
ഇന്ന് എൻ്റെ വീട്ടിൽ ഒരു വിവാഹം നടക്കുകയാണ് ആരുടെയാണെന്നല്ലേ അടുത്ത വീട്ടിലെ പെൺകുട്ടിയുടെയാണ് അവളുടെ രണ്ടാം വിവാഹമാണ്. അവരുടെ വീട്ടിൽ മുറ്റം കുറവായതിനാൽ എൻ്റെ വീട്ടിലാണ് പന്തൽ ഇട്ടിരിക്കുന്നത്. ദേ ആളുകളൊക്കെ വന്നു തുടങ്ങുന്നു. വരൻ്റെ വീട് ഈറോഡ് ആണ് തൊട്ടടുത്ത പള്ളിയിൽ വച്ച് നിക്കാഹ് വീട്ടിൽ ഭക്ഷണം...
ആദ്യഭർത്താവ് ഉപേക്ഷിച്ചതാണ് അവളെ അതിലൊരു മോളുണ്ട് ആറുവയസ്സുകാരി.. വിവാഹം കഴിക്കാൻ വരുന്നത് ഒരു വിഭാര്യനാണ് അയാൾക്കും ഒരു മോനുണ്ട്...
സംഭവം എന്താണെന്നോ ആറുവയസ്സുകാരി മോൾക്ക് അറിയില്ല അമ്മ തന്നെ ഇവിടെ വിട്ടിട്ടാണ് പോകുന്നതെന്ന്. പുത്തനുടുപ്പൊക്കെയിട്ട് അവൾ ചിരിച്ചു കളിച്ചു നടക്കുന്നത് കണ്ടുകൊണ്ടാണ് ഞാനിതെഴുതുന്നത്..ആ കുട്ടി എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുക എന്നോർക്കുമ്പോൾ എൻ്റെ ഹൃദയം പിടക്കുകയാണ്... അവളെ നോക്കാൻ ഉമ്മൂമ്മയും ഉപ്പൂപ്പയും ഉണ്ടെങ്കിലും എത്ര നാൾ...
വർഷങ്ങൾക്കു മുൻപ് അമ്മ മരിച്ചതിനു ശേഷം ഇതുപോലൊരു ദിവസം ഏഴാം ക്ളാസിൽ പഠിക്കുന്ന എന്നെ വീട്ടിൽ തനിച്ചാക്കി അച്ഛൻ വിവാഹം കഴിക്കാൻ പോയതോർക്കുന്നു. ഒന്നുറക്കെ കരയാൻ പോലുമാവാതെ തളർന്നുപോയി അന്ന്...
ഇന്നിതാ അതേ കാഴ്ച അല്ലെങ്കിൽ അതിലും വേദനാജനകമായത് കൺമുന്നിൽ... മനസ്സു മരവിച്ചിരിക്കുന്നു. അവളുടെ ചിരികൾ ഇനി ഒരു വലിയ കരച്ചിലിലേക്ക് വഴിമാറും.. വയ്യ അതു കാണാൻ ... ഈശ്വരാ ആ കുഞ്ഞിന് നൻമകൾ വരുത്തേണമേ....!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക