നിഴൽ.
............
............
ഒ.പി യിൽ രോഗികളെ പരിശോധിക്കുമ്പോഴാണ് മോൾക്കെന്തോ അപകടം പറ്റിയെന്ന് കാൾ വന്നത്. എമർജൻസി ലീവെടുത്ത് കിട്ടിയ ഫ്ളൈറ്റിൽ കയറി നാട്ടിലെത്തുകയായിരുന്നു. കാണുമ്പോൾ അവളാകെ അവശ നിലയിലാണ്... സംസാരിക്കാൻ പോലുമാവാതെ തീവ്ര പരിചരണ വിഭാഗത്തിൽ കുറച്ച് ദിവസങ്ങൾ.ഡിസ്ചാർജായി വീട്ടിലെത്തിയപ്പോൾ അയാൾക്ക് മനസ്സിലായി അവളിപ്പോൾ സ്കിയോ ഫോബിയ എന്ന അവസ്ഥയിലൂടെ കടന്ന് പോവുകയാണെന്ന്. നിഴലുകളോടുള്ള വല്ലാത്ത ഭയം. നിഴലുകൾക്ക് പിന്നിൽ എന്തോ ഒളിഞ്ഞിരിക്കുന്നു എന്നവൾ കരുതുന്നത് പോലെ തോന്നി. മുമ്പെങ്ങുമില്ലാത്ത പോലെ എന്തിനായിരിക്കും നിഴലുകളെ മോൾ ഇത്രയേറെ ഭയപ്പെടുന്നത്?
ശാന്തമായ ഒരു രാത്രിയിൽ അയാൾ മോളേയും കൂട്ടി നടക്കാനിറങ്ങി. അവളുടെ മ്ലാനത മാറ്റിയെടുക്കാനും പറ്റുമെങ്കിൽ അന്ന് എന്ത് സംഭവിച്ചു എന്നറിയാനും അയാൾക്ക് താൽപര്യമുണ്ടായിരുന്നു. വിജനമായ റോഡിലൂടെ നടക്കുമ്പോൾ മനഃപൂർവം നിഴലുകളെ പറ്റി സംസാരിക്കാൻ അയാൾ ശ്രമിച്ചു. ഒരു വസ്തുവിൽ പ്രകാശം പതിക്കുമ്പോൾ അതിന്റെ മറുവശം നിഴലായി കാണുന്നു. അതായത് പ്രകാശത്തെ തടസ്സപ്പെടുത്തുന്ന ഒരു വസ്തുവിന് മാത്രമേ നിഴൽ ഉണ്ടാക്കാൻ പറ്റുകയുള്ളൂ.... അല്ലാതെ നിഴലിന് പിന്നിൽ മറ്റൊന്നുമില്ല!. പിന്നെയും കുറേ ചോദിച്ചപ്പോഴാണ് അന്ന് സംഭവിച്ചത് എന്തെന്ന് പറയാൻ മടിയോടെ അവൾ തയ്യാറായത്.
അന്ന് അങ്ങാടിയിലെ കടയിൽ പോയി മടങ്ങി വരികയായിരുന്നു . ഇത്ര ഇരുട്ടി സാധാരണ പുറത്തിറങ്ങാത്തതാണ്. കരിയാത്തൻ വളവിലെ തെരുവ് വിളക്ക് കഴിഞ്ഞ് അൽപ്പം നടന്ന് കാണും.. വിളക്കിലെ പ്രകാശത്തിൽ നിന്നകലും തോറും അവൾക്ക് മുന്നിലെ നിഴലും വലുതായിക്കൊണ്ടിരുന്നത് നോക്കിയായിരുന്നു നടപ്പ്. പെട്ടെന്നാണ് ഒരു ഭീമാകാരൻ നിഴൽ കൂടി പിറകിൽ പ്രത്യക്ഷപ്പെട്ടത്.. തിരിഞ്ഞു നോക്കാൻ കഴിയും മുമ്പേ വായ ആരോ പൊത്തിയിരുന്നു.. പിന്നീടൊന്നും ഓർമ്മയില്ല. ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞത് അയാൾ ഓർത്തു. മോൾ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇര ആയിരുന്നു.
സംഭവിച്ചത് പറഞ്ഞ് നിർത്തിയപ്പോൾ അവർ നടന്ന് കരിയാത്തൻ വളവിലെ തെരുവ് വിളക്ക് പിന്നിട്ടിരുന്നു. മുന്നിൽ വളർന്ന് വലുതായ നിഴലുകൾ നോക്കി അച്ഛനും മകളും നിന്നു.. പെട്ടെന്ന് മൂന്നാമതൊരു ഭീമാകാരൻ നിഴൽ കൂടി പിറകിൽ കാണാൻ പറ്റി. അതൊരു രാക്ഷസനെ പോലെ അടുത്ത് വരികയായിരുന്നു. മോൾ പേടിയോടെ അയാളെ ഇറുക്കെ പിടിച്ചു.ഇത് തന്നെ ... ഇതാണ്... അവൾ പുലമ്പുന്നുണ്ടായിരുന്നു. ഞെട്ടലോടെ തിരിഞ്ഞ് നോക്കിയപ്പോൾ ആരോ ഒരാൾ നടന്ന് വരികയാണ്. പിറകിൽ നിന്ന് വെളിച്ചമടിക്കുന്നതിനാലാവാം ആളുടെ മുഖം വ്യകതമായില്ല. അടുത്തെത്തിയപ്പോൾ മനസ്സിലായി.കരുണാകരൻ മാഷ് ! തൊട്ട അയൽ പക്കമാണ്. കുശലം ചോദിക്കുമ്പോഴും ആ മുഖത്തെ ഭാവം എന്താണെന്ന് കാണാൻ കഴിഞ്ഞില്ല.മദ്യ സേവ കഴിഞ്ഞുള്ള വരവാണെന്ന് മാത്രം മനസ്സിലാക്കാൻ കഴിഞ്ഞു.
അന്ന് അയാൾ മോൾക്കൊരു കഥ പറഞ്ഞ് കൊടുത്തു. നിഴൽ കുത്തിന്റെ കഥ. ഒരാളുടെ നിഴലിനെറെ ഇടനെഞ്ചിൽ വെള്ളി കെട്ടിയ നാരായം കുത്തിയിറക്കി അയാളെ കൊലപ്പെടുത്തുന്ന മാന്ത്രിക വിദ്യ. മോർഫിൻ നിറച്ച സിറിഞ്ച് ഭദ്രമായി പൊതിഞ്ഞെടുത്ത് പുറത്തിറങ്ങുമ്പോൾ അയാളിലെ ഡോക്ടർ ഓർത്തു.. ഉയർന്ന അളവിൽ മോർഫിൻ മനുഷ്യ ശരീരത്തിൽ ചെല്ലുമ്പോൾ അത് ഗുരുതരമായ ശ്വസന പ്രശ്നങ്ങൾക്കും പിന്നീട് മരണത്തിനു തന്നെ കാരണമായേക്കുന്ന അവസ്ഥയിലേക്കും എത്തിക്കപ്പെടുന്നു.
- യൂനുസ് മുഹമ്മദ്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക