Slider

#റമദാൻ_വൃതം (നർമ കഥ)

0

#റമദാൻ_വൃതം (നർമ കഥ)
വിശ്വാസികൾ വൃതം അനുഷ്ടിച്ചു ചെറിയ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് . ഫൈസലിന് പക്ഷെ വൃതാനുഷ്ഠാനം അതി കഠിനമാണ് .
പതിവ് പോലെ അന്നും അവൻ വാഹനം പള്ളിയുടെ മുൻപിൽ ഒതുക്കി നിർത്തി റമദാൻ മാസം മാത്രം പ്രവർത്തിക്കുന്ന പ്രത്യേക ഭക്ഷണ ശാലയിലേക്ക് തിരിച്ചു . നാട്ടിൽ നിന്നും അല്പം അകലെയാണ് സ്ഥലം . അത് കൊണ്ട് തന്നെ തിരിച്ചറിയുന്ന നാട്ടുകാർ ആരും ഉണ്ടാകില്ല എന്ന് സമാധാനിക്കാം . പിന്നെ പള്ളിയുടെ മുൻപിൽ വാഹനം നിർത്തിയിട്ടിടിക്കുന്നത് കൊണ്ട് വാഹനം കണ്ടാൽ തിരിച്ചറിയുന്നവർ പള്ളിയിൽ പ്രാത്ഥനയിൽ മുഴുകിയിരിക്കുകയാണെന്നു ധരിച്ചു കൊള്ളും . നാട്ടിലും വീട്ടിലുമെല്ലാം തികഞ്ഞ വിശ്വാസി എന്ന പേരുണ്ട് . അത് തകർക്കാതിരിക്കാനാണ് ഇത്തരം പ്രവർത്തിയെല്ലാം .
ഭക്ഷണ ശാലയുടെ പിറകിലെ വാതിലിലൂടെ അവൻ അകത്തേക്ക് കടന്നു . മുൻ വാതിൽ ഒരു പേരിനു മാത്രമാണെന്ന് പറയാം . ഭക്ഷണം കഴിക്കാൻ വരുന്നവരും പോകുന്നവരുമെല്ലാം ഉപയോഗിക്കുന്നത് പിറകിലെ വാതിൽ തന്നെ . താത്കാലികമായി ടാർ പായ കൊണ്ട് മറച്ച ഷെഡിനകത്ത് മേശകൾ നിരത്തിയിട്ടിട്ടുണ്ട് . ആൾ കൂട്ടത്തിനിടെ ഒഴിഞ്ഞ കസേര കണ്ടു കുതിച്ചു ചാടിയ ഫൈസലിനൊപ്പം തന്നെ മറ്റൊരാളും കുതിച്ചെത്തി .
'' ഞാൻ ആണ് ആദ്യം വന്നത് ... '' കസേര കയ്യിൽ പിടിച്ചു കൊണ്ടാണവൻ അവകാശം ഉന്നയിച്ചത് .
രംഗം അത്ര പന്തിയല്ലാത്ത കൊണ്ട് അധികം വാഗ്വാദങ്ങൾക്ക് മുതിരാതെ അടുത്ത കസേര ഒഴിയുന്നതും കാത്തു ഫൈസൽ നിൽക്കുമ്പോൾ പിറകിൽ കുറച്ചു പേര് അവരുടെ അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട് . കസേര പിടിച്ചെടുത്തവൻ ഭക്ഷണം ആർത്തിയോടെ കഴിക്കുമ്പോൾ ഇടയ്ക്കു ഫൈസലിനെ നോക്കുന്നുണ്ട് . പക്ഷെ ഒരു ബഹളം ഉണ്ടാക്കിയാൽ നോമ്പ് എടുക്കാതെ ഭക്ഷണം കഴിക്കുന്നത് പൊതു ജനമെല്ലാം അറിയാൻ സാധ്യതയുള്ളത് കൊണ്ട് അവൻ അപ്പോഴും മൗനം പാലിച്ചതേയുള്ളു .
അധികം താമസിയാതെ ഒരു ഒഴിഞ്ഞ കസേര കണ്ടതും ഫൈസൽ കുതിച്ചു കസേരയുടെ മേൽ ഗമയിൽ തന്നെ ഇരുന്നു . പ്രത്യേക വിഭവങ്ങൾ ഒന്നും തന്നെ ഇല്ല അവിടെ . കഞ്ഞിയും അച്ചാറും കൂട്ടിയാണ് പലരും വിശപ്പടക്കുന്നത് . നോമ്പിന് മുൻപ് വരെ പുച്ഛമായിരുന്നു കഞ്ഞിയെ . പക്ഷെ അതെ കഞ്ഞിയെ ആർത്തിയോടെ അവൻ അകത്താക്കി .
ഭക്ഷണത്തിനു പണം കൊടുത്തു അവൻ പിറകിലെ വാതിലിലൂടെ പുറത്തിറങ്ങി . പുറത്തിറങ്ങുന്നവരെല്ലാം അവിടെയുള്ള നാരങ്ങാ ചെടിയുടെ ഇല പിച്ചി കൊണ്ട് പോകുന്നുണ്ട് . എന്നിട്ടതെടുത്തു കൈകളിൽ തിരുമ്മി ഭക്ഷണം കഴിച്ചതിന്റെ മണമൊന്നുമില്ല എന്നുറപ്പ് വരുത്തുന്നുണ്ട് . ഫൈസലും അത് തന്നെ ആവർത്തിച്ചു വീട്ടിലേക്ക് മടങ്ങി .
ഭക്ഷണം കഴിച്ചതിന്റെ ക്ഷീണമാകാം കട്ടിൽ കണ്ടതും അവൻ ഉറക്കമാരംഭിച്ചു . വീട്ടുകാർക്കെല്ലാം നോമ്പെടുത്തതിന്റെ ക്ഷീണമായാണ് അവന്റെ ഉച്ചയുറക്കാതെ കണക്കാക്കിയത്.
'' ഡാ ഫൈസു .. എണീക്ക് .... ബാങ്ക് കൊടുക്കാനായി തുടങ്ങി .. '' ഉമ്മയുടെ അലർച്ചയാണ് ...
'' എന്താണുമ്മാ .... സമയം ആകുന്നല്ലേയുള്ളു .. എന്റെ നല്ല ഉറക്കം കളഞ്ഞു ഉമ്മ '' അല്പം പരിഭവത്തോടെ തന്നെയാണ് അവനത് പറഞ്ഞത് .
'' എടാ .. നീ മറന്നോ ... ബീരാൻ കാക്കയുടെ വീട്ടിൽ ഇന്ന് നോമ്പ് തുറയാണ് .. മൂപ്പരുടെ പെങ്ങളുടെ മരുമകന്റെ സൽക്കാരം . ഇവിടെ വന്നു പറഞ്ഞതാ നിന്നോട് വരാൻ വേണ്ടി .. പോയിട്ടില്ലേൽ മോശമാണ് ''
'' ആഹാ .. അത് ആദ്യത്തെ സൽക്കാരം ആകുമല്ലേ .. സാധാരണ അമ്മാവന്മാരല്ലേ ആദ്യ സൽക്കാരം നടത്തുക . അപ്പൊ ഒട്ടും മോശമാവില്ല . ''
ഫൈസൽ ഉടനെ ബൈക്കെടുത്തു ചീറി പാഞ്ഞു . ബാങ്ക് വിളി കേൾക്കുവാൻ വിശ്വാസികൾ കാത്തിരിക്കുകയാണ് . നോമ്പില്ല എങ്കിലും നോമ്പിന്റെ ക്ഷീണം അഭിനയിച്ചു അവൻ ആൾ കൂട്ടത്തിലേക്കു കടന്നു .
ബാങ്ക് വിളിക്കുമ്പോൾ കഴിക്കേണ്ട ഈത്തപ്പഴം കയ്യിലെടുത്തു കാത്തിരിക്കുമ്പോൾ ബീരാനിക്ക ഫൈസലിനെ വിളിച്ചു .
'' ഫൈസു ... നീ ഇപ്പഴാണോ വരുന്നത് ?.. ധാ ഇതാണ് എന്റെ പെങ്ങളുടെ മരു മകൻ .. ഇവനെയാണ് ഇന്ന് സത്കരിക്കുന്നത് . ''
ബീരാനിക്ക ചൂണ്ടി കാണിച്ച മരുമകനെ കണ്ടു ഫൈസൽ ഒരു നിമിഷം ഞെട്ടി പോയി . അതേ അവൻ തന്നെ ഇന്ന് ഉച്ചക്ക് ഭക്ഷണ ശാലയിൽ നിന്ന് കസേരക്ക് വേണ്ടി എന്നോട് തർക്കിച്ചവൻ . അവനാണീ പുതുമണവാളൻ . അവന്റെ കയ്യിൽ ഇപ്പോഴും ആ കസേരയുണ്ടോ അവകാശ വാദവുമായി ?
സസ്നേഹം ഹഫി ഹഫ്സൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo