Slider

മണിക്കുട്ടി

0
Image may contain: 1 person, selfie, closeup and outdoor

"ഗോമതീ, എന്‍റെ മേല് എന്തോ ഇഴയുന്ന പോലെ, നീയൊന്നു നോക്ക്..."
അമ്മ നിര്‍വികാരതയോടെ അച്ഛന്‍റെ ദേഹത്ത് പരിശോധന ആരംഭിച്ചു, ഇനിയാ ഇഴയുന്നുവെന്ന തോന്നല്‍ അച്ഛനു കൂടിക്കൂടി വരും, പിന്നെ കുളിയായി, വീണ്ടും വീണ്ടും കുളിയായി....
ദിവസത്തില്‍ പത്തു മുതല്‍ പതിനഞ്ചു തവണ വരെ കുളിക്കും, ഇതൊരു പതിവായിട്ടിപ്പോ വര്‍ഷങ്ങള്‍ കഴിഞ്ഞിരിയ്ക്കുന്നു. ആരുമൊട്ട് എതിര്‍ക്കാറുമില്ല....
അച്ഛന്‍ പട്ടാളത്തിലായിരുന്നു... എന്റേം സൗമ്യേടേം കുട്ടിക്കാലത്ത് ഞങ്ങളെ പട്ടാളച്ചിട്ട പഠിപ്പിയ്ക്കുന്ന തിരക്കില്‍ അച്ഛന്‍റെതായ സ്നേഹം, കിട്ടേണ്ട അളവില്‍ കിട്ടുന്നില്ല എന്ന ഒരു പരാതി നിലവിലുണ്ടായിരുന്നു. എന്നാല്‍ അച്ഛനാണ് ശരിയെന്ന് പറഞ്ഞും, പറയാതെ പറഞ്ഞും അമ്മ ഞങ്ങള്‍ടെ ഇടവും വലവും ഉണ്ടായിരുന്നതിനാല്‍ അച്ഛനെ ഞങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങി.
കാലക്രമേണ പേരക്കുട്ടികളുടെ വരവോടെ, അവര്‍ക്കു മുന്നില്‍ കാര്‍ക്കശ്യമെന്ന ചുമരിടിഞ്ഞ് പകരം സ്നേഹം ചൊരിയുന്ന ഒരു മുത്തച്ഛനായുള്ള അച്ഛന്‍റെ രൂപമാറ്റം ഞങ്ങളെ തെല്ലൊന്നുമല്ല അതിശയിപ്പിച്ചത്. കുട്ടികള്‍ക്കാവട്ടെ അമ്മൂമ്മയും മുത്തച്ഛനും കഴിഞ്ഞേ ഞങ്ങള്‍ പോലും ഉണ്ടായിരുന്നുള്ളൂ. സൗമ്യ ഭര്‍ത്താവിന്‍റെ വീട്ടില്‍, ഒരുപാടു ദൂരെയല്ലാതെത്തന്നെ ഉണ്ടായിരുന്നതുകൊണ്ട് ഇടക്കിടെ വീട്ടില്‍ വരുമായിരുന്നു. സൗമ്യയുടെ രണ്ടാമത്തെ മോനും എന്‍റെ മോള്‍ക്കും ഒരേ പ്രായം, രണ്ടാം തലമുറയിലെ ആദ്യത്തെ പെണ്‍കുട്ടി എന്ന നിലയില്‍ അവള്‍ എല്ലാരുടേം കണ്ണിലുണ്ണിയും. ഞാനും ഭാര്യയും ജോലിക്ക് പോയാല്‍പ്പിന്നെ, അവള്‍ അമ്മൂമ്മയും മുത്തച്ഛനുമായി അവരുടേതായൊരു ലോകത്തിലായിരിയ്ക്കും.... അവള്‍ടെ വരച്ച വരയില്‍ നിസ്സഹായനായി ചിരിതൂകി നില്‍ക്കുന്ന അച്ഛനെ കാണുമ്പോഴെല്ലാം, "ഇതച്ഛന് കാലം കരുതിവച്ച മധുരപ്രതികാരമാണെന്ന്‍" ഞങ്ങള്‍ പറയുമായിരുന്നു.
റിട്ടയറായ ശേഷം അച്ഛന് ഒരു ദുശ്ശീലമുണ്ടായിരുന്നു, ചെറിയതോതില്‍ പൈസ വച്ചുകൊണ്ട് പ്രായത്തില്‍ തരക്കാരുമൊത്തുള്ള ഒരു ചീട്ടുകളി. അതാകട്ടെ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ, അതിനാല്‍ത്തന്നെ അതേചൊല്ലി വീട്ടില്‍ ഒരു കലഹം ഉണ്ടാവാറില്ല.
ഒരുനാള്‍ പതിവുപോലെ ഞങ്ങളെ യാത്രയാക്കിയശേഷം അച്ഛന്‍ പറമ്പിലേയ്ക്കിറങ്ങി, കൂടെ വാലായി മോളും. എനിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന വടുകപുളി അച്ചാറിലേക്കായി, തൊഴുത്തിനു പിന്നിലായുള്ള കാ‍ന്താരിമുളക് പറിയ്ക്കലായിരുന്നു അച്ഛന്‍റെ ഉന്നം. മുളകു പറിച്ചോണ്ടിരുന്നപ്പോഴാണ് രാഘവേട്ടന്‍റെ വരവ്, ചീട്ടുകളി സംഘത്തിലെ നേതാവ്. രാഘവേട്ടനുമായി അങ്ങനെ സംസാരിച്ചുനിന്ന്, പിന്നെ പതിയെ സംസാരത്തില്‍ മുഴുകി അവരൊന്നിച്ച് അങ്ങേരുടെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു. പോകാന്‍നേരം, പറിച്ചെടുത്ത മുളകുകള്‍ അമ്മിത്തറയില്‍ വച്ചിട്ടുണ്ടെന്ന് അമ്മയെ ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്തു. പിന്നെ കളിയൊക്കെ കഴിഞ്ഞ് കേറിവന്നതാകട്ടെ ഒരുമണിയൊക്കെ കഴിഞ്ഞിട്ടാണ്, പടികടന്നപ്പോള്‍ തന്നെ മണിക്കുട്ടീ-ന്ന്‍ വിളിച്ചോണ്ടാ വരവ്. അവളെ കാണാഞ്ഞ് അടുക്കളയില്‍ അമ്മയോട് ചോദിച്ചപ്പോ അമ്മ, "അപ്പൊ അവള് നിങ്ങള്‍ടെ കൂടെ വന്നില്ലേ, അങ്ങനല്ലേ പതിവ് ????"
മോളെ കാണാതായെന്ന് നടുക്കത്തോടെ തിരിച്ചറിഞ്ഞ രണ്ടുപേരും, അലമുറയിട്ടോണ്ട് അവളെ അന്വേഷിച്ചാ വീടും പരിസരവും അയല്‍പ്പക്കവും ആകെ അരിച്ചുപെറുക്കി, കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരും കൂടെ കൂടി. പക്ഷെ അപ്പോഴേയ്ക്കും എന്‍റെ മോള്‍ ആരു വിളിച്ചാലും കേള്‍ക്കാത്തത്ര ദൂരെ എത്തിയിരുന്നു. ഒരു നിമിഷത്തെ ശ്രദ്ധക്കുറവില്‍, അച്ഛനന്ന്‍ പറമ്പില്‍ നിന്നും പോരുമ്പോള്‍ തനിച്ചായിപ്പോയ അവള്‍ കാലുതെറ്റി, നിറഞ്ഞുകിടന്നിരുന്ന ചാണകക്കുഴിയില്‍ വീഴുകയായിരുന്നു. ഒരുപാടുനേരത്തെ തിരച്ചിലിനൊടുവില്‍ എന്‍റെ പൊന്നുമോളെ കണ്ടെത്തുമ്പോള്‍, അവളുടെ ദേഹമാസകലം ചാണകപ്പുഴുക്കള്‍ ഇഴയുന്നുണ്ടായിരുന്നു.
ചേതനയറ്റ ആ ശരീരത്തില്‍ നോക്കി ആ പാപഭാരം മുഴുവന്‍ നെഞ്ചിലേറ്റി ഒരു ശിലകണക്കെ നിന്ന അച്ഛന്‍റെ രൂപം മനസ്സിലിപ്പോഴും മായാതെ കിടപ്പുണ്ട്.
അവളെ വരച്ചു വച്ചപോലെയുള്ള രണ്ടു തങ്കക്കുടങ്ങളെ പിന്നീട് ഞങ്ങള്‍ക്ക് നല്‍കി, ദൈവം തന്‍റെ കടംവീട്ടിയിട്ടു പോലും; കാലത്തിനു മായ്ക്കാനാവാത്ത മുറിവായി മണിക്കുട്ടിയുടെ വിയോഗം ഇന്നും ഞങ്ങളില്‍ അവശേഷിക്കുന്നു.
കാലങ്ങള്‍ക്ക് പുറകിലേയ്ക്ക് തന്‍റെ ഓര്‍മ്മകളെ ചുരുക്കിക്കൊണ്ട്, ചാണകപ്പുഴുക്കളെ ഓര്‍ക്കും വിധം തന്‍റെ ദേഹത്ത് എന്തോ ഇഴയുന്നുവെന്ന്‍ ആകുലപ്പെടാന്‍ മാത്രം സംസാരിക്കുന്ന അച്ഛനെക്കാണുമ്പോള്‍, ദൈവം ഓര്‍മ്മകളുടെ ഭാരം നല്‍കാതെ അദ്ദേഹത്തെ അനുഗ്രഹിച്ചതുപോലെ തോന്നുന്നു.
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo