Slider

രാവിലെ നടക്കാനിറങ്ങിയപ്പോഴാണാ കാഴ്ച കണ്ടതു..

0

രാവിലെ നടക്കാനിറങ്ങിയപ്പോഴാണാ കാഴ്ച കണ്ടതു..
തെങ്ങിൻതോപ്പിലെ തലപോവാറായ തെങ്ങുകളിലൊന്നിന്റെ പിറകിലൊരു കറുത്ത രൂപം..
എന്തു കണ്ടാലും അതൊന്നുടെ നോക്കി ഉറപ്പുവരുത്തുന്ന ശീലമുണ്ടല്ലോ മലയാളിക്ക്..
ഞാനുമതു തന്നെ ചെയ്തു..
പക്ഷേ എന്റെ നോട്ടമെത്തുമ്പോഴേക്കും കറുത്ത രൂപം തെങ്ങിനു പിറകിലേക്ക് മറഞ്ഞിരുന്നു..
എന്താണെന്നറിയാൻ അടുത്തു ചെന്നു നോക്കാമെന്നു വെച്ചാ എന്റെ ധൈര്യം അതിനനുവദിച്ചില്ല..
പോസ്റ്റെഴുതുമ്പോ ഒറ്റയ്ക്ക് കടുവയെ വരെ നേരിട്ടുന്നൊക്കെ വെച്ചുകാച്ചാം..
ജീവിതത്തിൽ അതു നടക്കൂല്ല..
വല്ല കരടിയോ മറ്റൊ ആണെങ്കിൽ പിന്നേ തെളിവിനു പോലും ഒന്നും ബാക്കിയുണ്ടാവില്ല..
ഇനിയാകെയുള്ളൊരു പോംവഴി സെൽഫിയെടുക്കലാണ്..
അതിനാണിപ്പോ മാർക്കറ്റ്..
നടുറോഡിൽ കത്തിയെരിഞ്ഞു കൊണ്ടിരുന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കാതെ സെൽഫിയെടുത്ത നാട്ടിൽ ഇതൊക്കെ എന്തു..
രണ്ടാമതൊരിക്കൽ കൂടിയാ രൂപം തലവെട്ടം കാണിച്ചതും എന്റെ മൊബൈൽ അതൊപ്പിയെടുത്തതും ഒരുമിച്ചാരുന്നു..
അപ്പൊതന്നെ "വിചിത്ര ജീവിയെക്കണ്ടെത്തി"യെന്നു കാപ്‌ഷനും കൊടുത്തു ആഫോട്ടോ വാട്സാപ്പ് ഫാമിലി ഗ്രൂപ്പിലേക്കു അപ്‌ലോഡ് ചെയ്തു ഞാനെന്റെ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റി..
അപ്പൊഴേക്കും ആ രൂപം സൈതാലിക്കാന്റെ വീട്ടിലേക്കുള്ള വഴിയിലേക്കോടിക്കയറിപ്പോവുകയും ചെയ്തു..
പിന്നീടാണറിഞ്ഞത് എന്തോ നാട്ടുമരുന്നും തപ്പി ഇറങ്ങിയ സൈതാലിക്കാന്റെ ഭാര്യ എന്റെ മട്ടും ഭാവവും കണ്ടുപേടിച്ചു തെങ്ങിനുപിറകിൽ ഒളിച്ചു നിന്നതാന്നു...
അതിനവരെ കുറ്റം പറയാനൊക്കില്ല..
പീഡനക്കാലമല്ലേ..
ഇതൊക്കെ അറിഞ്ഞു വന്നപോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു..
വാട്സാപ്പിലെ തലതെറിച്ച സകലവന്മാരും അതെടുത്തു ഗ്രൂപ്പായ ഗ്രൂപ്പിലൊക്കെ തട്ടിക്കൊടുത്തു..
അതോടേ തലേന്ന് വയറിളക്കം വന്നു ചത്ത അമ്മിണിച്ചേച്ചിയുടെ പശുവും ഹാജിക്കാന്റെ മോളുടെ വിവാഹസൽക്കാരത്തിന്റെ പേരിൽ രക്തസാക്ഷിത്വം വരിച്ച കോഴികളുടെ അവശിഷ്ടങ്ങളും എന്നുവേണ്ട തെളിയാത്ത മോഷണക്കേസുകൾ വരെ വിചിത്ര ജീവിയുടെ തലേലിട്ടു ഓരോരുത്തരും അവരവരുടെ കർത്തവ്യം ഭംഗിയായി നിറവേറ്റി..
വടക്കേലെ ആയിഷുമ്മാന്റെ കുളിമുറിയിൽ ഒളിഞ്ഞു നോക്കിയതും വിചിത്ര ജീവി ആയിരിക്കുമെന്നുള്ള ഗോപാലേട്ടന്റെ കണ്ടെത്തൽ കേട്ടു കോങ്കണ്ണൻ ഷംസു ഊറിചിരിച്ചതാരും കണ്ടില്ല..
സന്ധ്യാനേരത്താണ് വിചിത്രജീവി പുറത്തിറങ്ങുകയെന്നും ആ സമയത്താരും വെളിയിലേക്കിറങ്ങരുതെന്നുമുള്ള വോയ്സ് ക്ലിപ്പ് വാട്സാപ്പിലൂടെ അതിവേഗം ബഹുദൂരം സഞ്ചരിച്ചു..
സർക്കാരിന്റെ അനാസ്ഥയാണ് ഇത്തരം വിചിത്ര ജീവികൾ അഴിഞ്ഞാടുന്നതിനുള്ള പ്രധാന കാരണമെന്നു പറഞ്ഞു പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു വെളിയിലിറങ്ങി ബീഡിവലിച്ചു..
വിചിത്ര ജിവിയെ പിടികൂടാൻ കേന്ദ്രസേനയെ വിളിക്കണമെന്നാരുന്നു മറ്റൊരു കക്ഷിയുടെ ആവശ്യം..
ചാനെലുകൾ മറ്റെല്ലാ വിഷയങ്ങളും മാറ്റിവെച്ചു വിചിത്ര ജിവിയെ ഇഴകീറി മുറിച്ചു പ്രേക്ഷകർക്ക് കടിപിടികൂടാനായി ഇട്ടുകൊടുത്തു..
ഇനി സത്യം പറഞ്ഞാൽ കടിച്ചു കീറുന്നത് എന്നെയാണെന്നോർത്തു പേടിച്ചു ഞാനുമവരിലൊരാളായി വിചിത്ര ജിവിയെ തിരയാനാരംഭിച്ചു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo