Slider

ബാക്കിയായത്...

0
Image may contain: 1 person, beard

രാവിലെ പ്രാതൽ കഴിച്ചുകൊണ്ടിരിക്കെ അയാളോട് ഭാര്യ പറഞ്ഞു:
"എനിക്കിന്നൊന്ന് വീട്ടിൽ പോകണം....അമ്മക്ക്‌ നല്ല സുഖമില്ല "
"എന്റെ പ്രൊജക്റ്റ് റിപ്പോർട്ട് നാളെ സബ്മിറ്റ് ചെയ്യാനുള്ളതാ ....നീ കാണുന്നില്ലേ അതിന്റെ തിരക്ക്...?..ഇവിടുത്തെ കാര്യങ്ങളൊന്നും നോക്കാൻ എനിക്ക് സമയമില്ല....കുറച്ച ദിവസം കഴിയട്ടെ"
അവൾ ഒന്നും മിണ്ടാതെ എഴുന്നേറ്റുപോയി. അവളുടെ മിഴിക്കോണിലെവിടെയോ ഊറിക്കൂടിയ സങ്കടം അയാൾ ശ്രദ്ധിച്ചില്ല.
അതിനിടയിൽ കാലിൽ എന്തോ ഉരുമ്മി. നോക്കുമ്പോൾ പൂച്ച കുഞ്ഞാണ്.....അശ്രീകരം .....കാല് കൊണ്ട് തോണ്ടി ഒരേറു വെച്ചുകൊടുത്തു. വീണയിടത്തിരുന്നത് അയാളെ നോക്കി ദയനീമായി കരഞ്ഞു.
ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ നേരത്ത്, അപ്പുറത്തെ വീട്ടിലെ മാധവേട്ടൻ മുറ്റത്തിറങ്ങി ശബ്ദത്തോടെ ഒന്ന് ചുമച്ചു . അതൊരു സിഗ്നലാണ്...ഇന്നും പോകുന്ന വഴിക്ക് അയാളെ ആശുപത്രിയിൽ ഇറക്കേണ്ടി വരും.. സമയമില്ലാ നേരത്ത്...മാധവേട്ടൻ വിളിക്കുന്നതിന്‌ മുൻപ് രക്ഷപെടാൻ അയാൾ ബൈക്കെടുത്തു പെട്ടെന്ന് മുന്നോട്ടേക്ക് നീങ്ങി. അതിനിടയിൽ മുറ്റത്തുള്ള റോസാച്ചെടിയുടെ മുള്ള് അയാളുടെ കുപ്പായത്തിൽ ഉടക്കി. ദേഷ്യം പിടിച്ചു കമ്പടക്കം ഓടിച്ചതിനെ താഴെയിട്ടയാൾ കുതിച്ചു...
വിരിയാൻ വെമ്പി നിൽക്കുന്നൊരു പൂ മൊട്ടിന്റെ വേദന അയാൾ ഓർത്തില്ല.
റോഡിൽ എന്തൊരു തിരക്കാണ്. ബൈക്കിനെ വെട്ടിച്ചു പോകാൻ നോക്കിയ ഒരു ഓട്ടോക്കാരനെ തെറി വിളിച്ചു കൊണ്ടയാൾ മുന്നോട്ട് പാഞ്ഞു . ഓട്ടോക്കാരൻ അതിലും വലിയൊരു മുട്ടം തെറി മറുപടി കൊടുത്തു - യാത്രക്കാരായുള്ളത് അച്ഛനും മകളുമാണെന്നോർത്താതെ . ഒന്നും കേട്ടില്ലെന്ന ഭാവത്തിൽ മകൾ മൊബൈലിലും അച്ഛൻ പുറത്തെ കാഴ്ചകളിലും മുഴുകിയിരുന്നു.....
സ്ക്കൂൾ ജംങ്ഷൻ എത്തി.....വണ്ടികളൊക്കെ സ്ലോ ആയി. ഓ ..ഇന്നും പോലീസുകാർ കാവൽ ഉണ്ടല്ലോ.
നുണക്കുഴിക്കവിളുകളും ചൊരിയുന്ന ചിരിയുമായി കലപിലക്കുട്ടികൾ റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങി. നാശം ഇന്നും വൈകും....അയാൾ അക്ഷമനായി. ഇവർക്ക് ചിലക്കാതെ പെട്ടന്ന് കടന്നുപോയിക്കൂടെ.
റോഡരികിലുള്ള തെങ്ങോലക്കൂട്ടം സാകൂതം അവരെനോക്കി തലയാട്ടി ചിരിച്ചു....വാകമരത്തിലെ കിളികൾ കണ്ണിറുക്കി ചിലച്ചു....അയാൾക്ക് മാത്രം ആ കുട്ടികളുടെ മുഖത്തെ സന്തോഷം വായിച്ചെടുക്കാൻ പറ്റിയില്ല.
ഓഫീസിലെത്തി ലാപ്ടോപ് ഓണാക്കി, പ്യുൺ രാജീവനെ വിളിച്ചു ഫയൽ റൂമിൽ നിന്ന് ആവശ്യമുള്ള ഫലയുകളുടെ ലിസ്റ്റ് കൊടുത്തു എടുക്കാൻ. എടുത്തതിൽ ഒരു ഫയൽ മാറിപ്പോയി. അയാൾ രാജീവനോട് തട്ടിക്കയറി. രാജീവൻ ഒന്നും പറയാതെ ശരിയായ ഫയലെടുക്കാൻ പോയി...രാവിലെ വരുമ്പോൾ ചുമച്ചു ചുമച്ചു അവശയായി കിടക്കുന്ന അമ്മയായിരുന്നു അപ്പോൾ അയാളുടെ മനസ്സിൽ.
റിപ്പോർട്ടിന്റെ ഡ്രാഫ്റ്റ് അയാൾ ബോസിന്റെ കാബിനിൽ കൊണ്ട് വെച്ചു. അല്പം കഴിഞ്ഞപ്പോൾ ബോസ് വിളിച്ചു....കോപത്തോടെ പറഞ്ഞു:
"എത്ര വര്ഷമായി നിങ്ങളിവിടെ ജോലി ചെയ്യുന്നു...എന്നിട്ടും ഈ റിപ്പോർട്ടിൽ ഇത്ര പിഴവുകൾ എങ്ങിനെ വന്നു....? ഇന്ന് എല്ലാം ശരിയാക്കിയിട്ടു പോയാൽ മതി...."
വൈകി വീട്ടിൽ തിരിച്ചെത്തുമ്പോൾ സിറ്റ്-ഔട്ടിൽ പുഞ്ചിരിക്കുന്ന മുഖവുമായി ഏതോ പുസ്തകം വായിക്കുന്ന ഭാര്യയെ കണ്ടപ്പോൾ അയാൾ പല്ല് കടിച്ചു. എന്റെ അവസ്ഥ ഇവൾ അറിയുന്നില്ലേ? എങ്ങിനെ ഇവൾക്ക് ചിരിക്കാനും സന്തോഷിക്കാനും കഴിയുന്നു?
അയാളെ കണ്ടപ്പോൾ അവൾ വെപ്രാളപ്പെട്ട് എഴുന്നേറ്റു.
"വല്ലാതെ വൈകിയല്ലോ ഏട്ടാ...ഭക്ഷണം എടുക്കട്ടെ...അല്ലെങ്കി ..കുളിച്ചിട്ടാണോ കഴിക്കുന്നത് .."
പെട്ടെന്ന് ഉള്ളിൽ നിന്ന് മോൾ ഓടി വന്നു....അവളുടെ മടിയിലുണ്ടായിരുന്ന പൂച്ചക്കുഞ്ഞി ഓടി മേശയുടെ അടിയിൽ പോയി.
"അച്ഛാ....ന്റെ ക്രയോൺ താ ...."
രണ്ട് ദിവസായി മോൾ പറയാൻ തുടങ്ങിയിട്ട്....ഈ നാശം പിടിച്ച തിരക്കിനിടയിൽ ഇന്നും മറന്നല്ലോ...
"മോളു ....അച്ഛൻ ന്തായാലും നാളെ കൊണ്ടുവരും ...ഇന്ന് മറന്നല്ലോ പൊന്നൂ ..."
"നിക്ക് പ്പം വേണം..." അവൾ ഏങ്ങലടിച്ചു കരയാൻ തുടങ്ങി...
"അവൾ ഇത്രയും സമയം ഉറങ്ങാതെ കാത്തിരുന്നത് അതിനാ..." ഭാര്യ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്. അയാൾ ഒന്നും കേട്ടില്ല... ഡ്രസ്സ് മാറി നേരെ ബാത്‌റൂമിൽ കയറി തലക്ക് മീതെ ഷവർ തുറന്നിട്ടു.
അയാളിലേക്ക് വേദനയുടെ ഒരു മലവെള്ളച്ചാട്ടം ഇരച്ചുവന്നു... എന്താണ് തന്റെ ജീവിതം ഇങ്ങിനെയായിപ്പോയത് ? രാവിലെ മുതൽ രാത്രി വരെ ശരീരവും മനസ്സും തകർന്നുള്ള ഓട്ടം...എന്നിട്ടോ സന്തോഷം ഒട്ടില്ലതാനും.....
പതിയെ പതിയെ അയാളുടെ അകം ചുവരിലേക്ക് പല ചിത്രങ്ങൾ വന്നു നിറയാൻ തുടങ്ങി........... ഭാര്യ, മോൾ, പൂച്ചക്കുഞ്ഞി, മാധവേട്ടൻ, റോസാച്ചെടി, ഓട്ടോക്കാരൻ, രാജീവൻ ...... കുറച്ചു സമയത്തേക്കാണെങ്കിലും എല്ലാവരുടെയും സന്തോഷം നഷ്ടപ്പെടുത്താൻ തനിക്കായി......പകരം ....?!
 .
"ഇനിയും കഴിഞ്ഞില്ലേ "...കതകിൽ തട്ടിക്കൊണ്ട് ഭാര്യ വിളിച്ചു..
ബാത്റൂമിൽ നിന്ന് നേരെ ബെഡ്റൂമിലേക്ക് അയാൾ കയറി. കവിളിൽ കണ്ണീർ പാടുമായി മോൾ ഉറങ്ങിക്കഴിഞ്ഞിരുന്നു. ഉണർത്താതെ മെല്ലെ അവളോട് ചേർന്ന് കിടന്നു നിറുകയിൽ ഉമ്മ വെച്ചു, മുടിയിഴയിൽ വിരലോടിച്ചു.
കഴുത്തിൽ ഒരു ചുടുനിശ്വാസം അനുഭവപ്പെട്ടു തിരിഞ്ഞു നോക്കുമ്പോൾ ഭാര്യ. തുളുമ്പാനൊരുങ്ങി നിൽക്കുന്ന കണ്ണുകൾ.. മെല്ലെ എഴുന്നേറ്റു അവളെ തന്നിലേക്ക് അടുപ്പിച്ചു.....
മൗനത്തിന്റെ ഒരു യുഗം കൊഴിഞ്ഞുവീണു.........
പിന്നെ അയാളും അവളും ചിരിച്ചു......
"എത്ര നാൾ കൂടിയിട്ടാ ഏട്ടൻ ഒന്ന് സന്തോഷിച്ചു കാണുന്നത്...!"
"മനസ്സിൽ ചിരിയില്ലാത്ത എനിക്ക് കാണുന്ന ഒന്നിലും സന്തോഷം തോന്നിയിരുന്നില്ല."
അവർ വീണ്ടും ചിരിച്ചു.
ആ ചിരിയിൽ ജനാലക്ക് പുറത്തു പെയ്യുന്ന നേർത്ത മഴയുടെ താളം, കട്ടിലിനടിയിൽ ഉറങ്ങുന്ന പൂച്ച കുഞ്ഞിന്റെ കുറുകൽ, ഒറ്റപ്പെട്ടുപോയ രാക്കിളിയുടെ തേങ്ങൽ, എവിടെയോ പാല പൂത്ത ഗന്ധം.......എല്ലാം എല്ലാം അയാൾ തിരിച്ചറിയാൻ തുടങ്ങി.
-----------------------------
ഹാരിസ് കോയ്യോട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo