Slider

വസന്തം ഇനിയീ കൈകുമ്പിളിൽ !!(കഥ)

0

വസന്തം ഇനിയീ കൈകുമ്പിളിൽ !!(കഥ)
മുംബൈയിലെ ഛത്രപതി ശിവജി എയർപോർട്ടിൽ വിമാനമിറങ്ങിയപ്പോൾ അര മണിക്കൂർ ഷെഡ്യൂൾഡ് സമയത്തേക്കാൾ താമസിച്ചിരുന്നു. ഗോവയിൽ കാലാവസ്ഥ വളരെ മോശം .വിമാനം ഒന്നാകെ കുലുങ്ങി മറിഞ്ഞു....
വിമാനയാത്ര ആദ്യമല്ലെങ്കിലും ഞാൻ ശരിക്കു പേടിച്ചു
ല്ഗഗേജിനു വേണ്ടിയുള്ള കാത്തിരിപ്പു ഒഴിവാക്കാൻ ചെറിയ ഒരു ബാഗുമായാണ് യാത്ര തിരിച്ചത്...പുറത്തു നിൽക്കുന്ന ആളുകളെ വീണ്ടും കാത്തു നിർത്തുന്ന ഈ ലഗേജ് പരിപാടിയോട് പണ്ടേ വെറുപ്പാണ്..
വിശാലമായ വിമാന താവളത്തിലൂടെപുറത്തേക്കു നടക്കുമ്പോൾ ഒരു വർണ്ണ കാഴ്ചകളും ആകർഷിച്ചില്ല. പുറത്തു കാത്തു നിൽക്കുന്ന ആളെ കുറിച്ചുമാത്രമായിരുന്നു ചിന്ത . എന്റെ ഹൃദയം തുടി കൊട്ടി പാടുന്നത് പോലെയാവില്ലേ കാത്തു നിൽക്കുന്ന ആളുടെ അവസ്ഥയും?.
ദൂരെ നിന്നേ കണ്ടു ക്രീം നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റുമണിഞ്ഞു നിൽക്കുന്ന രഞ്ജിത്തിനെ..
ഹൃദയമൊരു കുതിരയെപ്പോലെ കുതിച്ചു ചാടി..
“ക്രിസ്റ്റൽ നീ ചെറിയ പെൺകുട്ടിയല്ല” എന്ന് പറഞ്ഞു സ്വയമൊരു താക്കീതു വേണ്ടിവന്നു.. ആ കുതിരക്കുട്ടിയെ പിടിച്ചുകെട്ടാൻ.
നടപ്പു പതുക്കെയാക്കി, ബാഗിലെ ചെറിയ മേക്കപ്പ് മിറർ സൂത്രത്തിലെടുത്തു മുഖം നോക്കി.. മുഖമാകെ എണ്ണമയം .. ടിഷ്യു എടുത്തു മുഖമമർത്തി തുടച്ചു. പാറി കളിക്കുന്ന മുടിയിഴകളെ മാടിയൊതുക്കി . നെറ്റിയിലെ ഗോപിയുടെ ചരിവ് നേരെയാക്കി.കൺ തടങ്ങളിലെ കറുപ്പും വിളറിയ ചുണ്ടുകളും.... എന്നാലും കാത്തു നിൽക്കുന്ന വസന്തത്തെ ഓർത്താവും, മുഖത്തിനൊരു ചന്തമുണ്ട്.
രഞ്ജിത്ത് അടുത്ത് വന്നു പുഞ്ചിരിച്ചു..
കരളിലേക്കൊരു തേൻ കണികയിറ്റ് വീണു..
ആ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം..ഒരിക്കൽ ഞാനണച്ച തിളക്കം ..
എന്ത് പറയണമെന്നറിയാതെ രണ്ടു പേരും നിന്നപ്പോൾ ഞാൻ തന്നെ മൗനം ഭജിച്ചു..“Hug me!”
കരുത്തുറ്റ കരങ്ങൾ എന്നെ പൊതിഞ്ഞു..ഞാൻ ആ മാറിലേക്ക് ചാഞ്ഞു..
ഒരു നിമിഷം !
“ഞാൻ പോയി ടാക്സി വിളിച്ചു കൊണ്ട് വരാം” രഞ്ജിത്ത് പറഞ്ഞപ്പോൾ ഞാൻ മനസില്ല മനസോടെ അകന്നു മാറി ..ദൂരേക്ക് നടക്കുന്ന രഞ്ജിത്തിനെ നോക്കി നിന്നു
നാലു നീണ്ട വർഷങ്ങൾ !
രഞ്ജിത്തിനും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. പൊതുവെ കഷണ്ടി കയറിയ തലയിൽ അല്പം കൂടി കഷണ്ടിയും നരയും. നന്നായി മെലിഞ്ഞിട്ടുമുണ്ട്..
ടാക്സിക്കാരന്റെ “ലഗേജില്ലേ “എന്ന ചോദ്യത്തിന് പുഞ്ചിരിയിൽ മറുപടി കൊടുത്തു ഞങ്ങൾ ബാക് സീറ്റിൽ കയറി..
രഞ്ജിത്തിന്റെ അടുത്തിരിക്കുമ്പോൾ ഞാൻ വാക്കുകൾ ആവർത്തിച്ചു
“Hug me”
ഇവിടെയെത്തിയതിനു ശേഷം രഞ്ജിത്തിനോട് ഞാൻ പറഞ്ഞ ഒരേയൊരു വാക്ക്... അതും രണ്ടാം തവണ!
***
മുപ്പത്തിയഞ്ചു വയസിൽ ഭർത്താവെന്നെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീക്ക് പിന്നാലെ ഇറങ്ങി തിരിച്ചപ്പോഴാണ് പതിമൂന്നുകാരനായ മകൻ രാഹുലിന് വേണ്ടി ഞാൻ ജോലിക്കു പോവാൻ തുടങ്ങിയത്.
എന്റെ സഹപ്രവർത്തനായിരുന്നു നാൽപതു വയസിലെത്തിയിട്ടും അവിവാഹിതനായ രഞ്ജിത്ത്. ഒരു കോളേജ് പ്രേമത്തിന്റെ ബാക്കി പത്രമാണ് അവിവാഹിത ജീവിതമെന്നു പറഞ്ഞു കേട്ടെങ്കിലും ഞാനൊന്നും ചോദിച്ചില്ല.. മറ്റുള്ളവരുടെ സ്വകാര്യയെ ഞാനെന്നും മാനിക്കാറുണ്ടു .അല്ലെങ്കിൽ അവരെന്റെ സ്വകാര്യതയിലും ആവശ്യമില്ലാതെ നുഴഞ്ഞു കയറും..
പരിചയമായ നാൾ മുതൽ ഞാനും രഞ്ജിത്തും തമ്മിൽ നല്ലഊഷ്മളമായബന്ധം.
എന്നെ നോക്കുന്ന കണ്ണുകളിൽ എപ്പോഴും പ്രതീക്ഷയുടെ തിളക്കം. അത് തിരിച്ചു കൊടുക്കാനാവാതെ ഞാൻ ബുദ്ധിമുട്ടി.. സ്ത്രീ, കാമുകി അതിനേക്കാളുപരി ഞാൻ ഒരമ്മയാണെന്ന ബോധം എന്നെ വിലക്കി.
പരിചയപ്പെട്ട് രണ്ടു വര്ഷം കഴിഞ്ഞ നാളിൽ ഒരു ദിവസം രഞ്ജിത്ത് എന്നോട് വിവാഹകാര്യം സൂചിപ്പിച്ചു..മടിച്ചു മടിച്ചാണെങ്കിലും രാഹുലിനോട് ഇതു സൂചിപ്പിക്കാമെന്നു കരുതി ഒരു രാത്രി ഞാൻ അവനോട് സംസാരിക്കാൻ തീരുമാനിച്ചു.
ഞാൻ ചെല്ലുമ്പോൾ രാഹുൽ അവന്റെ പ്രിയപ്പെട്ട ഹീറോ ഷാ റൂഖിന്റ്റെ സിനിമ കാണുകയാണ്. പെട്ടെന്ന് പിറുപിറുത്തു ദേഷ്യത്തിൽ അവൻ ടി വി ഓഫ് ചെയ്തു- “എന്താ മോനെ .. സിനിമ കൊള്ളില്ലേ ?”
“നോ 'അമ്മ.. അവൻ വീണ്ടും കല്യാണം കഴിക്കാൻ പോവുന്നു..എനിക്ക് രണ്ടാമത് കല്യാണം കഴിക്കുന്നവരെ ഇഷ്ടമല്ല”..രാഹുൽ എഴുനേറ്റുപോയി..
ഞാൻ അവിടെ തന്നെ കുറച്ചു സമയം ഇരുന്നു.
പിന്നെ സ്വയം ശകാരിച്ചു.. ഞാനെന്തൊരു വിഡ്ഢിയാണ്. പതിനഞ്ചു കാരന്റെ അമ്മയായിട്ടും വീണ്ടുമൊരു വിവാഹ മോഹം ??
പിറ്റേന്ന് പ്രതീക്ഷയോടെയെന്നെ നോക്കിയ രഞ്ജിത്തിന്റെ കണ്ണുകളിലേക്കു ഞാനെന്റെ കണ്ണുകളിലെ അസ്തമയ ഛായ പകർന്നു കൊടുത്തു.
ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടർന്നു.
പത്തു വർഷത്തിന് ശേഷം രഞ്ജിത്ത് സ്വന്തം ബിസിനസ് തുടങ്ങി മുംബൈയിലേക്ക് യാത്രയായി.
യാത്രയാവുന്നതിന്റെ തലേന്ന് രഞ്ജിത്തിന്റെ ക്യാബിനിൽ ഞാൻ ചെന്നു ..എന്നെ നോക്കി നിൽക്കുന്ന കണ്ണുകളിൽ ഞാൻ വീണ്ടും തിളക്കം കണ്ടു.. ഇത്തവണയും അതിന്റെയർത്ഥം വായിച്ചെടുക്കാൻ നിഷ്പ്രയാസം എനിക്ക് സാധിച്ചു ..കണ്ണുനീരിന്റെ.. വിടവാങ്ങലിന്റെ തിളക്കം!
ഫോൺ നമ്പർ തന്നു എന്താവശ്യത്തിനും വിളിക്കണമെന്ന് പറഞ്ഞു രഞ്ജിത് പോയി..
നിറഞ്ഞ വരുന്ന കണ്ണുകളെ അമർത്തി തുടച്ചു..
ഞാൻ നോക്കി നിന്നു ..കാഴ്ചക്കാരിയായി..
****
നാലു വര്ഷം മുന്നേ രാഹുൽ ജോലിയായി അമേരിക്കക്കു യാത്രയായി. അവന്റെ ഫോൺ വിളികൾ കുറഞ്ഞു വന്നു. രണ്ടു വര്ഷം കഴിഞ്ഞപ്പോൾ ഒരു അമേരിക്കക്കാരിയുമായി അവിടെ “ലിവിങ് ടുഗെതർ”ആണെന്ന് വിളിച്ചു പറഞ്ഞു...പിന്നെ ഒരു വര്ഷം കഴിഞ്ഞപ്പോൾ അവളുമായി പിരിഞ്ഞുവെന്നും..
നീ വരൂ. നിനക്ക് നല്ല പെൺകുട്ടിയെ ഇവിടെ ഞാൻ കണ്ടെത്താം എന്ന് പറഞ്ഞപ്പോൾ ..വേണ്ട 'അമ്മ എനിക്ക് മലയാളി പെൺകുട്ടികളെ വേണ്ടായെന്ന മറുപടി..
നീ നാട്ടിലേക്കില്ലേ? എന്നെ കാണാൻ വരുന്നില്ലേ? ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ!
നാലു കൊല്ലം ഞാൻ രാഹുലിന് വേണ്ടി കാത്തു ..
ഒടുവിൽ ഞാൻ രഞ്ജിത്തിനെ വിളിച്ചു....
***
“Hug me” ഇവിടെയെത്തിയതിനു ശേഷം രഞ്ജിത്തിനോട് ഞാൻ പറഞ്ഞ ഒരേയൊരു വാക്ക്... അതും രണ്ടാം തവണ!
എനിക്കതു മാത്രം മതി.. സ്നേഹമുള്ള രണ്ടു കൈകളുടെ സുരക്ഷ !
കഴിഞ്ഞ പതിനഞ്ചു വര്ഷം എനിക്ക് നഷ്ടപ്പെട്ട സുരക്ഷ..
ഞാൻ രഞ്ജിത്തിന്റെ മാറിലേക്ക് വീണ്ടും ചാഞ്ഞു.....ആ കൈകളെന്റെ നിറുകയിൽ ഒരു സ്വാന്തനമായി ഒഴുകുന്നതറിഞ്ഞു കണ്ണുകളടച്ചു..
പാതിയടഞ്ഞ കണ്ണുകൾക്ക് മുന്നിലൊരു വസന്തമെന്നെകാത്തുനിന്നു.
തെല്ലൊന്നകന്ന് മാറി ഞാനാ മുഖം കൈകളിലെടുത്തു..
അതേ , നഷ്ടവസന്തം ഇനിയെൻ കൈകുമ്പിളിൽ..!! ** Sani John.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo