Slider

രണ്ടാം ഭാവം.

0

രണ്ടാം ഭാവം.
********************
"ശ്ശോ !!..ഇന്നും ഓഫീസിൽ എത്താൻ നേരം വൈകും എന്നാ തോന്നുന്നേ..."
ഖത്തറിലെ ട്രാഫിക് ജാമിൽ അങ്ങകലെ സിഗ്നലിനു വേണ്ടി കാത്ത് കിടക്കുന്ന കാറിലിരുന്ന് ഞാൻ പിറുപിറുത്തു
.
"കുറ്റം നിന്റെ തന്നെയല്ലേ ? എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട് നിന്നോട് ഒന്ന് നേരത്തെ വീട്ടിൽ നിന്നും ഇറങ്ങാൻ ?"ഇടത്തെ ഡ്രൈവിംഗ് സീറ്റിൽ നിന്നും അശ്ശരീരി കേട്ടു.
"ഓ.. ശെരി സമ്മതിച്ചു ;എത്തുമ്പോൾ എത്തട്ടെ" ഭർത്താവിന്റെ സ്ഥിരം ഉള്ള സുദീർഘ പ്രഭാഷണം ഞാൻ ബുദ്ധിപൂർവ്വം ഒഴിവാക്കി.
ചുറ്റും പലതരത്തിലുള്ള ലക്ഷ്വറി കാറുകൾ, .ബ്രൂo ബ്രൂo ..എന്ന് ശബ്ദം ഉണ്ടാക്കി ബൈക്കിൽ കമിഴ്ന്നു കിടക്കുന്ന ചുള്ളൻ അറബി പിള്ളേർ .സ്കൂൾ ബസ്, ടാക്സികൾ .പ്രഭാതത്തിലെ ചൂടിൽ എല്ലാവരുടെയും ശ്രദ്ധ സിഗ്നലിൽ തെളിയുന്ന പച്ചക്കു വേണ്ടി തന്നെ.
സിഗ്നലിനു വേണ്ടി കാത്ത് കിടക്കുമ്പോൾ ആണ് പലരും തങ്ങളുടെ മുഴുമിപ്പിക്കാത്ത പ്രഭാത കൃത്യങ്ങൾ ചെയ്തു തീർക്കുന്നത്.ചിലർ ചായ മൊത്തി കുടിക്കുന്നു ,ഒരുത്തൻ ആപ്പിൾ കടിച്ചു ചവക്കുന്നു ,ചിലർ പത്ര വായനയിൽ ആണ്. ചിലരാകട്ടെ പോലീസ് വരുന്നില്ലെന്ന് ചുറ്റും കണ്ണോടിച്ചു ഉറപ്പു വരുത്തി കുറച്ചു കള്ള ലക്ഷണത്തോടെ മൊബൈൽ വിളിക്കുന്നു .ദാണ്ടെ ഒരു സുന്ദരി ഫിലിപ്പിനി തന്റെ ചുവന്നു തുടുത്ത ചുണ്ടുകൾ ഒന്ന് കൂടി ലിപ്സ്റ്റിക്ക് ഇട്ടു മനോഹരമാക്കുന്നു . ഞാൻ എന്റെ ബാഗിൽ നിന്നും ചീർപ്പ് എടുത്ത് മുടി ഒന്ന് ഒതുക്കി ചീകി.
ചുറ്റും ഒന്ന് കൂടി കണ്ണോടിച്ചു.തൊട്ടു അടുത്ത് ഒരു ടാക്സി കാർ കിടക്കുന്നു .ഞാൻ എന്റെ കണ്ണുകൾ പതുക്കെ പിൻവലിച്ചു പക്ഷെ പെട്ടെന്ന് ഒന്ന് കൂടി ഞാൻ അങ്ങോട്ട് നോക്കി കാരണം അതിലെ ഡ്രൈവർ എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു ...ഒരു പാകിസ്താൻകാരൻ ,കാമാസക്തിയോട് കൂടി ഉള്ള അവന്റെ നോട്ടം!!!
എന്റെ ഉള്ളിൽ നിന്നും ഒരു നെഗറ്റീവ് എനർജി ഉഗ്ര ശക്തി പ്രാപിച്ചു പുറത്തേക്കു തള്ളി വന്നു… ഞാൻ എന്റെ മുഖം ഇടത്തോട്ടു ചെരിച്ചു താടി മെല്ലെ താഴ്ത്തി ദൃഷ്ട്ടി മുകളിക്കു ഉയർത്തി ചുണ്ടു ഒന്ന് കോടിച്ച് കണ്ണിൽ നിറയെ ദേഷ്യവും വെറുപ്പും നിറച്ച് അയാളെ തറപ്പിച്ച് ഒന്ന് നോക്കി .അയാൾ അതിൽ പതറി .അയാൾ പെട്ടെന്ന് കണ്ണുകൾ പിൻവലിച്ച് തന്റെ വിളർച്ച മാറ്റാൻ സ്റ്റീയറിങ്ങിൽ താളം പിടിച്ചു കൊണ്ടിരുന്നു….
എന്റെ അധരങ്ങൾ അറിയാതെ മന്ത്രിച്ചു "സാലെ,കുത്തെ ..."
"ആരെയാ രാവിലെ തന്നെ ചീത്ത വിളിക്കുന്നെ?" ഭർത്താവ് ചോദിച്ചു .
"ഒരു പാകിസ്താനി ; അവന്റെ നോട്ടം കണ്ടില്ലേ ?" ഞാൻ അറപ്പോടുകൂടി പറഞ്ഞു.
"ഓ ..ഇനീപ്പോ നീ അവനെ ശത്രുവായി കരുതി നോക്കി പേടിപ്പിക്കേണ്ട .വിട്ടുകള.. .വര്ഷങ്ങളായി ഭാര്യെനേം വീട്ടുകാരേം നാട്ടുകാരേം ഒന്ന് പോയി കാണാൻ പറ്റാത്ത ആളുകളാണ് ." അതും പറഞ്ഞു ഭർത്താവു കാർ മുന്പോട്ടെടുത്തു. (പാകിസ്ഥാൻകാരനോടുള്ള ഒരു ഇന്ത്യൻ ഭർത്താവിന്റെ സഹതാപം !)
ഞാൻ ആലോചിച്ചപ്പോൾ കാര്യം ശെരിയാണ്. മുഷിഞ്ഞു നാറിയ നീളൻ ജൂബയിലും ഒരു തൊപ്പിയിലും നരച്ച താടിയിലും ഒതുങ്ങി തീരുന്നതാണ് മിക്ക പാകിസ്താനികളുടെയും ജീവിതം. തെരുവുകളിൽ തങ്ങളുടെ മനോഹരമായ ജീവിതത്തെഹോമിക്കുന്നവർ....എന്നെങ്കിലും ഒരിക്കൽ തങ്ങളുടെ താമസ സ്ഥലം ഷിഫ്റ്റ് ചെയ്യുമ്പോൾ ഓരോ ഗൾഫ് കാരനും മറക്കാൻ പറ്റാത്തവരാണ് പാകിസ്ഥാനികൾ.കാരണം ഫ്രിഡ്ജ്, കട്ടിൽ, അലമാര തുടങ്ങി അത്യാവശ്യം ഭാരപ്പെട്ട സാധനത്തിനെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കു കൊണ്ടെ ത്തിക്കണമെങ്കിൽ പാക്കിസ്ഥാനികളുടെ ആരോഗ്യം കൂടിയേ തീരു.അവിടെ
നമ്മുടെ മലയാളി മല്ലന്മാർ തികച്ചും വട്ടപൂജ്യമാണ്.എന്റെ ഗൾഫ് ജീവിതത്തിൽ ഉയർന്ന ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്ന പാകിസ്ഥാനികളെ വളരെ വിരളമായേ കണ്ടിട്ടുള്ളു.എന്ന് വെച്ച് … സ്ത്രീകളോട് അപ മര്യാദയായി പെരുമാറാൻ പാടുണ്ടോ ? ഞാൻ എന്നോട് തന്നെ ചോദിച്ചു .
വീണ്ടും അടുത്ത സിഗ്നൽ ...
ഇത്തവണ ഞാൻ വലത്തോട്ട് നോക്കാതിരിക്കാനായ് മനഃപൂർവം ശ്രദ്ധിച്ചു. വല്ലതും കണ്ടാൽ അല്ലെ എന്നിലെ പ്രതികരണ ശേഷി ഉണരുകയുള്ളു? കാണാതിരുന്നാൽ പിന്നെ അതിനു പ്രസക്തി ഇല്ലല്ലോ !
എങ്കിലും രണ്ടു നിമിഷം കഴിഞ്ഞപ്പോൾ എന്റെ ബ്രയിനിലേക്കു ആരോ ഒരു സന്ദേശം അയച്ചു...നോക്ക് നോക്ക്...(നിങ്ങൾ ഒന്ന് മനസ്സിലാക്കണം.നമ്മളെ ആരെങ്കിലും തുറിച്ചു നോക്കുകയാണെങ്കിൽ നമ്മൾ ഒരു അന്ധൻ ആയാൽ പോലും അത് കൃത്യമായി മനസ്സിലാക്കുവാനുള്ള മാസ്മരിക ശക്തി നമുക്ക് ഓരോരുത്തർക്കും ദൈവം കനിഞ്ഞു തന്നിട്ടുണ്ടെന്ന് ) സന്ദേശത്തിന്റെ പ്രലോഭനം ശക്തമായപ്പോൾ ഞാൻ രണ്ടും കൽപ്പിച്ചു നോക്കി ....
ശ്ശെടാ !!!. ദേ..തനിയാവർത്തനം!
ടാക്സി ; നായകൻ പാകിസ്താനി തന്നെ... നോട്ടത്തിന്റെ അർത്ഥവും നമ്മൾ നേരത്തെ ദർശിച്ചത്.പക്ഷെ ഇത്തവണത്തെ ഡ്രൈവർക്കു ഇച്ചിരി പ്രായം കുറവുണ്ട് .ഇവന്മാരിത് എന്ത് ഭാവിച്ചാ !!?? എനിക്ക് പിന്നെയും കലിപ്പ് കയറി. എന്റെ ഉള്ളിലെ നെഗറ്റീവ് എനർജി ശക്തി പ്രാപിച്ചു.
പക്ഷെ.....
ഒരു നിമിഷം ..ഞാൻ എന്റെ ചിന്തകളെ വഴി മാറ്റി വിടാൻ തീരുമാനിച്ചു.ഞാൻ ഒന്ന് എന്റെ കണ്ണുകൾ ഇറുകെ പൂട്ടി...മനസ്സിനെ ശാന്തമാക്കി...ഒരു ദീർഘ നിശ്വാസം വിട്ടു .എന്നിട്ടു പതുക്കെ തല തിരിച്ചു അയാളോടുള്ള സഹതാപം മുഴുവൻ കണ്ണിൽ നിറച്ച് അയാളെ നോക്കി പതുക്കെ ഒന്ന് ചിരിച്ചെന്നു വരുത്തി.
അയാൾ അത് ഒട്ടും പ്രതീക്ഷിച്ചില്ല..നേരത്തെ ഞാൻ നോക്കി പേടിപ്പിച്ച ആളെക്കാൾ കൂടുതൽ ഇയാൾ ഒന്ന് ഞെട്ടി!. അയാളുടെ സംഭ്രമത്തിൽ നിന്നും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞത് അടുത്തകാലത്തൊന്നും അയാളെ നോക്കിഒരു സ്ത്രീയും പുഞ്ചിരിച്ചിട്ടില്ലന്നാണ് ഞാനയാളെ നോക്കി"ചിരിച്ചത്" തന്നെയാണോ എന്ന സംശയം അയാളുടെ മുഖത്ത് നിഴലിക്കുന്നത് ഞാൻ എന്റെ കാറിലിരുന്ന് കണ്ടു.അയാൾക്ക് വീണ്ടും എന്റെ മുഖത്തു നോക്കണമെന്നുണ്ടെങ്കിലും അതിനുള്ള ധൈര്യം ഇല്ലാത്ത പോലെ എനിക്ക് തോന്നി.പക്ഷെ ഞാൻ അയാളെ തന്നെ നോക്കിയിരുന്നു.
ഇത്തവണ അയാളുടെ ബ്രെയിൻ പ്രവർത്തിച്ചു. അയാൾക്ക് കിട്ടിയ മെസ്സേജ് അനുസരിച്ച് അയാൾ എന്നെ തെല്ലു ഭയത്തോടെ നോക്കി …
എനിക്ക് അയാളോട് ഒട്ടും ദേഷ്യം തോന്നിയില്ല എന്ന് മാത്രം അല്ല അയാളോട് എന്തോ ഒരു തരം സഹതാപോം സ്നേഹോം തോന്നി ഞാൻ എന്റെ സ്വതസിദ്ധമായ മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി അയാൾക്ക് സമ്മാനിച്ചു.അയാളുടെ മനസ്സൊന്നു പിടഞ്ഞുവെന്നു എനിക്ക് തോന്നി. അയാളും എന്നെ നോക്കി ചിരിച്ചു.അപ്പോൾ അയാളുടെ കണ്ണിൽ ഞാൻ കണ്ടത് കാമാസക്തി ആയിരുന്നില്ല.അയാളുടെ ഹൃദയത്തിൽ നിന്നും വന്ന ഒരു നിസ്സഹായതയുടെ, നിഷ്കളങ്കതയോടു കൂടിയ ഒരു പുഞ്ചിരി !..
സിഗ്നൽ പച്ച കാണിച്ചു. എല്ലാവരും വാഹനങ്ങൾ മുൻപോട്ടു എടുക്കുന്ന തിരക്കിലാണ്...ഞങ്ങൾ രണ്ടു കൂട്ടരും ഞങ്ങളുടെ കാറുകൾ മുന്പോട്ടെടുത്തു. അയാൾക്ക് എതിർ ദിശയിലേക്കാണ് പോകേണ്ടി യിരുന്നത് .പോകുന്ന വഴിക്കു അയാൾ തന്റെ കൈ കൊണ്ട് എനിക്ക് സലാം ചൊല്ലി ..ഞാൻ ചിരിച്ചു കൊണ്ട് അയാളെ കൈ വീശി കാണിച്ചു.
" നീ ആർക്കാ ടാറ്റ കൊടുക്കുന്നെ ?"കാറോടിക്കുന്ന തിരക്കിലും തലവെട്ടിച്ചു ഭർത്താവു ചോദിച്ചു.
"എന്റെ ശത്രുവിന് " ഞാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
എന്റെ രണ്ടാമത്തെ നോട്ടത്തിൽ എനിക്ക് വന്ന ഭാവ മാറ്റം എന്നെ പോലും അത്ഭുതപ്പെടുത്തി. വെറുപ്പും വിദ്വേഷവും നിറഞ്ഞ നോട്ടത്തിൽ നിന്നും സ്നേഹവും ദയയും നിറഞ്ഞ നോട്ടത്തിലേക്ക് എന്നെ മാറ്റി ചിന്തിപ്പിച്ചത് എന്താണ് ? അത്..അത്..എന്നോട് തെറ്റ് ചെയ്തവനോടുള്ള എന്റെ മനോഭാവം !!... അല്ലാതെ മറ്റെന്താണ് .??.നമ്മുടെ മനോഭാവം മാറ്റുമ്പോൾ നമുക്ക് ചുറ്റിലുമുള്ളവരെ സ്നേഹിക്കാൻ കഴിയുമെന്ന് പറയുന്നത് എത്ര ശെരിയാണ്!!!.
ഇനി ഒരിക്കൽ പോലും കണ്ടുമുട്ടാൻ ഇടയില്ലാത്ത ഒരാൾക്ക് ഞാൻ എന്റെ പുഞ്ചിരി നൽകിയപ്പോൾ അയാൾക്കും എനിക്കും ഉണ്ടായ സന്തോഷം എത്ര വലുതാണ്.അങ്ങനെയെങ്കിൽ ജീവിതകാലം മുഴുവൻ കണ്ടുകൊണ്ടിരിക്കുന്ന നമ്മുടെ ചുറ്റിലുമുള്ള വരോടുള്ള നമ്മുടെ മനോഭാവത്തിന് കുറച്ചെങ്കിലും മാറ്റം വരുത്താൻ നമുക്കാകുകയാണെങ്കിൽ നമ്മുടെ ജീവിതം എത്ര സന്തോഷഭരിതമാകും അല്ലെ?
കാറിൽ നിന്നിറങ്ങി ഓഫീസിലേക്ക് നടക്കുമ്പോഴും എന്റെ ഹൃദയത്തിലും മുഖത്തും അയാൾ സമ്മാനിച്ച പുഞ്ചിരിയുടെ പോസിറ്റീവ് എനർജി ആയിരുന്നു.

By
Lipi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo