Slider

മരിച്ചുപോയ ഏട്ടൻ.

0


മാഷെന്തിനാ പിണങ്ങിയിരിക്കുന്നത്....
വീട്ടിൽ അമ്മ മാത്രേള്ളൂന്നും ആകെയുള്ള ഏട്ടൻ മരിച്ചൂന്നും ഞാൻ പറഞ്ഞെങ്കിൽ പറഞ്ഞത് പറഞ്ഞതന്ന്യാ...
ഇതിന്റെ പേരിൽ മാഷ്ക്ക് പിണങ്ങണെങ്കീ പിണങ്ങാം....
ഈശ്വരാ ഈ കുട്ടി എന്താ ഇങ്ങനെ. ...
കവിത എഴുതുന്നത് കൊണ്ടു മാത്രമല്ല വല്ലാത്ത ഒരാത്മബന്ധമാണ് അമ്മൂനോട്.അതുകൊണ്ട് തന്നെയാണ് വിപിപി ആയി അയക്കാമെന്നു പറഞ്ഞെങ്കിലും മനസ്സുവരാതെ ഇത്ര ദൂരം വന്നത്. അമ്മൂന്റെ അമ്മയെ ഒന്നു കാണുകയും ചെയ്യാല്ലോന്ന് കരുതി.
വന്നപ്പോൾ ദാ മുന്നിൽ അമ്മൂന്റെ സ്വന്തം ഏട്ടൻ.പിന്നെങ്ങനെ ദേഷ്യം വരാതെ , പിണങ്ങാതെയിരിക്കും...
മരിച്ചുപോയീന്നു പറയുക .. അതും സ്വന്തം ചോരയെ ...
മിണ്ടാതെ ഇരിക്കുന്ന കൊണ്ട് ആ മനസ്സിൽ സങ്കടമുണ്ടെന്ന് ഈ പൊട്ടിത്തെറി കേട്ടാൽ മനസ്സിലാകും.
എന്നാലും എന്റെ മൗനം പോലും അവളെക്കുറിച്ചാണ്.
വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ അമ്മൂന്റെ അവസ്ഥയും വേറൊന്നായിരുന്നില്ല...
ആകെ അസ്വസ്ഥതകൾ.
മാഷ് പുതിയ കവിതാസമാഹാരവുമായി വീട്ടിൽ നേരിട്ട് എത്തുമെന്ന് സ്വപ്നേപി കരുതിയില്ല.ഇതിപ്പോ പിണങ്ങീട്ടാവും
കവിത കുറിക്കലുമില്ല സംസാരവുമില്ല.
എല്ലാത്തിനും കാരണം ഏട്ടൻ തന്നെ. ഏട്ടൻ പോലും ഏട്ടൻ.ഇല്ല എനിക്ക് ഏട്ടനില്ല..എന്റെ ഏട്ടൻ ഈ ഭൂമിയിൽ ഇല്ല പോയി..
നിറഞ്ഞു തൂവിയ മിഴിനീരിൽ ആ മുഖം ചിരിച്ചു നിന്നു.
അപ്പ്വേട്ടൻ.കണ്ണുതെളിഞ്ഞ കാലം മുതൽ അപ്പ്വേട്ടൻ കൂടെയുണ്ടായിരുന്നു.
ഞാന് ഏട്ടൻ അപ്പ്വേട്ടൻ...ഉണ്ണികൃഷ്ണൻ അശ്വതി. ..കണ്ണൻ.... എല്ലാവരും കൂട്ടുകാർ.
വലിയ കുട്ടിയായീന്ന് അമ്മ പറഞ്ഞപ്പോഴാണ് എല്ലാവരും കുറച്ചൊന്ന് അകന്നത്. അതുവരെ ഒരുമിച്ചായിരുന്നു കുളീം തേവാരൊം കഴിപ്പും എന്തിന് കക്കൂസേ പോക്കു വരെ.കണ്ണനും ഞാനുമായിരുന്നു അന്ന് വലിയ കൂട്ടുകാർ. ഏട്ടനും അപ്പ്വേട്ടനും അശ്വതിയും ഉണ്ണീം ഒരു സെറ്റ്.
കാലം തന്ന ചുവന്ന വര ഞങ്ങൾ പെൺകുട്ടികളെ അവരിൽ നിന്നും മാറ്റിയപ്പോൾ ഏറ്റവും വേദനിച്ചത് കണ്ണനാവും.എന്നെക്കാൾ രണ്ടു വയസിന് ഇളപ്പമാണ് അവന്.
എന്നോടുള്ള ഇഷ്ടം കൊണ്ടാവാം ഞാനവനെ ഒരു പെൺകുട്ടിയെ പോലെ ഒരുക്കി എന്റെ ഡ്രസ് ഒക്കെ ഇടീപ്പിച്ചു നടത്തിയാലും ഒന്നും പറയില്ല.അവനത് എല്ലാം ഇഷ്ടമായിരുന്നു.
കാലം മാറി.അശ്വതിയും ഞാനും നല്ല കൂട്ടുകാരായപ്പോഴാണ് ഏട്ടന്റെ സ്വഭാവം മാറിയത്.
അവൾ വീട്ടിൽ വന്നാൽ ഒരു വല്ലാത്ത സ്വഭാവം. തട്ടൽ മുട്ടൽ കൂട്ടിയിടിക്കൽ
എന്നുവേണ്ട എല്ലാം. ബാല്യകാല സുഹൃത്തുക്കൾ അല്ലേ തമാശ ആകുമെന്ന് കരുതിയെങ്കിലും അതു തെറ്റായി.
ഒടുവിൽ അവളുടെ പരാതി ദേഷ്യം മുഷിപ്പ് ...എല്ലാം ഞാൻ കേട്ടുകേട്ടു മടുത്തു.
അവസാനം ഞാൻ തന്നെയാണ് ഏട്ടനോട് പറഞ്ഞത്. ഏട്ടാ ഇത് ശരിയല്ല നിർത്തിക്കോ എന്ന്. അന്നത്തെ ഏട്ടന്റെ മറുപടി എന്നെ ആകെ തകർത്തു കളഞ്ഞു.
നിനക്ക് മാത്രം എന്തുമാകാമോ...കണ്ണനുമായി എന്താ..എനിക്കൊന്നും മനസ്സിലാവില്ലന്നു കരുതരുത് .മിണ്ടാതെ ഇരുന്നില്ലേ ശരിയാക്കി തരും ഞാൻ. ....
കേട്ടപ്പോൾ നെഞ്ച് പൊട്ടിത്തെറിച്ചു പോകുമെന്ന് പോലും ഭയന്നു പോയി.
അന്ന് വെറുത്തതാണ് ഏട്ടനെ.പിന്നീട് അങ്ങോട്ട് വെറുപ്പിന്റെ തുടർച്ചകൾ.
സ്കൂളിൽ പോകുമ്പോൾ വരുമ്പോൾ ഒക്കെ അപ്പ്വേട്ടനായിരുന്നു ഏട്ടനെക്കാൾ കരുതൽ.അമ്മ വിളമ്പിക്കൊടുത്ത ചോറിന്റെ നന്ദിയാണോ അറിയില്ല. ...വെയിലിലും മഴയിലും ഒരു വിളിപ്പാടകലെ എന്റെ അപ്പ്വേട്ടൻ ഉണ്ടായിരുന്നു.
ഒരു മിഠായി കിട്ടിയാലും പാതി തരും. തൊണ്ടിപ്പറവും ഞാറപ്പഴവും പഴുത്ത മാങ്ങയും ഒരേട്ടന്റെ സ്നേഹവും ഒക്കെ പകുത്തു തന്നു.
ഇന്നും മറന്നില്ല. ..ആ ദിവസം വഴിയോരത്ത് കാത്തുനിന്ന അയാൾ. ... പെട്ടെന്ന് ചുറ്റിപ്പിടിച്ച് ദേഹമാസകലം അമർത്തിയപ്പോൾ ഉമ്മ വെച്ചപ്പോൾ പൊള്ളിപ്പിടഞ്ഞ് അലറിക്കരഞ്ഞപ്പോൾ
അയാൾ വിട്ടിട്ടു പോയെങ്കിലും അതിനേക്കാൾ തകർന്നത് വിവരമറിഞ്ഞുള്ള ഏട്ടന്റെ മറുപടി ആയിരുന്നു.
നീയയാളെ പ്രകോപിപ്പിച്ചു കാണും എന്തേലും പറഞ്ഞ്. അല്ലാതെ ആരേയും നടുറോഡിൽ ഇങ്ങനെ ചെയ്യുമോ എന്ന്.
അപ്പോഴും എന്റെ അപ്പ്വേട്ടൻ പോയി അയാളെ കാണാൻ. പൂരത്തെറിവിളിച്ച്
കെളവാ കവിള് തല്ലിപ്പൊട്ടിക്കും ഇനി ഞങ്ങളുടെ കൊച്ചിനെ തൊട്ടാലെന്നു പറഞ്ഞൂന്നറിഞ്ഞപ്പോ അന്ന് നെഞ്ചിലേക്ക് വന്നു നിറഞ്ഞ സ്നേഹമാണ് എന്റെ അപ്പ്വേട്ടൻ.
അച്ഛൻ മരിച്ചു പോയ അമ്മ വേറെ കല്യാണം കഴിച്ച് പോയ .. എന്റെ അമ്മയുടെ നിഴലായി കൂടെ നടന്ന എന്റെ അപ്പ്വേട്ടൻ.എന്റെ കൂടപ്പിറപ്പ്.എന്റെ ഏട്ടനെക്കാൾ എനിക്കിഷ്ടം ഇന്നും എന്നും എന്റെ അപ്പ്വേട്ടൻ തന്നെ. കല്യാണം കഴിച്ചപ്പോഴും കുഞ്ഞാവയുണ്ടായപ്പോഴും പെങ്ങളായും ആന്റിയായും എന്നെ എന്നെ സന്തോഷിപ്പിച്ച എന്റെ ഏട്ടൻ
അപ്പ്വേട്ടനാണ്.
ഇന്ന് അപ്പ്വേട്ടൻ ആക്സിഡന്റായി മരിച്ചു വർഷങ്ങൾ കഴിഞ്ഞു.
രാത്രി എല്ലാവരും ഉറങ്ങീന്ന് ഉറപ്പു വരുത്തി ഒരു നിഴലിറങ്ങി അപ്പ്വേട്ടന്റെ വീടിനു നേർക്ക് നടക്കുമ്പോൾ. ......
മറ്റൊരു നിഴൽ എനിക്ക് കാവലായി കൂടെയുണ്ട്.
ഇനി നിങ്ങൾ പറയൂ എന്റെ ഏട്ടൻ മരിച്ചൂന്ന് ഞാൻ പറഞ്ഞതിൽ തെറ്റുണ്ടോ....
മരിച്ചു. അത്ര തന്നെ.എനിക്ക് എന്നെ തിരുത്താൻ പാടാണ്.ഇനി മാഷ് പിണങ്ങിയാലും.
ലിൻസി അരുൺ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo