
തൃശ്ശൂർ ജോലി ചെയ്തു തുടങ്ങിയതിന് ശേഷമായിരുന്നു വായനകൾക്കപ്പുറത്ത് പുസ്തകം വാങ്ങുക എന്ന ശീലം കൂടി തുടങ്ങിയത്.
പുസ്തകങ്ങൾ ഷെൽഫിൽ അടുക്കി വച്ചിരിക്കുന്നത് കാണാൻ, അതിൽ നിന്ന് ഒരെണ്ണമെടുത്ത് വായിക്കാൻ, അത് നോക്കി കിടന്നുറങ്ങാൻ ഒക്കെ വലിയ ഇഷ്ടമാണ്. അങ്ങനെയാണ് പുസ്തകം വാങ്ങി തുടങ്ങിയത്. വായിച്ചതും വായിക്കാത്തതുമായ നല്ല പുസ്തകങ്ങളുടെ ഒരു കളക്ഷൻ, ഒരു ചെറിയ ലൈബ്രറി പോലെ. അങ്ങനൊക്കെയായിരുന്നു ആഗ്രഹം.
പിന്നെ തൃശ്ശൂർ വരുന്ന എല്ലാ പുസ്തകമേളകളിലും വിടാതെ പോകും. ജനപ്രീതിയേറിയ പുസ്തകങ്ങളെ അടുത്തറിയുന്നത് അങ്ങനെയാണ്. മാസത്തിൽ കുറഞ്ഞത് രണ്ട് ബുക്ക് എങ്കിലും വാങ്ങും. പുതിയ പുസ്തകമേള വന്നാൽ പ്രശാന്ത് ചോദിക്കും
" എന്നാ പോണ്ടെ?"
പിന്നെ തീയതി നിശ്ചയിച്ച് ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങും. അവനും ഉണ്ട് കുറച്ച് അസുഖം, എന്റത്രേം ഇല്ലെങ്കിലും.
" എന്നാ പോണ്ടെ?"
പിന്നെ തീയതി നിശ്ചയിച്ച് ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങും. അവനും ഉണ്ട് കുറച്ച് അസുഖം, എന്റത്രേം ഇല്ലെങ്കിലും.
അങ്ങനെ പുസ്തങ്ങൾ കൂടി കൂടി വന്നു, ഷെൽഫു നിറഞ്ഞു, പുസ്തകങ്ങൾക്ക് ആവശ്യക്കാരുണ്ടായി, പുതിയ വായനക്കാരുണ്ടായി, പുസ്തകങ്ങൾ അങ്ങനെ കൈമാറി ഓടാൻ തുടങ്ങി. ഒടുവിൽ വിശന്നിരിക്കുകയാണെങ്കിലും കഴിക്കാതെ ആ കാശ് കൊണ്ട് പുസ്തകം വാങ്ങുമെന്ന അവസ്ഥ വന്നപ്പോഴാണ് ഇത്തിരി കുറഞ്ഞത്. പിന്നെ പിന്നെ കൈയിൽ കാശുമില്ലാതെയായി, ആ കാരണത്താൽ പുസ്തക മേളകൾ ഒഴിവാക്കി തുടങ്ങി.
അങ്ങനെ ഇരിക്കുമ്പോഴാണ് സാഹിത്യ അക്കാദമിയിൽ വൻ ഓഫറുണ്ടെന്നും പറഞ്ഞ് പ്രശാന്ത് വിളക്കുന്നത്. ആദ്യമൊന്ന് മടിച്ചെങ്കിലും കുറേ നാളായല്ലോന്ന് കരുതി പോയി. അവിടെത്തിയപ്പോൾ എനിക്ക് വണ്ടർലാന്റ് അനുഭവം. കുറേ വാങ്ങണമെന്നായി, പക്ഷേ മാസാവസാനം ആയതു കൊണ്ട് ഏതെങ്കിലും ഒന്ന് എന്ന തീരുമാനത്തിലെത്തി. അങ്ങനെ നോക്കി നടക്കുമ്പോഴാണ് ബന്യാമിന്റെ 'മഞ്ഞവെയിൽ മരണങ്ങൾ ' എന്നെ നോക്കി ചിരിക്കുന്നത്. പലപ്പോഴും വാങ്ങണമെന്നു കരുതി എടുത്ത് എണ്ണം കൂടുമ്പോൾ അവസാന നിമിഷം ഒഴിവാക്കാറുള്ള പുസ്തകം !! എന്നാൽ ഇത്തവണ ബഡ്ജറ്റിൽ ഒരെണ്ണമേ ഉള്ളൂ എന്ന കാരണത്താൽ അതു തന്നെ തിരഞ്ഞെടുത്തു. അങ്ങനെ കുറേ നാളത്തെ ഇടവേളക്കുശേഷം പുസ്തകശേഖരത്തിലേക്ക് ഒരെണ്ണം കൂടി.
വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് പിറ്റേന്ന് കോതമംഗലത്തെ വീട്ടിലേക്ക് വന്നപ്പോ പുസ്തകം കൈയിലെടുത്തു. വന്നപ്പാടെ ഷെൽഫിൽ മറ്റു ബന്യാമിൻ പുസ്തകങ്ങൾക്കൊപ്പം എടുത്ത് വച്ചു ഭംഗിയാസ്വദിച്ചു. ആ ആഴ്ച ചേച്ചിയും കുടുംബവും ഒക്കെ വന്നതു കൊണ്ട് വായിക്കാൻ പറ്റിയില്ല. തിങ്കളാഴ്ച്ച തിരിച്ചു തൃശ്ശൂർക്ക് പോയപ്പോ പുസ്തകം എടുക്കാൻ മറന്നു. പിന്നെ ഒരാഴ്ച്ച തള്ളി നീക്കുകയായിരുന്നു. ആ ശനിയാഴ്ച്ച വീട്ടിൽ വന്ന് നോക്കുമ്പോൾ ഷെൽഫിൽ പുസ്തകങ്ങൾക്കിടയിൽ ഒരു വലിയ വിടവ് !!!
അന്വേഷിച്ചപ്പോൾ അമ്മ പറഞ്ഞു.
അന്വേഷിച്ചപ്പോൾ അമ്മ പറഞ്ഞു.
"ഹ.. അത് അവള് പോയപ്പോ കുറേ എടുത്തോണ്ട് പോയാർന്നു! ഏതാന്നോ എത്രയാന്നോ ഒന്നും അറിയാൻ മേല!"
"അടിപൊളി ! ഇതിപ്പോ 'മഞ്ഞവെയിൽ മരണങ്ങളും ' കാണാനില്ലാന്നേ!!! "
ഞാൻ ചേച്ചിയെ വിളിച്ചു, ഏതൊക്കെയാണ് കൊണ്ട് പോയതെന്ന് അറിഞ്ഞ കൂട്ടത്തിൽ 'മഞ്ഞവെയിൽ മരണങ്ങൾ' കൂടി ഉണ്ടെന്ന് ഉറപ്പിച്ചു. പിന്നെ അത് ഞാൻ വായിക്കും മുൻപേ കൊണ്ടു പോയതിന്റെ പരിഭവവും പറ്റിയാൽ അത് മാത്രം എത്രയും വേഗം വായിച്ചിട്ട് തിരിച്ചു തരാൻ നോക്ക് ന്നും പറഞ്ഞു വച്ചു.
രണ്ടാഴ്ച്ച പിന്നിട്ടു. ചേച്ചി വീണ്ടും വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ പുസ്തകത്തിന്റെ കാര്യം ഓർമ്മിപ്പിച്ചിരുന്നു. അതു കൊണ്ട് തന്നെ വന്നപ്പാടെ അതെടുത്തു തന്നു.
" ന്റമ്മോ...ന്നാ.. നിന്റെ പുസ്തോം... ഇനി കിടന്നുറങ്ങാണ്ടിരിക്കണ്ട!!! "
" ഞാനതു വായിക്കും മുൻപേ കൊണ്ടോയോണ്ട് പറഞ്ഞതല്ലേ !"
" അത് എനിക്കറിയോ !!! "
" എന്നിട്ട് വായിച്ചോ ?"
"ഇല്ല ! എന്നാപ്പിന്നെ നീ തന്നെ ആദ്യം വായിച്ചോട്ടേന്ന് വച്ചു."
" അയ്യോ, അതു വിചാരിക്കണ്ടാർന്നു, വായിക്കാർന്നു."
" വേണ്ടാ. ഇനി എന്തായാലും നീ വായിച്ചിട്ട് മതി."
അങ്ങനെ 'മഞ്ഞവെയിൽ മരണങ്ങൾ' അടിമാലി വരെ വെറുതേ പോയി വന്നു.
ആ തിങ്കളാഴ്ച്ച ഞാൻ അതുമായി തൃശ്ശൂർക്ക് പോയി. പക്ഷേ വായന നടക്കാതെ തിരികെ വന്നു. പുസ്തകം വീണ്ടും തൃശ്ശൂർ വരെ പോയി വെറുതെ വന്നു. എന്തായാലും ഇത്തവണ വായിച്ചിട്ടേ ഉള്ളൂ എന്ന് ഓർത്ത് എടുത്തെങ്കിലും യാത്ര ക്ഷീണം കാരണം ഉറക്കം വന്നു. പുസ്തകം മേശവരിപ്പിലിട്ട് കിടന്നുറങ്ങി.
രാത്രി എന്തോ ശബ്ദം കേട്ടാണ് ഉണർന്നത്. പക്ഷേ എഴുന്നേറ്റ് ലൈറ്റ് ഇട്ടപ്പോ ശബ്ദം പോയി. ഒന്നും കണ്ടില്ല! എന്താന്ന് മനസ്സിലായതുമില്ലാ. പിറ്റേന്ന് ഞായറാഴ്ച്ച ആയിരുന്നു, ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നതു കൊണ്ട് രാവിലെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി, തിരിച്ചു കയറിയപ്പോൾ രാത്രിയായി. പിറ്റേന്നും രാവിലെ തന്നെ യാത്ര ഉള്ളതു കൊണ്ട് നേരത്തെ ആഹാരം കഴിച്ച് ഉറങ്ങാൻ കിടന്നു. ഒന്നു മയങ്ങി കഴിഞ്ഞപ്പോൾ കഴിഞ്ഞ രാത്രി കേട്ട അതേ ശബ്ദം!
ഇത്തവണ ലൈറ്റ് ഇട്ടില്ല. ശബ്ദം ശ്രദ്ധിച്ചപ്പോൾ മേശ വലിപ്പിന്റെ അകത്തു നിന്നാണെന്ന് മനസ്സിലായി. പെട്ടെന്ന് എഴുന്നേറ്റ് മേശവലിപ്പ് തുറന്നു, ടോർച്ചടിച്ചു. അവിടെ കണ്ട കാഴ്ച്ച !!! എന്റെ ബോധം പോകും വിധം ഉള്ളതായിരുന്നു. പെട്ടെന്ന് തന്നെ ഞാൻ ആ സത്യം മനസ്സിലാക്കി, മനസ്സ് പാകപ്പെടുത്താൻ ശ്രമിച്ചു എങ്കിലും സങ്കടം സഹിക്കാൻ പറ്റിയില്ല. ഞാൻ തുറന്നപ്പോൾ കണ്ടത് നിറയെ പിച്ചി ചീന്തിയ കടലാസ് കഷ്ണങ്ങളാണ്. അത് എന്റെ മഞ്ഞവെയിൽ മരണങ്ങളുടെ താളുകളാണെന്ന് മനസ്സിലായപ്പോൾ ഞാൻ തകർന്ന് പോയി. അതെ! എന്റെ 'മഞ്ഞവെയിൽ മരണങ്ങൾ' മരിച്ചിരിക്കുന്നു, അല്ല! കൊന്നതാണ്, ക്രൂരമായി തന്നെ. മച്ചിന്റെ മുകളിൽ താമസമാക്കിയിരുന്ന എലികളിലൊന്ന് രാത്രിയിലെപ്പൊഴോ താഴെയിറങ്ങുകയും മേശവലിപ്പിനുള്ളിൽ കടന്നു കൂടുകയും ചെയ്തിരുന്നു. കഴിഞ്ഞ രാത്രിയിലെ തുടർക്കഥയെന്നോണം.
എന്റെ ഒച്ചപ്പാടു കേട്ട് വീട്ടിലുള്ളവരും ഓടി വന്നു. കാര്യമറിഞ്ഞപ്പോൾ ഒരു പുസ്തകമല്ലേ പോട്ടേന്നും പറഞ്ഞ് എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ച് ആ എലി എവിടെ പോയീന്നാണ് അന്വേഷിച്ചത്. ഞാൻ അവരോടൊക്കെ ദേഷ്യപ്പെട്ടു. പിന്നെ ഫോണെടുത്ത് ചേച്ചിയെ വിളിച്ചു. കാര്യം പറഞ്ഞു ഞാൻ കരഞ്ഞു പോയി, കേട്ടപ്പോൾ അവളും കരഞ്ഞു. പിന്നെ നമുക്ക് വേറൊരണ്ണം വാങ്ങാന്നും പറഞ്ഞ് ആശ്വസിപ്പിച്ച് എന്നെ ഒരു വിധം കിടത്തി. പക്ഷേ കിടന്നിട്ട് ഉറക്കം വന്നില്ല. ഷെൽഫിനുള്ളിലൊക്കെ എലികൾ ഇരുന്നു പുസ്തകം തിന്നുന്നതു പോലെ. ഞാൻ എഴുന്നേറ്റ് ലൈറ്റിട്ടു. ഇല്ല ! ഒന്നുമില്ല. ഞാൻ വീണ്ടും കിടന്നു, കണ്ണും തുറന്ന്... ചെവി കൂർപ്പിച്ച്....
വിഷമിക്കേണ്ട എൽദോച്ചാ ....!!! ആ പുസ്തകം വീണ്ടും സ്വന്തമാക്കാം ...!!
ReplyDeleteനല്ല അവതരണം ...!