ട്രെയിൻ യാത്രകൾ എനിക്ക് പെരുത്ത് ഇഷ്ടമാണ്. വായിക്കാൻ നല്ല രണ്ടു മൂന്നു പുസ്തകങ്ങൾ,ഹെഡ്സെറ്റ് വെച്ച് കേൾക്കാൻ ഫോണിൽ നല്ല കുറെ പാട്ടുകൾ,പിന്നെ അല്പ സ്വല്പ൦ വായിനോട്ടം യാത്ര ഉഷാറാക്കാൻ ഇതൊക്കെ ധാരാളം. നാട്ടിൽ നിന്ന് ചെന്നൈയിലേക്കും തിരിച്ചും ഒറ്റയ്ക്ക് യാത്ര ചെയുമ്പോൾ എനിക്ക് മുഷിപ്പ് തോന്നാറേ ഇല്ല.
ഇത്തവണ ചെന്നൈക്ക് തിരിച്ചു പോകുമ്പോൾ പക്ഷെ പതിവുള്ള ഉഷാറുണ്ടായിരുന്നില്ല. ജീവിതത്തിലെ ഒരു പ്രധാന തീരുമാനം എടുക്കേണ്ട സമയമാണ്. മുന്നിൽ രണ്ടു വഴികൾ തെളിഞ്ഞു കിടപ്പുണ്ട്,ഏതെങ്കിലും ഒന്നിലുടെ യാത്ര ചെയ്തേ പറ്റൂ. ഒന്നും തീരുമാനിക്കാനുള്ള ആത്മവിശ്വാസം കിട്ടുന്നുമില്ല. പുസ്തകങ്ങൾ കയ്യിലെടുത്തിട്ട് വായിക്കാൻ ഒരു സുഖമില്ല,ഫോണിലെ പാട്ടുകൾ കേൾക്കാൻ രസമില്ലാത്ത പോലെ. അങ്ങനെ ഒരു മുഷിപ്പൻ യാത്ര.
എറണാകുളം സ്റ്റേഷനിൽ നിന്നാണ് എന്റെ തൊട്ടു മുന്നിലുള്ള സീറ്റിലെ യാത്രക്കാരി കയറിയത്. അന്പതിനോട് അടുത്ത് പ്രായം ഉള്ള ഒരുമ്മ. വന്നപാടെ എന്നെ മുൻപ് എങ്ങോ പരിചയമുള്ള പോലെ ഒരു തുറന്ന ചിരി അവർ പാസ്സാക്കി.
ട്രെയിൻ പല സ്റ്റേഷനുകൾ പിന്നിട്ടു ചൂളം വിളിച്ചു പായുകയാണ്. ഞാൻ ഒരു അന്തവും കുന്തവും ഇല്ലാത്ത ആലോചനയിലും. ഒറ്റയ്ക്കുള്ള യാത്രയുടെ മുഷിപ്പ് മാറ്റാനാവും ആ ഉമ്മ എന്നോട് മിണ്ടി തുടങ്ങിയത്
"മോള് ഒറ്റയ്‌ക്കാണോ?"
മനുഷ്യനെ മര്യാദക്ക് ഒന്ന് ആലോചിക്കാനും വിടൂല്ല, സ്വര൦ അല്പമൊന്നു കടുപ്പിച്ചു ഞാൻ മറുപടി കൊടുത്തു
"അതെ"
"ഞാനും ഒറ്റയ്ക്കാ,ചെന്നൈ വരെ ഇങ്ങനെ ഒരേ ഇരിപ്പു ഇരിക്കണല്ലോ ഞാൻ എന്റെ മോൾടെ അടുത്ത് പോവാ,അവളും ഭർത്താവും അവിടാ താമസം"
ഞാൻ ചോയ്ക്കാണ്ട് തന്നെ ഉമ്മ തന്റെ കാര്യങ്ങൾ ഓരോന്നായി പറയുകയാണ്. മിണ്ടി വന്നപ്പോൾ അവരുടെ സംസാരം എനിക്ക് ഇഷ്ടമായി.അങ്ങനെ കാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ ഞാൻ അവരോടു ചോദിച്ചു
"ആന്റി,എത്ര ദിവസം കാണും ചെന്നൈയിൽ?"
"ഞാൻ ഒരാഴ്ചയേ നിക്കുള്ളു മോളെ,എന്റെ മോൾക്കു ഒരു കുട്ടിയുണ്ട് മൂന്നു വയസായെ ഉള്ളു അവൾക്കു എന്നെ കാണണം എന്ന് പറഞ്ഞു അതോണ്ട് മാത്രം പോവാ,എനിക്ക് സമയം ഇല്ല പോയി അങ്ങനെ നിക്കാനൊന്നും"
"ആന്റി അപ്പൊ ജോലിക്കു വല്ലോം പോകുന്നുണ്ടോ?"
ഒരു ചെറു ചിരിയോടെ ആണ് അവർ എന്റെ ചോദ്യത്തിന് ഉത്തരം തന്നത് .
"ജോലി ഒന്നല്ല മോളെ ഞാൻ ഇപ്പോ പ്ലസ്ടുവിന് പഠിച്ചു കൊണ്ട് ഇരിക്കുവാ"
പ്ലസ്ടുവിന് പഠിക്കുന്നുന്നോ അതും ഈ പ്രായത്തിൽ. ഞാൻ അറിയാണ്ട് തന്നെ ഞാൻ ഒന്ന് ഞെട്ടി. എന്റെ ഭാവ മാറ്റം മനസിലായത് പോലെ അവർ പറഞ്ഞു.
"ഞാൻ ഒൻപതിൽ പഠിക്കുമ്പോളാ എന്റെ കല്യാണം കഴിഞ്ഞേ,പഠിക്കാൻ വല്യ ഇഷ്ടമായിരുന്നു എനിക്ക് പക്ഷെ പറഞ്ഞിട്ടെന്താ കല്യാണം കഴിഞ്ഞതോടെ ഒക്കെ നിന്ന്,പിന്നെ കുട്ടികളായി അവരുടെ കാര്യങ്ങൾ നോക്കലായി.ഇപ്പോ അവരുടെ പഠിപ്പും കല്യാണോം ഒക്കെ കഴിഞ്ഞു അവർ അവരുടെ വഴിക്കു പോയപ്പോ എനിക്കൊരു ആശ തോന്നി ഇനിം പഠിക്കാൻ പോയാലോ എന്ന്,ആദ്യം പത്താം ക്ലാസ്സു പരീക്ഷ എഴുതി പാസ്സായി,ഇപ്പോ പ്ലസ്ടുവിന് പഠിക്കാ"
ഞാൻ വായും പൊളിച്ചു അവരുടെ കഥ കേൾക്കുവാണ്.
"അല്ല ആന്റി ഈ പ്രായത്തിൽ ഈ പഠിപ്പൊക്കെ എങ്ങനെയാ നടക്കണേ"
"അതിനു പ്രായം ഒന്നുമൊരു വിഷയമല്ല മോളെ ഒക്കേത്തിനും മനസ്സിൽ നല്ലൊരു നിശ്ചയം വേണം,നമ്മക്കൊക്കെ ഒരു ജീവിതല്ലേ ഉള്ളു നമ്മടെ ആഗ്രഹങ്ങളൊക്കെ നടക്കണേല് നമ്മള് തന്നെ മനസ് വെയ്ക്കണം പിന്നെ പടച്ചവൻ നമ്മക്ക് വഴി കാട്ടി തരില്ലേ"
ആത്മവിശ്വാസത്തിന്റെ ഒരു നിറകുടമാണ് എന്റെ മുന്നിലിരിക്കുന്നത്, ഞാൻ അവരെ തന്നെ എന്റെ നോക്കി കുറച്ചു നേരമിരുന്നു. മനസ്സിലെ ഭാരങ്ങൾ ഉരുകി ഇല്ലാതാവുന്നത് ഞാൻ അറിഞ്ഞു. ചിലപ്പോ അങ്ങനെ ആണ് നമ്മളെ ഇഷ്ടമുള്ളവർക്കൊന്നും തരാൻ കഴിയാത്ത പ്രചോദനവും,ആത്മവിശ്വാസവും മറ്റും നമുക്ക് ഒരു പരിചയവും ഇല്ലാത്ത ചിലർ തന്നു കളയും.
കുട്ടിക്കാലത്തു 'അമ്മ പറയാറുണ്ടായിരുന്ന ഒരു കാര്യമുണ്ട് ദിക്കറിയാതെ നട്ടം തിരിഞ്ഞു നിൽക്കുമ്പോൾ ദൈവം മറ്റാരുടെയെങ്കിലും രൂപത്തിൽ പ്രത്യക്ഷപ്പെട്ടു നമുക്ക് നേരായ വഴി കാണിച്ചു തരുമെന്ന്.
ചെന്നൈ സെൻട്രലിൽ ട്രെയിൻ ഇറങ്ങുമ്പോൾ എനിക്ക് പോകേണ്ട വഴി ഞാൻ തിരഞ്ഞെടുത്തിരുന്നു. പിരിയും മുൻപ് ആ ഉമ്മ പറഞ്ഞ വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നുണ്ട്
"അള്ളാഹു ഒരു ജനതയുടെയും അവസ്ഥയിൽ
മാറ്റം വരുത്തുകയില്ല,
അവർ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ."
മാറ്റം വരുത്തുകയില്ല,
അവർ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ."
By
Anjali Kini

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക