Slider

ഒരു വാക്കിന്റെ വില

0

ഒരു വാക്കിന്റെ വില
---------------------------------®
ഹൃദയം പൊള്ളിയടരുന്നു. പുറം കവചങ്ങൾ അടർന്നു മാറിയതു പോലെ.... ഒരു നിമിഷം കൊണ്ട് സ്വബോധത്തിലേക്ക് തിരികെ വന്നു. ഉല്ലാസിന്റെ മൊബൈൽ തിരികെ ടീവിയുടെ മുകളിൽത്തന്നെ എങ്ങനെയോ വച്ചു. "സ്നേഹ " യോടൊന്നു യാത്ര പോലും പറയാതെ ഇറങ്ങി നടന്നു. അവൾ "അച്ഛാ... അച്ഛാ... " എന്നു വിളിച്ചത് അന്തരംഗത്തിലെവിടെയോ ഒരു തരംഗം പോലെ കേട്ടുവോ...?
ഓർമ്മകൾ പാതകളെപ്പോലെയാണ്, നടക്കുമ്പോളോർത്തു...! ശാഖകളും ഉപശാഖകളും നിറഞ്ഞ പാതകൾ.. ഒന്നിൽ നിന്നു വേറൊന്നിലേക്ക്, അതിൽ നിന്ന് മറ്റൊന്നിലേക്ക്..... എല്ലാ വഴികളുമെത്തി നിൽക്കുന്ന കടലിൽ ഒടുക്കം ഞാനും...?
ശത്രു പലപ്പോഴും പറയുമായിരുന്നു....
" ടാ മുരളീ.... ജീവിതം ഒന്നേയുള്ളു അത് ആസ്വദിച്ച് തന്നെ തീർക്കണം... "
"ദാ.... നീയൊരു ചെറുതങ്ങോട്ട് പിടി...."
നുര പതയുന്ന ഗ്ലാസുകൾക്കുമപ്പുറം ഏറ്റെടുത്ത ലക്ഷ്യമാണ് വലുതെന്നു തോന്നി....?
"ഇല്ലടാ.... ശത്രു.... ഞാൻ കഴിക്കില്ല... അതു ഞാനെന്റെ ലക്ഷ്മിക്കു കൊടുത്ത വാക്കാ.... നെനക്കറിയാലോ... എല്ലാം..!
ശത്രുവിന് എല്ലാം അറിയാം.. എങ്കിലും പ്രീയ സുഹൃത്ത് സ്വബോധത്തിൽ നീറുമ്പോൾ.. കരളിറുന്നാലും വേണ്ടില്ല... ലഹരിയുടെ അബോധത്തിൽ മറക്കാൻ ക്ഷണിക്കുകയാണ്.
മുൻവിധികളില്ലാത്ത കൂട്ടുകാരൻ.... ആശങ്കകളില്ലാത്ത കൂട്ടുകാരൻ.... ശത്രുഘ്നൻ. ഒരു പക്ഷെ അവൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ നെഞ്ചു പൊട്ടുമ്പോൾ ആദ്യമോടി ചെല്ലുന്നത് അവന്നരികിലേക്കായിരിക്കും. എന്നും അങ്ങനെ ആയിരുന്നല്ലോ...?
രണ്ടാമത്തെ പ്രസവത്തിൽ ലക്ഷ്മിയും കുഞ്ഞും മരിക്കുമ്പോൾ ഉല്ലാസിന് അഞ്ച് വയസ്സാണ്. മരണം മുൻകൂട്ടി കണ്ടിട്ടോ എന്തോ... ഓപ്പറേഷൻ തീയേറ്ററിനു മുൻപിൽ വച്ച് അവൾ നിലവിളിക്കിടയിലും ചോദിച്ചു വാങ്ങിയ വരം,
അവളുടെ തലയിൽ തൊട്ടു ചെയ്യിച്ച സത്യം...
" ഇനി മരണം വരെ കുടിക്കില്ല.. "എന്നതു മാത്രമായിരുന്നു.
ഇരുപത്തിയൊന്ന് വർഷം കൊണ്ട് പാലിക്കുന്ന വാഗ്ദാനം.!
ഇല്ലടീ... പെണ്ണേ... ഞാനിതുവരെ വാക്കു തെറ്റിച്ചിട്ടില്ല.... നിനക്ക് തന്ന വാക്കും തരാത്ത ഒന്നിലേറെ വാക്കുകളും.....!
പക്ഷെ ആർക്കു വേണ്ടിയാണോ നീയെന്നിലാ വാക്കർപ്പിച്ചത്..... അവൻ പലതും മറന്നു... പലതും....?
ഊറിയ കണ്ണീരടർന്നുടഞ്ഞു ചിതറി.
വാർഷിക വലയങ്ങളിലൂടെ പിറകോട്ട് നടന്നാൽ എത്തിച്ചേരുന്ന മായാത്ത കൃത്യമായ അടയാളങ്ങൾ, നൊമ്പരങ്ങളിലും പുഞ്ചിരി പൊഴിച്ച അവന്റെ നിഷ്ക്കളങ്ക ബാല്യം..
എന്റെ മുൻ കോപം കണ്ട് പലപ്പോഴും "ലക്ഷ്മീ....നീ "...പറയാറുണ്ടായിരുന്നില്ലേ...?
"എന്റെ ചേട്ടാ....എനിക്കെന്തെങ്കിലും സംഭവിച്ചാൽ... ചേട്ടനെങ്ങനെ നാളെയീ... കുഞ്ഞിനെ നോക്കും...? " ദേഷ്യപ്പെടല്ലേ.. ചേട്ടാ അവനോട്.... " അടിക്കല്ലേ ചേട്ടാ... അവനെ.... " അവൻ നമ്മുടെ പൊന്നുമോ നല്ലേ...?"
"ഇല്ല ലക്ഷ്മീ.... ഇന്നു വരെ ഞാനവനെ നുളളി നോവിച്ചിട്ടില്ല. എന്റെ ത്യാഗങ്ങളായിരുന്നവന്റെ സന്തോഷങ്ങൾ...! എന്റെ കൈത്തണ്ടയായിരുന്നവന്റെ തലയിണ..!
രണ്ടാമതൊരു വിവാഹത്തിന്
ശത്രുവും, ഭാസ്ക്കരൻ മാമനുമൊക്കെ നിർബന്ധിച്ചിട്ടും സമ്മതിച്ചില്ല. ഉദിച്ചുയർന്ന മോഹങ്ങളെ അടിച്ചമർത്തിയ എത്രയോ നാളുകൾ.....?
നമ്മുടെ കുഞ്ഞിന് മറ്റൊരമ്മ..... അത് വേണ്ട...! ശത്രുവിന്റെ ഭാര്യ ലളിത അവന് "വല്യമ്മ "യായുണ്ട്, അവന്റെ മക്കൾ ജയയും, ദീപയും സഹോദരികളായും... അതു മതി.
ബോംബേന്ന് നിന്റെ കൈ പിടിച്ചു കൂട്ടിക്കൊണ്ട് ഈ നാട്ടിലേക്ക് വരുമ്പോൾ നമുക്കീ ശത്രുവും കുടുംബവും മാത്രമെ ഉണ്ടായിരുന്നുള്ളു. അന്ന് നമ്മൾ മൂന്ന് പേർ. പിറന്നപ്പോളെ മരിച്ച കുഞ്ഞുമായി നീ പോയപ്പോൾ ഇപ്പോ ഞങ്ങൾ രണ്ട് പേർ. അതു മതി.
ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ്, ഒരു ദിവസം നമ്മുടെ മോൻ കുടിച്ചിട്ട് വീട്ടിൽ വന്നു. ബാച്ചിലേഴ്സ് പാർട്ടി ആയിരുന്നത്രേ...? നിറഞ്ഞ കണ്ണിനാൽ നോക്കിയതല്ലാതെ ഒന്നു പറയാതെ ഞാൻ അടുക്കളയിലേക്ക് നടന്നു. അശക്തനായി എന്നു വേണം പറയാൻ....! ഇതറിഞ്ഞ് ലളിത കരഞ്ഞുകൊണ്ട് അവനെ അടിക്കുകയൊക്കെ ചെയ്തത്രേ...! ഒടുക്കം ശത്രുവും ലളിതയും അവനെ ഒരു പാട് ഉപദേശിച്ചു, വീട്ടിൽ കൊണ്ടുവന്ന് നിന്റെ ഫോട്ടോയുടെ മുൻപിൽ നിർത്തി സത്യം ചെയ്യിപ്പിച്ചു....!
മുനഞ്ഞ് കത്തുന്ന തിരിനാളത്തിന്നരികെ അശരീരി പോലെ നിന്റെ വാക്കുകൾ...!
" ദേഷ്യപ്പെടല്ലേ.. ചേട്ടാ അവനോട്.... " അടിക്കല്ലേ ചേട്ടാ... അവനെ.... " അവൻ നമ്മുടെ പൊന്നുമോനല്ലേ...?"
ജയയുടെ വിവാഹത്തലേന്ന് അവൻ കൂട്ടുകാരോടൊപ്പം വീണ്ടും മദ്യപിച്ചു. അതറിഞ്ഞ് ദേഷ്യപ്പെട്ട ശത്രുവിനോട് "നിങ്ങൾക്ക് എന്നേ ഉപദേശിക്കാനെന്താണർഹത " എന്നവൻ തിരിച്ചു ചോദിച്ചു. ശത്രുവിന്റെ നാവടഞ്ഞു.!
" എങ്കിൽ നീ നിന്റെ അച്ഛന്റെ വാക്കെങ്കിലും ഒന്നു കേക്കടാ.. മോനേ... "
" നിന്റെയീ സന്തോഷത്തിനൊണ്ടല്ലോ അയാളുടെ ഒരു ജീവിതത്തിന്റെ വെലയാ..." ലളിത കരഞ്ഞുകൊണ്ട് വിരൽ ചൂണ്ടിപ്പറഞ്ഞു.
"ഒന്നു നിർത്ത് വല്യമ്മേ.... കൊറേ നാളായി ഇത് കേക്കാൻ തൊടങ്ങീട്ട്.... ജീവിതത്തിന്റെ വെല... ജീവിതത്തിന്റെ വെല.... ന്ന്...! വേറാരുമീ നാട്ടിൽ ജീവിക്കുന്നില്ലേ...? എനിക്ക് മാത്രമെയുള്ളോ അച്ചൻ....?"
പാചകപ്പുരയിൽ നിന്നും മുറ്റത്തേക്ക് വന്ന ഞാൻ ഇരുട്ടിലിലലിഞ്ഞു നിന്നു. അവൻ തുടരുകയാണ് പരുഷമായി.....
" ഹൊ.... ഒരു തരത്തിൽ സമാധാനം തരത്തില്ല... എല്ലാരും കൂടി...? നാട്ടിലെല്ലാരും മക്കളെ വളർത്തുന്നുണ്ട്. അതൊരച്ഛന്റ കടമയാ.........! അമ്മ ചത്തുപോയതെന്റെ കൊഴപ്പമാണോ...?
ഇതിലും ഭേദം എവിടേലും പോയി ചാകുന്നതാ......! "
ദേഷ്യത്തോടെ അവൻ കൂട്ടുകാർക്കൊപ്പം ഇറങ്ങി മറഞ്ഞു.
തോരാത്ത കണ്ണീർമഴ പെയ്തു കൊണ്ടേയിരുന്നു. ഇടിയും മിന്നലുമില്ലാതെ...
പിന്നീട് എന്തെങ്കിലും ചോദിച്ചാൽ നാമമാത്രമായ മറുപടികൾ മാത്രം...അവനു വേണ്ടിയുണ്ടാക്കിയ അത്താഴം പലപ്പോഴും പിറ്റേ ദിവസത്തെ എന്റെ പ്രഭാത ഭക്ഷണമായ നാളുകൾ..!
പഠനത്തിൽ സമർത്ഥനായിരുന്നു അവൻ. മികച്ച മാർക്കോടെ വിജയം...ഉപരിപഠനം... ഒടുക്കം മെച്ചപ്പെട്ട ഒരു കമ്പനിയിൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലിയും നേടി.
കടങ്ങളും,ബാദ്ധ്യതകളും എന്റെ വാർദ്ധക്യത്തെ നേരത്തെ വിളിച്ചു വരുത്തി. തണുപ്പുകാലത്തെ നിർത്താനാവാത്ത ചുമ താങ്ങാനാകുന്നില്ല. വാരിയെല്ലുകൾക്ക് നടുവിൽ കൂട്ടിലിട്ടിരിക്കുന്ന ഹൃദയം പലപ്പോഴും ശ്വാസം കിട്ടാതെ പിടയുന്നു.
ഒരു ദിവസം സ്നേഹത്തോടെ ഉല്ലാസ് അടുത്തു വന്നു പറഞ്ഞു.
"അച്ഛാ.... നമുക്കീ വീടൊന്നു പുതുക്കി പണിയണം. എന്റെ ഓഫീസിൽ നിന്നും വരുന്നവർക്കൊക്കെ കയറിയിരിക്കാൻ പറ്റുന്ന ഒരു വീട്.... അതെന്റെ ആഗ്രഹമാണ്. "
"അതിനൊക്കെ ഒരു പാട് പണം വേണ്ടേ മോനേ....? അറിയ്യാല്ലോ... വിദ്യാഭ്യാസലോൺ പോലും അടച്ചു തുടങ്ങിയിട്ടല്ലാ ഉള്ളൂ....തന്നെയുമല്ല... നിന്റമ്മയുടെ ഓർമ്മകൾ തങ്ങിനിൽക്കുന്ന വിടാണിത്. ഒപ്പം എന്റെ പ്രീയപ്പെട്ട ഓർമ്മകളും...!
മറുപടിയൊന്നും പറയാതെ അവനിറങ്ങിപ്പോയി...
ജോലിത്തിരക്ക് കാരണം പലപ്പോഴും അവന്റെ വരവുകൾ ചുരുങ്ങി. ശത്രു വിന്റെ മരണം എന്നിലേൽപിച്ചത് നികത്താനാവാത്ത മറ്റൊരാഘാതം ... ആ ശവമടക്കിനാണ് അവനെ പിന്നെക്കാണുന്നത്. ഞാൻ പറഞ്ഞിട്ടും ഒരു പിടി മണ്ണ് വാരിയിടാതെ നിർവികാരനായി ഉല്ലാസ് ശവമടക്ക് കണ്ടു മടങ്ങി.
ദീപയുടെ വിവാഹശേഷം ലളിത നഗരത്തിലേക്ക് താമസം മാറി. ഒരു ദിവസം ലളിത ഫോണിൽ വിളിച്ചു പറഞ്ഞപ്പോളാണ് അറിയുന്നത്. ഉല്ലാസ് നഗരത്തിൽ ഒരു ഫ്ലാറ്റ് വാങ്ങിയന്നും ഇപ്പോ താമസം അവിടെയാണന്നും ദീപയുടെ ഭർത്താവ് പറഞ്ഞറിഞ്ഞത്രേ....?
ഫോണിൽ വിളിച്ചു...
"മോനേ "....
"ആഹ്.... പറയ്...."
" നീ ഫ്ലാറ്റൊക്കെ വാങ്ങീന്ന് അറിഞ്ഞു. ഒരു പാട് പൈസാ വേണ്ടേ അതിനൊക്കെ...? അപ്പൊ ഈ ലോണൊക്കെ എങ്ങനടയ്ക്കും..?"
"ങാഹാ.... ഇപ്പോ അങ്ങനായോ...?
" ഇത്രയും നാൾ പറഞ്ഞു കൊണ്ട് നടന്നതു മുഴുവൻ.......മോനേ വളർത്തിയ അച്ഛനെന്നല്ലേ...? ഇതടയ്ക്കുന്നതും അതിന്റെ ഭാഗമായങ്ങു കൂട്ടിയാൽ മതി."
"മോനേ.. നീ ദൈവദോഷം പറയരുത്... അച്ഛനൊട്ടും വയ്യ... ഇനിയും ജോലിക്ക് പോകാൻ കൂടി ആവതില്ല.... ലോണ് നീ ജോലിയിൽ നിന്നും തിരിച്ചടച്ചോളാമെന്ന് പറഞ്ഞിട്ടല്ലേ... ഈ കെടപ്പാടം പണയപ്പെടുത്തി ലോണെടുത്തത്.. എന്നിട്ടിപ്പോ.... ഇങ്ങനെ പറയല്ലേ...?"
" ങാ..... ഇപ്പോ ഇങ്ങനെ പറയാൻ പറ്റൂ.... വിദ്യാഭ്യാസലോണല്ലേ... കുറേ നാൾ കഴിയുമ്പോൾ സർക്കാര് എഴുതിത്തള്ളിക്കോളും.... നിങ്ങളതിനാത്ത് ഇത്ര വെഷമിക്കുകയൊന്നും വേണ്ട..."
ഫോൺ കട്ടായി....!
വീണ്ടും വിളിച്ചു....ഫോൺ എടുക്കുന്നില്ല...?
ലക്ഷ്മിയുടെ ഫോട്ടോയിലേക്ക് ഒന്നുകൂടി നോക്കി...!
" ഹ ഹ ഹ..നീയറിഞ്ഞോ ലക്ഷ്മി....നമ്മുടെ മോൻ ലോണിനോടൊപ്പം എന്നെയും എഴുതിത്തള്ളി......"
അവളുടെ മിഴിയിൽ നിറഞ്ഞ വൈഡൂര്യത്തിളക്കം.... കരയുകയാണോ..?
" പാലിച്ചിട്ടുണ്ടിന്നുവരെ... വാക്കുകളെല്ലാം...... ഒന്നും പറഞ്ഞിട്ടില്ല ആരോടും.... കൈക്കുഞ്ഞുമായി ആത്മഹത്യ ചെയ്യാൻ പോയ മാനം നഷ്ടപ്പെട്ട പെണ്ണിന് അഭയം കൊടുത്ത ഒരു മധ്യവയസ്ക്കന്റെ കഥ, രായ്ക്ക് രാമാനം ഇരുട്ടിൽ നിന്നും ഊളിയിട്ട് വെളിച്ചത്തിലേക്ക്........ നാട് വിട്ട് ഇവിടെയെത്തിയ കഥ....! സന്തോഷമായോ.. എന്റെ പെണ്ണിന്...... ?"
------------------------------------------------------------
വളരെ കഷ്ടപ്പെട്ടാണ് അവന്റെ ഫ്ലാറ്റ് കണ്ടു പിടിച്ചത്. എട്ടാമത്തെ നില. സെക്യൂരിറ്റിയാണ് സഹായിച്ചത്. കോളിംങ് ബെല്ലിൽ വിരലമർത്താനൊരുങ്ങിയപ്പോൾ
ഡോറിനു മുൻപിൽ നെയിം ബോർഡ് കണ്ടു.
ULLAS MURALI
Assistant Manager
(Administration Dept.)
Acardia group of Co.
വാതിൽ തുറന്നത് ഒരു പെൺകുട്ടിയാണ്. പരിചയപ്പെട്ടപ്പോൾ മകൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണാണത്രേ...?
"സ്നേഹ....! സ്നേഹാ വർഗീസ്.
പേരിനെ അന്വർത്ഥമാക്കും വിധമുള്ള മാന്യമായ പെരുമാറ്റം. കുടിക്കാൻ തണുത്ത പഴച്ചാറൊക്കെത്തന്നു.
"ഉല്ലാസ് ഇവിടെ നിന്നിറങ്ങിയിട്ട് പത്തു മിനിട്ടേ ആയിട്ടുള്ളൂ....അച്ഛാ.. " ഞാനൊന്നു വിളിക്കട്ടെ.....?
" വേണ്ട മോളേ.... ഞാൻ വിളിച്ചോളാം...!
സ്വീകരണമുറിയിൽ നിന്നു തന്നെ വിളിച്ചു അവന്റെ ഫോണിലേക്ക്.....
ങേ..... തൊട്ടടുത്ത് ബെല്ലടിക്കുന്നു... ടീവി സ്റ്റാൻഡിനു മുകളിൽ മിന്നി മറയുന്ന പ്രകാശത്തോടെ നാദം പൊഴിക്കുന്നു.. ഒരു പക്ഷെ മൊബൈൽ മറന്നു വച്ചിട്ട് പോയതാവാം....?
കൈയ്യെത്തി അവന്റെ മൊബൈലെടുത്തു നോക്കി. ഞെട്ടിപ്പോയി..... അതിലടിച്ചിട്ടിരിക്കുന്ന വാക്ക് കണ്ടപ്പോൾ......!!!
"MURALI..............................Calling..."
ലക്ഷ്മിയുടെ വാക്കുകൾ.... അശരീരി പോലെ വീണ്ടും...
" ദേഷ്യപ്പെടല്ലേ.. ചേട്ടാ അവനോട്.... " അടിക്കല്ലേ ചേട്ടാ... അവനെ.... " അവൻ നമ്മുടെ പൊന്നുമോനല്ലേ...?"
അതേ ലക്ഷ്മീ.... നമ്മുടെ പൊന്നുമോൻ...!
---------------------------------------------------------------
രാജേഷ്.ഡി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo