Slider

റമദാൻ ഓഫർ

0

ടി വി യിൽ പരസ്യങ്ങൾ മിന്നിമറയുമ്പോൾ ഭാര്യ പറഞ്ഞു: "നോക്ക്...റമദാൻ ഓഫർ തുടങ്ങിക്കഴിഞ്ഞു. ഇപ്രാവശ്യം നമുക്ക് സിറ്റി പ്ലാസയിൽ തന്നെ പോകാം.. ഒരു മാസത്തേക്കുള്ള സാധനങ്ങൾ ഒരുമിച്ചു വാങ്ങിക്കണം ....പിന്നെ, കഴിഞ്ഞ റമദാന് നമ്മുടെ സാബിറയുടെ നോമ്പ് തുറയായിരുന്നു കേമം....ഇപ്രാവശ്യം ഞാനൊരു കൈ നോക്കാൻ പോവ്വാ....എണ്ണപ്പലഹാരമൊക്കെ ആ പുതിയ സ്കൈ റസ്റ്റോറന്റിൽ കിട്ടും.. ഇപ്രാവശ്യം ജ്യുസ് വേണ്ട,,,ചൂടല്ലേ.... ഓരോ ദിവസവും ഓരോ തരം മിൽക്ക് ഷേക്ക് ...."
ഒന്നും ഉരിയാടാതെ ഫ്ളാറ്റിലെ കൊച്ചു ബാൽക്കണിയിലേക്ക് മെല്ലെ നടന്നു. വ്രതം അനുഷ്ഠിക്കുമ്പോൾ ഭക്ഷണച്ചെലവ് കുറയുകയല്ലേ വേണ്ടതെന്നു ചോദിക്കാൻ എനിക്കെന്ത് അർഹത ? കിട്ടിയാൽ ഞാനും വെട്ടി വിഴുങ്ങുന്നതല്ലേ.
ആറാമത്തെ നിലയിലാണ് എന്റെ ഫ്ലാറ്റ്....കൂറ്റൻ കെട്ടിടങ്ങൾ കൊണ്ട് നിറഞ്ഞ എണ്ണപ്പാട നഗരം... മെല്ലെ മെല്ലെ എന്റെ കണ്മുന്നിൽ നിന്ന് കെട്ടിടങ്ങൾ എല്ലാം നീങ്ങിപ്പോയി... അനാഥമായി കിടക്കുന്ന മരുഭൂമിയും അങ്ങിങ്ങായുള്ള കൊച്ചു ഈന്തപ്പന തോട്ടങ്ങളും മാത്രം..
ദൂരെ ദൂരെയൊരു ചിത്രം എനിക്ക് മുന്നിൽ തെളിഞ്ഞു വന്നു:
1400 വര്ഷം മുമ്പുള്ള മദീനയിലെ ഒരു റമദാൻ പകൽ. വലിയ തണലൊന്നും ഏകാത്ത ഒരു വൃക്ഷ ചുവട്ടിൽ ഒരു മനുഷ്യൻ ഇരിക്കുന്നു.
അല്പം കഴിഞ്ഞപ്പോൾ ദൂരെ താഴ്വരയിലൂടെ ഒരു ഗ്രാമീണ അറബി ഓടിക്കിതച്ചെത്തി:
"അല്ലയോ പ്രവാചകരെ...ഞാൻ നശിച്ചുപോയി...ഞാൻ നശിച്ചിപോയി..."
"എന്താണ് നിന്നെ നശിപ്പിച്ചത്..?" ശാന്തമായ ചോദ്യം
"റമദാൻ പകലിൽ ഭാര്യയുമായി ബന്ധപ്പെടരുതെന്നാണല്ലോ നിയമം.. എനിക്കൊരബദ്ധം പറ്റി...എന്താണ് പരിഹാരം...."
താനും ഭാര്യയും ദൈവം തമ്പുരാനുമല്ലാത്ത വേറൊരാളും അറിയാത്ത ഈ അബദ്ധത്തിന് പരിഹാരം കിട്ടാൻ അയാൾ ആവർത്തിച്ചാവശ്യപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു:
"അടിമവേലയിൽ കഴിയുന്ന ആരെയെങ്കിലും ഒരാളെ നിനക്ക് മോചിപ്പിക്കാൻ കഴിയുമോ ?"
"ഇല്ല, എനിക്കതിന് ആവില്ല "
"രണ്ട് മാസം തുടർച്ചയായി വ്രതം അനുഷ്ഠിക്കാൻ പറ്റുമോ ?"
"പ്രവാചകരെ...അത് കഴിയുമെന്ന് തോന്നുന്നില്ല.."
പുഞ്ചിരിച്ചുകൊണ്ട് തിരുമേനി ചോദിച്ചു :
"എന്നാൽ അറുപത് അഗതികൾക്ക് ഭക്ഷണം കൊടുക്കണം.."
"എനിക്കതിനുള്ള കഴിവില്ല പ്രവാചകരെ..."
" നീയിവിടെ ഇരിക്കൂ....എന്റെ കയ്യിൽ ഒന്നും ഇല്ല...ആരെങ്കിലും സംഭാവനായി എന്തെങ്കിലും ഭക്ഷണം കൊണ്ട് വരുമായിരിക്കും..."
ആ ഗ്രാമീണന് ഈ വാക്കുകൾ കേട്ടപ്പോൾ അത്ഭുതമൊന്നും തോന്നിയില്ല. പരുപരുത്ത ഈന്തപ്പനയോലയിൽ കിടന്നതിന്റെ പാടുമായി നടക്കുന്ന അറേബ്യയുടെ ഈ രാജാവിന് പട്ടിണി തന്നെയാണ് പഥ്യമെന്ന് അയാൾക്കുമറിയാം. മക്കയിൽ ആളും അധികാരവുമില്ലാത്ത കാലത്ത് മാസങ്ങളോളം വെറും ഇലകൾ മാത്രം ഭക്ഷിച്ചു വിശപ്പടക്കിയിട്ടുണ്ട്...ഇപ്പോൾ എല്ലാം അധീനതയിൽ ആയിട്ടും വലിയ മാറ്റമൊന്നുമില്ല. ഇന്നത്തെ നോമ്പ് മുറിക്കാൻ കയ്യിൽ ഒന്നും കരുതിയിട്ടുണ്ടാവില്ല....
അധികം താമസിയാതെ ഒരു കൊട്ട ഈത്തപ്പഴവുമായി ഒരാൾ നബിയുടെ മുന്നിലെത്തി.
"ഇതാ ഇത് മുഴുവൻ എടുത്തുകൊണ്ടുപോയി പാവങ്ങൾക്ക് കൊടുക്ക്"
"എന്നേക്കാൾ ദരിദ്രരായിട്ടുള്ളവർക്കല്ലേ കൊടുക്കേണ്ടത്.. പ്രവാചകരേ, ഞങ്ങളുടെ താഴ്‌വരയിൽ ഞങ്ങളുടെ കുടുംബത്തിന്റെ അത്ര ദരിദ്രരായി വേറാരും ഇല്ല.."
അണപ്പല്ല് പുറത്തുകാണും വിധം ചിരിച്ചുപോയി പ്രവാചകൻ അയാളുടെ വർത്തമാനം കേട്ടിട്ട്.
"നീയും നിന്റെ കുടുംബവും കൊണ്ടുപോയി ഭക്ഷിക്കുക"
ശിക്ഷ തേടിവന്ന അയാൾ ഈത്തപ്പഴച്ചുമടുമായി ആഹ്ളാദത്തോടെ മടങ്ങുമ്പോൾ നബിയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. അപ്പോൾ ആ ഗ്രാമീണന്റെ മനസ്സിൽ പ്രവാചകൻ ഇടയ്ക്കിടെ ഓര്മിപ്പിക്കാറാനുള്ള ഇക്കാര്യമായിരിക്കുമോ അല തല്ലിയിരുന്നത്..??!
- ഞാൻ നിയോഗിതനായത് നിങ്ങളുടെ ജീവിതം ദുസ്സഹമാക്കാനല്ല, എളുപ്പമാക്കാനാണ്. ...മതം എളുപ്പമാണ്....ദുര്ഘടമല്ല -
കാലനക്കം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ ലിസ്റ്റുമായി ഭാര്യ, എന്നിട്ട് പറഞ്ഞു: " റമദാൻ അവസാനമാവുമ്പോൾ തുണിക്കടയിൽ ഭയങ്കര തിരക്കായിരിക്കും....ഡ്രസ്സൊക്കെ ഇപ്പൊ തന്നെ വാങ്ങിക്കുന്നതാ നല്ലത്”
അപ്പോൾ ഞാൻ ഓർത്തത് നാട്ടുകാർ ഗുരു സ്വാമി എന്ന് വിളിക്കുന്ന എന്റെ അയൽവാസിയായ കുട്ടേട്ടൻ പറഞ്ഞ വാക്യമാണ് (മുപ്പത് വര്ഷമായി മുടങ്ങാതെ ശബരി മലക്ക് പോയിരുന്നു അദ്ദേഹം)
"എടാ മോനെ ...ആചാര്യന്മാരെയും വിശ്വാസത്തെയൊന്നും പഴി പറയണ്ട കാര്യമില്ല. എല്ലാ എടങ്ങേറും നമ്മൾ ഉണ്ടാക്കുന്നതാ..."
-------------------------
ഹാരിസ് കോയ്യോട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo