Slider

പൊടിയൻപാപ്പന്റെ ലോട്ടറി

0
Image may contain: 1 person, selfie and closeup

ഊണ് കഴിഞ്ഞ ആലസ്യത്തിൽ,ഉച്ചമയക്കത്തിന് മുന്നോടിയായി മുഖപുസ്തകത്തിന്റെ നാലുചുവരുകൾക്കുള്ളിൽ അഭയംതേടിയനേരത്താണ് കുഞ്ഞമ്മയുടെ ഫോൺകാൾ എത്തുന്നത്....
"മോനെ പൊടിയൻപാപ്പന് ലോട്ടറി അടിച്ചു പത്തുലക്ഷം പക്ഷെ ടിക്കറ്റ് കാണുന്നില്ല "
പാപ്പനും കുഞ്ഞമ്മയും ,മദ്രാസിൽ നിന്നവധിയാഘോഷിക്കാൻ രണ്ടുദിവസത്തേക്ക് എത്തിയ മാമനുംമാമിയും , എന്തിനേറെ അയൽവാസികൾ അപ്പാടേയും ലോട്ടറിടിക്കറ്റ് തിരച്ചിലിൽ ഏർപ്പെട്ടിരിക്കുകയാണെന്നു കുഞ്ഞമ്മയിൽ നിന്നും മനസ്സിലായി.....
ഫേസ് ബുക്കിലെ കുത്തികളി നിർത്തി,
മുന്ന് കിലോമീറ്റർ അകലെയുള്ള പാപ്പന്റെ വീട്ടിലേക്ക് ബൈക്ക് കത്തിക്കുമ്പോൾ,
പത്തുലക്ഷത്തിന്റെ ലോട്ടറി ടിക്കറ്റ് തിരയാൻ
ഫയർഫോഴ്‌സിന്റെ വരെ സഹായം തേടാനൊരുങ്ങുന്ന പൊടിയൻപാപ്പനെ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്ന ചിന്തയല്ല എന്നിൽ മറിച്ചു പത്തുലക്ഷത്തിൽ നിന്ന് ഒരു കുഞ്ഞു ഒരുലക്ഷം മതി മടക്കയാത്ര ഒരുമാസം കൂടി നീട്ടിയവന്റെ വട്ട
ചിലവ് രാജകിയമാക്കാൻ എന്ന പ്രായോഗികതയാണ്
മനസ്സിൽ നിറഞ്ഞത്......
ബാഹുവലി -2 ഓടുന്ന സിനിമാ തിയേറ്ററിനെ
വെല്ലുന്ന ആൾകൂട്ടമാണ് പാപ്പന്റെ വീട്ടിൽ...
രണ്ടായിരത്തിപതിനാറു ജാനുവരി മുതലുള്ള സകല ലോട്ടറി ടിക്കറ്റും പാപ്പന്റെ
മുറിയിലെ അലമാരയിൽ സുരക്ഷിതമാണ്
പക്ഷെ പത്തുലക്ഷം അടിച്ചു എന്ന് ഏജന്റ്
വിളിച്ചുപറഞ്ഞ ലോട്ടറിടിക്കറ്റ് മാത്രം മഷിയിട്ട് നോക്കിയിട്ടുപോലും കാണാൻഇല്ല....
പൊടിയൻ പാപ്പൻ വെടികൊണ്ട പന്നിയെപോലെ വീടിനും ചുറ്റിനും നടക്കുവാണ്...
"ചേട്ടനിങ്ങനെ തെക്ക് വടക്ക് നടന്നിട്ട് കാര്യമില്ല വെച്ചതെവിടാന് ഓർത്തെടുക്കു "
കുഞ്ഞമ്മയുടെ ഡിഫൻസീവ് ഷോട്ട് കേട്ടതോടെ പാപ്പൻ ഫോമിലേക്കുയർന്നു....
"മിണ്ടി പോകരുത് ,ഒറ്റ കീറ് വെച്ചുതരും ഞാൻ , ഒരു സാധനം വെച്ചിടത്ത് കാണില്ല "
പാപ്പൻ വീണ്ടും ഉലാത്തൽ തുടരവെയാണ്
രാവിലെ തൊട്ടടുത്ത കയർസൊസൈറ്റിയിൽ കാശടക്കാൻ പോയകാര്യം പാപ്പന്റെ ഓർമ്മകളിലേക്ക് ഓടിയെത്തിയത്....
പോയവാരം വായുകേറി വിലങ്ങികിടന്നനേരം ഒരു ഗുളികവാങ്ങിതരാൻ പറഞ്ഞപ്പോൾ "കമ്പിളിപുതപ്പ് മോഡിൽ" എസ്കേപ്പ് ആയവർ ഉൾപ്പടെ പൊടിയൻപാപ്പനെയും കൊണ്ട് സൊസൈറ്റിയിൽ പോകാൻ ബൈക്കുമായി ക്യു നിൽക്കുന്ന കാഴ്ച്ചയും കണ്ടു.....
വർഷങ്ങളായി തൂത്തുവാരാതെ കിടക്കുന്ന സൊസൈറ്റിയുടെ അകത്തളങ്ങളിലും പരിസരത്തും പിന്നീട് കണ്ടത് ഒക്റ്റോബർ രണ്ടിന്റെ പ്രതീതിയായിരുന്നു...
പക്ഷെ പത്തുലക്ഷത്തിന്റെ ആ ലോട്ടറിപെണ്ണിനെ മാത്രം കണ്ടുകിട്ടിയില്ല "
രാത്രിയേറെ വൈകി
"അത് നമുക്കുള്ളതല്ല " എന്ന നെടുവീർപ്പോടെ പൊടിയൻപാപ്പൻ പള്ളിയുറക്കത്തിലേക്ക് കടന്നു......
രാത്രിയിൽ പലതവണ
"എന്റെ ലോട്ടറി,എന്റെ പത്തുലക്ഷം " എന്ന വിലാപം ഉറക്കത്തിനിടയിലും പാപ്പനിൽ നിന്നുയർന്നതോടെ ഉറക്കം പോയത് കുഞ്ഞമ്മയുടേതായിരുന്നു......
പുലർകാലേ മുറ്റമടിക്കുന്നതിനിടയിൽ വടക്കുവശത്തെ പുളിമരചോട്ടിൽ മഴനനഞ്ഞു തണുത്ത് വിറച്ചു കിടന്ന ആ സുന്ദരിപെണ്ണിനെ കുഞ്ഞമ്മയുടെ കയ്യിൽകിട്ടി.....
ഉറക്കത്തിൽ നിന്ന് ചാടിഎഴുന്നേറ്റ പൊടിയൻപാപ്പൻ കിടക്കപ്പായിൽഇരുന്നു തന്നെ ഉറപ്പിച്ചു ഇത് തന്നെ ലോട്ടറി....
അതിരാവിലെ തന്നെ ഏജന്റിനെ വിളിച്ചുണർത്തുന്നത് പൊടിയൻപാപ്പൻ...
"ഒടുവിൽ കണ്ടെത്തി ലോട്ടറി " പാപ്പൻ ഉറക്കചടവോടെ നിൽക്കുന്ന ഏജന്റിന് മുന്നിൽ ആവേശഭരിതനായി...
"ചേട്ടൻ ഏത് ലോട്ടറിയുടെ കാര്യമാ പറയുന്നത് ? "
കോട്ടുവായുടെ അകമ്പടിയോടെ ഉറക്കം പോയ അസഹിഷ്ണുതആവോളം ചേർത്ത ഏജന്റിന്റെ ചോദ്യം മുഴുവനാക്കും മുന്നേ പൊടിയൻ പാപ്പൻ വീണ്ടും
"നമ്മുടെ പത്തു ലക്ഷത്തിന്റെ ലോട്ടറി കിട്ടി "
"ഏത് പത്തുലക്ഷം ,ഇന്നലത്തെ ലോട്ടറിയുടെ ആണേൽ അതിന്റെആളെത്തി ഇന്നലെ തന്നെ മണ്ണാറശ്ശാലയിൽ ഉള്ള മണിയാർക്കാണ് അടിച്ചത് അണ്ണനല്ല "........
ഏജന്റിന്റെ വാക്കുകൾ കേട്ടതോടെ പൊടിയൻപാപ്പന്റെ മുഖത്തു വിടർന്ന ഭാവങ്ങൾ ഒരു പച്ചാളംഭാസിക്കും ക്രിയേറ്റ്ചെയ്യാൻ സാധിക്കുന്നതല്ല.....
കെ.ആർ.രാജേഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo