ അവസ്ഥക്ക് പ്രത്യേകിച് മാറ്റങ്ങളൊന്നും സംഭവിച്ചില്ല.
അങ്ങനെ ഇരിക്കെ ആണ് ഒരാഗ്രഹം മനസ്സിൽ കയറി കൂടിയത് മറ്റൊന്നും അല്ല സ്വന്തം ആയി ഒരു ലാപ്ടോപ്പ് വാങ്ങുക എത്ര ശ്രമിച്ചിട്ടും അതടക്കി വെക്കാൻ സാധികുന്നില്ല ലാപ്ടോപ്പ് വാങ്ങുന്നത് ഗെയിം കളിക്കാനും സിനിമ കാണാനും മാത്രം അല്ലാട്ടോ ഓഫീസിലെ ജോലി കഴിഞ്ഞു വീട്ടിലും വന്നു ജോലി ചയാമല്ലോ അതൂടി ഓർത്തിട്ടാ അങ്ങനെ ഒരു ആഗ്രഹം .
ഒടുവിൽ വീട്ടിൽ അച്ഛന്റെ അനുവാദം വാങ്ങി കിട്ടുന്ന ശമ്പളത്തിൽ നിന്നും മിച്ചം പിടിക്കാൻ തുടങ്ങി സിനിമക്ക് പോകുന്നത് പുറമെ നിന്നുള്ള ഭഷണം എല്ലാം നിർത്തി അങ്ങനെ എല്ലാം കൊണ്ടും ഞാൻ എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ആയി അങ്ങനെ ഏകദേശം ഈ വരുന്ന മാസത്തെ ശമ്പളം കിട്ടിയാൽ ലാപ്ടോപ്പ് വാങ്ങാനുള്ള പൈസ റെഡി ആകും .
ആയിടക്കാണ് ഒരു ദിവസം രാത്രി 'അമ്മയും അച്ഛനും തമ്മിലുള്ള സംഭാഷണം കേൾക്കാൻ ഇടവന്നത് അനിയന്റെ വിദ്യാഭ്യാസ ലോണിന്റെ തവണ അടച്ചില്ല അതാണ് വിഷയം അതിനുള്ള വഴി ആലോചിക്കുകയാണ് അച്ഛനും അമ്മയും.
പക്ഷെ എനിക്കു ചിന്തിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല അടുത്ത ദിവസം ജോലിക്കു ശേഷം വീട്ടിൽ എത്തി ബാങ്കിലെ തവണ അടച്ച രസീത് അമ്മയുടെ കൈയിൽ കൊടുക്കുമ്പോൾ അതു കണ്ടു കരയാൻ തുടങ്ങിയ അമ്മയെ കരയാതെ എന്ന് പറഞ്ഞു കെട്ടിപിടിക്കുമ്പോൾ. ലാപ്ടോപ്പ് വാങ്ങാൻ കഴിയാത്തതിലുള്ള സങ്കടം അല്ലായിരുന്നു ഉള്ളു നിറയെ അഭിമാനം ആയിരുന്നു .
ആ പത്തൊമ്പതുകാരനിൽ നിന്നും ഇരുപത്തിഒൻപതു കാരനിലേക്കെത്തിയപ്പോൾ പ്രവാസത്തിന്റെ മേലങ്കി അണിഞ്ഞു മേലെ പറഞ്ഞ ലക്ഷ്യങ്ങൾ എല്ലാം നേടി എടുക്കാൻ സാധിച്ചു .
ഇന്ന് ലാപ്ടോപ്പ് മേടിക്കാൻ ഉള്ള അവസ്ഥ ഉണ്ടായിട്ടും ഞാൻ അത് വാങ്ങിട്ടില്ല ചിലപ്പോളൊക്കെ അതങ്ങനെ ആണ് വേണ്ടന്നു വെച്ച ചില ആഗ്രഹങ്ങളുടെ കൂടെ കിടക്കട്ടെ ഒരു ലാപ്ടോപ്പും .
ബിനു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക