Slider

ചോദ്യ ചിഹ്നങ്ങൾ! (കഥ)

0

ചോദ്യ ചിഹ്നങ്ങൾ! (കഥ)
ഉമ്മറത്ത് മനുവിന്റെ മാലയിട്ടിരിക്കുന്ന ചിത്രത്തിലേക്കു നോക്കി പതിവുപോലെ ഞാൻ നിശബ്ദമായി ചോദിച്ചു –“മനു നീയെനിക്കു ആരാണ്..?”
**
“ഉമേ, മനുവിന് ഒരപകടം .നീ വേഗം മെഡിക്കൽ ട്രൂസ്റ്റിലേക്കു വരൂ.”. ഉച്ചക്ക് ലഞ്ച് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് രവിയേട്ടന്റെ പരിഭ്രാന്തി കലർന്ന ശബ്ദം മൊബൈലിൽ . അത്യാവശ്യത്തിനല്ലാതെ രണ്ടു പേരുംഓഫീസ് ടൈമിൽ പരസപരം വിളിക്കാറില്ല. അത് കൊണ്ട് തന്നെ എനിക്ക് വേവലാതിയായി. തൊണ്ടയിൽ കുരുങ്ങി കിടന്ന ചോറ് ഒരു കവിൾ വെള്ളം കുടിച്ചു വിഴുങ്ങി..ലഞ്ച് ബോക്സ് അടച്ചു വെച്ച് ലീവ് പറഞ്ഞു ഞാൻ ആക്ടിവയിൽ ആശുപത്രിയിലേക്ക് പാഞ്ഞു...
പോവുന്ന വഴിക്കു മനുവിനെ കുറിച്ചായി ചിന്ത.. മനു ശങ്കർ .. രവിയേട്ടന്റെ ഒരേയൊരനിയൻ. വീട്ടിൽ അമ്മയും രവിയേട്ടനുമവന് വിവാഹം ആലോചിക്കുന്ന തിരക്കിലാണ്.
രവിയേട്ടന്റെ സ്വരത്തിൽ നല്ല ഉത്കണ്ഠ ഉണ്ട്...അതിൽ നിന്നും മനുവിന് കാര്യമായ പരുക്കുപറ്റിയിട്ടുണ്ടെന്നു ആർക്കും മനസിലാവും .. ഞാൻ വണ്ടിയുടെ വേഗത കൂട്ടി. പൊതുവെ ഉച്ച സമയമായതിനാൽ വഴിയിൽ തിരക്ക് കുറവുണ്ട്...നോർത്തിൽ നിന്നും പത്തു മിനിട്ടു കൊണ്ട് ഞാൻ ആശുപത്രിയിലെത്തി . താഴെ കാർ പാർക്കിൽ രവിയേട്ടന്റെ സുഹൃത്തുക്കൾ! എല്ലാ മുഖങ്ങളും ഞാൻ മാറി മാറി നോക്കി.. ഒന്നിലും ആശ്വാസമേകുന്ന ഭാവമില്ല...എന്റെ നെഞ്ചിടിപ്പ് കൂടി..
അവർ നിർദേശിച്ചതനുസരിച്ചു ഞാൻ രണ്ടാമത്തെ നിലയിലെ ക്രിട്ടിക്കൽ കെയറിനടുത്തേക്കു നടന്നു .അല്ല ഓടി.
വരാന്തയിലെ ബെഞ്ചിൽ അമ്മയിരിക്കുന്നു. മൂന്ന് വയസുകാരൻ അഭിഅമ്മയുടെ മടിയിൽ കിടന്നുറങ്ങുന്നു
മനുവിന്റെ ജീവനാണവൻ. അഭിമന്യുവെന്ന പേര് പോലും അവന്റെ ഇഷ്ടത്തിന് രവിയേട്ടൻ വിട്ടു കൊടുത്തു. അതിനു ഞാൻ രവിയേട്ടനോട് കുറെ പരിഭവിക്കുകയും ചെയ്തു.
അമ്മയുടെ മുഖത്തേക്ക് നോക്കാൻ ധൈര്യം വന്നില്ല .രവിയേട്ടനെ കണ്ടപ്പോൾ നെഞ്ചു തകർന്നു. ഇവിടെ തളരാതെ നിൽക്കണമെന്ന് ഉള്ളിലിരുന്നാരോ യിരുന്ന് എന്നോട് പറഞ്ഞു.. ഈ രണ്ടു പേര്ക്കും ഞാൻ തന്നെ തുണയാവണം..
എന്നെ കണ്ടതും “ഉമേ, എന്റെ മനു..” എന്ന് കരഞ്ഞു വിളിച്ചു രവിയേട്ടന് എന്നെ കെട്ടിപിടിച്ചു..ഞാൻ ഒരു കണക്കിന് ആശ്വസിപ്പിച്ചു രവിയേട്ടനെ ബെഞ്ചിലിരുത്തി...കൂടെ നിന്ന സുഹൃത്ത് പറഞ്ഞു 24 മണിക്കൂറാണ് മനുവിന് ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. നില വളരെ ഗുരുതരം. ഓഫീസിലെന്തോ ആവശ്യത്തിന് പോയി വരുമ്പോൾ എതിരെ വന്ന ലോറി ഇടിച്ചതാണ്.
കൈ കാൽ കുഴഞ്ഞു, ശരീരം തളർന്നു ഞാനും രവിയേട്ടനരികെ ഇരുന്നു. എങ്കിലും കരയാതിരിക്കാൻ ശ്രമിച്ചു. CC U - വിന്റെ വാതിൽ അടയുന്നതും തുറയുന്നതും നോക്കി കുറെ മനുഷ്യ ജീവികൾ ..ആരുമാരും ഒന്നും മിണ്ടുന്നില്ല.. ആരെങ്കിലും ഈ മൗനം ഭേദിച്ചിരുന്നെങ്കിൽ…
സന്ധ്യയായപ്പോൾ അമ്മയുടെ സഹോദരനും കുടുംബവുമെത്തി .. പള്ളിമുക്കിൽ തന്നെ താമസിക്കുന്നവരാണ്. അഭി യെയും അമ്മയെയും അവരുടെ കൂടെ വിട്ടു. രവിയേട്ടന്റെ സുഹൃത്തുക്കളെയും അത്യാവശ്യം വന്നാൽ വിളിക്കാമെന്ന് ഉറപ്പു കൊടുത്തു വിട്ടു.. ഒറ്റയ്ക്ക് നിൽക്കാമെന്നു രവിയേട്ടൻ പറഞ്ഞെങ്കിലും ഈ അവസ്ഥയിൽ രവിയേട്ടൻ ഒറ്റക്ക് … ഞാനും കൂടെ നിന്നു. അഭിയെ കുറിച്ച് എനിക്ക് വേവലാതിയില്ല. അവനു അമ്മമതി..
രാത്രി വളർന്നു കൊണ്ടിരിക്കുന്നു. CC U -വിന്റെ മുന്നിലെ തിരക്ക് ഒഴിഞ്ഞു തുടങ്ങി. ബെഞ്ചിൽ ഞാനും രവിയേട്ടനും മാത്രം.. CC U വിലെ രോഗികളുടെ ബന്ധുക്കൾ മിക്കവാറും എല്ലാവരും റൂം എടുത്തിട്ടുണ്ട്. ഞങ്ങൾക്ക് ചിലപ്പോൾ നാളെ റൂം കിട്ടും. പക്ഷെ 24 മണിക്കൂർ നിർണായകമാണ്.
രവിയേട്ടൻ അസ്വസ്ഥനായി വരാന്തയിൽ നടക്കുകയാണ്. എത്ര നിർബന്ധിച്ചിട്ടും ഒരു ചായ പോലും കുടിച്ചില്ല.. എനിക്കാകെ പേടിയായി..ഒരിക്കൽ മാത്രമേ ഞാൻ ഈ അവസ്ഥയിൽ രവിയേട്ടനെ കണ്ടിട്ടുള്ളു.. മൂന്നു വര്ഷം മുന്നേ ....വിവാഹം കഴിഞ്ഞു അഞ്ചു വർഷത്തിന് ശേഷവും കുട്ടികൾ ഉണ്ടാവാതിരുന്നപ്പോൾ .. പല പല പരിശോധനകൾ നടത്തുന്നതിനിടയിൽ.. ഇതു പോലെ ഒരു ലാബിന്റെ മുന്നിലെ ബെഞ്ചിൽ ഞാനിരിക്കുമ്പോൾ ഡോക്ടറെ കണ്ടു വന്ന രവിയേട്ടൻ ഇതേ വെപ്രാളത്തോടെ വരാന്തയിലുടനീളം നടക്കാൻ തുടങ്ങി..
“എന്തെ?” എന്ന ചോദ്യത്തിന് എന്റെയരികിലെ ബെഞ്ചിലിരുന്നു എന്റെ കൈ പിടിച്ചത് ഇന്നത്തെ പോലെ ഓർക്കുന്നു. ആ കൈകൾ വല്ലാതെ തണുത്തിരുന്നു..”ഉമേ ഡോക്ടർ പറയുന്നു സാധാരണ രീതിയിൽ ഗർഭധാരണം നടക്കാൻ ബുദ്ധിമുട്ടുണ്ട്. ഐ വി എഫ് ചെയ്യണമെന്ന് “
രവിയേട്ടന്റെ കൈയിൽ അമർത്തി തിരുമി അതിനല്പം ചൂട് പകർന്നു ഞാൻ പറഞ്ഞു “അതിനെന്താ? അതെല്ലാമിപ്പോൾ സാധാരണമല്ലേ ?സ്പേം ഇൻജെക്ട ചെയ്യുന്ന രീതി.. അത് നടക്കട്ടെ.. കുറച്ചു പണച്ചിലവുണ്ടാവും..അതിനാണോ ഇങ്ങിനെ വിഷമിക്കുന്നത്?”
പെട്ടെന്നു എന്റെ കൈ വിടുവിച്ചു രവിയേട്ടൻ എഴുനേറ്റു..”അതെ സ്പേം ഇൻജെക്ട ചെയ്യുന്ന രീതി”യെന്ന് പിറുപിറുത്തു പുറത്തേക്കു
നടന്നു...ഇതേ അസ്വസ്ഥതയോടെ..
**
രവിയേട്ടൻ എന്റടുത്തു വന്നിരുന്നു..എന്നെ നോക്കി കൊണ്ട് പറഞ്ഞു –“ ഞാനൊരു കാര്യം പറയട്ടെ ഉമേ .. നീയെന്നെ വെറുക്കരുത് .. ഇനിയും മറച്ചു വെച്ചാൽ ചിലപ്പോൾ മനു എന്നോട് പൊറുക്കില്ല “
ഒന്നും മനസിലാവാതെ ഞാൻ രവിയേട്ട നെ തുറിച്ചു നോക്കി.....രവിയേട്ടൻ പിന്നെ പറഞ്ഞത് ഒന്നും എനിക്ക് തീരെ മനസിലായില്ല... എന്റെ കണ്മുന്നിൽ മൂന്ന് വയസുകാരനായ അഭിയെ കളിപ്പിക്കുന്ന മനുവിന്റെ ചിത്രം ഓടിയെത്തി. എത്ര പറഞ്ഞാലും അവൻ “അച്ഛാ” എന്നേ മനുവിനെ വിളിക്കൂ ..”കൊച്ചച്ഛ” എന്ന വാക്കിലെ കൊച്ചിനെ അവൻ വിഴുങ്ങും..അത് കേൾക്കുമ്പോൾ ദേഷ്യത്തോടെ അവനെ ഞാൻ വഴക്കു പറയും.. മനു ചിരിക്കും “എന്തിനാ ഏടത്തി ബലം പിടിക്കുന്നത്? വലുതാവുമ്പോൾ അവന്റെ അച്ഛനെ അവനു മനസിലാവും .അവൻ വിളിച്ചോളും” ..
മനു ചിരിക്കുമ്പോൾ ശരിക്കും അഭിയുടെ ഛായ .രവിയേട്ടനും അഭിക്കും നല്ല ഛായ ഉണ്ടെങ്കിലും അഭിയുടെ ചിരി മനുവിന്റെ തന്നെ!!
ഞാൻ രവിയേട്ടന്റെ അടുത്ത് നിന്ന് മാറി ഭിത്തിയോട് ചേർന്നിരുന്നു..എന്തിനാണ് ഇപ്പോളെന്നോടിത് പറഞ്ഞത് ? എന്തിനു വേണ്ടി ?എന്റെ ശരീരത്തിന്റെ തളർച്ച മനസിനെയും ബാധിച്ചു..ഞാൻ ആ ബെഞ്ചിലേക്ക് കുഴഞ്ഞു വീണു.. എന്റെ അരികിൽ വന്നു എന്റെ ശിരസെടുത്തു മടിയിൽ വെച്ച് രവിയേട്ടൻ എന്തൊക്കെയോ പറയുന്നു.. "കൌണ്ട് കുറവായിരുന്നു ഉമേ ..മറ്റൊരാളുടെ എടുക്കുന്നതിലും നല്ലതു...”
ഞാൻ ഒന്നും ശ്രദ്ധിച്ചില്ല... അന്ന് രാത്രി ...
**
അന്ന് രാത്രി രവിയേട്ടൻ പതിവില്ലാതെ മനുവിന്റെ കൂടെ കിടക്കാൻ പോയി. ചോദിച്ചപ്പോൾ “മനസ്സിനൊരു സുഖമില്ല നാളെ അവനെ കൂടെ ആശുപത്രിയിലേക്ക് കൂട്ടണം. നീ കിടന്നോളു “എന്ന മറുപടി
“കുട്ടികളെ പോലെയാണല്ലോ..ഞാനല്ലേ കൂടുതൽ വറി ചെയ്യേണ്ടത്”
..രവിയേട്ടൻ എന്നെ ശ്രദ്ധിക്കാതെ പുറത്തേക്കു പോയി..
രാവിലെ ആശുപത്രിയിൽ പോവാൻ വന്ന മനു തലേന്ന് കണ്ട രവിയേട്ടൻ പോലെ അസ്വസ്ഥനായിരുന്നു. എന്റെ മുഖത്തേക്കു നോക്കാനും ചോദ്യങ്ങൾക്കു മറുപടി പറയാനുമവൻ മടിച്ചു.. ഒരു യന്ത്രം കണക്കെ അവൻ രവിയേട്ടനോടൊപ്പം നീങ്ങുന്നു.
**
ആശുപത്രിയിൽ അതി രാവിലെ തന്നെ അമ്മയും അഭിയുമെത്തി. തലേന്ന് കണ്ട എന്നെ തിരയുന്ന അമ്മയുടെ മുഖം ഞാൻ കണ്ടില്ലെന്നു വെച്ചു .എന്റെ നേർക്ക് കൈ നീട്ടി വന്ന അഭിയെ ഞാനെടുത്തു..അവനൊരു മുത്തം കൊടുക്കാൻ എനിക്ക് മടി തോന്നി...എന്നെ ഉമ്മ വെക്കുന്ന അഭിയെ ആദ്യം കാണുന്ന പോലെ ഞാൻ നോക്കി .
ഡോക്ടർ റൗണ്ടസ് കഴിഞ്ഞു സംസാരിക്കാനായി രവിയേട്ടനെ വിളിച്ചു. തിരിച്ചു വന്ന ആളാകെ പരവശനായിരുന്നു..
ഒരു നേഴ്സ് പുറത്തേക്കു വന്നു കാണാനുള്ളവർ വന്നു കണ്ടോളു എന്ന് പറഞ്ഞപ്പോൾ അവിടെ മുഴുവൻ പൊട്ടിക്കരച്ചിൽ ..അതിനിടയിൽ ഞാൻ മാത്രം ഒന്നും മനസിലാവാതെ.ഒരു കാഴ്ച്ക്കാരിയെ പോലെ പതറി നിന്നു .
രവിയേട്ടൻ നിർബന്ധിച്ചപ്പോൾ അഭിയുമായി അകത്തേക്ക് ഞാൻ നടന്നു.. വെന്റിലേറ്ററിൽ മനു..
" ഉമേ അവൻ പാവമാണ്..ഞാനൊരു പാട് നിർബന്ധിച്ചപ്പോൾ ആണ് അവൻ... ." രവിയേട്ടന്റെ ചിലമ്പിച്ച ശബ്ദം എന്റെ തലച്ചോറിൽ എവിടെയോ മുഴങ്ങി കൊണ്ടിരുന്നു..
മനുവിനെ മനസിലായത് പോലെ അഭി എന്റെ കൈയിൽനിന്നും അവന്റെ അടുത്തേക്ക് ചാഞ്ഞു.. ആദ്യമായി അവന്റെ ചുണ്ടിൽ നിന്നും ഞാനതു കേട്ടു ..”കൊച്ചച്ഛൻ “
...
കുനിഞ്ഞു ഞാൻ മനുവിന്റെ നെറ്റിയിലൊരുമ്മ നൽകി.. കൈയിലിരുന്ന അഭിയോട് ഞാൻ പറഞ്ഞു..”അഭി അച്ഛാ എന്ന് വിളിക്കൂ..”
മനു അത് കേട്ടോ... അറിയില്ല.. ചുണ്ടിലെ ചിരിമാഞ്ഞു അവൻ ലോകത്തോട് യാത്ര പറയുന്ന തിരക്കിലായിരുന്നു
***
ഉമ്മറത്ത് മനുവിന്റെ മാലയിട്ടിരിക്കുന്ന ചിത്രത്തിലേക്കു നോക്കിയന്നും ഞാൻ നിശബ്ദമായി ചോദിച്ചു –“മനു നീയെനിക്കാരാണ്..?”
രവിയേട്ടനോട് മൂകമായി എന്നുമെൻറ് മനസ് ഒരു ചോദ്യത്തിന് ഉത്തരം തേടുന്നു –“മൂന്ന് വര്ഷം മൂടി വെച്ച രഹസ്യം മനുവിന്റെ അവസാന നാളിൽ എന്തിനുപറഞ്ഞു?”
പിന്നെ ഏറ്റവുമൊടുവിൽ എന്നോട് തന്നെ ഒരു ചോദ്യം -അഭിയുടെ നിഷ്കളങ്കമായ മുഖത്ത് ഞാനാരെയാണ് തിരയുന്നത്...? രവി ശങ്കറിനെയോ ..അതോ മനു ശങ്കറിനെയോ...? ** Sani John.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo