Slider

വേദന

0

ഇടയ്ക്കിടെ ഉള്ള തുമ്മലും മൂക്കടപ്പും വല്ലാതെ ബുദ്ധിമുട്ടിച്ചപ്പോളാണ് ഒരു ഇൻടി കണ്ടു കളയാമെന്നു വെച്ചത്. എറണാകുളത്തു താമസിക്കുന്ന സമയമാണ് അവിടത്തെ പ്രശസ്തമായ ഒരാശുപത്രിയിൽ ഡോക്ടറിന് അപ്പോയ്ന്റ്മെന്റും ബുക്ക് ചെയ്തു. എന്നെ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു നേസൽ സെപ്റ്റ൦ ഡീവിയേഷൻ ആണെന്ന് മര്യാദക്കിരിക്കേണ്ട മൂക്കിന്റെ പാലം ഒന്ന് വളഞ്ഞുന്നു സാരം. വിശദമായിട്ട് നോക്കാൻ ഒരു എൻഡോസ്കോപ്പി ചെയ്യാനും പറഞ്ഞു. എനിക്ക് കൂട്ട് വന്നത് അമ്മയാണ്.
എൻഡോസ്കോപ്പി ചെയ്യുന്ന റൂമിനു പുറത്തു ഞാനും അമ്മയും വെയിറ്റ് ചെയ്യുവാണ്. നേഴ്സ് വന്നു എന്റെ പേര് വിളിച്ചു മൂക്കിൽ ഒരു മരുന്ന് സ്പ്രൈ ചെയ്തു . അൽപ സമയം കഴിഞ്ഞു എന്നെ അകത്തേക്ക് വിളിക്കുകയും ചെയ്തു. എന്നോട് കിടക്കാൻ പറഞ്ഞു, ഡോക്ടർ എൻഡോസ്കോപ്പി ട്യൂബ് കയ്യിലെടുത്തു എന്റെ അടുത്തേക്ക് വന്നു. ട്യൂബ് മൂക്കിനകത്തേക്കു കയറ്റാൻ പോകുന്നു എന്ന് കേട്ടപ്പോൾ എനിക്ക് വെപ്രാളം വന്നു. സാദാരണ അധികം വേദനയൊന്നുമില്ലാത്ത സംഗതിയാണ് ഡോക്ടർ ട്യൂബ് അകത്തേക്ക് കയറ്റിയതും ഞാൻ നിലവിളിക്കാൻ തുടങ്ങി. ഒടുക്കത്തെ ബഹളം ഒടുക്കം എല്ലാം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഡോക്ടറിന്റെ വക കമന്റ്,
"ഹോ ഇതു മാതിരി ഒരു ബഹളം ആദ്യമായിട്ട് കേൾക്കുവാ, കൊച്ചു കുട്ടികൾ വരെ അടങ്ങി കിടക്കും ഇതു എന്തുവാരുന്നു. ഇക്കണക്കിനു ഇതിലും വലിയ വേദന ഒക്കെ സഹിക്കേണ്ടി വരുമ്പോ താനൊക്കെ എന്ത് ചെയ്യുമെടോ?"
ഇതൊക്കെ കേട്ടിട്ട് 'അമ്മ എന്നെ രൂക്ഷമായിട്ട് നോക്കുന്നുണ്ട്. പുറത്തിറങ്ങി ആളുകൾക്ക് ഇരിക്കുവാനുള്ള സ്ഥലത്തു ഇരിപ്പുറപ്പിച്ചു അമ്മയും തുടങ്ങി,
"നാണമില്ലല്ലോ ഡോക്ടറിന്റെ വായിലിരിക്കുന്നത് മുഴുവൻ കേട്ട്, ഇച്ചിരി വേദന പോലും സഹിക്കാൻ നിനക്ക് വയ്യേടി, ഇക്കണക്കിനു നീയൊക്കെ ആ വേദന എങ്ങനെ സഹിക്കുമെടി(പെണ്ണുങ്ങൾക്കു മാത്രം സഹിക്കേണ്ടി വരുന്ന 'ആ' വേദനയെ കുറിച്ച് 'അമ്മ ഇടയ്ക്കെന്നെ ഓര്മിപ്പിക്കാറുണ്ട്. അമ്മയുടെ വർത്തമാനം കേട്ടിട്ടാവണം കുറച്ചു മാറി ഇരുന്ന ഒരമ്മയും അവരുടെ കൂടെ ഉണ്ടായിരുന്ന ഒരു ചെറിയ പെൺകുട്ടിയും എന്നെ തന്നെ നോക്കുന്നുണ്ട്. പെൺകുട്ടി എന്നെ തന്നെ നോക്കി ചിരിക്കുന്നു. ഒരു പീക്കിരി പെണ്ണ് ഇത്രേം വലിയ എന്നെ കളിയാക്കി ചിരിക്കുന്നു, ഞാൻ അതിനെ നോക്കി കണ്ണുരുട്ടി.
നേരം ഉച്ചയായതെ ഉള്ളു. എന്നെ വഴക്കു പറഞ്ഞു ഉള്ള എനർജി വേസ്റ്റ് ആയതുകൊണ്ടാവും. ഉണ്ണാൻ പോവാൻ 'അമ്മ റെഡി ആയി. കൂടെ പോയാൽ അവിടെയും ഇതിന്റെ ബാക്കി അമ്മയിൽ നിന്ന് കേൾക്കേണ്ടി വരും.അതുകൊണ്ട് ഇച്ചിരി വിശപ്പ് സഹിച്ചാലും വേണ്ടില്ല ഞാൻ വരുന്നില്ല എന്ന് പറഞ്ഞു. അങ്ങനെ എന്നെ അവിടെ പ്രതിഷ്ഠിച്ചു ആശുപത്രിക്കകത്തു തന്നെ ഉള്ള ഒരു ഹോട്ടൽ ലക്ഷ്യമാക്കി 'അമ്മ നടന്നു.
ആ അമ്മയും പെങ്കൊച്ചും അവിടെ തന്നെ ഇരിക്കുന്നുണ്ട്. നേരത്തെ 'അമ്മ എന്നെ പറഞ്ഞ വഴക്കൊക്കെ അവരും കേട്ടതാണ് അതിന്റെ കുറച്ചു ചമ്മൽ എനിക്കുണ്ട്. ഞാൻ അവരുടെ അടുത്തേക്ക് നീങ്ങി ഇരുന്നു, ഞാനും അവരും പരസ്പരം നോക്കി ചിരിച്ചു. അവരൊന്നും ചോതിക്കാണ്ട് തന്നെ ഞാൻ പറഞ്ഞു,
" മൂക്കിന്റെ എൻഡോസ്കോപ്പി ചെയ്തിട്ട് വരുവാ, ആ ട്യൂബ് മൂക്കിലേക്ക് കേറ്റുമ്പോ തന്നെ വല്ലാത്ത വേദനയാ, ഈ അമ്മക്ക് അതൊന്നും പറഞ്ഞ മനസിലാവൂല്ലന്നെ"
ആ സ്ത്രീ എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ഞാൻ അവരോട് ചോദിച്ചു,
"അല്ല നിങ്ങളെന്താ ഇവിടേ, ആരെയെങ്കിലും കാണാൻ വന്നതാണോ"
"എന്റെ മോളെ ഡോക്ടറിനെ കാണിക്കാൻ കൊണ്ടന്നതാ"
"മോൾക്കെന്താ പറ്റിയേ"
ഒരല്പ നേരത്തെ മൗനത്തിനു ശേഷം അവർ പറഞ്ഞു " അവൾക്കു കാൻസർ ആണ് ലുക്കീമിയ". അതുവരെ ഞാൻ തീർത്തും അവഗണിച്ചിരുന്ന ആ പെൺകുട്ടിയെ ഞാനൊന്നു നോക്കി. ഏറിയാൽ ഒമ്പതോ പത്തോ വയസു പ്രായം വരുമവൾക്കു. അവൾ എന്നെ നോക്കിയൊന്നു ചിരിച്ചു.
" ആന്റി വല്ലാണ്ട് വേദന വരുമ്പോൾ നമ്മൾക്കിഷ്ടമുള്ള ഒരു പാട്ടും മൂളിക്കൊണ്ടിരുന്ന മതി അപ്പൊ നമ്മൾ വേദന അറിയില്ല എന്റെ പപ്പാ പറഞ്ഞു തന്ന ട്രിക്ക് ആണ്, നല്ല കുട്ടികൾ കരയാൻ പാടില്ല " അവൾ എന്നോട് പറഞ്ഞു
ഞാൻ അവളുടെ അമ്മയുടെ മുഖത്തേക്ക് നോക്കി. വേദന കലർന്ന നോട്ടം എനിക്ക് സമ്മാനിച്ചിട്ടു അവർ പറഞ്ഞു
" നട്ടെല്ല് തുളച്ചിട്ട മോൾക്ക് മരുന്ന് കുത്തി വെയ്ക്കണേ, കണ്ടു നില്ക്കുന്നവര് പോലും കരയും അവള് പക്ഷെ പാട്ടും പാടി ഒക്കെ സഹിക്കും,കരയാണ്ട് അങ്ങനെ പിടിച്ചു നിൽക്കു൦, ഇടയ്ക്കു മേലൊക്കെ വല്ലാണ്ട് വേദനിക്കും അപ്പോളും ഒരു പാട്ടും മൂളി ഇരിക്കും എന്റെ മോള് "
വേദനയുടെ ഒരു പർവ്വതത്തിനെ അഭിമുഖീകരിക്കുന്നവരോടാണ് അല്പം മുൻപ് ഞാൻ നിസ്സാരമായ ഒരു അസ്വസ്ഥതയെ വലിയ വേദനയാക്കി ചിത്രീകരിച്ചത്. ഒരു പൂമ്പാറ്റയെ പോലെ ചിറകു വിരിച്ചു പറന്നു നടക്കേണ്ട പ്രായത്തിൽ ഈ പൊന്നുമോൾക്കു ഇത്രയും വലിയ വേദന കൊടുക്കണമായിരുന്നോ ഈശ്വരാ. ഞാൻ അവിടെ നിന്നും പതുക്കെ എഴുന്നേറ്റു. ഇനിയുമവിടെ ഇരുന്നാൽ ഞാൻ ചിലപ്പോൾ കരഞ്ഞു പോവും. അല്പം മുൻപാണ് അവൾ എന്നോട് പറഞ്ഞത് നല്ല കുട്ടികൾ വെറുതെ കരയാറില്ല ആന്റി.
ഞാൻ അവൾക്കൊരു ഷേക്ക് ഹാൻഡ് കൊടുത്തു അപ്പോളവൾ ഒരു പാട്ടു മൂളുന്നുണ്ടായിരുന്നു. തന്റെ ശരീരത്തിനെ ഇഞ്ചിച്ചായി കാർന്നു തിന്നുന്ന രോഗത്തിനെയും അതിന്റെ വേദനയേയും തോൽപ്പിക്കാനെന്നവണ്ണം.

by
Anjali Kini
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo