കഴിഞ്ഞ ദിവസം രാവിലെ ഉറക്കമുണര്‍ന്ന് നോക്കിയപ്പോഴതാ നെഞ്ചത്താരുടേയോ നഖം കൊണ്ട പാട് .
അതിനു മുന്‍പത്തെ ദിവസം മുതുകത്തായിരുന്നു പാട് .
വെറുതെ കട്ടിലില്‍ നല്ലോണം പരതി നോക്കിയെങ്കിലും ഒരു മുറിവുണ്ടാക്കാന്‍ സാധ്യതയുള്ള ഒന്നും കാണാന്‍ കഴിഞ്ഞില്ല .
കഴിഞ്ഞ വിഷുവിനും ഇതു പോലെയൊന്ന് സംഭവിച്ചിരുന്നു . അന്ന് പുലര്‍കാലെ എണീറ്റ് കണി വച്ച് പ്രാര്‍ത്ഥിക്കാനായി കൈ കൂപ്പിയപ്പോള്‍ എന്‍റെ വലതു കൈപ്പത്തിയില്‍ രണ്ട് പല്ലിന്‍റെ പാട് കണ്ടിരുന്നു .
കുഞ്ഞുനാളില്‍ ഉറക്കത്തിലാരോ മുടി പിടിച്ച് വലിക്കുന്നത് പോലെ തോന്നിയിട്ട് പല വട്ടം ഞാന്‍ ഞെട്ടിയുണര്‍ന്നിട്ടുണ്ട് , പല രാത്രികളിലും മൂക്കിനാരോ ശക്തിയായി പിച്ചുന്നതായി തോന്നിയിട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നിട്ടുണ്ട് . പക്ഷെ ഇങ്ങനെ നഖപ്പാട് കാണുന്നത് ഇതാദ്യമായിട്ടാണ് .
അന്നൊക്കെ ഞെട്ടിയുണര്‍ന്ന എന്നെ നോക്കി കാര്യമന്യേഷിക്കുന്ന അമ്മയോട് ഞാന്‍ പറയുമായിരുന്നു , മാമാട്ടി കുട്ടിയമ്മ എന്‍റടുത്ത് വന്ന് വികൃതി കാട്ടുന്നുവെന്ന് .
അത് കേട്ട് അമ്മ കണ്ണു നിറയ്ക്കുന്നത് ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട് . ആ കണ്ണു നിറയ്ക്കലിനൊരു കാരണമുണ്ടായിരുന്നു . ജന്മം നല്‍കുന്നതിന് മുന്‍പേ അമ്മയ്ക്ക് നഷ്ടപ്പെട്ടുപോയ ഒരു കുഞ്ഞിന്‍റെ ഓര്‍മ്മ . ആ ഓര്‍മ്മകളിലൂടെ എനിക്ക് പകര്‍ന്ന് തന്നത് ഒരു പെണ്‍കുട്ടിയുടെ രൂപമായിരുന്നു . ഒരു കുഞ്ഞനിയത്തിയുടെ രൂപമായിരുന്നു .
ആ അനിയത്തികുട്ടി ഇപ്പോള്‍ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയിരിക്കുമെന്നുള്ള എന്‍റെ ചോദ്യത്തിനുത്തരമായി അമ്മ പറഞ്ഞത് , സിനിമയിലെ മാമാട്ടി കുട്ടിയമ്മയെ പോലെ എന്നായിരുന്നു .
മനസ്സില്‍ പിറവിയെടുത്ത ആ അനിയത്തി കുട്ടി, എന്നോടൊപ്പം എന്‍റെ കൂടെ വളരുകയായിരുന്നു . എനിക്കിഷ്ടമുള്ള ഭാവവും വേഷവും രൂപവും ഞാന്‍ നല്‍കി . ഞങ്ങളുടെ മനസ്സും മനസ്സും തമ്മില്‍ ചിരിച്ചു , വഴക്കിട്ടു , കെട്ടിപ്പിടിച്ചു , പിണങ്ങി , പരാതി പറഞ്ഞു , പരിഭവം പറഞ്ഞു , ഒന്നിച്ചുറങ്ങി .
പിന്നീടവള്‍ വലിയ കുറുമ്പുകാരിയായി മാറി . മാമന്‍റെ വീട്ടിലെ ഉത്സവത്തിന് കാറും ബസ്സും ചക്രവും വാങ്ങി വന്ന രാത്രി അവള്‍ ഉറക്കത്തില്‍ വന്നെന്‍റെ മുടി പിടിച്ചു വലിച്ചു വേദനിപ്പിച്ചു .
അവള്‍ക്ക് മാലയും വളയും പൊട്ടും വാങ്ങി കൊടുക്കാത്തതിന്‍റെ പരിഭവവമായിരുന്നിരിക്കണം ..
ഗുരുവായൂരില്‍ ചെറിയച്ഛന്‍റെ കുട്ടിയുടെ ചോറൂണിന് പോയി വന്ന രാത്രി ഉറക്കത്തില്‍ അവളെന്‍റെ മൂക്കിന് പിച്ചി വേദനിപ്പിച്ചു .
അവള്‍ക്കും മോഹമുണ്ടായിരുന്നിരിക്കണം ഉണ്ണി കണ്ണന്‍റെ മുന്നിലിരുന്ന് ചോറുണ്ണാന്‍ .
കൂട്ടുകാരന്‍റെ അനിയത്തി വയസ്സറിയിച്ച ദിവസം കുറച്ച് പലഹാരങ്ങള്‍ അവിടേക്ക് കൊടുത്തു വിട്ട ദിവസം രാത്രി ഉറക്കത്തില്‍ വന്നവളെന്‍റെ കാതിലില്‍ എന്തോ സ്വകാര്യം പറഞ്ഞിട്ടൊടുവില്‍ തലയ്ക്കൊരു കൊട്ടു തന്നെന്നെ വേദനിപ്പിച്ചു .
അവള്‍ക്കും മോഹമുണ്ടായിരുന്നിരിക്കണം വയസ്സറിയിച്ച ഒരു ദിവസം ആഘോഷത്തിന്‍റെ നടുവിലിരുന്ന് മധുരങ്ങള്‍ കൊണ്ട് മൂടപ്പെടാന്‍ . ..
പക്ഷെ ആ ദിവസത്തിന് ശേഷം അവളധികം കുറുമ്പു കാണിച്ചിട്ടില്ല . മുടി പിടിച്ച് വലിച്ചിട്ടില്ല , മൂക്കിനിട്ട് പിച്ചിയിട്ടില്ല . കുറച്ച് ഗൗരവത്തോടെ പല രാത്രികളിലും അവളെന്‍റെ അരികില്‍ വന്നിരിക്കുന്നതായി ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട് .
പിന്നെ കഴിഞ്ഞ വിഷുവിന് അവള്‍ക്ക് എന്ത് പറ്റിയെന്നെനിക്കറിയില്ല . വീട്ടിലെല്ലാവര്‍ക്കും വിഷു കോടി എടുത്ത് എന്‍റെ കൈ കൊണ്ട് തന്നെ കൊടുത്ത ദിവസമാണ് അവള്‍ വന്നെന്‍റെ കൈപ്പത്തിക്ക് കടിച്ചത് .
പതിവില്ലാതെ എല്ലാവര്‍ക്കും ഞാന്‍ വിഷു കോടി എടുത്ത് കൊടുത്തപ്പോള്‍ അവളും എന്‍റെ കയ്യാല്‍ ഒരു വിഷു കോടി മോഹിച്ചിരുന്നിരിക്കണം ....
പക്ഷെ കൂട്ടുകാരന്‍റെ അനിയത്തിയുടെ വിവാഹം കൂടിയിട്ട് വന്നതിന് ശേഷമുള്ള രാത്രികളില്‍ അവളെന്‍റെ മുതുകിലും നെഞ്ചിലും നഖം വച്ച് മാന്തിയപ്പോള്‍ ഞാന്‍ അറിയുകയായിരുന്നു അവളിലെ പ്രതിഷേധം . ഞാനറിയുകയായിരുന്നു അവളിലെ മോഹങ്ങളും സ്വപ്നങ്ങളും , ഞാനറിയുകയായിരുന്നു ഒരേട്ടന്‍റെ കടമകള്‍ .
അവളും മോഹിക്കുന്നുണ്ടാവണം ഒരു കൂട്ട് . അവളും മോഹിക്കുന്നുണ്ടാവണം കുടുംബവും കുട്ടികളും . ഇതു വരെ അവളുടെ ആഗ്രഹങ്ങളൊന്നും എനിക്ക് സാധിച്ചു കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല .
ഇനി വൈകിക്കൂടാ .. ഇനിയുള്ള രാത്രികളില്‍ എനിക്കവള്‍ക്കായി ഒരു രാജകുമാരനെ തേടണം . ഉടന്‍ വരുന്ന ശുഭമുഹൂര്‍ത്തത്തിലെ ആ യാമത്തില്‍ അവരെ തമ്മില്‍ ചേര്‍ത്ത് വയ്ക്കണം . ആ നെറുകില്‍ തൊട്ടനുഗ്രഹിക്കണം . ഒടുവിലവള്‍ എന്‍റെ കാല് തൊട്ട് അനുഗ്രഹം വാങ്ങി പൊയ് മറയുമ്പോള്‍ എനിക്കുറക്കെ പൊട്ടിക്കരയണം .
പിന്നീടവള്‍ വരുന്നത് താനൊരു അമ്മയാകാന്‍ പോകുന്നെന്ന സന്തോഷ വാര്‍ത്തയുമായിട്ടായിരിക്കും . അന്ന് കുറുമ്പും ഗൗരവുമെല്ലാം മാറ്റി വച്ച് അവളുടെ പല്ലുകള്‍ പതിഞ്ഞ എന്‍റെ ഈ കയ്യില്‍ അവള്‍ ചേര്‍ത്തു പിടിക്കുമായിരിക്കും .
ഒരു കുഞ്ഞിന് ജന്മം നല്‍കുന്ന ആ സുദിനത്തിലും അവള്‍ എന്നരികില്‍ വരുമായിരിക്കും . പണ്ടവള്‍ പിടിച്ച് വലിച്ച് വേദനിപ്പിച്ച എന്‍റെ ഈ മുടിയില്‍ ഒരമ്മയുടെ വാത്സല്ല്യത്തോടെ അന്ന് തലോടുമായിരിക്കും .
പിന്നെ വരും കുട്ടിയുടെ നൂലു കെട്ടിന് . അന്നവള്‍ പണ്ട് പിച്ചി വേദനിപ്പിച്ച ഈ മുക്കു മൃദുവായി പിടിച്ച് ഒരു കൊച്ചു കുഞ്ഞിനെയെന്ന പോലെ എന്നില്‍ കൗതുകം കൊണ്ട് പൊതിയുമായിരിക്കും .
പിന്നെ വരും കാതു കുത്തിന് . പിന്നെ വരും ചോറൂണിന് . പിന്നെ മകളെ ഒരു രാജകുമാരന്‍റെ കയ്യിലേല്പിച്ച് എല്ലാ ഭാരങ്ങളും ഇറക്കി വച്ച് എന്നരികിലേക്ക് അവസാനമായി അവള്‍ വരും .
അന്ന് ഈ നെഞ്ചത്തും മുതുകിലും നഖപ്പാടുതിര്‍ത്ത കൈകളാല്‍ ഒരിറ്റ് ശ്വാസത്തിനായി വീര്‍പ്പുമുട്ടുന്ന ഈ വൃദ്ധന്‍റെ നെഞ്ചില്‍ തലോടി അവളെനിക്കായി അവസാന ശ്വാസമേകുമ്പോള്‍ ഞാന്‍ കാണും എന്‍റെ നെഞ്ചില്‍ തടവുന്ന അവളുടെ വലതു കയ്യില്‍ പതിഞ്ഞ രണ്ട് പല്ലിന്‍റെ പാടുകള്‍ .
ആ നിമിഷം ഞാന്‍ തിരിച്ചറിയും , ഞാന്‍ തന്നെയായിരുന്നു അവളെന്ന് , ആ കൈകള്‍ എന്‍റേത് തന്നെയായിരുന്നെന്ന് . മുടി പിടിച്ച് വലിച്ചതും , മൂക്കില്‍ നുള്ളി വേദനിപ്പിച്ചതും , മുതുകിലും നെഞ്ചത്തും നഖ ക്ഷതങ്ങള്‍ ഏല്പിച്ചതും എന്‍റെ ഈ കൈകള്‍ തന്നെയായിരുന്നെന്ന് .
ഒടുവില്‍ എന്നിലെ അവസാന ശ്വാസവും നിലയ്ക്കും നേരം അങ്ങാകാശത്തില്‍ ദേവദാരു മരങ്ങള്‍ക്കിടയില്‍ ആ അനിയത്തികുട്ടി ഈ ഏട്ടനെ മാടി വിളിക്കുമായിരിക്കും .....!
By Magesh Boji

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക