Slider

മുട്ടയപ്പം.

0

മുട്ടയപ്പം.
................
എന്റെ പാചക കസർത്തുകൾ എന്ന വെളിച്ചം കാണാത്ത അനുഭവക്കുറിപ്പുകളിൽ നിന്ന് ചീന്തിയെടുത്ത ഒന്ന്.
നാട്ടിൽ പോയി വന്നതിന് ശേഷം കുക്ക് വാവച്ചൻ പൊതുവേ മര്യാദക്കാരനായിരുന്നു. വെള്ളമടിയൊക്കെ നിർത്തി ഒരു തരം പ്രാർഥനാ ലൈൻ.നല്ല ഭക്ഷണമൊക്കെ ഉണ്ടാക്കി തന്ന് മൂപ്പർ ഞങ്ങളെ വല്ലാണ്ടങ്ങ് സ്നേഹിച്ചു.
അങ്ങനെ കുറച്ച് കാലം കുശാൽ ശാപ്പാടൊക്കെയായി സുഖ ജീവിതമായിരുന്നു.ആയിടക്കാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. വാവച്ചനിപ്പോൾ നന്നായി സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നുണ്ട്. ചോറിന്റെ കൂടെ വരെ സെവനപ്പൊക്കെയാണ് കുടിക്കുന്നത്. ഇടക്ക് സാമ്പാറിൽ വെള്ളം കൂടാൻ തുടങ്ങിയതും രാവിലെ കുബ്ബൂസ് മാത്രമാവാൻ തുടങ്ങിയതും എന്റെ സംശയങ്ങൾക്ക് ബലം പകർന്നു. എങ്കിലും മദ്യപാനത്തിന്റെ പ്രകടമായ തെളിവൊന്നുമില്ലാത്തതിനാൽ ഒന്നും മിണ്ടാൻ പോയില്ല.
ഒരു ദിവസം ജോലി കഴിഞ്ഞ് വന്നപ്പോൾ ലേറ്റായി. വില്ലയിലെ മറ്റ് അന്തേവാസികളൊക്കെ വിഷണ്ണരായി ഹാളിൽ തന്നെയിരിപ്പുണ്ട്. കാര്യം അന്വേഷിച്ചപ്പോൾ സാബു അടുക്കളയിലേക്ക് കണ്ണ് കാണിച്ചു തന്നു. പാത്രങ്ങളെല്ലാം കാലിയായിരുന്നു. വാവച്ചൻ വീണ്ടും ചതിച്ചിരിക്കുന്നു. നാളെയാണെങ്കിൽ പൊതു അവധിയാണ്. ഹോട്ടൽ ഭക്ഷണം കഴിച്ച പഴയ അനുഭവം മറന്നിട്ടില്ല. വാചകമല്ലാതെ പാചകം ഏ ഹെ നമുക്കറിയത്തും ഇല്ല.പട്ടിണി കിടക്കണമല്ലോ എന്നാലോചിച്ചപ്പോൾ അറിമുടി വിറഞ്ഞ് കയറി. വാവച്ചന്റ റൂമിലേക്ക് പാളി നോക്കിയപ്പോൾ അഞ്ചാറ് ഒഴിഞ്ഞ സെവനപ്പ് ബോട്ടിലിനിടയിൽ വാളൊക്കെ വെച്ച് ആശാൻ സ്റ്റൈലായി കിടപ്പുണ്ടായിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ സാബു വന്നു വിളിച്ചു. അവർ കഞ്ഞി വെച്ചിട്ടുണ്ട് പോലും.. എനിക്ക് കലിയാണ് വന്നത്.കഞ്ഞിയെനെറെ പട്ടി കുടിക്കും.. ഒരു നേരം ഭക്ഷണം കഴിച്ചില്ലെന്ന് വെച്ച് ചത്തൊന്നും പോവില്ലല്ലോ... ഞാൻ ആ വശത്തേക്ക് നോക്കാതെ സുഖമായി കിടന്നുറങ്ങി.
എങ്ങനെയാ ഞെട്ടി ഉണർന്നതെന്നറിയില്ല. മൊബൈലിൽ നോക്കിയപ്പോൾ സമയം രണ്ടര മണി ഒക്കെ ആയിട്ടുണ്ട്. വയറിലാകെ എരിപൊരി സഞ്ചാരം. വെള്ളം കുടിച്ചിട്ടൊന്നും ഒരു രക്ഷയുമില്ല. അടുത്ത റൂമിലെല്ലാവരും ഉറക്കമായിരിക്കും. ഇനിയിപ്പോൾ കഞ്ഞിയെങ്കിൽ കഞ്ഞി.ശബ്ദമുണ്ടാക്കാതെ പാത്തും പതുങ്ങിയും അടുക്കളയിലേക്ക് നടന്നു.
ഹാളിലെത്തിയപ്പോൾ ടി.വി യിലേതോ ശോക ഗാനം പാടുന്നുണ്ടായിരുന്നു.ഇവൻമാർക്ക് ഇതൊക്കെ ഓഫാക്കിക്കൂടെ എന്നാലോചിച്ചെങ്കിലും ഞാനും ഓഫ് ആക്കാനൊന്നും പോയില്ല! അടുക്കളയിലെത്തിയപ്പോഴാണ് തകർന്ന് പോയത്.കഞ്ഞി പോയിട്ട് കഞ്ഞിക്കലം പോലും അവിടെങ്ങുമില്ലായിരുന്നു. തെണ്ടികൾ എല്ലാം കുടിച്ച് വറ്റിച്ചിരിക്കുന്നു. ഏതായാലും നനഞ്ഞു ഇനി കുളിച്ച് കയറാമെന്നോർത്തു അടുക്കള മൊത്തമൊന്ന് പരതി.ഫ്രിഡ്ജിൽ അഞ്ചാറ് മുട്ടയിരിപ്പുണ്ട്.. പിന്നെ സ്റ്റോറിൽ ഏതോ മാവും... മൈദയാണോ ആട്ടയാണോ എന്ന് മനസ്സിലായില്ല ! എന്തുണ്ടാക്കുമെന്ന് ആലോചിച്ചപ്പോഴാണ് ഉമ്മ ഉണ്ടാക്കി തരാറുള്ള നാല് മണി പലഹാരം ഓർമയിൽ വന്നത്. മുട്ടയപ്പം!
ഉദ്ദേശിച്ച പാത്രമൊന്നും തിരഞ്ഞിട്ട് കണ്ടതേയില്ല. അവസാനം ചായ ഉണ്ടാക്കുന്ന പാത്രമെടുത്ത് അതിൽ 2 കപ്പ് മാവും 4 മുട്ടയും പൊട്ടിച്ചൊഴിച്ചു. മുട്ടയായിരുന്നു എന്റെ ഏക പ്രതീക്ഷ .എങ്ങനുണ്ടാക്കിയാലും ആ ഒരു രുചി കിട്ടുമല്ലോ... മുട്ട മാവ് മിശ്രിതത്തിലേക്ക് അൽപം ചൂടു വെള്ളം ഒഴിച്ചപ്പോൾ പഴയ റേഡിയോ പരസ്യം പോലായി.. അപ്പുണ്ണീ ഈ മാവെന്താ റബ്ബർ പോലെ.. വെള്ളമൊഴിച്ചത് കൂടിപ്പോയത് കൊണ്ട് മാവിട്ടും മാവ് കൂടിയത് കൊണ്ട് വെള്ളമൊഴിച്ചും സംഭവം ഒരു വലിയ ചായ ചെമ്പ് മുഴുവൻ മുട്ടയപ്പത്തിനുള്ള മിശ്രിതമായി.അങ്ങനെ ഞാൻ അടുത്ത ഘട്ടത്തിലേക്ക് കടന്നു... തീ കത്തിച്ചു... ചട്ടി കയറ്റി...
ഫ്രൈ പാൻ ചൂടായപ്പോൾ കുറച്ച് എണ്ണയെടുത്ത് കല പിലായങ്ങ് ഒഴിച്ചു.പിന്നെ മാവ് തവിയിൽ മുക്കി ശുർന്ന് അങ്ങോട്ട് കാച്ചി. വട്ടം ചുറ്റി എടുക്കണമെന്ന് വിചാരിച്ചെങ്കിലും നടന്നില്ല. ഏകദേശം അമീബേടെ ഒക്കെ ഷേപ്പിൽ നാലെണ്ണം അങ്ങ് ചുട്ടെടുത്തു. അപ്പോഴേക്കും ക്ഷീണിച്ചിരുന്നു. ബാക്കി മാവ് ഫ്രിഡ്ജിൽ കയറ്റി വെച്ചു.അപ്പം കരിയാതിരിക്കാൻ ചട്ടുകം കൊണ്ട് ഞാൻ കാണിച്ച കസർത്തുകൾ അവർണനീയവും പ്രശംസാർഹവും ആയിരുന്നു.
ഒരു കട്ടനും തട്ടിക്കൂട്ടി മുട്ടയപ്പം തിന്നാൻ തുടങ്ങിയപ്പോഴാണ് മനസ്സിലായത് ഉപ്പിട്ടില്ലെന്ന സത്യം .അത് ഉപ്പ് കലക്കിയ വെള്ളം കൊണ്ട് അഡ്ജസ്റ്റ് ആക്കി.ദോഷം പറയരുതല്ലോ മുട്ടയപ്പം നല്ല ക്രിസ്പിയും രുചികരവുമായിരുന്നു. അതി വിശേഷമായൊരു ഫ്ലേവർ .കട്ടനോടൊപ്പം കഴിച്ചപ്പോൾ അതി മനോഹരം. ഒഴിവ് വേളകൾ ആനന്ദകരമാക്കാൻ നിങ്ങളും ഈ മുട്ടയപ്പം ട്രൈ ചെയ്യണേ.......
പിൻകുറിപ്പ് 1:കമ്പനി വില്ലയിലെ കമ്പനി കുക്കാണ് വാവച്ചൻ. വെള്ളമടിച്ചില്ലെങ്കിൽ നല്ല ഒന്നാം തരം ഫുഡ് ഉണ്ടാക്കും ആശാൻ.
പിൻകുറിപ്പ് 2: പെൺകുട്ടികളെ പാചകം പഠിപ്പിച്ചില്ല എന്ന് വെച്ച് ഒരു കുഴപ്പോം ഇല്ല.പക്ഷേ.. ആൺ കുട്ടികളെ അത് പഠിപ്പിച്ചില്ലെങ്കിൽ.... ചതിയാണ് അമ്മമാരേ.. കൊലച്ചതി...
- യൂനുസ് മുഹമ്മദ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo