Slider

ഉണ്ണിയുടെ മിഠായിമധുരങ്ങൾ

0

ഉണ്ണിയുടെ മിഠായിമധുരങ്ങൾ
******************************
എന്തിനാണ് അപ്പുവങ്ങനെ പറഞ്ഞത്? വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഉണ്ണിയുടെ മനസ്സിൽ അവന്റെ വാക്കുകളായിരുന്നു. 'അമ്മ ഇന്നലെ കൊണ്ട് വന്ന വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ മിഠായി എത്ര സ്നേഹത്തോടെയാണ് താൻ അവനു നേർക്ക് നീട്ടിയത്.
കുമാരേട്ടന്റെ പീടികയിലെ ഉടുപ്പില്ലാത്ത മിട്ടായികൾ പോലെ അല്ല. ഇതിനൊരു പ്രത്യേക സ്വാദാണ്. എന്നിട്ടും അപ്പുവത്‌ വാങ്ങിയില്ല. വാങ്ങിയില്ലെന്ന് മാത്രമല്ല ഉണ്ണീടെ 'അമ്മ ചീത്തയാന്നു പറയേം ചെയ്തു.
അച്ഛനുമമ്മേം കാണപ്പെട്ട ദൈവങ്ങളാണെന്നല്ലേ ശാരദ ടീച്ചർ പഠിപ്പിച്ചത്. ദൈവങ്ങളെങ്ങനാ ചീത്തയാവാ? ഉണ്ണിക്കൊന്നും മനസ്സിലാവുന്നില്ലായിരുന്നു. ഇന്നമ്മയോട് തന്നെ ചോദിക്കാം.
പാടവരമ്പിലൂടെ തുള്ളി ചാടി വീട്ടിലേക്ക് പോകുമ്പോൾ ഉണ്ണി തീരുമാനിച്ചു.
"അമ്മേ.. " ചാരിയിട്ടിരുന്ന വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറുമ്പോൾ ഉണ്ണി കണ്ടു. കുളി കഴിഞ്ഞീറൻ മുടി വിടർത്തിയിട്ട് കരിമഷി കൊണ്ട് കണ്ണെഴുതുന്ന അമ്മയെ. നെറ്റിയിൽ ചുവന്ന സിന്ദൂരപ്പൊട്ട് സ്ഥാനം പിടിച്ചിരിക്കുന്നു. എന്തു ഭംഗിയാണ് അമ്മയെ കാണാൻ.
ഉണ്ണി അമ്മക്കരികിൽ ചെന്ന് മുടി വാസനിച്ച് നോക്കി. എന്ത് നല്ല വാസനയാണ് അമ്മയുടെ മുടിക്ക്. പട്ടണത്തിൽ പോകുമ്പോഴാണ് 'അമ്മ ചെറിയ പാക്കറ്റിൽ കിട്ടുന്ന പതയുന്ന സോപ്പ് കൊണ്ട് തല കഴുകാറ്. അല്ലെങ്കിൽ അമ്മയുടെ മുടിക്കെപ്പോഴും കാച്ചെണ്ണയുടെ മണമാണ്.
വിയർത്തു തളർന്ന നിഴൽരൂപങ്ങൾ ആടിയാടി ഇരുളിലേക്ക് നടന്നകലുമ്പോൾ ഉണ്ണിയെ വരാന്തയിൽ നിന്നെടുത്ത് 'അമ്മ മുറിയിൽ കിടത്തും. അപ്പോൾ അമ്മക്ക് കാച്ചെണ്ണയുടെയും വിയർപ്പിന്റെയും മണമാണ്. മുറിയിലാകെ മടുപ്പുളവാക്കുന്ന മറ്റെന്തൊക്കെയോ ഗന്ധം നിറഞ്ഞു നിന്നാലും അമ്മേടെ ചൂട് പറ്റി ഉറങ്ങാൻ ഉണ്ണിക്കിഷ്ടമാണ്.
പട്ടണത്തിൽ പോയി പുലർച്ചക്ക് 'അമ്മ തിരികെയെത്തുമ്പോൾ മാത്രമാണ് അമ്മക്ക് അത്തറിന്റെ മണം.
രാത്രി കൂടെയില്ലാത്ത അമ്മയോടുള്ള പരിഭവം അമ്മയുടെ ബാഗിലെ വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ മിഠായിയുടെ മധുരം അലിയിച്ചു കളയുകയാണ് പതിവ്.
അച്ഛൻ മരിച്ചതിൽ പിന്നെയാണ് അമ്മയിലെ മണങ്ങൾ മാറുന്നതെന്ന് ഉണ്ണിയോർത്തു.
ബാഗെടുത്ത് ഉണ്ണിയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്ത് 'അമ്മ പടിയിറങ്ങുമ്പോൾ അകത്തെ കട്ടിലിൽ വേദനകൊണ്ട് പുളഞ്ഞ് മുത്തശ്ശി എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.
ദൈവങ്ങൾ ചീത്തയാണോന്നുള്ള ഉണ്ണിയുടെ സംശയം പുലർച്ചെ 'അമ്മ കൊണ്ട് വരുമെന്നുറപ്പുള്ള വർണക്കടലാസ്സിൽ പൊതിഞ്ഞ മിഠായി മധുരത്തിൽ അലിഞ്ഞു പോയിരുന്നു. 'അമ്മ നടന്നകലുന്നതും നോക്കി ഉണ്ണിയുടെ കൈകൾ വായുവിൽ വെറുതെ അലകൾ തീർത്തു കൊണ്ടിരുന്നു.
*****
Ritu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo